ഒരു പെട്ടി..... പെട്ടിക്കുള്ളിലൊരു ലോകം... പെട്ടിതുരന്ന് പുറത്തേക്കൊരോട്ടം ..

Wednesday, April 2, 2008

ചെങ്ങറ ഭൂസമരം അവകാശപ്പെടുന്നത്

ചെങ്ങറ ഭൂസമരവുമായി ബന്ധപ്പെട്ട ചില ലേഖനങ്ങള്‍ ഇവിടെ പങ്കു വെക്കുന്നു.
1. മണ്ണില്‍ പണിയുന്ന ജനതയ്ക്ക് ഭൂമിയെവിടെ? അതാരുടെ കയ്യില്‍? : ചെങ്ങറ ഭൂസമരനേതാവ് ളാഹാ ഗോപാലനുമായി അഭിമുഖം : മാധ്യമം വാരിക
2. ഒരു ആള്‍ ദൈവത്തിന്റെ മരണം : കെ.കെ കൊച്ചു് - മാതൃഭൂമി ആഴ്ചപതിപ്പു്
3. ഭൂമിയും അവകാശങ്ങളും : ദിലീപ് രാജ് : ദേശാഭിമാനി ആഴ്ചപ്പതിപ്പു്

ഇതില്‍ ആദ്യത്തെ രണ്ടും പിഡിഎഫ് ആയി http://groups.google.com/group/greenyouth/files ല്‍ ലഭ്യമാണ്. ദിലീപ് രാജിന്റെ ലേഖനം മാത്രമേ എനിക്കു് യൂണിക്കോഡില്‍ കിട്ടിയുള്ളൂ.. അതു് താഴെക്കൊടുക്കുന്നു.
--------------
ഭൂമിയും അവകാശങ്ങളും
ദിലീപ് രാജ്

"അടിമത്തം മനുഷ്യാവകാശലംഘനമാവുന്നതു് അതു് സ്വാതന്ത്ര്യം നിഷേധിക്കുന്നതുകൊണ്ടല്ല. (സ്വാതന്ത്ര്യനിഷേധം മറ്റുപല സാഹചര്യങ്ങളിലുമുണ്ടല്ലോ), മറിച്ചു് ഒരു വിഭാഗം ജനങ്ങള്‍ക്കു് സ്വാതന്ത്ര്യത്തിനുവേണ്ടി സമരംചെയ്യാനുള്ള സാധ്യത തന്നെ നിഷേധിക്കുന്നതുകൊണ്ടാണു്.''
-ഹന്ന ആമെന്റ്


"ഈ പ്രസ്ഥാനത്തിന്റെ ആദ്യത്തെ നേട്ടം ഈ പ്രസ്ഥാനം തന്നെയാണു്- അതിന്റെ അസ്തിത്വം. അദൃശ്യതയില്‍നിന്നും മൌനത്തില്‍നിന്നും ശൂന്യതയില്‍നിന്നും അതു് സ്വയം പുറത്തേക്കു് വരുന്നു.''
- പിയറി ബുര്‍ദ്യു


മാര്‍ച്ച് 20-ാം തീയതി ഇതെഴുതുമ്പോള്‍ 'ഹിന്ദു'പത്രത്തില്‍ ചെങ്ങറ ഭൂസമരനേതൃത്വം മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിന്റെ വാര്‍ത്ത മുന്നിലുണ്ടു് . സമരം നിര്‍ത്തി വില്ലേജ് ഓഫീസുകളില്‍ അപേക്ഷകൊടുത്തു് കാത്തിരിക്കൂ, ഭൂമി തരാം എന്നാണ് സര്‍ക്കാര്‍ സമരനേതൃത്വത്തോട് പറഞ്ഞതു്

ഒരു രാഷ്ട്രീയ പ്രസ്ഥാനത്തെ ഒറ്റയടിക്കു് നിര്‍വീര്യമാക്കാനുള്ള ശ്രമമാണിതു്. കുടുംബശ്രീയും ചെങ്ങറസമരവും തമ്മിലുള്ള വ്യത്യാസം ആദ്യത്തേതില്‍ സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങളുടെ സ്വീകര്‍ത്താക്കള്‍ എന്ന വികസനകര്‍തൃത്വമാണു് കല്‍പ്പിക്കപ്പെടുന്നതെങ്കില്‍ രണ്ടാമത്തേതില്‍ നിഷ്ക്രിയ സ്വീകര്‍ത്താക്കളാവാന്‍ വിസമ്മതിച്ചുകൊണ്ടു് സക്രിയ രാഷ്ട്രീയ കര്‍ത്താക്കളായി തങ്ങളുടെ ആവശ്യങ്ങളുന്നയിക്കുന്നു എന്നതാണു്.

ചെങ്ങറയില്‍ സമരം ചെയ്യുന്നതിലൂടെ അവകാശങ്ങള്‍ ഉള്ളവരാണു് തങ്ങളെന്ന സ്വത്വപ്രഖ്യാപനവും സ്വത്വരൂപീകരണവും നടക്കുന്നുണ്ടെന്നു് സര്‍ക്കാരിനറിയാം. അതംഗീകരിക്കാന്‍ വിസമ്മതിക്കുകയും ഭരണനിര്‍വഹണ ഗണമായി അവരെ വ്യവഹരിക്കുകയും ചെയ്യുമ്പോള്‍ ഒരു കൈകാര്യംചെയ്യേണ്ട വിഷയം (management problem) എന്ന നിലയ്ക്കു് സജീവ രാഷ്ട്രീയ വിഷയികളെ ലഘൂകരിക്കുകയാണു്.

സ്വയം പ്രതിനിധീകരിക്കാനുള്ള അവകാശമാണു് ജനാധിപത്യം. ജനങ്ങള്‍ക്കുവേണ്ടി എന്നത് അമൂര്‍ത്തമായ ഒരവകാശവാദമാണു്. ആരാണീ 'ജനം' ? വെറുമൊരു ശൂന്യരൂപകമാണതു്. ജനങ്ങളില്‍ത്തന്നെയുള്ള കുറേയാളുകള്‍ വന്നിട്ടു് അവകാശവാദമുന്നയിക്കുമ്പോള്‍ ശൂന്യപദങ്ങള്‍വെച്ചുള്ള 'മാനേജ്മെന്റ്' അസാധ്യമായിത്തീരും. ജനകീയസമരങ്ങളെ മെരുക്കാനുള്ള ഒരു മാര്‍ഗം അവരെ 'പൌരരാ'യി പരിഗണിക്കാതെ 'ജനവിഭാഗങ്ങളാ'യി ഭരണഭാഷയില്‍ വ്യവഹരിക്കുക എന്നതാണു്. പൌരര്‍ക്കു മാത്രമേ അവകാശങ്ങളും ജനാധിപത്യവുമുള്ളൂ. ചെങ്ങറയില്‍ നടക്കുന്നത് ഭൂമിക്കുവേണ്ടിയുള്ള കേവലമായ വിലാപമല്ല. പൌരത്വത്തിനുവേണ്ടിയുള്ള രാഷ്ട്രീയസമരമാണു്.

സ്വത്തുടമസ്ഥരായ പൌരരുടെ അവകാശങ്ങള്‍ മാത്രമേ സര്‍ക്കാര്‍ സംരക്ഷിക്കുകയുള്ളൂ. അവകാശശൂന്യരുടെ രാഷ്ട്രീയസമരങ്ങള്‍ 'കൈയേറ്റ'ങ്ങളാവുന്നതിങ്ങനെയാണു്. അതുകൊണ്ടാണ് സമരം അംഗീകരിക്കില്ല, ഭൂമി തരാം എന്നു് പറയുന്നതു്. ദലിതരും സ്ത്രീകളും ആദിവാസികളുമൊക്കെ ഭരണനയങ്ങളുടെ പ്രജകള്‍ മാത്രമാവേണ്ട ജനവിഭാഗങ്ങള്‍ ആയിരിക്കണമെന്ന ശാഠ്യമാണതു്.

സാമൂഹ്യക്ഷേമപരിപാടികളുടെ ഗുണഭോക്താക്കള്‍ എന്ന സ്വത്വനിര്‍വചനത്തില്‍നിന്നു് കുതറിമാറി ദലിതരും സ്ത്രീകളും ആദിവാസികളുമൊക്കെ നടത്തുന്ന സമരങ്ങള്‍ നവ സാമൂഹ്യപ്രസ്ഥാനങ്ങളാവുന്നതു് അവ ഏക കര്‍തൃത്വ സങ്കല്പത്തെയും ഏക ശത്രു എന്ന പ്രതിദ്വന്ദിത്വത്തെയും കൈയൊഴിയുന്നതുകൊണ്ടാണു്. അവയില്‍ 'നവ'മായുള്ളത് താഴെ പറയുന്ന ഘടകങ്ങളാണെന്നു പറയാം.

1. അധികാരത്തെയും രാഷ്ട്രീയത്തെയും കുറിച്ച് പുതിയ സങ്കല്പങ്ങള്‍ മുന്നോട്ടുവെക്കുന്നു. മുമ്പ് രാഷ്ട്രീയമല്ലെന്നു് കരുതിയ പല കാര്യങ്ങളും രാഷ്ട്രീയമാണെന്നു് സ്ഥാപിക്കുന്നു. കുടുംബം, നിയമം, സംസ്കാരം തുടങ്ങിയ മണ്ഡലങ്ങളെ അധികാരപ്രയോഗവേദികളെന്ന നിലക്ക് പരിശോധനാ വിധേയമാക്കുന്നു.

2. സ്ഥാപനവത്കൃതമല്ലാത്ത പുതിയ സംഘടനാരൂപങ്ങളും സമരരൂപങ്ങളും സൃഷ്ടിക്കുന്നു. ഇത് രാഷ്ട്രീയത്തെ കൂടുതല്‍ ജനാധിപത്യപരവും വികേന്ദ്രീകൃതവുമാക്കുന്നു.

3. നടപ്പു് വികസനമാതൃകകളെ വിമര്‍ശനവിധേയമാക്കുന്നു.

4. അവ ഇടപെടുന്നതു് പരമ്പരാഗതമായി അംഗീകൃതമായ മണ്ഡലങ്ങളിലല്ല, പുതിയ മേഖലകളിലാണു്. മുമ്പ് രാഷ്ട്രീയമല്ലെന്നു് അയോഗ്യത കല്പിച്ച് അദൃശ്യമാക്കപ്പെട്ട സ്വത്വങ്ങളെ കേന്ദ്രസ്ഥാനത്തു കൊണ്ടുവരുന്നു. ദൈനംദിന പ്രയോഗങ്ങളിലെ അധികാരാന്തര്‍ഹിതങ്ങള്‍ വിമര്‍ശനവിധേയമാക്കുന്നു.

5. പൊതു/സ്വകാര്യം, സാമ്പത്തികം/സാമൂഹ്യം തുടങ്ങിയ വേര്‍തിരിവുകളെ ചോദ്യം ചെയ്യുന്നു.


ചെങ്ങറ ഭൂസമരം


2007 ആഗസ്ത് നാലിനു് 300 കുടുംബങ്ങള്‍ ഹാരിസണ്‍ മലയാളം കൈവശംവെക്കുന്ന ചെങ്ങറ എസ്റ്റേറ്റില്‍ കുടില്‍ കെട്ടിയാരംഭിച്ച സമരമാണു് രണ്ടുമാസത്തിനകം 7000 കുടുംബങ്ങള്‍ പങ്കെടുക്കുന്ന സമരമായി വികസിച്ചതു്. സാധുജനവിമോചന സംയുക്തവേദിയുടെ നേതൃത്വത്തിലുള്ള സമരത്തില്‍ ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, കോട്ടയം, ഇടുക്കി, തിരുവനന്തപുരം മുതല്‍ കാസര്‍ക്കോടു് വരെയുള്ള ഭൂരഹിതര്‍ എത്തിച്ചേര്‍ന്നിട്ടുണ്ടു്. അവരില്‍ എല്ലാ ജാതിമതസ്ഥരുമുണ്ടു്. സുറിയാനി ക്രിസ്ത്യാനികള്‍, മുസ്ലീങ്ങള്‍, ദലിത് ക്രൈസ്തവര്‍, ആദിവാസികള്‍, നായന്മാര്‍, ഈഴവര്‍ തുടങ്ങി എല്ലാ വിഭാഗത്തിലും പെട്ട ഭൂരഹിതര്‍ കേട്ടറിഞ്ഞു് എത്തിച്ചേരുകയും കുടില്‍കെട്ടി സമരംചെയ്യുകയുമാണു്. 1994 ന് ശേഷം ഹാരിസണ്‍ പാട്ടമടച്ചിട്ടില്ലാത്ത ഭൂമിയായതിനാല്‍ പാട്ടക്കരാര്‍ ഫലത്തില്‍ റദ്ദായിട്ടുണ്ടു്. 99 വര്‍ഷത്തെ പാട്ടക്കാലാവധി ഈ വര്‍ഷം പൂര്‍ത്തിയാകും. സര്‍ക്കാര്‍ ഈ ഭൂമി ഏറ്റെടുത്ത് ഭുരഹിതര്‍ക്ക് വിതരണം ചെയ്യണമെന്നാണു് സമരമുന്നയിക്കുന്ന ആവശ്യം.

ഏഴായിരത്തോളം കുടുംബങ്ങളില്‍ 85 ശതമാനവും ദലിതരാണെന്നത് യാദൃച്ഛികമല്ല. കേരളത്തിലെ ഭൂരഹിതരില്‍ 85 ശതമാനവും ദലിതരും ആദിവാസികളുമാണു്-എന്താണിതിന്റെ ചരിത്ര പശ്ചാത്തലം?

ഭുപരിഷ്കരണനിയമം നടപ്പാക്കിയപ്പോള്‍ തോട്ടം മേഖലയെ പരിധി നിശ്ചയിക്കാന്‍ പാടില്ലാത്തതായി ഒഴിവാക്കുകയായിരുന്നു. ജാതിബന്ധങ്ങള്‍ക്കകത്ത് ഒരിക്കലും വാരക്കാരായിരുന്നിട്ടില്ലാത്ത ദലിതരും പാട്ടക്കാരായിരുന്നിട്ടില്ലാത്ത ആദിവാസികളും ഭൂപരിഷ്കരണ നിയമത്തിന്റെ പരിരക്ഷയില്‍ വരാതെ പുറന്തള്ളപ്പെട്ടു.

അങ്ങനെ ബഹിഷ്കൃതരായ ദലിതര്‍ക്കും ആദിവാസികള്‍ക്കും വേണ്ടിയാണ് കുടികിടപ്പുനിയമം പാസാക്കിയതു്. പഞ്ചായത്തുകളില്‍ പത്തുസെന്റും മുനിസിപ്പല്‍ ഏരിയയില്‍ അഞ്ചുസെന്റും കോര്‍പറേഷന്‍ പരിധിയില്‍ മൂന്നുസെന്റുമാണു് ഒരു കുടുംബത്തിന് ലഭിച്ചതു്. ഇവിടെയും പുറന്തള്ളപ്പെട്ടവര്‍ക്കുവേണ്ടി 1972-ല്‍ ലക്ഷംവീടു് പദ്ധതി നടപ്പാക്കി. അതിലും മിച്ചം വന്നവര്‍ക്കുവേണ്ടി ഹരിജന്‍ കോളനികള്‍.

കേരളത്തിലിന്നു് 12500 ലധികം കോളനികള്‍ നിലനില്‍ക്കുന്നു. ഇതിനും പുറമെ റോഡു്, തോടു് പുറമ്പോക്കുകളില്‍ ജീവിക്കുന്നവരും.

അങ്ങനെ ഭൂപരിഷ്കരണവും കേരള പൌരത്വസങ്കല്പവും പുറന്തള്ളിയവരാണു് ചെങ്ങറയില്‍ പൌരത്വത്തിനും ഭൂമിക്കും വേണ്ടി സമരം ചെയ്യുന്നതു്. ഈ പുറമ്പോക്കു നിവാസികള്‍ 'ഭൂവുടമ'കളാണെന്നു് പറയുന്നതു് ചരിത്രവിരുദ്ധവും ബാലിശവുമാണു്.

സ്വത്വവും ജനാധിപത്യവും


ഇങ്ങനെയൊരു പുതിയ സാമൂഹ്യപ്രസ്ഥാനത്തെ 'നക്സലൈറ്റ്' എന്ന് മുദ്രയടിക്കുമ്പോള്‍ അതിന്റെ രാഷ്ട്രീയത്തിന്റെ നവീനത പൂര്‍ണമായും അദൃശ്യമാക്കപ്പെടും. വാസ്ത വത്തില്‍ നക്സലൈറ്റ് രാഷ്ട്രീയം ശത്രുവിനെയാണു് സ്വത്വനിര്‍വചനത്തിന്റെ ആധാരമായെടുക്കുന്നതു്. ശത്രു ഉന്മൂലനം ചെയ്യപ്പെടേണ്ട എതിരാളിയാണു്.

പുതിയ സാമൂഹ്യപ്രസ്ഥാനങ്ങള്‍ ശത്രുവിനെയല്ല എതിരി(adversary) യെയാണു് സ്വത്വനിര്‍വചനത്തിനു് അടിസ്ഥാനമാക്കുന്നതു്. എല്ലാ സ്വത്വങ്ങളും പാരസ്പര്യങ്ങളില്‍ അധിഷ്ഠിതമാണു്. അതു് നിലവില്‍ വരുന്നതു് ഏതെങ്കിലും വ്യത്യാസത്തില്‍ ഊന്നിയും ഏതെങ്കിലും അപരത്വത്തെ നിര്‍ണയിച്ചുകൊണ്ടുമാണു്. എതിരിയെ ഉന്മൂലനം ചെയ്യേണ്ട ശത്രുവായല്ല, സഹിഷ്ണുതാപൂര്‍വം സഹവര്‍ത്തിക്കേണ്ട അപരരായാണു് പുതു സാമൂഹ്യപ്രസ്ഥാനം കണക്കിലെടുക്കുന്നത്.

ചെങ്ങറയിലേതുപോലെ താദാത്മ്യപ്പെടാന്‍ സാധിക്കുന്ന മതേതര ജനാധിപത്യസമരങ്ങളുടെ അഭാവത്തില്‍ തീവ്രവലതുപക്ഷത്തിനു് വംശീയവും മതാത്മകവും ദേശീയവുമായ സ്വത്വങ്ങള്‍ നിര്‍മിച്ചെടുക്കുക എളുപ്പമാണു്. അവ എതിരാളികളെ നിര്‍വചിക്കുന്നതു് ഇല്ലാതാക്കപ്പെടേണ്ട ശത്രുക്കളായാണ്.

ബഹുജനാധിപത്യത്തിന്റെ രാഷ്ട്രീയചക്രവാളത്തിന്റെ അഭാവത്തില്‍ ജനാധിപത്യവിരുദ്ധ വലതുപക്ഷശക്തികള്‍ ശക്തിപ്രാപിക്കുന്ന സമകാലീനാവസ്ഥയില്‍ അധീശത്വത്തിനെതിരായ പലതരം സമരങ്ങള്‍ക്കു് ഇടമുള്ള ഒരു ചക്രവാളമായിരിക്കണം 'ഇടതു്' എന്നത്. വ്യവസ്ഥാപിത ഇടതുപക്ഷം പലപ്പോഴും തീവ്രവലതുപക്ഷ വ്യവഹാരങ്ങളെ ആശ്രയിച്ചാണു് പുതുസാമൂഹ്യപ്രസ്ഥാനങ്ങളെ നേരിടുന്നതെന്നത് അപകടകരമായ ഒരു പരിണതിയാണു്.

ചെങ്ങറ സമരം മുന്നോട്ടുവെക്കുന്ന ഒരു ചോദ്യമിതാണു്: "ആരാണ് കേരളത്തില്‍ 'തൊഴിലാളി'? ഏറ്റവും മര്‍ദിതരും സാമൂഹ്യ പരിവര്‍ത്തനത്തിന്റെ വക്താക്കളുമാവാന്‍ യോഗ്യതയുള്ളവരും ആരൊക്കെയാണു്.?''