സിബുവിന്റെ ബ്രെയിന്‍ ഡമ്പ് സെഗ്മെന്റേഷന്‍ ഫാള്‍ട്ടായതുകൊണ്ട് ആ കോര്‍ഡമ്പിനെ ഒന്നു ഡീബഗ്ഗ് ചെയ്യുകയാണിവിടെ.
ഈ പോസ്റ്റിനെപ്പറ്റി മൊത്തത്തില്‍ പറയാനുള്ളത് ശേഷം ചിന്ത്യത്തിലെ റൂമര്‍മില്‍ പോസ്റ്റില്‍ അനിലിട്ട ഈ കമന്റ് തന്നെയാണ്.
വസ്തുതകള്‍ മനസിലാക്കി അവതരിപ്പിക്കുക, അല്ലെങ്കില്‍ ഇതുപോലെ ആരായുന്നതരം ലേഖനമാക്കുകയാവും അഭികാമ്യം. അറിയാന്‍പാടില്ലാത്ത കാര്യത്തെപ്പറ്റി ആധികാരികമായി സംസാരിക്കാന്‍ ‘ഭയങ്കര’ ധൈര്യം വേണം.
സിബു പറയുന്നു
ഇന്നത്തെ അവസ്ഥയില്‍ സ്വതന്ത്ര സോഫ്റ്റ്വെയറിനെ ഒരു ചാരിറ്റിയോടുപമിക്കാം. ധര്‍മ്മാശുപത്രി നല്ലതാണ്. ഞാന്‍ ധര്‍മാശുപത്രിയില്‍ പോകേണ്ടതിനും സ്വതന്ത്രസോഫ്റ്റ്വെയര്‍ ഉപയോഗിക്കേണ്ടതിനും തീര്‍ച്ചയായും പ്രത്യക്ഷത്തില്‍ തന്നെ കാര്യമുണ്ട്. എന്നാല്‍ നാട്ടിലെ എല്ലാ ആശുപത്രിയും ധര്‍മ്മാശുപത്രിയാവുമോ. ഇല്ലല്ലോ അതുപോലെ.
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഒരു ചാരിറ്റിയല്ല എന്നു തന്നെയാണ് ഉത്തരം. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ നിര്‍മ്മാണ രംഗത്തേക്ക് കടന്നുവരാന്‍ പലര്‍ക്കും പല താല്‍പ്പര്യങ്ങള്‍ കണ്ടേക്കാം. പക്ഷേ അതെന്തായാലും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ചാരിറ്റിയാണെന്ന ലഘുനിര്‍വചനത്തിലൊതുക്കാനൊക്കില്ല. റിച്ചാര്‍ഡ് സ്റ്റാള്‍മാന്റെ "സ്വതന്ത്ര സോഫ്റ്റ്‌വെയര്‍, സ്വതന്ത്ര സമൂഹം" എന്ന പുസ്തകത്തിനെഴുതിയ ആമുഖത്തില്‍ ലാരി ലെസ്സിഗ് (ക്രിയേറ്റീവ് കോമണ്‍സ് പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍)-അങ്ങേരൊരു വക്കീലാണ് . സ്റ്റാന്‍ഫോര്‍ഡ് ലോ സ്കൂളില്‍ പ്രൊഫസറും- ഇങ്ങനെ പറയുന്നു.
സ്വതന്ത്രമായ കോഡിന്റെ സമ്പദ്‌വ്യവസ്ഥ (ഇവിടെ ഞാന്‍ ഉദ്ദേശിക്കുന്നത് ലീഗല്‍ കോഡിനെയാണ് ) വക്കീലന്മാരെ ഒരിക്കലും പട്ടിണിയിലാക്കുന്നില്ല . തങ്ങള്‍ നിര്‍മ്മിക്കുന്ന ചുരുക്കങ്ങള്‍ ആരു പകര്‍ത്തിയെടുത്താലും അവ നിര്‍മ്മിക്കുന്നതിനുള്ള പണം അവര്‍ക്കു കിട്ടുന്നുണ്ട്. ഒരു വക്കീല്‍ ഒരു പബ്ലിക് പ്രൊഡക്റ്റ് നിര്‍മ്മിക്കുന്ന ശില്പിയെപ്പോലെയാണ്. നിര്‍മ്മിതി ഒരു ചാരിറ്റിയേയല്ല എന്നാലും വക്കീലിനു പണം കിട്ടുന്നു. ജനങ്ങള്‍ വിലയ്ക്കല്ലാതെ അത് ആവശ്യപ്പെടുകയുമില്ല. ഈ സമ്പദ്‌വ്യവസ്ഥ വളരുന്നത് അറിവിന്റെ ഈ ശേഖരത്തോടു കൂടെയാണ്
സ്വതന്ത്ര സോഫ്റ്റ്‌വെയറും ഇതുപോലെത്തന്നെയാണ് നിര്‍മ്മിക്കപ്പെടുന്നത്. അധ്യാപകരുടെ ജോലി ചാരിറ്റിയാണെന്ന് ആര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടോ?
ഇനി ഇത് പോരാന്നുണ്ടെങ്കില്‍ റെഡ്ഹാറ്റിന്റെ why Opensource എന്ന ഈ നോട്ട് വായിച്ചുനോക്കൂ
Open source is not nameless, faceless, and it's not charity. Nor is it solely a community effort. What you see today is a technology revolution driven ever forward by market demand.
സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ചാരിറ്റിയാണെന്ന് പറഞ്ഞിടത്ത് മാത്രമല്ല സിബുവിന് തെറ്റിയത്. കേരളത്തിലെ ധര്‍മ്മാശുപത്രികളും ചാരിറ്റിയാണെന്നു കരുതിയിടത്തുകൂടിയാണ്. ക്ഷേമരാഷ്ട്ര(Welfare State) സങ്കല്‍പ്പങ്ങളുടെ ഭാഗമായി പൊതുജനാരോഗ്യം , വിദ്യാഭ്യാസം തുടങ്ങിയവ ഭരണകൂടത്തിന്റെ ചുമതലകളായിരുന്ന കാലത്താണ് അവ തുടങ്ങുന്നത്. സൌജന്യമായ മരുന്നുവിതരണവും സേവനങ്ങളും ധര്‍മ്മാശുപത്രി എന്ന പേരു നല്‍കിയെന്നു മാത്രം. മനുഷ്യാവകാശങ്ങള്‍ ചാരിറ്റിയല്ല. ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്.
മറ്റൊരു തരത്തില്‍ നോക്കിയാല്‍ സിബുവിന്റെ താരതമ്യം എനിക്കിഷ്ടായി. ധര്‍മ്മാശുപത്രി സാമൂഹികാരോഗ്യത്തെ കുറിക്കുന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയറുകളും.
സിബു തുടരുന്നു.
സ്വതന്ത്രസോഫ്റ്റ്വെയര്‍ അത്യന്തം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതു് തന്നെ; എന്നാല്‍ സോഫ്റ്റ്വെയര്‍ ലോകം മുഴുവന്‍ സ്വതന്ത്രസോഫ്റ്റ്വെയറിലാവുമോ... ഇല്ല. അതിലെ വലിയൊരു പങ്കുപോലുമാവില്ല. ഇന്ന് സോഫ്റ്റ്വെയറില്‍ പ്രര്‍ത്തിക്കുന്നവര്‍ അവരുടെ പ്രവര്‍ത്തനത്തിന്റെ എത്ര ശതമാനം സ്വതന്ത്രസോഫ്റ്റ്വെയറിനുവേണ്ടി ചിലവാക്കുന്നുണ്ട്? അത്രതന്നെയേ സോഫ്റ്റ്വെയറിന്റെ ലോകത്തിലെ ക്രയവിക്രയത്തില്‍ നാളെ സ്വതന്ത്രസോഫ്റ്റ്വെയറിനുണ്ടാവൂ. ഇന്നത്തെ പ്രവര്‍ത്തനമാണല്ലോ നാളത്തെ പ്രോഡക്റ്റ്.
ഈ വാദം വിട്ടുകളയുന്ന നിരവധി കാര്യങ്ങളുണ്ട് അവയില്‍ ചിലത് താഴെക്കുറിക്കുന്നു.
1. സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ ഇന്‍ഡസ്ട്രിയില്‍ മുന്നേറിയത് അവയുടെ ടെക്നിക്കല്‍ എക്സലന്‍സ് കൊണ്ട് തന്നെയാണ്. ആരും പിന്നീന്നുന്തിത്തന്നിട്ടല്ല. കമ്യൂണിറ്റിയില്‍ മുന്നേറിയത് അതിന്റെ സ്വാതന്ത്ര്യം കൊണ്ടും.
2. ഇന്ന് കുത്തകസോഫ്റ്റ്‌വെയറില്‍ പണിയെടുക്കുന്നതിന്റെ എത്ര ഇരട്ടിവരും ലോകമെമ്പാടും ചിതറിക്കിടക്കുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഡെവലപ്പര്‍മാര്‍. അവര്‍ക്ക് വമ്പന്‍ ഐടി പാര്‍ക്കുകളോ , പ്രത്യേക സാമ്പത്തികമേഖലകളോ ഒന്നും കുത്തക സോഫ്റ്റ്‌വെയര്‍ ഡെവലപ്പേഴ്സിനെപ്പോലെ നിര്‍ബന്ധിത സൌകര്യങ്ങളല്ല. ലിനക്സ് കേണല്‍ ഡെവലപ്പേഴ്സിലൊരാളായ അലന്‍ കോക്സ് പറഞ്ഞപോലെ ഒരു ഇമെയില്‍ വിലാസവും ഒരു കമ്പ്യൂട്ടറും മാത്രം മതി സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വികസനത്തില്‍ പങ്കുചേരാന്‍.
3. അറിവ് കുത്തകവല്‍ക്കരിക്കപ്പെട്ടു പോകാത്തതിനാല്‍ ഒരുപാട് കോഡുകളുടെ പുനരുപയോഗം സ്വതന്ത്ര സോഫ്റ്റ്‌വെയറില്‍ സാധ്യമാകുന്നുണ്ട്.
4. ഇന്നത്തെ പ്രവര്‍ത്തനം മാത്രമല്ല നാളത്തെ പ്രൊഡക്റ്റ്. അത് നാളെവരെ പലരും കോണ്ട്രിബ്യൂട്ട് ചെയ്യുന്നതിന്റെ ആകെത്തുകയാണ്.
കുത്തകസോഫ്റ്റ്‌വെയറുകള്‍ ഒരു സാമൂഹ്യ തിന്മയാണെന്ന റിച്ചാര്‍ഡ് സ്റ്റാള്‍മാന്റെ വാദം മറക്കാതിരിക്കുക.
സിബു തുടരുന്നു.
ഇനി ഡെസ്ക്‍ടോപ് അപ്ലിക്കേഷനുകള്‍ പലതും സ്വതന്ത്രസോഫ്റ്റ്വെയാല്‍ കുത്തകകള്‍ മുഴുവന്‍ അവരുടെ കമ്പനിപൂട്ടി വേറേ പണിക്ക് പോകുമോ? ഇല്ല. മറിച്ച് ഫ്രീആയതിനുമുകളില്‍ ഫ്രീ അല്ലാത്തതെന്തുചെയ്യാം എന്നാലോചിക്കും. അതുണ്ടാക്കും, മാര്‍ക്കറ്റ് പിടിക്കും ... പഴയ പരിപാടി. ഈ ചക്രം ഇങ്ങനെ അനുസ്യൂതം തുടരും.
പക്ഷേ സിബുപറയുന്ന ഈ മാര്‍ക്കറ്റ് ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്ന് മറക്കരുത്. ഒരു സ്വതന്ത്ര റീപ്ലേസ്‌മെന്റ് വരുന്നതുവരെ നീട്ടിക്കിട്ടുന്ന ആയുസ്സാണിത്. മൈക്രോസോഫ്റ്റിന്റെ ഓപ്പണ്‍സോഴ്സ് സംരംഭം ഇതിന്റെ തുടക്കമായിക്കാണാം. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അതിനെ എതിര്‍ക്കുന്നവരെപ്പോലും സ്വതന്ത്ര സോഫ്റ്റ്‌വെയറാക്കി വിപണിയുടെ നിയമങ്ങളെത്തന്നെ മാറ്റിമറിച്ചാണ് മുന്നോട്ടുപോകുന്നത്.
സിബു തുടരുന്നു.
അടിസ്ഥാനപരമായി സ്വതന്ത്രസോഫ്റ്റ്വെയറിന്റെപ്രശ്നം സോഫ്റ്റ്വെയര്‍ ഉല്പന്നങ്ങളുടേയും സര്‍വീസുകളുടേയും വിപണനത്തിന് ധനം ഉപയോഗിച്ചുള്ള ഒരു മാര്‍ഗ്ഗം അത് മുന്നോട്ട് വയ്ക്കുന്നില്ല എന്നതാണ്. ചെയ്യുന്ന ഉപകാരത്തിന് പണം കിട്ടണം എന്നത് അന്നന്നത്തെ അപ്പം കണ്ടത്തേണ്ട ഏതൊരുവന്റേയും ആവശ്യമാണ്. ഞാന്‍ വരമൊഴി എഴുതി അതിന്റെ സോര്‍സ് എല്ലാവര്‍ക്കും ഡൌണ്‍ലോഡ് ചെയ്യാന്‍ പാകത്തിലിട്ടാല്‍ ആരാണ് എനിക്ക് പൈസ തരിക? ഞാന്‍ വരമൊഴി ഉപഭോക്താവിന് ചെയ്തുകൊടുത്ത നന്മയെ അളക്കുന്നതും ഞങ്ങള്‍ തമ്മില്‍ ആ അളവിന്റെ കാര്യത്തില്‍ ചേര്‍ച്ചയിലെത്തുന്നതും നടക്കുന്നതെവിടെ വച്ച്? (ഇതാണ് പണവിനിമയത്തില്‍ കലാശിക്കുന്നത്). അതായത് സോഫ്റ്റ്വെയറെഴുതിവിറ്റ് പൈസയുണ്ടാക്കാന്‍ സ്വതന്ത്രസോഫ്റ്റ്വെയര്‍ അനുയോജ്യമല്ല.
മുകളിലെഴുതിയിരിക്കുന്നത് മുഴുവന്‍ പൊട്ടത്തെറ്റാണ്. പ്രവീണിന്റെ പോസ്റ്റ് വായിച്ചതുകൊണ്ട് കൂടുതലെഴുതുന്നില്ല. പൂര്‍ണ്ണമായും സ്വതന്ത്രസോഫ്റ്റ്‌വെയറുകളാണ് എന്റെ ജീവിതച്ചെലവ് കണ്ടെത്താന്‍ സഹായിക്കുന്നത് എന്നുകൂടി പറയട്ടെ.
സിബു തുടരുന്നു.
സ്വതന്ത്ര സോഫ്റ്റ്വെയര്‍ മുന്നോട്ട് വയ്ക്കുന്ന ഒരു പ്രശ്നം സോഫ്റ്റ്വെയര്‍ പേറ്റന്റുകളുടേതുമാണ്. പേറ്റന്റുകളുടെ കാലാവധി 17 വര്‍ഷം എന്നത് വളരെ കൂടുതലാണ്. ഓരോ പ്രോഡക്റ്റിന്റേയും ലൈഫ്‌സൈക്കിളിനനുപാതികമായിരിക്കണം പേറ്റന്റ് കാലാവധി. മെഡിക്കല്‍ രംഗത്ത് അത്രയും വര്‍ഷങ്ങള്‍ ടെസ്റ്റിംഗ് കഴിഞ്ഞ് പ്രോഡക്റ്റിറങ്ങാന്‍ വേണ്ടിവന്നേക്കും. എന്നാല്‍ സോഫ്റ്റ്വെയറിന്റെ കാര്യത്തില്‍ അത്രയും വര്‍ഷങ്ങള്‍ ആവശ്യമില്ല. 5-6 മതിയാവും എന്നാണ് എന്റെ തോന്നല്‍.
പേറ്റന്റ് എന്നത് ഒരു സോഷ്യലിസ്റ്റ് സംഗതികൂടിയാണെന്ന് ഓര്‍ക്കണം. പേറ്റന്റ് എന്നൊരു സംഗതിയില്ലെങ്കില്‍, ആരും അവരുടെ സൂത്രങ്ങള്‍ വെളിപ്പെടുത്തില്ല. അതിനുപകരം സമൂഹം പറയുന്നു, നീ കണ്ടുപിടിച്ച കാര്യം എല്ലാവര്‍ക്കും പറഞ്ഞുകൊടുക്കൂ. പ്രത്യുപകാരമായി, ഒരു നിശ്ചിത കാലത്തേയ്ക്ക് ആ കണ്ടുപിടുത്തം ഉപയോഗിക്കാനുള്ള അവകാശം നിനക്ക്.
ദാ പിന്നീം അസ്സല് പൊട്ടത്തരം വിളിച്ചു പറഞ്ഞിരിക്കുണു. ഒന്നാമത്തെക്കാര്യം സോഫ്റ്റ്‌വെയര്‍ പൂര്‍ണമായും കോപ്പിറൈറ്റ് നിയമത്തിന്‍ കീഴിലാണ്. ഓരോ പ്രോഗ്രാമിന്റേയും കോപ്പിറൈറ്റ് അതെഴുതിയ ആള്‍ക്കാണ്. അതുകൊണ്ടുതന്നെ ലൈസന്‍സ് അനുസരിച്ചില്ലെങ്കില്‍ അവര്‍ക്ക് അത് തടയാനുള്ള എല്ലാ അധികാരവുമുണ്ട്.
പേറ്റന്റുകളുടെ കഥ വ്യത്യസ്തമാണ്. സോഫ്റ്റ്‌വെയര്‍ പേറ്റന്റുകള്‍ പ്രോഗ്രാമിനോ കോഡിനോ അല്ല. അവ ആശയങ്ങള്‍ക്കാണ്. (methods, techniques, features, algorithms, etc.). ഒരു വലിയ പ്രോഗ്രാമെന്നാല്‍ ആയിരക്കണക്കിന് ആശയങ്ങളുടെ ഒരു കൂട്ടമാണ്. അതില്‍ കുറേ ആശയങ്ങള്‍ പുതിയതായിരിക്കാം. അതല്ലെങ്കില്‍ പഴയ വല്ല സോഫ്റ്റ്‌വെയറിലും ഡെവലപ്പര്‍ കണ്ടതായിരിക്കാം പല ആശയങ്ങളും. ഈ ഓരോ ആശയങ്ങളും പേറ്റന്റ് ചെയ്യപെടുകയാണെങ്കില്‍ ഓരോ വലിയ പ്രോഗ്രാമുകളും നൂറുകണക്കിനു പേറ്റന്റുകളുടെ ലംഘനമായി മാറും. ഒരു പ്രോഗ്രാമെഴുതുക എന്നാല്‍ നൂറു വമ്പന്‍ കേസുകള്‍ ഓപ്പണ്‍ ചെയ്യുക എന്നായിരിക്കും അര്‍ത്ഥം. സോഫ്റ്റ്‌വെയര്‍ ഡെവലപ്പര്‍മാര്‍ക്കും ചിലപ്പോള്‍ ആ സോഫ്റ്റ്‌വെയറുകളുപയോഗിച്ച് സ്യൂ ചെയ്യപ്പെട്ടേയ്ക്കാവുന്ന ഉപഭോക്താക്കള്‍ക്കും വലിയൊരു തലവേദനയാണ് സോഫ്റ്റ്‌വെയര്‍ ആശയങ്ങള്‍ക്കുമുകലിലുള്ള പേറ്റന്റുകള്‍.
ആയിരക്കണക്കിനു പേറ്റന്റുകള്‍ സ്വന്തമായുള്ള കമ്പനികള്‍ അവ പരസ്പരം ക്രോസ് ലൈസന്‍സ് ചെയ്യുന്നത് അവര്‍ക്ക് ചെറിയ സോഫ്റ്റ്‌വെയര്‍ ഉല്‍പ്പാദകര്‍ക്കു മുകളില്‍ ആരോഗ്യകരമല്ലാത്ത ഒരു മേല്‍ക്കൈ നല്‍കാറുണ്ട്. അതുകൊണ്ടാണ് അവ കൂട്ടത്തോടെ സോഫ്റ്റ്‌വെയര്‍ പേറ്റന്റുകള്‍ക്കായി വാദിക്കുന്നത്.
ഇന്ത്യയില്‍ സോഫ്റ്റ്‌വെയര്‍ ആശയങ്ങള്‍ പേറ്റന്റബിള്‍ അല്ല എന്നു കൂടി പറയട്ടെ. ഇപ്പോ അമേരിക്കയില്‍ മാത്രമാണ് ആ പ്രശ്നമുള്ളത്. ഇന്ത്യയിലെ പേറ്റന്റ് നിയമം 2004ല്‍ സോഫ്റ്റ്‌വെയര്‍ ആശയങ്ങള്‍ പേറ്റന്റബിള്‍ ആക്കാന്‍ ശ്രമിച്ചപ്പോള്‍ ഞങ്ങളുടെയെല്ലാം വലിയ കാമ്പൈന്റെ ഭാഗമായാണ് അത് വേണ്ടെന്നു വെക്കാനായത്.
പിന്നെ പേറ്റന്റുകള്‍ വരുന്നത് മോഡേണിസത്തിന്റെ ഉപോല്‍പ്പന്നമായിട്ടാണ്. അതിന് സോഷ്യലിസവുമായി വലിയ ബന്ധമൊന്നുമില്ല. റൊമാന്റിക് ഇന്നോവേഷന്‍ , ഒറിജിനാലിറ്റി, ഇന്‍സന്റീവ് എന്നീ മൂന്നു കാര്യങ്ങളാണ് പേറ്റന്റ് നിയമത്തിന്റെ മൂന്നു തൂണുകള്‍. അതിനെപ്പറ്റി കൂടുതല്‍ പിന്നെയെഴുതാം.
(ഞാനീ ബ്ലോഗ് തുടങ്ങിയത് സിബുവിനെ കുറ്റം പറയാനാണോ എന്ന് ആരോ ഇതിനിടെ ചോദിച്ചിരുന്നു. പക്ഷേ സ്വതന്ത്ര സോഫ്റ്റുവെയറുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വരുമ്പോളേ എഴുതിയാലേ തീരൂ എന്നു തോന്നുന്നുന്നുള്ളൂ. അവ കൂടുതലും ഇട്ടുതരുന്നത് സിബുവാണുതാനും. അത്രേള്ളൂ ഈ ബ്ലോഗിന് സിബുവുമായുള്ള ബന്ധം.)