ഒരു പെട്ടി..... പെട്ടിക്കുള്ളിലൊരു ലോകം... പെട്ടിതുരന്ന് പുറത്തേക്കൊരോട്ടം ..

Friday, January 25, 2008

പുസ്തക പൈറസിയും മലയാള സിനിമയും :പൈറസി ചര്‍ച്ച തുടരുന്നു.

എന്റെ കഴിഞ്ഞ പോസ്റ്റിലെ പുസ്തകവിലയേയും ലീഗാലിറ്റിയേയും കുറിച്ചുള്ള ജോജുവിന്റെ കമന്റാണ് ഇതെഴുതാന്‍ പ്രേരിപ്പിച്ചത്. ഈ പോസ്റ്റിലേക്ക് പുതുതായി വരുന്നവര്‍ കഴിഞ്ഞ പോസ്റ്റ് കൂടി വായിക്കാന്‍ താല്‍പ്പര്യപ്പെടുന്നു.

പൊതു ഉടമസ്ഥതയിലുള്ള വിവരങ്ങളുടെ സംരക്ഷണത്തിനും ലഭ്യതയ്ക്കുമായിട്ടാണ് കോപ്പിറൈറ്റ് നിയമം നിലകൊള്ളുന്നത്. പക്ഷേ ഈ വിജ്ഞാനോത്പാദകരായ പാവപ്പെട്ട സൃഷ്ടികര്‍ത്താവിനെ പിന്തുണയ്ക്കുന്നതിനായിട്ടാണ് പൊതു ഉടമസ്ഥതയിലെത്തും മുമ്പ് നിശ്ചിതകാലത്തേക്ക് അതിന്റെ മേല്‍ അവകാശങ്ങള്‍ അനുവദിച്ചു കൊടുത്തിരിക്കുന്നത്. കാലങ്ങളായി കോപ്പിറൈറ്റ് വ്യവസായം തങ്ങളുടെ ലോബിയിങ്ങ് പവറുപയോഗിച്ച് ഈ നിയമങ്ങളുടെ ഉള്ളടക്കമാണ് മാറ്റി മറിച്ചുകൊണ്ടിരിക്കുന്നത്. ദാ ഇപ്പോ തന്നെ ഇന്ത്യന്‍ കോപ്പിറൈറ്റ് നിയമത്തില്‍ ഡിജിറ്റല്‍ റിസ്ട്രിക്ഷന്‍സ് മാനേജ്മെന്റിനു വേണ്ട (DRM) മാറ്റങ്ങള്‍ നടത്താനുള്ള ശ്രമം ഞങ്ങളില്‍ പലരുടേയും കൂട്ടായ പരിശ്രമം മൂലമാണ് ഒഴിവാക്കിയത്. കോപ്പിറൈറ്റ് വ്യവസായത്തിന്റെ DRM നു വേണ്ടിയുള്ള മുറവിളി ഇപ്പോഴും സജീവമാണ്.

ഇതൊക്കെ പറഞ്ഞുവന്നത് നിയമം നിയമം എന്നു പറഞ്ഞുവരുന്നത് അങ്ങനെ നിഷ്പക്ഷമായ ഒന്നല്ല എന്നു പറയാനാണ്. ആരു ലോബി ചെയ്യുന്നോ അവനുവേണ്ട നിയമമിറങ്ങും (ഇപ്പോ ആണവ ചില്ല് യൂണിക്കോഡിലിറങ്ങുന്ന പോലെത്തന്നെ) അപ്പോ പുതിയനിയമമനുസരിച്ച് കുറേപേര്‍ കൂടി ക്രിമിനലുകളാകും . പൈറസിയുടെ സാമൂഹ്യലോകമൊന്നും ഒരു നിയമത്തിലും ഉണ്ടാവില്ല. നിയമം സമൂഹത്തെ കാണാതിടിക്കുന്നതിന്റെ പ്രശ്നമാണത്.

പുസ്തകവിലകള്‍ താരതമ്യം ചെയ്തുകൊണ്ടുതന്നെ എന്തുകൊണ്ട് ബൂക്ക് പൈറസി നിലനില്‍ക്കുന്നു എന്നു വ്യക്തമാക്കുന്ന ലോറന്‍സ് ലയാങ്ങിന്റെ ഈ ലേഖനം കാണുക.

ടേബിള്‍ കാണുക. അത് താഴെപ്പറയുന്ന കാര്യങ്ങള്‍ വ്യക്തമാക്കിത്തരുന്നു.
1.ഗ്ലോബല്‍ സൌത്തില്‍ (ഇന്ത്യയും ദക്ഷിണാഫ്രിക്കയുമൊക്കെ ഇതില്‍ പെടുന്നു)പുസ്തകങ്ങളുടെ യഥാര്‍ത്ഥവില കൂടുതലാണ്.
2. മറ്റുള്ളവരെ അപേക്ഷിച്ച് ഗ്ലോബല്‍ സൌത്തിലെ ഉപഭോക്താക്കള്‍ക്ക് അവരുടെ വരുമാനത്തിന്റെ കൂടുതല്‍ പങ്ക് അതേ പുസ്തകത്തിനായി ചെലവാക്കേണ്ടിവരുന്നു.
3. അമേരിക്കന്‍ ഉപഭോക്താക്കള്‍ ഒരേ പുസ്തകം വാങ്ങാന്‍ ഇന്ത്യയിലേയും ദക്ഷിണാഫ്രിക്കയിലേയും ആളുകള്‍ ചെലവാക്കുന്നത്ര വരുമാനത്തിന്റെ പങ്ക് ചെലവാക്കുകയാണെങ്കില്‍ അതൊരു വലിയ തമാശയായിരിക്കും

ഇതില്‍ നിന്നും നമുക്കു മനസ്സിലാക്കാവുന്ന സംഗതി പൈറേറ്റുകള്‍ ഒരു വിപണി ആവശ്യത്തോടാണ് പ്രതികരിക്കുന്നത് എന്നതാണ്. എല്ലാ പുസ്തകങ്ങളും പൈറേറ്റ് ചെയ്യപ്പെടുന്നില്ല. ഒരു പുസ്തകം/സിനിമ പൈറേറ്റ് സര്‍ക്യൂട്ടിലെത്തുന്നതിനു മുമ്പേ അതിനൊരു മിനിമം പോപ്പുലാരിറ്റി ഉണ്ടായിരിക്കേണ്ടതാണ്. അപ്പോ തന്നെ നമുക്കു മനസ്സിലാക്കാം അതിന്റെ സൃഷ്ടികര്‍ത്താവ് "പാവപ്പെട്ട സൃഷ്ടികര്‍ത്താവ്" എന്ന പദവി പിന്നിട്ടു കഴിഞ്ഞിരിക്കുമെന്ന്. ഒരു ഹോളിവുഡ് സിനിമ നമ്മുടെ പൈറേറ്റ് മാര്‍ക്കറ്റിലെത്തുന്നതും അതിന്റെ ഒരു മിനിമം വിപണി ലഭിച്ച ശേഷമാണ്.

പിന്നെ മലയാള സിനിമയെന്ന ഇട്ടാവട്ടത്തിനുള്ളിലെ കാര്യമാണ് ജോജു ഉദ്ദേശിച്ചതെങ്കില്‍ അതിന്റെ പരാജയത്തിന് നിരവധി കാരണങ്ങളുണ്ട്. എല്ലാം പൈറസിയുടെ തലയില്‍ കെട്ടിവെക്കുന്നുവെന്നു മാത്രം

1. ഈ ആഗോളീകൃത വിനോദവ്യവസായത്തിന്റെ കാലത്തും അത് കേരളത്തിനു പുറത്തുള്ള വിപണിയെ അഭിമുഖീകരിക്കാന്‍ മടിച്ച് സ്വന്തം പൊത്തുകളില്‍ ഒതുങ്ങുന്നു.
2. കേരളമെന്ന ഇട്ടാവട്ടത്തിലെ മാര്‍ക്കറ്റിനു താങ്ങാവുന്നതിനേക്കാള്‍ കൂടുതല്‍ തുക മുതല്‍മുടക്കുന്നു.
3. ലോകത്തെല്ലാവരും അവരുടെ തിരക്കുകളും കമ്പ്യൂട്ടറുകളും വിസിഡി പ്ലേയറുകളുമൊക്കെ പൂട്ടിവച്ച് മൂട്ടകടിക്കുന്ന തീയറ്ററുകളില്‍ വന്ന് സിനിമ കാണുമെന്ന് ഇന്നും മലയാള സിനിമാവ്യവസായം വിശ്വസിക്കുന്നു. അല്ലേല്‍ അവര്‍ ഒരു കൊല്ലം (സിഡിയോ ഡിവിഡിയോ ഇറങ്ങും വരെ കാത്തിരിക്കുമെന്നു വിശ്വസിക്കുന്നു.

ഇതില്‍ മൂന്നാമത്തെ പോയന്റ് തുറക്കുന്ന വിപണിയെ സിനിമാവ്യവസായം പരിഗണിക്കാത്തിടത്താണ് വ്യാജ സിഡിയുടെ നിലനില്‍പ്പ്.

ദെറീദയുടെ ഒരു കുറിപ്പോടെ പൈറസിയുടെ സാമൂഹ്യലോകത്തെപ്പറ്റിയുള്ള ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ

“The admiring fascination of the rebel can be understood not merely as the fascination for someone who commits a particular crime but that someone, in defying the law, bares the violence of the legal system or the juridical order.” - ജാക്വസ് ദെരീദ , ദ മിസ്റ്റിക്കല്‍ ഫൌണ്ടേഷന്‍ ഓഫ് അതോറിറ്റി.

Thursday, January 24, 2008

കടല്‍കൊള്ളക്കാരാര്?

സന്തോഷിന്റെ ബ്ലോഗില്‍ നടന്ന ഈ ചര്‍ച്ചയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ഒരു പോസ്റ്റ്.

ജോജുവിന്റെ മറുപടിയെ straw man position എന്നു വിളിക്കാം. മൈക്രോസോഫ്റ്റിനെപ്പറ്റിയുള്ള ലേഖനത്തിനല്ല ഇവിടെ ആരും പറഞ്ഞിട്ടില്ലാത്ത "ഞങ്ങള്‍ പൈറേറ്റഡ് വിന്‍ഡോസേ ഉപയോഗിയ്കൂ " എന്ന അഭിപ്രായത്തിനാണ് ജോജു മറുപടി പറയുന്നത്. കിരണും പിന്തുടരുന്നത് അതേ വഴിതന്നെ.

സന്തോഷിന്റെ ബ്ലോഗിലെ ലേഖനം ഉന്നയിക്കുന്ന പ്രശ്നം സോഫ്റ്റ്‌വെയറിന്റെ അടിസ്ഥാന സ്വാതന്ത്ര്യങ്ങളുടെ ലംഘനവും അറിവിന്റെ കുത്തകവല്‍ക്കരണവും നടത്തുന്ന മൈക്രോസോഫ്റ്റ് അടക്കമുള്ള കമ്പനികളുടെ വ്യാപാരതന്ത്രങ്ങളും ലൈസന്‍സുകളുമൊക്കെയാണ്. ഇത് രണ്ടു പ്രശ്നങ്ങളുയര്‍ത്തുന്നുണ്ട് ഒന്ന് അടിസ്ഥാന സ്വാതന്ത്ര ലംഘനവും രണ്ട് സോഫ്റ്റ്‌വെയറുകളുടെ താങ്ങാനാവാത്ത വിലയും. പങ്കു വെക്കല്‍ തടയുന്ന ലൈസന്‍സുകളാണ് താങ്ങാനാവാത്ത വില ഒരു പ്രശ്നമാക്കുന്നതെന്നതെന്നതിനാല്‍ ഇവ രണ്ടും ഒരേ വിഷയത്തിന്റെ രണ്ട് മുഖങ്ങളാണ്.

കുത്തക സോഫ്റ്റ്‌വെയറുകളുയര്‍ത്തുന്ന ( സോഫ്റ്റ്‌വെയര്‍ മാത്രമല്ല, പുസ്തകങ്ങളും, പാട്ടുകളും, സിനിമകളും ബ്രാന്റുകളുമെല്ലാം ഈ പ്രശ്നങ്ങള്‍ ഈ ഡിജിറ്റല്‍ യുഗത്തിലുയര്‍ത്തുന്നുണ്ട്. ) ഈ പ്രശ്നം മറികടക്കാന്‍ ജനം സ്വീകരിച്ച രണ്ട് വഴികളാണ് സ്വതന്ത്രസോഫ്റ്റ്‌വെയറുകളുടെ വഴിയും പൈറസിയുടെ വഴിയും( ഈ വാക്കിനോട് വിയോജിപ്പുണ്ട്) . സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റേത് നിയമത്തിന്റെ വഴിയാണ്. ഒരു പുതിയ വ്യവസ്ഥയെ സൃഷ്ടിച്ച സോഷ്യല്‍ ഹാക്കിങ്ങിന്റെ രീതി.

അതേ സമയം ഒരു സാധാരണക്കാരന്‍ ഡിജിറ്റല്‍ ലോകത്തിന്റെ ഈ നിയന്ത്രണങ്ങളെ നേരിട്ടത് നമ്മുടെ സാമൂഹ്യബോധമുപയോഗിച്ചാണ്. . സ്വായത്തമാക്കുന്ന ടെക്നോളജി പങ്കുവെക്കുന്ന , അതുപയോഗിച്ചു ജീവിക്കുന്ന കുന്നംകുളം കാരന്റെ രീതി. ബീമാപ്പള്ളിയിലും ഫോര്‍ട്ട്കൊച്ചിയിലും ഒക്കെകാണുന്ന അവനായിരുന്നു(കേരളമായതുകൊണ്ട് അവളാവാന്‍ തരമില്ലല്ലോ) നമ്മുടെ ടെക്നോളജി ഇടനിലക്കാരന്‍. ക്ലാസിക് സിനിമകളും വീഡിയോ സിഡിയും ഡിവിഡിയും എംപി.ത്രീ എന്ന ഫോര്‍മാറ്റും നിരവധിയനവധി പുസ്തകങ്ങളും, കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയറുകളും നമുക്ക് പരിചയപ്പെടുത്തിയതും ലഭ്യമാക്കിയതും അവനായിരുന്നു.

ഈ ചിത്രം കാണുക.

വിന്‍ഡോസ് എക്സ്പിയുടെ വില ഉണ്ടാക്കാനായി ഓരോ രാജ്യത്തും ഒരാള്‍ എത്ര മണിക്കൂര്‍ (പ്രതിശീര്‍ഷവരുമാനമനുസരിച്ച് ) ജോലിചെയ്യണമെന്ന് ഇത് കാണിക്കുന്നത്. ചൈനയില്‍ ഒരു സാധാരണ തൊഴിലാളി 2 മാസം ജോലിയെടുത്താലേ അവിടുത്തെ വിന്‍ഡോസ് എക്സ്.പിയുടെ വിലയാവൂ . ജപ്പാനില്‍ ഇത് 9 മണിക്കൂറും അമേരിക്കയില്‍ 13 മണിക്കൂറുമാകുമ്പോള്‍ ബംഗ്ലാദേശില്‍ ആറു മാസത്തോളം ജോലിചെയ്താലേ വിന്‍ഡോസ് എക്സ്പി വാങ്ങാനാവൂ. ഒരു എലീറ്റ് ക്ലാസിനു മാത്രം പ്രാപ്യമായിരുന്ന കമ്പ്യൂട്ടിങ്ങിനെ സാധാരണക്കാരിലേക്ക് ഇറക്കി കൊണ്ടുവന്നതും ഇന്ത്യയിലെ ഐടി വിദഗ്ധരില്‍ ഏറിയപങ്കും കമ്പ്യൂട്ടറുകളുപയോഗിച്ചു തുടങ്ങുന്നതും ഈ മനുഷ്യരുടെ സഹായത്തോടെയായിരുന്നു. അവരെയാണ് നമ്മള്‍ ഇന്ന് കടല്‍കൊള്ളക്കാരെന്നു വിളിക്കുന്നത്. പുസ്തകങ്ങളാവട്ടെ, സിനിമകളാകട്ടെ, സംഗീതമാകട്ടെ, എല്ലാ ഐടി പൊളിസികളും ഗവണ്‍മെന്റുകളും UN ഉം WSIS (World Summit on Information Socitey)ഉം ഒക്കെ കൊട്ടിപ്പാടുന്ന ലക്ഷ്യമായ Access to Knowledge ഉം Access to Information ഉം ഒരു മില്ലനിയം ഡെവലപ്മെന്റ് ഗോളിന്റേയും സഹായമില്ലാതെ നടപ്പില്‍ വരുത്തിയിരുന്നതും അവരായിരുന്നു. 1998 ല്‍ എനിക്ക് റെഡ്ഫോക്സ് ലിനക്സും സ്ലാക്ക്‌വെയറും ആദ്യമായിക്കിട്ടുന്നത് കുന്നംകുളത്തെ ഗ്രേ മാര്‍ക്കറ്റില്‍ നിന്നാണ്. (കഴിഞ്ഞ വര്‍ഷം അതേ കടയില്‍ ഫോര്‍മാറ്റ് സപ്പോര്‍ട്ടില്‍ ഐപോഡിനെ അതിശയിപ്പിക്കുന്ന കുന്നംകുളത്തു നിര്‍മ്മിക്കുന്ന ഒരു ലോക്കല്‍ പോഡും 1200 രൂപയ്ക്ക് കണ്ടു).നിയമങ്ങളാണ് അവരെ കുറ്റവാളിയാക്കിയത്. മൂന്നാം ലോകരാജ്യങ്ങള്‍ അവരുടെ ആധുനികതയെ എന്നും കണ്ടെത്തിയിരുന്നത് ഒന്നാം ലോകത്തിന്റെ ടെക്നോളജികളെ പകര്‍ത്തിക്കൊണ്ടും അവ പരിഷ്കരിച്ചും പുനര്‍നിര്‍വ്വചിച്ചുമാണെന്ന് രവി വാസുദേവന്റെ "റീസൈക്കിള്‍ഡ് മോഡേണിറ്റി" എന്ന ഈ പേപ്പറില്‍ പറയുന്നതു കൂടി ഇവിടെ കൂട്ടിവായിക്കുക.


മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഹാക്കര്‍ എന്ന സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഡെവലപ്പറുടെ ഒരു ലോജിക്കല്‍ അതറാണ് നമ്മുടെ ഇന്നത്തെ പൈറേറ്റ് എന്നു വിളിക്കപ്പെടുന്ന സുഹൃത്ത്. കോപ്പിറൈറ്റ് വ്യവസായത്തിന്റേയും അസംഘടിത വ്യവസായത്തിനും ഇടയിലുള്ള സമ്പത്‌വ്യവസ്ഥയിലാണ് അവരുടെ നില്‍പ്പ്. ഡൂപ്ലിക്കേറ്റുകള്‍ എന്നറിയപ്പെടുന്ന non-digital ഉല്‍പ്പന്നങ്ങളും പൈറേറ്റ് ഗുഡ്സ് എന്നുവിളിക്കുന്ന ഡിജിറ്റല്‍ ഉല്‍പ്പന്നങ്ങളും വിറ്റ് അന്നന്നത്തെ ജീവിതം കരുപ്പിടിപ്പിക്കുന്ന വലിയൊരു കൂട്ടമാണിവര്‍. പൈറസി ഇനീഷ്യല്‍ മാര്‍ക്കറ്റ് പുള്ളിനുള്ള വഴിയാനെന്നു മനസ്സിലാക്കിയ കോപ്പിറൈറ്റ് ഇന്‍ഡസ്ട്രി തന്നെ അവരെ ചിലസമയത്ത് ഉപയോഗിച്ചു. മ്യൂസിക്ക് കമ്പനികള്‍ ആദ്യകാലത്ത് റെക്കോര്‍ഡുകള്‍ ലീക്ക് ചെയ്ത് ഗാനങ്ങളെ ഹിറ്റാക്കുന്നത് പതിവായിരുന്നു. ഇന്ത്യയെപ്പോലുള്ള ഒരു വികസിച്ചുകൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥയില്‍ ഓരോ വ്യക്തിയും വിന്‍ഡോസ് ഉപയോഗിക്കുമ്പോള്‍ (വിറ്റതോ വില്‍ക്കാത്തതോ ആവട്ടെ ) വില്‍ക്കപ്പെടുന്ന കോപ്പിയുടെ ബ്രാന്റ് മൂല്യം വര്‍ദ്ധിക്കുമെന്നു മനസ്സിലാക്കിയ മൈക്രോസോഫ്റ്റ് പൈറസിയെ ഒരു വിപണിവികസന തന്ത്രമായി പ്രോത്സാഹിപ്പിച്ചു തുടങ്ങി. (പണ്ട് ബിടെക്ക് കാലത്ത് അല്പസ്വല്പം ഹാര്‍ഡ് വെയര്‍ അസബ്ലിങ്ങ് ഒക്കെ നടത്തിയ കാലത്ത് ബിസിനസ് പ്രമോഷന്‍ പാര്‍ട്ടികളിലെ വാഗ്ദാനങ്ങള്‍ക്ക് ഞാനും സാക്ഷിയാണ്. പിന്നീട് കൊല്ലത്ത് അക്ഷയ സംരംഭകരുടെ ഒരു മീറ്റിങ്ങില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറുകാരും സര്‍ക്കാര്‍ പ്രതിനിധികളുമുള്ളതിനാല്‍ നിങ്ങള്‍ പൈറേറ്റ് ചെയ്തോളൂ എന്നു പബ്ലിക്കായി പറയാന്‍ പറ്റാതെ ബുദ്ധിമുട്ടി ചോദ്യം ചോദിച്ചയാളെ മാറ്റിനിര്‍ത്തി അതു പറഞ്ഞ മൈക്രോസോഫ്റ്റ് പ്രതിനിധിയേയും നല്ല ഓര്‍മ്മയുണ്ട് )

പാട്ടുകളും, സിനിമകളും പുസ്തകങ്ങളും ടിവി ഷോകളും എല്ലാം ഞാനിഷ്ടംപൊലെ ഡൌണ്‍ലോഡ് ചെയ്യാറുണ്ട്. സുഹൃത്തുക്കള്‍ക്ക് കൊടുക്കാറുമുണ്ട്. അക്കാരണങ്ങള്‍കൊണ്ടു തന്നെ ഞാനൊരു പൈറേറ്റാണെന്നു പറയാന്‍ എനിക്കൊരു മടിയുമില്ല.
ഈയിടെ കോപ്പിറൈറ്റ് ഇന്‍ഡസ്ട്രിയുടെ ഒരു പബ്ലിക് റിലേഷന്‍സ് വെബ്സൈറ്റില്‍ പൈറേറ്റ് കാല്‍ക്കുലേറ്റര്‍ എന്നൊരു സാധനം കാണാനിടയായി. അതെന്നോട് ഞാന്‍ ഡൌണ്‍ലോഡ് ചെയ്ത പുസ്തകങ്ങളുടെ എണ്ണവും പാട്ടുകളുടെയും സിനിമകളുടെയും ടിവി ഷോകളുടെയും ദൈര്‍ഘ്യവും ഒക്കെ ചോദിച്ചു. എല്ലാം കൊടുത്തുകഴിഞ്ഞപ്പോള്‍ അവര്‍ എന്നോട് നിങ്ങള്‍ ഇന്‍ഡസ്ട്രിക്കുണ്ടാക്കിയ നഷ്ടം ഇത്ര ബില്ല്യണ്‍ ഡോളറാണ് (നിസ്സാരക്കാരനല്ല എന്നു മനസ്സിലായില്ലേ)എന്നു പറഞ്ഞു. ഞാന്‍ ഒരു നിമിഷം അത്രേം വല്യേ തൊക കയ്യില്‍ കിട്ടിയാല്‍ എന്തൊക്കെ ചെയ്യുമെന്ന് ആലോചിച്ചു പോയി... എന്നിട്ട് കമന്റ് ബോക്സില്‍ പോയി നേരെ ഇങ്ങനെ ടൈപ്പ് ചെയ്തു.

എന്റേല് ഇത്രേം പണം ജീവിതത്തിലൊരുകാലത്തും ഉണ്ടായിരുന്നിട്ടില്ല. ഉണ്ടാവുമെന്നു കരുതുന്നുമില്ല. ഉണ്ടായാല്‍ത്തന്നെ ഞാന്‍ ആ പണം ഈ ആവശ്യത്തിന് ചെലവാക്കുകയുമില്ല. അപ്പോ അതെങ്ങനെ നിങ്ങടെ നഷ്ടമാവും. അപ്പോ എനിക്കിതൊക്കെ കാണാനും വായിക്കാനും പറ്റീത് പൈറസിയുള്ളോണ്ടാ.. അപ്പോ പൈറസീ കീ ജയ്.

പൈറസിയുടെ സാമൂഹ്യപ്രസക്തിയെ കുറ്റകൃത്യമായിക്കാണാന്‍ ഞാന്‍ തയ്യാറല്ല. പക്ഷേ സ്വതന്ത്രസോഫ്റ്റ്‌വെയറുള്ളതിനാല്‍ സോഫ്റ്റ്‌വെയറില്‍ എനിക്ക് പൈറസിയുടെ ആവശ്യമില്ല, പൈറസിയുടെ സാമൂഹ്യ, രാഷ്ട്രീയ ലോകത്തെപ്പറ്റി ഉടന്‍ തുടങ്ങുന്ന ടെക്നോപൊളിട്രിക്സ് എന്ന ബ്ലോഗില്‍ കൂടുതല്‍ എഴുതാന്‍ ഉദ്ദേശിക്കുന്നുണ്ട്.

ഇനി ആന്റി പൈറസി റെയ്ഡുകളേയും കേരളാസ്കാനിനേയും പറ്റി

കേരളസ്കാന്‍ പരിപാടി ഞാന്‍ കണ്ടില്ല. പക്ഷേ അവര്‍ക്കു ഞാനൊരു ഇന്റര്‍വ്യൂ കൊടുത്തിരുന്നു. ഒപ്പം ചിലരെ പരിചയപ്പെടുത്തികൊടുക്കുകയും ചെയ്തിരുന്നു. പരിപാടിക്ക് കാഴ്ചപ്പാടുണ്ടായിരുന്നില്ലെന്നും വെറും പറഞ്ഞുപോവലുകള്‍ മാത്രമായിരുന്നുവെന്നും കണ്ടവര്‍ പറഞ്ഞുകേട്ടു.

2007ലെ ടെക്നിക്കല്‍ ഫ്ലോപ്പുകളില്‍ വിന്‍ഡോസ് വിസ്റ്റയെ രണ്ടാം സ്ഥാനത്തെത്തിച്ച (ഇന്‍ഫോഷോപ്പ് റിപ്പോര്‍ട്ട് )കാരണങ്ങള്‍ തന്നെ അവരുടെ മാര്‍ക്കറ്റ് ഇടിച്ചപ്പോള്‍ പേടിപ്പിച്ച് മാര്‍ക്കറ്റ് ഉണ്ടാക്കുന്ന തന്ത്രമാണ് ആന്റിപൈറസി റൈഡിലും എന്നു തോന്നുന്നു. പൈറേറ്റ് മാര്‍ക്കറ്റില്‍ പോലും വിസ്റ്റ ഔട്ടാണ്.

മൈക്രോസോഫ്റ്റിന്റെ മയക്കുമരുന്നു വില്‍പ്പന (പൈറസി പ്രോത്സാഹിപ്പിച്ച് ഉപഭോക്താക്കളെ സ്വാതന്ത്ര്യമില്ലാത്ത സോഫ്റ്റ്‌വെയറുകളുടെ അടിമയാക്കിയ ശേഷം ലീഗാലിറ്റിയുടെ ഉമ്മാക്കി കാട്ടി മാര്‍ക്കറ്റ് ഉറപ്പുവരുത്തുന്ന തന്ത്രം)യോടല്ലാതെ എന്റെ എതിര്‍പ്പ് പ്രധാനമായും മൈക്രോസോഫ്റ്റും കേരളപോലീസും തമ്മിലുണ്ടായ അവിശുദ്ധ ബന്ധത്തോടാണ്. ലൈസന്‍സില്ലാത്ത സിഡി വിറ്റുവെന്നാണ് ( കോപ്പിറൈറ്റ് ലംഘനം) പൈറേറ്റഡ് വിന്‍ഡോസ് ഇന്‍സ്റ്റാള്‍ ചെയ്തുവെന്നതോ ഉപയോഗിച്ചുവെന്നതോ അല്ല (കോണ്ട്രാക്റ്റ് ലംഘനം) കേസ് . മൈക്രോസോഫ്റ്റിന്റെ രണ്ടു ഉദ്യോഗസ്ഥരോടൊപ്പം പൊലീസെത്തി പരിശോധന നടത്തിയാണ് അറസ്റ്റ്. മൈക്രോസോഫ്റ്റിന്റെ അഭിപ്രായം പോലീസിന്റെയും അഭിപ്രായം. (മൈക്രോസോഫ്റ്റ് എന്നാണാവോ കേരളാ പോലീസിന്റെ വിദഗ്ധനായത്?). മൈക്രോസോഫ്റ്റ് പറയുന്നു പോലീസ് കേസെടുക്കുന്നു. മൈക്രോസോഫ്റ്റ് പറയുന്നു പോലീസ് കേസ് തള്ളുന്നു. പരിശോധന നടത്തുന്നത് മൈക്രോസോഫ്റ്റ് , വിദഗ്ധാഭിപ്രായവും അവര്‍തന്നെ. വാഴ്‌വേ മായം


ചിത്രം ഒന്നുകൂടി നോക്കൂ..
കടല്‍കൊള്ളക്കാരാര് എന്ന ചോദ്യം ഇനിയും ബാക്കിനില്‍ക്കുന്നുണ്ടോ? . എങ്കിലത് മുത്തശ്ശിക്കഥകള്‍ക്ക് വിടുന്നു....

Tuesday, January 8, 2008

പ്രിന്റര്‍ ക്രമീകരണം ഗ്നു/ലിനക്സില്‍

ചേരുവ
ഡെബിയന്‍ ഗ്നു ലിനക്സ് : 3 ഡിവിഡി / ഡെബിയന്‍ ഇന്‍സ്റ്റാള്‍ ചെയ്ത സിസ്റ്റം + ഇന്റര്‍നെറ്റ് കണക്ഷന്‍
(ഉബണ്ടു പ്രേമികള്‍ക്ക് ഉബണ്ടു/കുബണ്ടു/ക്സുബണ്ടു/ഉബണ്ടു സ്റ്റൂഡിയോ/ഗോബണ്ടു ഇവയിലേതെങ്കിലും +ഇന്റര്‍നെറ്റ് കണക്ഷന്‍
ഉബണ്ടു അടക്കം ഏത് ഡെബിയന്‍ അധിഷ്ഠിത ഗ്നു/ലിനക്സ് കൂട്ടുകള്‍ക്കും ഇതേ ചേരുവതന്നെ ഉപയോഗിക്കാം)

പ്രിന്റര്‍ : ഓപ്പണ്‍ പ്രിന്റിങ്ങ് സപ്പോര്‍ട്ട് ഉറപ്പുവരുത്തിയത് ഒരെണ്ണം . കൂടുതലും ആവാം

തയ്യാറാക്കുന്ന വിധം

ടെര്‍മിനലെടുത്ത് സൂപ്പര്‍ യൂസറായി താഴെപ്പറയുന്ന നിര്‍ദ്ദേശങ്ങള്‍ നല്‍കുക. അല്ലെങ്കില്‍ സുഡോ ഉപയോഗിക്കുകയും ചെയ്യാം
apt-get update
apt-get install printconf
ഇന്‍സ്റ്റാള്‍ ചെയ്തുകഴിഞ്ഞാല്‍ പ്രിന്റര്‍ കണക്റ്റ് ചെയ്ത ശേഷം സൂപ്പര്‍ യൂസറായോ sudo ഉപയോഗിച്ചോ printconf എന്ന കമാന്റ് നല്‍കുക

....
പിന്നെ?
.....
പിന്നൊന്നൂല്യ

??? കഴിഞ്ഞോ?


കഴിഞ്ഞുന്നേ
വേണേല്‍ gnome-cups-manager തുറന്നു നോക്കിക്കോളൂ. എല്ലാ പ്രിന്ററും അവിടെ കാണാം. ഗ്രാഫിക്കലായി
പുതിയപ്രിന്റര്‍ ചേര്‍ക്കുകയും മറ്റും അവിടെ ചെയ്യാം.

വിന്‍ഡോസില്‍ ഇത്ര എളുപ്പം കഴിയില്ലല്ലോ. ഐ അഗ്രീ നമ്മളടിച്ചില്ലല്ലോ. ഡ്രൈവര്‍ സിഡി ഇട്ടില്ലല്ലല്ലോ?
സ്വതന്ത്ര ഡ്രൈവറുകള്‍ക്കെന്തിനാ എന്‍ഡ് യൂസര്‍ ലൈസന്‍സ് അഗ്രിമെന്റ്.

എല്ലാ പ്രിന്ററുകളും ഇങ്ങനെ കോണ്‍ഫിഗര്‍ ചെയ്യാമോ?
സ്വതന്ത്ര ഡ്രൈവറുകളുള്ള ഏത് പ്രിന്ററും ഇങ്ങനെ കോണ്‍ ഫിഗര്‍ ചെയ്യാം. ഓപ്പണ്‍ പ്രിന്റിങ്ങ് ഡാറ്റാബേസ് നോക്കിയതിനു ശേഷം പ്രിന്റര്‍ വാങ്ങുക. സ്വതന്ത്ര ഡ്രൈവറുകള്‍ ഇറക്കാത്ത പ്രിന്ററെന്തിന് നമ്മള്‍ കാശുകൊടുത്ത് വാങ്ങണം? പ്രിന്റ് ചെയ്യണേല്‍ കുത്തകക്ക് കാശുകൊടുക്കണം എന്ന് ഏതേലും കമ്പനി പറയുകയാണെങ്കില്‍ നമ്മളെന്തിന് അത് ഉപയോഗിക്കണം? പ്രിന്ററിനൊപ്പം അതുപയോഗിക്കാം ഇവരു വിന്‍ഡോസ് സൌജന്യമായി തരുമോ? തന്നാല്‍ തന്നെ നമ്മുടെ അടിസ്ഥാന സ്വാതന്ത്ര്യങ്ങള്‍ വിന്‍ഡോസില്‍ കിട്ടുമോ

നെറ്റ്‌വര്‍ക്ക് പ്രിന്ററാണെങ്കിലോ?

ആദ്യം gnome-cups-manager തുറന്നുനോക്കൂ മാഷേ. ന്നട്ട് ആഡ് പ്രിന്റര്‍ എന്നതിലെ ഓപ്ഷനുകളൊന്നു നോക്കീട്ടാവട്ടെ ബാക്കി ചോദ്യം.

ഒരു പ്രിന്ററില്‍ നിന്നാണ് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം പിറവിയെടുത്തതെന്ന് മറക്കാതിരിക്കുക
ആ കഥ ഇവിടെ . കാലമേറെ കഴിഞ്ഞ് ഗ്നു/ലിനക്സ് ഇത്ര പുരോഗമിച്ചിട്ടും സ്വന്തം അറിവില്ലായ്മയോ സെര്‍ച്ച് ചെയ്യാനുള്ള മടിയോ ആളുകളെക്കൊണ്ട് ബൈ ബൈ പറയിക്കുന്നത് കാണുമ്പോള്‍ കഷ്ടം എന്നു പറഞ്ഞ് മൂക്കത്ത് വിരല്‍വെക്കാതെ എന്തുചെയ്യും.