ഒരു പെട്ടി..... പെട്ടിക്കുള്ളിലൊരു ലോകം... പെട്ടിതുരന്ന് പുറത്തേക്കൊരോട്ടം ..

Monday, December 10, 2007

ഇന്‍സ്ക്രിപ്റ്റ് പഠിക്കാനൊരു കളി: മലയാളം മലയാളത്തില്‍ എഴുതാന്‍


ഇതു പുതിയവാര്‍ത്തയല്ല. ഇന്‍സ്ക്രിപ്റ്റ് കളിക്കാനൊരു കളി ഗ്നു/ലിനക്സിലുണ്ടു്. ടക്സ് ടൈപ്പ് എന്ന ഈ കളിയില്‍ മലയാളം പഠിക്കാനുള്ള സൗകര്യം കൂട്ടിച്ചേര്‍ത്തത് തൃശ്ശൂര്‍ ഗവ: എഞ്ചിനീയറിങ്ങ് കോളേജിലെ മോബിനും സുഹൃത്തുക്കളുമാണു്. സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡ് പ്രൊജക്റ്റിന്റെ ഭാഗമായിട്ടാണിവരിത് ചെയ്തത്.

മലയാളം കുട്ടികളെ പഠിപ്പിക്കാന്‍ മലയാളം മലയാളത്തില്‍ പഠിപ്പിക്കാന്‍ ഇതിനും രസകരമായ വഴിയെന്തുണ്ടു്? അടുത്ത വര്‍ഷത്തോടെ ഇത് എട്ടാം ക്ലാസിലെ ഗ്നു/ലിനക്സ് വിതരണത്തിലും ഉള്‍പ്പെടുത്തും. കൂടുതല്‍ വിവരങ്ങളിവിടെ
സെബിന്റെ ഈ പോസ്റ്റാണ് ഇങ്ങനെയൊരു കുറിപ്പെഴുതാന്‍ പ്രേരിപ്പിച്ചത്. സെബിന്‍ നന്ദി. ഞാനെപ്പോഴും കമ്പ്യൂട്ടിങ്ങ് ഉപയോഗിച്ചു തുടങ്ങുന്നവര്‍ക്ക് ഇന്‍സ്ക്രിപ്റ്റേ നിര്‍ദ്ദേശിക്കാറുള്ളൂ.. പണ്ട് ഇന്‍സ്ക്രിപ്റ്റ് സ്റ്റിക്കറുകള്‍ കീബോര്‍ഡിലൊട്ടിക്കാന്‍ ലഭ്യമായിരുന്നു. ഇപ്പൊ അതും കിട്ടാതായ കാലമാണ്.

മീന്‍പിടുത്തവും വാല്‍നക്ഷത്രത്തെ പിടിക്കലുമൊക്കെയായി രസകരമായ ഒരു കളിയാണ് ടക്സ് ടൈപ്പ് മലയാളം
10 പാഠങ്ങളാണ് കീബോര്‍ഡ് പഠനത്തിനായുള്ളത്. വേഗത വര്‍ധിപ്പിക്കാന്‍ ഗെയിമുകളും. കൂടുതല്‍ ഗെയിമുകള്‍ ചേര്‍ക്കാനുള്ള സൌകര്യവുമുണ്ട്. ഉപയോഗിക്കുക. smc-discuss@googlegroups.com ല്‍ കുറവുകള്‍ നിര്‍ദ്ദേശിക്കുക, പുതിയ പാക്കേജായതിനാല്‍ നമുക്കിതിനെ ഒരു പാട് മെച്ചപ്പെടുത്താം.ഇന്ത്യന്‍ ഭാഷകള്‍ക്കുള്ള പിന്തുണയും ടക്സ്ടൈപ്പില്‍ മോബിനും കൂട്ടരും ഇതിന്റെ ഭാഗമായി ഉണ്ടാക്കുകയുണ്ടായി. ഇനി ഏതു ഇന്ത്യന്‍ ഭാഷയ്ക്കും ടക്സ് ടൈപ്പ് പിന്തുണ ഉണ്ടാക്കാം.

Friday, December 7, 2007

യൂണിക്കോഡ് 5.1 ന്റെ കരട് പുറത്തിറങ്ങി.

യൂണിക്കോഡ് 5.1 ന്റെ കരട് രൂപം പുറത്തിറങ്ങി. ഇത് തെറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള സമയമാണ്. വിവരങ്ങള്‍ http://www.unicode.org/versions/Unicode5.1.0/#Significant_Character_Additions എന്ന വിലാസത്തിലുണ്ട്.
http://www.unicode.org/reporting.html എന്ന വിലാസത്തിലാണ് തെറ്റുകള്‍ ചൂണ്ടിക്കാണിക്കുകയോ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുകയോ ചെയ്യേണ്ടത്.

പെട്ടെന്നുള്ള ഒരു നോട്ടമേ ഞാന്‍ നടത്തിയിട്ടുള്ളൂ. പെട്ടെന്ന് ശ്രദ്ധയില്‍ പെട്ട ചിലത് താഴെക്കൊടുക്കുന്നു. കൂടുതല്‍ വിശദമായി പരിശോധിച്ച ശേഷം പോസ്റ്റ് അപ്ഡേറ്റ് ചെയ്യുന്നതാണ്.

പൊതുവേ യൂണിക്കോഡിന്റെ ഈ പുതിയ കരട് സ്റ്റാന്‍ഡേര്‍ഡിന്റെ സവിശേഷതയായി തോന്നുന്നത് യൂണിക്കോഡ് കണ്‍സോര്‍ഷ്യം ന്റ , റ്റ , കുത്തക്ഷരങ്ങള്‍ എന്നിവയിലെ ഭാഷാപരമായ അവ്യവസ്ഥകളെ പിന്തുടരുന്നതാണ്.

'ന്റ' ക്ക് ('റ്റ' യ്ക്കും) മലയാളത്തില്‍ തെറ്റായ പ്രതിനിധാനം നിലനില്‍ക്കുന്നുണ്ട്. അത് ഭാഷാപരമായ പ്രയോഗരീതിയെക്കുറിച്ചുള്ള അജ്ഞത മൂലമുണ്ടാകുന്നതാണ്. പക്ഷേ യൂണിക്കോഡ് ഭാഷാപരമായ സാധുതയല്ല ഉപയോഗരൂപങ്ങളെ (തെറ്റായാലും) മാത്രം പരിഗണിച്ച് തീരുമാനത്തിലെത്തിയിരിക്കുകയാണെന്ന് തോന്നുന്നു.

യൂണിക്കോഡ് 5.1 ല്‍ ചില്ലുവരുന്നതിനെക്കുറിച്ച് സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന് പറയാനുള്ളത് ഇവിടെയുണ്ട് . (ഇതൊരു പഴയ പ്രസന്റേഷനാണ്)
യൂണിക്കോഡ് എന്താണെന്നറിയാത്തവര്‍ അടിസ്ഥാന ധാരണയ്ക്കായി ദാ ഇതും കാണുക

Thursday, December 6, 2007

കൊല്‍ക്കത്തയില്‍ നിന്നുള്ള കത്തുകള്‍

ഇതൊരു പഴയ ലേഖനമാണ്. സിംഗൂരും നന്ദിഗ്രാമും സംഭവിച്ചുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ കേരളീയം എന്ന ആക്റ്റിവിസ്റ്റ് മാഗസിനില്‍ ഒരു ലേഖന പരമ്പര എഴുതിയിരുന്നു (മനോരയ്ക്കും മുമ്പേ). നന്ദിഗ്രാമിലെ ആദ്യത്തെ കൂട്ടക്കുരുതി സംഭവിക്കുന്നത് അതിനിടയിലാണ്. ആ സമയത്ത് കൊല്‍ക്കത്തയിലുണ്ടായിരുന്ന എന്റെ സുഹൃത്തായ മധുമിത മുഖര്‍ജി തന്റെ സുഹൃത്തുക്കള്‍ക്കയച്ച ചില കത്തുകളാണിവ. ഇത് കേരളീയത്തില്‍ ഞാന്‍ തര്‍ജ്ജമ ചെയ്ത് പ്രസിദ്ധീകരിച്ചിരുന്നു.
ബ്ലോഗുലകത്തില്‍ കെ.എം റോയിയുടെ കാര്യമറിയാത്ത ആധികാരികത ജനശക്തിക്കുവരെ വേദവാക്യമാകുമ്പോള്‍ ഒരു രാജീവ് ചേലനാട്ടോ കൌണ്ടര്‍കറന്റ്സോ മാത്രം കാര്യങ്ങള്‍ മനസ്സിലാക്കാന്‍ മതിയാതെവരുമ്പോള്‍ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതെ വരുമ്പോള്‍ മലയാളത്തിലുള്ള ഈ ലേഖനം വീണ്ടുമിടണമെന്നു തോന്നി.
-----------------------------------

കൊല്‍ക്കത്തയില്‍ നിന്നുള്ള കത്തുകള്‍


മധുശ്രീ മുഖര്‍ജി
സമ്പാദനവും മൊഴിമാറ്റവും : അനിവര്‍ അരവിന്ദ്


ബംഗാളില്‍ സംഭവിക്കുന്നത്-2


സിംഗൂരിലെ ഗ്രാമീണ ജനതയുടെ ചെറുത്തുനില്‍പ്പുകള്‍ അവസാനിച്ചുതുടങ്ങിയിരിക്കുന്നു. പോലീസിന്റേയും സി.പി.ഐ.(എം) പ്രവര്‍ത്തകരുടേയും നിരന്തരമായ അതിക്രമങ്ങളും ബംഗാളിന്റെ മറ്റു ഭാഗങ്ങളിലെ ഏറ്റെടുക്കല്‍ നടപടികളും കൊലപാതകങ്ങളും അവരുടെ പ്രതീക്ഷ നശിപ്പിച്ചു തുടങ്ങിയിരിക്കണം. ഇത്തവണ ഹരിപ്പൂരില്‍ ആണവനിലയം സ്ഥാപിക്കാനുള്ള ബംഗാള്‍ ഗവണ്‍മെന്റിന്റെ ശ്രമങ്ങളെക്കുറിച്ചും (പെരിങ്ങോമിലെ സമരം ഓര്‍മ്മയിലുണ്ടാവുമല്ലോ) അതിനെതിരെയുള്ള മത്സ്യത്തൊഴിലാളികളും കര്‍ഷകരുമായ ഗ്രാമീണരുടെ ചെറുത്തുനില്‍പ്പിനെക്കുറിച്ചും എഴുതണമെന്നു കരുതിയതാണ്. പക്ഷേ, അതിനിടയിലാണ് നന്ദിഗ്രാം. ഇക്കഴിഞ്ഞ ജനുവരി 7 ന് ഇന്തോനേഷ്യയിലെ സലിം ഗ്രൂപ്പിന്റെ കെമിക്കല്‍ പ്ലാന്റിനുവേണ്ടിയുള്ള സ്ഥലമേറ്റെടുപ്പിനിടയില്‍ കൊല്ലപ്പെട്ടത് 11 ഗ്രാമീണരാണ്.

"ബുദ്ധ എന്നത് സിദ്ധാര്‍ത്ഥയുടെ മറ്റൊരു പേരാണെന്ന്'' കൊല്‍ക്കൊത്തയില്‍നിന്നുള്ള ഒരു എസ്.എം.എസ്. സന്ദേശം പറയുന്നു. സിദ്ധാര്‍ത്ഥശങ്കര്‍ ബസുവിന്റെ കോണ്‍ഗ്രസ് ഭരണകാലത്തെ ക്രൂരതകളും അദ്ദേഹത്തിന്റെ ഗുണ്ടാപ്പടയുടെ വിളയാട്ടവും ബംഗാളികള്‍ മറന്നു തുടങ്ങിയിട്ടില്ല. ബുദ്ധദേവ് ഇന്ന് സിദ്ധാര്‍ത്ഥശങ്കര്‍ ബസുവിനെ ഓര്‍മ്മിപ്പിക്കുന്നു. ബംഗാളിലെ പാര്‍ട്ടി ഗുണ്ടാസംഘങ്ങളായിമാറുന്നുവെന്ന് കൊല്‍ക്കത്തക്കാര്‍ പലരും ആശങ്കപ്പെടുന്നു.
ബംഗാളിയും 'ദി ലാന്റ് ഓഫ് നേക്കഡ് പീപ്പിള്‍' എന്നു സുപ്രസിദ്ധ ഗ്രന്ഥത്തിന്റെ രചയിതാവുമായ മധുശ്രീ മുഖര്‍ജി ജനുവരി 1 നും 9 നും ഇടയില്‍ കൊല്‍ക്കത്തയില്‍ നിന്ന് തന്റെ സുഹൃത്തുക്കള്‍ക്കയച്ച 6 ഇ-മെയില്‍ സന്ദേശങ്ങളാണിവ. - അനിവര്‍ അരവിന്ദ്


ഒന്നാമത്തെ കത്ത്

ജനുവരി 1, 2007

ഞാനിത്തവണ കൊല്‍ക്കത്തയില്‍ വന്നിട്ട് വെറും രണ്ടാഴ്ചയേ ആയുള്ളൂ. പക്ഷേ വല്ലാത്ത വിങ്ങല്‍ മനസ്സിനുണ്ടാക്കുന്ന കാഴ്ചകളാണ് ചുറ്റും. ദൃശ്യമായ അതിക്രമങ്ങള്‍ നിറഞ്ഞ ഒരു കാലഘട്ടത്തിലേക്കുള്ള പൊട്ടിത്തെറിയുടെ വക്കിലാണ് പശ്ചിമബംഗാള്‍ എന്നെനിക്കു തോന്നുന്നു.
ഭൂമി ഏറ്റെടുക്കലിന്റെ ഞെട്ടിപ്പിക്കുന്ന വേഗതയും തോതും ലക്ഷ്യവുമാണ് ഇതിനുകാരണം. നിങ്ങള്‍ സിംഗൂരിനെക്കുറിച്ച് കേട്ടുകാണും. പക്ഷേ അത് ഏകദേശം 1000 ഏക്കര്‍ മാത്രമാണ്. രേഖകളെ വിശ്വസിക്കാമെങ്കില്‍ സംസ്ഥാന ഗവണ്‍മെന്റ് വ്യവസായത്തിനും വികസനത്തിനും വേണ്ടിമാത്രം ഏറ്റെടുക്കാന്‍ പോകുന്നത് 125,000 ഏക്കറാണ്. (സിംഗൂരിനെക്കുറിച്ചുള്ള വിവരാവകാശ അന്വേഷണങ്ങള്‍ക്ക് ഒരു മറുപടിയും ഉണ്ടായിട്ടില്ല. അതുകൊണ്ട് ടാറ്റക്ക് 99 കൊല്ലത്തെ പാട്ടത്തിനുള്ള ഭൂമി കൈമാറ്റത്തിന്റെ വ്യവസ്ഥകളെക്കുറിച്ചോ പ്ലാന്റിന്റെ വിവരങ്ങളെക്കുറിച്ചോ ആര്‍ക്കും യാതൊരു ധാരണയുമില്ല). നിയമപരമായ ചോദ്യം ചെയ്യല്‍ അനുവദിക്കാത്ത കൊളോണിയല്‍ കാലഘട്ടത്തിലെ ഒരു നിയമമാണിവിടെ ഭൂമി ഏറ്റെടുക്കലിന് ഉപയോഗിക്കുന്നത്. ഏറ്റെടുത്ത ഭൂമിയില്‍ 5 പേരില്‍ കൂടുതല്‍ ഒന്നിച്ചു കൂടാതിരിക്കാന്‍ 144-ാം വകുപ്പും ഇതിനോടൊപ്പം ഉപയോഗിക്കുന്നുണ്ട്. എത്ര പേര്‍ കുടിയൊഴിക്കപ്പെട്ടുവെന്നു എനിക്കറിയില്ല.

പ്രധാനപ്പെട്ട ഒരു വസ്തുത രാഷ്ട്രീയ എതിര്‍പ്പ് നിര്‍ജ്ജീവമായിരുന്നുവെന്നതാണ്. സംഘടിതമായ ഒരു സമരരൂപത്തെക്കുറിച്ച് അവര്‍ക്ക് ഒരു ധാരണയും ഉണ്ടായിരുന്നില്ല. ജനാധിപത്യക്രമം തകര്‍ന്നിരുന്നു. ഇംഗ്ലീഷ് പത്രങ്ങള്‍ ഗവണ്‍മെന്റിന്റെ വികസനപക്ഷത്തായിരുന്നു. ബംഗാളി പത്രങ്ങള്‍ ഭൂമി ഏറ്റെടുക്കലിനെതിരെ കര്‍ഷകപക്ഷത്തും. ജനങ്ങളുടേയും മാധ്യമങ്ങളുടേയും അഭിപ്രായങ്ങള്‍ ഇത്രമാത്രം വിഘടിക്കപ്പെട്ട് കാണുന്നത് ഇതാദ്യമായാണ്. പശ്ചിമബംഗാള്‍ ജനതയുടെ ഒരു വലിയ ഭാഗം കര്‍ഷകര്‍ക്കനുകൂലവും പണത്തിന്റേയും അതിന്റെ സംസ്കാരത്തിന്റെയും സ്വാധീനത്തിലുള്ള കുടിയറക്കുകള്‍ക്ക് എതിരുമാണെന്നതാണ് എനിക്ക് ആശ്ചര്യജനകമായത്.
ഈ 80-ാം വയസ്സിലും മഹാശ്വേതാദേവി പേനകൊണ്ട് ഒറ്റക്ക് യുദ്ധം ചെയ്തുകൊണ്ടിരിക്കുന്നു. അവരുടെ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ദൈനിക് സ്റ്റേറ്റ്മാന്‍ പത്രത്തിന് അതുകൊണ്ടുതന്നെ യാതൊരു സര്‍ക്കാര്‍ പരസ്യവും ലഭിക്കുന്നുമില്ല.

ഈ രാഷ്ട്രീയ പ്രക്രിയയുടെ പതനം ജനങ്ങള്‍ നിയമം കയ്യിലെടുക്കുന്ന അവസ്ഥയുണ്ടാക്കുകയാണ്. സിംഗൂരിലിപ്പോള്‍ നക്സലുകള്‍ നുഴഞ്ഞുകയറുകയാണ്. ഗവണ്‍മെന്റിനു ഭൂമി വിറ്റ ചിലരുടെ കൊലപാതകത്തിനു പിന്നില്‍ അവരായിരിക്കാമെന്നു തോന്നുന്നു. (കുറച്ചു ദിവസങ്ങള്‍ക്കുമുമ്പ് ഭൂമി വില്‍പ്പനക്കെതിരെ പ്രതിഷേധിച്ച ഒരു യുവതി ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെടുകയുണ്ടായി. സിംഗൂരിലെ സര്‍ക്കാര്‍ ഏറ്റെടുത്ത് കമ്പി വേലികെട്ടിയ ഭൂമിക്കു കാവല്‍ നില്‍ക്കുന്ന സായുധ പോലീസോ (പകല്‍) കമ്യൂണിസ്റ്റ് പാര്‍ട്ടി കേഡറോ (രാത്രി കാവല്‍) ആയിരിക്കാം ഇതു ചെയ്തതെന്ന് കരുതുന്നു.

ആണവ നിലയത്തിനായി സ്ഥലമേറ്റെടുക്കുന്ന കൊണ്ടെയില്‍ ഗ്രാമീണ സ്ത്രീകള്‍ കട്ടിയുള്ള ഒരു മുള്ളുവേലികെട്ടി പുറമേ നിന്നുള്ളവരുടെ പ്രവേശത്തെ തടയുന്നു. ഏതുനിമിഷവും എത്തിയേക്കാവുന്ന പോലീസിനെ അഭിമുഖീകരിക്കാന്‍ അവര്‍ തയ്യാറായിരിക്കുകയാണ്. ക്വിറ്റ്ഇന്ത്യാ സമര കാലഘട്ടത്തിലേതുപോലെ ഭക്ഷണം കരുതിവെച്ച് പെട്ടെന്നുള്ള എതിര്‍പ്പുകളെ ജോലി ഉപേക്ഷിച്ചുനേരിടാന്‍ ഇവര്‍ തയ്യാറായിരിക്കുന്നു. എവിടെയും പെട്ടെന്നുള്ള പ്രതിരോധമോ സമരങ്ങളോ കാണാനില്ല. എങ്കിലും ഇതെനിക്കൊരു പുതിയ സ്വാതന്ത്യ്ര സമരത്തിന്റെ തുടക്കമായി തോന്നുന്നില്ല.
ചില അര്‍ത്ഥത്തില്‍ ഇത് പഴയതിനെ അനുസ്മരിപ്പിക്കുന്ന ഒരു സ്വാതന്ത്ര്യസമരമാണ്. ഭൂമിയും പ്രകൃതി വിഭവങ്ങളും ബലം പ്രയോഗിച്ച് കയ്യടക്കുകയും അടിച്ചമര്‍ത്തുകയും ചെയ്യുന്ന കൊളോണിയല്‍ സ്വഭാവമുള്ള ഗവണ്‍മെന്റിനെതിരെയുള്ള സമരം. ഇലക്ഷന്‍ വിജയത്തിനായി ഇടതുപക്ഷം സൃഷ്ടിക്കുന്ന അതിക്രമങ്ങളെക്കുറിച്ച് ബംഗാളിനു പുറത്തുള്ളവര്‍ക്ക് വലിയ ധാരണണയൊന്നുമില്ല. ഗ്രാമങ്ങളില്‍ ജനങ്ങളെ വോട്ടെടുപ്പില്‍ നിന്നുമാറ്റി നിര്‍ത്താനായുള്ള അതിക്രമങ്ങള്‍ പതിവാണ്. ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരെ ഇടതുപക്ഷ ഗവണ്‍മെന്റ് സര്‍ക്കാര്‍ മാസപ്പടിയില്‍ നിലനിര്‍ത്തുന്നുണ്ട്. വ്യവസായ ഭീമന്മാരുമായുള്ള ഈ പുതിയ ചങ്ങാത്തത്തിന്റെ യഥാര്‍ത്ഥ കാരണം ഇതാണെന്നാണ് നിരവധി കൊല്‍ക്കത്തക്കാര്‍ കരുതുന്നത്. ഗ്രാമീണരാകട്ടെ സംസ്ഥാനം അവരെ പരിപാലിക്കുമെന്ന എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട നിലയിലാണ്.

എവിടെയാണിത് അവസാനിക്കുക....? ഇതൊരു തുടക്കം മാത്രമാണെന്നെനിക്കു തോന്നുന്നു....
മധുശ്രീ


രണ്ടാമത്തെ കത്ത്

ജനുവരി 5, 2007

എന്തുകൊണ്ടോ ഇന്നത്തെ പത്രത്തിലെ എല്ലാ സംഭവങ്ങളും എന്റെ തലക്കു ചുറ്റും കറങ്ങിക്കറങ്ങി ഒരു ശ്രേണി രൂപത്തിലാവുന്നപോലെ. നോയ്ഡയിലെ കുട്ടികളുടെ കൊലപാതകങ്ങള്‍, ഐ.ഐ.ടി. ബിരുദധാരികളുടെ ഇന്ത്യയിലേക്കുള്ള തിരിച്ചുവരവ്, പ്രത്യേക സാമ്പത്തികമേഖലകള്‍ക്കായുള്ള ഭൂമി ഏറ്റെടുക്കലിനെതിരെ മിഡ്നാപ്പൂരിലെ ജനങ്ങളുടെ പോലീസുമായുള്ള ഏറ്റുമുട്ടലുകള്‍, വിദ്യാഭ്യാസത്തില്‍ പശ്ചിമബംഗാളിനു കിട്ടിയ കുറഞ്ഞ റാങ്കിങ്ങ് (35 പേരില്‍ 32-ാമത്)..... ഇവയെല്ലാം ഏതോ തരത്തില്‍ ചുറ്റിപ്പിണഞ്ഞിരിക്കുന്നതായി എനിക്കു തോന്നുന്നു.
പശ്ചിമബംഗാളിലെ ഗ്രാമീണ ജനതയുടെ പരിതാപകരമായ വിദ്യാഭ്യാസ നിലവാരത്തില്‍ നിന്നു നമുക്കു തുടങ്ങാം. ഇന്നത്തെ സാഹചര്യത്തില്‍ എന്താണ് അത് അര്‍ത്ഥമാകുന്നത്? വമ്പന്‍ വ്യവസായങ്ങള്‍ സംസ്ഥാനത്തു വരുമ്പോള്‍ അടിച്ചുതളിയും, നിര്‍മ്മാണത്തൊഴിലാളികളുടെ ജോലിയും മാത്രമേ തദ്ദേശീയര്‍ക്കു ലഭിക്കൂ എന്നല്ലേ.... നിര്‍മ്മാണ പ്രവര്‍ത്തനങ്ങല്‍ കഴിയുന്നതോടെ ഭൂമിയുടെ യഥാര്‍ത്ഥ ഉടമകള്‍ തൊഴിലന്വേഷിച്ച് പലായനം ചെയ്യേണ്ടിവരും. എല്ലാ ഉയര്‍ന്ന ജോലികളും കൂടുതല്‍ വിദ്യാഭ്യാസമുള്ള, കണ്ണുകളില്‍ സ്വിമ്മിങ്ങ് പൂളുകളുടെ നീലനിറം തിളങ്ങുന്ന ഐ.ഐ.ടി. ബിരുദധാരികള്‍ക്കോ വിദ്യാഭ്യാസമുള്ള മിഡില്‍ക്ളാസുകാര്‍ക്കോ ആയിരിക്കും.

ഭൂമി ഉപേക്ഷിക്കേണ്ടിവന്നവര്‍ക്ക് തിളങ്ങുന്ന പുതിയ നഗരങ്ങളുടെ കാണപ്പെടാത്ത അഴുക്കുകൂനകളില്‍ അടിയും വരെ അവയെ തുടച്ചുമിനുക്കിക്കൊണ്ടിരിക്കാം. ഇവിടെയാണ് നോയ്ഡയിലെ കുട്ടികള്‍ വരുന്നത്. നൂറുകണക്കിനു കുട്ടികളെ കാണാതായപ്പോളും പോലീസ് ഒരു കേസ് പോലും രജിസ്റ്റര്‍ ചെയ്തിരുന്നില്ല. നഗരങ്ങളില്‍ ഇവര്‍ പ്രതിരോധമില്ലാത്തവരും അടുത്തു താമസിക്കുന്ന കാളക്കൂറ്റന്റെ കരുണയ്ക്കു യാചിക്കുന്നവരും ആയിമാറുന്നു. കുട്ടികളുടെ അവയവങ്ങള്‍ നഷ്ടപ്പെട്ടുവോ? ആര്‍ക്കറിയാം? അതാരെയും അത്ഭുതപ്പെടുത്തുന്നില്ല.

മിഡ്നാപ്പൂരിലെ ജനങ്ങള്‍ അവരുടെ ഭൂമിക്കായി സമരം ചെയ്യുന്നതിലത്ഭുതമില്ല. എല്ലാ ആസൂത്രണ വിദഗ്ധരേക്കാള്‍ കൂടുതല്‍ ഈ ആസൂത്രണങ്ങളുടെ പിന്നിലുള്ള സത്യം അവര്‍ക്കറിയാം.

ഈ പ്രത്യേക സാമ്പത്തിക മേഖലകള്‍ക്ക് കടലാസുകളിലെങ്കിലും എന്തെങ്കിലും സാമ്പത്തിക ന്യായമുണ്ടോ? ജഗദീഷ് ഭഗവതിയും വ്യവസായ സൌഹൃദമാഗസിനായ ഇക്കണോമിസ്റ്റ് മാഗസിനും അവക്കെതിരെ രംഗത്തുവരികയുണ്ടായി. രണ്ടുകൂട്ടരും പറഞ്ഞ് അത് ഗവണ്‍മെന്റിന്റെ ഒരുപാട് വരുമാനം നഷ്ടപ്പെടുത്തുമെന്നാണ്. പ്രത്യേക സാമ്പത്തിക മേഖലകള്‍ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്താനല്ല, പകരം ബന്ധപ്പെട്ട സ്റ്റേറ്റ് ഗവണ്‍മെന്റിന്റെ പണത്തേയും ഭാവിയേയും ശക്തിപ്പെടുത്താനുള്ളതായിട്ടാണ് ഉദ്ദേശിച്ചിട്ടുള്ളത്.

കൊല്‍ക്കത്തയില്‍ ലൈംഗികത്തൊഴില്‍ വളരുന്ന ഒരു വ്യവസായമാണെന്ന് അവര്‍ പറയുന്നു. അത് സാമൂഹ്യ സദാചാരത്തിലുണ്ടാകുന്ന മാറ്റംകൊണ്ടല്ല. കഠിനമായ ദാരിദ്യ്രവും അമിതമായ സമ്പത്തും കൂട്ടിമുട്ടുമ്പോഴെല്ലാം ലൈംഗികത്തൊഴില്‍ വളരാറുണ്ട്. 1943 ലെ ക്ഷാമകാലത്തും ഇത് സംഭവിച്ചിരുന്നു.

ഏകാധിപത്യവും ജനാധിപത്യവും തമ്മിലുള്ള വ്യത്യാസം പറയാന്‍ ഇക്കാലത്ത് വിഷമമായിക്കൊണ്ടിരിക്കുന്നു.
മധുശ്രീ

മൂന്നാമത്തെ കത്ത്
ജനുവരി 7, 2006

മിഡ്നാപ്പൂരിലെ ഉള്‍നാടുകളിലൊന്നായ നന്ദിഗ്രാമില്‍ ആയിരക്കണക്കിന് സാമൂഹ്യ പ്രവര്‍ത്തകര്‍ കമ്യൂണിസ്റ്റ് കേഡറുകളുമായി പൊരുതുകയാണ്. റിപ്പോര്‍ട്ടര്‍മാരെ കടത്തിവിടാത്ത അവിടുന്ന് വളരെക്കുറച്ച് വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്.

ക്വിറ്റ് ഇന്ത്യാ സമരകാലത്തെപ്പോലെ നന്ദിഗ്രാമിലേക്കുള്ള എല്ലാ അപ്രോച്ച് റോഡുകളും കുഴിക്കപ്പെട്ടിരിക്കുന്നു. പ്രശ്നം ഭൂമി ഏറ്റെടുക്കല്‍ തന്നെ. ഇവിടത്തെ നിരവധി ഗ്രാമങ്ങളെ ഇന്തോനേഷ്യയിലെ സലിം ഗ്രൂപ്പിന്റെ ഒരു കെമിക്കല്‍ പ്ലാന്റിനും മറ്റു പ്രോജക്ടുകള്‍ക്കും വേണ്ടി ഏറ്റെടുക്കാന്‍ രേഖപ്പെടുത്തിയിരിക്കുകയാണ്. ഏകദേശം ഒരുലക്ഷത്തോളം പേര്‍ കുടിയൊഴിക്കപ്പെടാം. പക്ഷേ അവര്‍ പോകാന്‍ തീരുമാനിച്ചിട്ടില്ല.

സംസ്ഥാന സര്‍ക്കാരിനോട് അവരിതില്‍ വിജയിക്കാന്‍ പോകുന്നില്ലെന്ന് ആരെങ്കിലും പറയണം. മിഡ്നാപ്പൂരിലെ ജനങ്ങള്‍ പണ്ടേ പോരാട്ട സ്വഭാവമുള്ളവരാണ്. ബ്രിട്ടീഷുകാര്‍ക്കെതിരായി ഇവിടെ ഒട്ടനവധി പോരാട്ടങ്ങള്‍ നടന്നിട്ടുണ്ട്. സന്യാസി-ഫക്കീര്‍ നേതൃത്വത്തിലുള്ള സമരങ്ങള്‍ (1770 മുതല്‍ 1800 വരെ) ചുവാര്‍ പോരാട്ടങ്ങള്‍ (1800 മുതല്‍ 1830 വരെയെന്നു തോന്നുന്നു) ശിപ്പായിലഹള (1857 ക്വിറ്റ് ഇന്ത്യാസമരം (1942-44) തുടങ്ങിയവ. ഇതിനിടയില്‍ എപ്പോഴോ ഒരു സന്താള്‍ പോരാട്ടങ്ങള്‍കൂടി ഉണ്ടായിരുന്നതായി തോന്നുന്നു. ഇത് ബംഗാളിനും ബീഹാറിനും ഒറീസ്സയ്ക്കും ഇടയിലുള്ള കുന്നുകളും സമതലങ്ങളും നിറഞ്ഞ ഒരു അതിര്‍ത്തി പ്രദേശമാണ്.

ക്വിറ്റ് ഇന്ത്യാ സമരകാലത്ത് (അത് ബംഗാളിലെ ക്ഷാമകാലത്തായിരുന്നു) ഇവിടുത്തെ നേതാക്കള്‍ ബ്രിട്ടീഷ് സര്‍ക്കാരിനെതിരെ ഒരു സമാന്തര ഗവണ്‍മെന്റ് ഉണ്ടാക്കിയവരാണ്. അവരുടെ കോടതികള്‍ വളരെ ജനപ്രിയമായിരുന്നു. ഗാന്ധിയുടെ ജയില്‍ മോചനത്തിനുശേഷം അദ്ദേഹത്തിന്റെ ആജ്ഞപ്രകാരമാണ് ഈ സമാന്തര ഗവണ്‍മെന്റ് പിരിച്ചുവിട്ടത്. അന്ന് ഒരുപാടുപേര്‍ കരഞ്ഞതായി കേട്ടിട്ടുണ്ട്.

ക്വിറ്റ് ഇന്ത്യാസമരകാലത്തെ നിരവധി നേതാക്കളിലൊരാളായ സുശീല്‍ ധര (95 വയസ്സ്) ഇപ്പോള്‍ രോഗശയ്യയിലാണ്. ഇന്നത്തെ പത്രത്തില്‍ അദ്ദേഹം മിഡ്നാപ്പൂരില്‍ പോയി പുതിയ സ്വാതന്ത്ര്യസമരം കാണാന്‍ താല്‍പ്പര്യപ്പെടുന്നതായി വാര്‍ത്തയുണ്ട്. മിഡ്നാപ്പൂരില്‍ ജനങ്ങള്‍ ഇപ്പോള്‍ പോലീസിനെപ്പോലും പ്രവേശിപ്പിക്കാതെ നാടിന് മുക്താഞ്ചല്‍ (സ്വതന്ത്ര പ്രദേശം) എന്നു പേരിട്ടിരിക്കുകയാണ്.

"വ്യവസായവല്‍ക്കരണത്തിന്'' എതിരെയുള്ള എല്ലാ സമരങ്ങളും രാഷ്ട്രീയ പ്രേരിതമാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. മിഡ്നാപ്പൂരില്‍ എത്രപേര്‍ അറസ്റ്റ് ചെയ്യപ്പെട്ടുവെന്നറിയില്ല. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഒരാള്‍ കൊല്‍ക്കത്തയിലെ ജാദവ്പൂര്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥിയാണ്. മറ്റൊരാള്‍ ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്നു. നക്സലുകളോ മാവോയിസ്റ്റുകളോ ആണെന്നാരോപിച്ച് ഇരുവര്‍ക്കും ജാമ്യം നല്‍കുന്നില്ല. എന്തുചെയ്തതിനാണ് അവര്‍ അറസ്റ്റിലായതെന്നേ എന്തില്‍ വിശ്വസിക്കുന്നതിനാണ് അറസ്റ്റിലായാതെന്നോ മനസ്സിലായിട്ടില്ല. ഒന്നും വ്യക്തമല്ല.

ഇനി സിംഗൂരിനെക്കുറിച്ച് ഒന്നും കേള്‍ക്കാനിടയില്ല. ഇതൊരു വിധിയാണോ? നമുക്കു കാത്തിരുന്നു കാണാം.
മധുശ്രീ

നാലാമത്തെ കത്ത്
ജനുവരി 7, 2007

നന്ദിഗ്രാമിലുണ്ടായ കലാപത്തില്‍ 7 പേര്‍ മരിച്ചു. ടി.വി. വാര്‍ത്ത

ഈ വിഷയങ്ങള്‍ എന്നോടു വളരെ അടുത്തവയാണെന്ന് ഇന്നു ഞാന്‍ മനസ്സിലാക്കി. എന്റെ ബംഗാള്‍ ക്ഷാമത്തെക്കുറിച്ചുള്ള പുസ്തകത്തിനായി ക്ഷാമത്തെപ്പറ്റിയുള്ള ഓര്‍മ്മകള്‍ സൂക്ഷിക്കുന്ന അതിന്റെ ഇരകളെ ഞാന്‍ ഒരുപാട് തിരഞ്ഞിരുന്നു. മിഡ്നാപ്പൂരിലെ മൊഹിസാദര്‍ സബ്ഡിവിഷനില്‍പ്പെട്ട കലിക്കക്കുണ്ട് ഗ്രാമത്തില്‍ ഒടുവില്‍ ഞാന്‍ അവരെ കണ്ടെത്തിയിരുന്നു. ചിറ്റോ സാമന്ത എന്ന ഒരു വയസ്സന്‍ കര്‍ഷകനെ ഞാനിന്നും ഓര്‍ക്കുന്നു. ഒരു പാടത്തിനുനടുവിലുള്ള മണ്‍കുടിലില്‍ ഭാര്യയും മക്കളും പുത്രഭാര്യമാരും പേരക്കുട്ടികളുമായി എന്നെപ്പോലെ നഗരജീവിതത്തിന്റെ തിരക്കുകളില്ലാതെ സമാധാനപൂര്‍വ്വം ജീവിക്കുകയായിരുന്നു അദ്ദേഹം. സലീം ഗ്രൂപ്പിന്റെ ഏറ്റെടുക്കല്‍ പദ്ധതിയില്‍ കലിക്കാക്കുണ്ടുമുണ്ട്. എനിക്ക് ചിറ്റോബാബുവിനെ വിളിച്ചു കിട്ടിയില്ല. സ്വാതന്ത്ര്യസമര സേനാനിയെന്ന നിലയില്‍ അദ്ദേഹത്തിന് ഒരു ചെറിയ പെന്‍ഷനും ഫോണ്‍ലൈനും കിട്ടിയിട്ടുണ്ട്. ലൈന്‍ കട്ടായിരിക്കുന്നു.
80 വയസ്സായെങ്കിലും അദ്ദേഹം ഏതു പുതിയ സമരത്തിന്റേയും മുന്നണിയിലുണ്ടായിരിക്കുമെന്ന് എനിക്കറിയാം. ഞാന്‍ വാര്‍ത്തകള്‍ക്കായി അക്ഷമയോടെ കാത്തിരിക്കുന്നു.
മധുശ്രീ.

അഞ്ചാമത്തെ കത്ത്
ജനുവരി 8, 2007

കൊല്‍ക്കത്ത ടി.വി.യിലെ (ഒരു ബംഗാളി ചാനല്‍) ഒരു സമര്‍ത്ഥനായ റിപ്പോര്‍ട്ടര്‍ നന്ദിഗ്രാമില്‍ ചെന്ന് കലാപത്തിന്റെ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. സംഭവിച്ചത് ഇതാണ്.

മിഡ്നാപ്പൂരിന്റേയും ബംഗാളിന്റേയും മറ്റു ഭാഗങ്ങളുമായി ഒരു കനാല്‍ കൊണ്ട് വേര്‍തിരിക്കപ്പെട്ട പ്രദേശമാണ് നന്ദിഗ്രാം. കനാലിനൊരൊറ്റ പാലം മാത്രമേയുള്ളൂ. പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം വീടുകള്‍ വിട്ടുകൊടുത്ത സി.പി.ഐ.(എം) പ്രവര്‍ത്തകര്‍ കനാലിന്റെ മറുഭാഗത്തുള്ള ക്യാമ്പുകളില്‍ താമസിക്കുകയായിരുന്നു. ഇവര്‍ക്ക് അവിടുത്തെ സി.പി.ഐ.(എം) നേതാവും കുപ്രസിദ്ധ ഗുണ്ടയുമായ ലക്ഷ്മണ്‍ സേത്തുവഴി നിരവധി സഹായങ്ങല്‍ ലഭിച്ചിരുന്നു. പാര്‍ട്ടിയുടെ ഭൂമി ഏറ്റെടുക്കല്‍ ശ്രമങ്ങളുമായി സഹകരിക്കണമെന്നും അല്ലാത്തവരുടെ ജീവിതത്തെ തങ്ങള്‍ നരകമാക്കുമെന്നും ഒരു സീനിയര്‍ സി.പി.ഐ.(എം) നേതാവ് കര്‍ഷകരെ ഓര്‍മ്മിപ്പിച്ചിരുന്നു. ജനുവരി 6 ന് രാത്രി കനാലിന്റെ കിഴക്കേ ഭാഗത്തുള്ള സോനാപുര, തെഹാലി എന്നീ രണ്ടു ഗ്രാമങ്ങള്‍ പടിഞ്ഞാറുഭാഗത്തുള്ള സി.പി.ഐ.(എം) പിന്തുണക്കാര്‍ തോക്കുകളും ബോംബുകളുമായി ആക്രമിച്ചു. ആക്രമണത്തെ ഗ്രാമീണര്‍ ചെറുത്തുനിന്നു. പക്ഷേ തോക്കോ ബോംബോ അവര്‍ക്കുണ്ടായിരുന്നില്ല. കൊല്‍ക്കത്ത ടി.വി. റിപ്പോര്‍ട്ടര്‍ പറയുന്നത് പണിയായുധങ്ങളും കറിക്കത്തികളും (സ്ത്രീകളും ചെറുത്തുനിന്നിരുന്നു) മാത്രമേ അവര്‍ക്കുണ്ടായിരുന്നുള്ളൂ എന്നാണ്. 14 വയസ്സുള്ള ആണ്‍കുട്ടിയടക്കം മരിച്ചവരെല്ലാം സോനാപുര ഗ്രാമത്തിലെ കര്‍ഷകരാണ്.

ഇന്നത്തെ ദൈനിക് സ്റ്റേറ്റ്മാനില്‍ മഹാശ്വേതാദേവി ആക്രമണകാരികള്‍ 2 തലകള്‍ മുറിച്ചെടുത്ത് ട്രോഫിയായി കൊണ്ടുപോയിയെന്ന് പറയുന്നുണ്ട്.

സര്‍ക്കാരിനെ പിന്തുണക്കുന്ന 'ടെലഗ്രാഫ്' പത്രം വായിക്കുന്നത് കൌതുകം തന്നെയാണ്. ഒന്നാംപേജില്‍ രണ്ടുപക്ഷത്തിനും ബോംബുകളും തോക്കുകളുമുണ്ടായിരുന്നെന്ന കഥ അത് അവതരിപ്പിക്കുന്നു. ഒരു ദിവസത്തിനുശേഷം ഗ്രാമീണര്‍ കത്തിച്ച ഒരു സി.പി.ഐ.(എം) പ്രവര്‍ത്തകന്റെ വീടുകത്തിച്ച ഫോട്ടോ പ്രസിദ്ധീകരിച്ചപ്പോള്‍പ്പോലും അതിനു മുന്‍പു കൊല്ലപ്പെട്ട ആരുടേയും ചിത്രം പ്രസിദ്ധീകരിക്കാന്‍ പത്രം തയ്യാറായില്ല. സി.പി.ഐ.(എം) ക്യാമ്പിന്റെ സംരക്ഷണത്തിനും കലാപം ഒതുക്കാനും പോലീസിനെ അയച്ചില്ലെന്ന് പത്രം പരാതിപ്പെടുന്നു. മറ്റാരും പോലീസ് പക്ഷപാതികളല്ലെന്ന് വിശ്വസിക്കുന്നില്ല.

ക്വിറ്റ് ഇന്ത്യാസമരകാലത്ത് ബ്രിട്ടീഷ് ജയിലിലടക്കപ്പെട്ട കുമുദിനി ഭാകുവയുമായി ഞാന്‍ സംസാരിച്ചിരുന്നു. മൊഹിസദാലിനടുത്ത് താമസിക്കുന്ന അവര്‍ക്ക് ആ പ്രദേശം മുഴുവന്‍ നന്നായറിയാം. അവര്‍ പറയുന്നത് നന്ദിഗ്രാമില്‍ 11 പേര്‍ കൊല്ലപ്പെട്ടുവെന്നാണ്. ഇപ്പോള്‍ ആ പ്രദേശത്ത് പോലീസ് വെടിവെപ്പ് നടക്കുകയാണ്. റിപ്പോര്‍ട്ടര്‍മാര്‍ക്ക് പ്രവേശനമില്ല.

മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ ആരോപണം ഇസ്ളാമിക ഗ്രൂപ്പുകളാണ് ആക്രമണത്തിനു പിന്നിലെന്നാണ്. ഭൂമി കയ്യേറ്റത്തെ എതിര്‍ക്കുന്ന ഒരു സംഘടനയ്ക്ക് ഒരു ഇസ്ലാമിക പേരാണ്. പക്ഷേ നന്ദിഗ്രാമിലെ ഹിന്ദുക്കളും മുസ്ളീങ്ങളും ഭൂമി ഏറ്റെടുക്കലിനെതിരെ ഒറ്റക്കെട്ടാണ്. വര്‍ഗ്ഗീയമല്ലാത്ത ഒരു സമരത്തെ വര്‍ഗ്ഗീയമാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.
മധുശ്രീ.


ആറാമത്തെ കത്ത്

ജനുവരി 9, 2007

അപ്പോള്‍ അവര്‍ നക്സലുകളോ? അതോ ഇസ്ലാമിക മൌലികവാദികളോ?

"ഗ്രാമീണര്‍ക്ക് തനിച്ച് റോഡുകള്‍ കുഴിക്കാനോ പാലങ്ങള്‍ കത്തിക്കാനോ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകര്‍ക്കാനോ കഴിയില്ലെന്ന്'', നക്സല്‍ സഹായമില്ലാതെ ഇതൊന്നും സാധ്യമല്ലെന്ന് ഒരു സി.പി.ഐ.(എം) മെമ്പര്‍ ലോകസഭയില്‍ പറയുകയുണ്ടായി. എനിക്ക് ഓര്‍മ്മവരുന്നത് ക്വിറ്റ് ഇന്ത്യ സമരത്തിനുശേഷം ചര്‍ച്ചില്‍ പറഞ്ഞതാണ്. ഇന്ത്യന്‍ ജനതയ്ക്ക് ഒന്നിച്ചുചേര്‍ന്ന് ഒരു ശക്തിയാവാന്‍ കഴിയുമെന്നു വിശ്വസിക്കാന്‍ കഴിയാത്ത ചര്‍ച്ചില്‍ ജപ്പാനുമായിച്ചേര്‍ന്നുള്ള കോണ്‍ഗ്രസ്സ് ഗൂഢാലോചനയാണ് അതെന്ന് കുറ്റപ്പെടുത്തുകയുണ്ടായി. സ്വാതന്ത്യ്ര സമരസേനാനികളെ ഫാസിസ്റ്റുകളെന്നും അദ്ദേഹം വിശേഷിപ്പിക്കുകയുണ്ടായി.

നന്ദിഗ്രാമിലെ ഗ്രാമീണരെ ഇസ്ലാമിക മൌലികവാദികളെന്നു വിളിച്ചു മുഖ്യമന്ത്രിയുടെ നടപടിയില്‍ പാര്‍ട്ടിയില്‍ ചര്‍ച്ച നടക്കുകയാണ്. അദ്ദേഹം പരാമര്‍ശിച്ചത് കര്‍ഷകരെ സംഘടിപ്പിച്ചിരുന്ന ജമാ അത്ത്-ഉലമ-ഇ-ഹിന്ദ് എന്ന ഒരു പ്രാദേശിക സംഘടനയെയാണ്. 1919 ല്‍ സ്ഥാപിക്കപ്പെട്ട ഈ സംഘടന സ്വാതന്ത്യ്രസമരത്തില്‍ ഒരു സുപ്രധാന പങ്ക് വഹിച്ചിരുന്നു. മൌലാനാ അബ്ദുള്‍കലാം ആസാദ് ഇതിന്റെ സെക്രട്ടറിയായിരുന്നു. ഈ സംഘടന മുഖ്യമന്ത്രിക്കെതിരെ കോടതിയില്‍ പോകുമെന്നു കേള്‍ക്കുന്നു. അങ്ങനെയെങ്കില്‍ അത് വളരെ രസകരമായിരിക്കും.
മാവോയിസ്റ്റുകളോ ഇസ്ലാമികവാദികളോ...? നന്ദിഗ്രാമിലെ ജനങ്ങള്‍ ഇതിലേതെങ്കിലും ആയേ പറ്റൂ എന്നുണ്ടോ? എങ്കില്‍ പോലീസ് യൂണിഫോമിലുള്ളവരാല്‍ ആ ഭീകരരാത്രിയില്‍ ആക്രമിക്കപ്പെടുമ്പോള്‍ ഇവര്‍ക്ക് ആരുടേയും സഹായം ലഭിക്കാഞ്ഞതെന്താണ്? എങ്ങനെയാണ് പോലീസ് ഉപയോഗിക്കുന്നതരം 303-ാം നമ്പര്‍ ബുള്ളറ്റ് കൊല്ലപ്പെട്ട കര്‍ഷകന്റെ ദേഹത്തുനിന്നും കണ്ടെടുത്തത്?

ഈ കത്തുകള്‍ അയച്ചുതുടങ്ങിയതോടെ കാര്യക്ഷമമായി വിലയിരുത്താതെ ഞാന്‍ കറുപ്പും വെളുപ്പുമായി മാത്രം കാണുകയാണെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. എനിക്കു വിഷമം തോന്നുന്നു. സമതലങ്ങളില്‍നിന്ന് മുകളിലോട്ടുനോക്കാനും മണ്ണിരയുടെ കണ്ണിലൂടെ കഴുകനെ നോക്കാനുമാണ് ഞാന്‍ ശ്രമിക്കുന്നത്.
എനിക്ക് പക്ഷിയുടെ കാഴ്ചയല്ല, രത്തന്‍ ടാറ്റയും മുഖ്യമന്ത്രിയുമല്ലാതെ മറ്റാരാണ് അത് ചെയ്യേണ്ടത്? വ്യവസായ സംരംഭത്തെക്കുറിച്ച് വളരെക്കുറച്ചു വിവരങ്ങള്‍ മാത്രമേ പുറത്തറിയാവൂ. അതിന്റെ രഹസ്യാത്മകതയാവട്ടെ അമ്പരപ്പിക്കുന്നതും.

വളരെ സങ്കീര്‍ണമാണെങ്കില്‍പ്പോലും സിംഗൂരിനെക്കുറിച്ച് അല്‍പ്പം സ്ഥിതിവിവര കണക്കുകള്‍ ഇപ്പോള്‍ ലഭ്യമാകുന്നുണ്ട്. ഒരു ഏക്കറിന് 30 ലക്ഷം രൂപ ഏറ്റെടുക്കലിന് ചെലവാകുമ്പോള്‍ ടാറ്റ നല്‍കുന്നത് 8 ലക്ഷം മാത്രമാണ്. പോലീസിനുള്ള ചെലവും ഗ്രാമീണരെ ഓടിക്കാനുള്ള ആയുധച്ചെലവും കൂടുമ്പോള്‍ നികുതിദാതാവ് ടാറ്റക്കു നല്‍കുന്ന സബ്സിഡി എത്രയധികമാണ്? (അതുതന്നെ സര്‍ക്കാരില്‍നിന്നുള്ള മുന്‍കൂറായുള്ള പലിശയില്ലാത്ത കടവും. 0.01 ശതമാനമാണ് പലിശനിരക്കെന്നും അറിയുന്നു) പക്ഷികള്‍ കാണുന്നുണ്ടായിരിക്കാം. നമ്മുടെ കയ്യില്‍ സിംഗൂരിന്റേയും നന്ദിഗ്രാമിന്റേയും കോണ്ടേയുടേയും മറ്റേതെങ്കിലുമുണ്ടെങ്കില്‍ അതിന്റേയും പ്ലാനുകളുണ്ടെങ്കില്‍ നമുക്കും അതു കാണാമായിരിക്കാം. ചെറുതാണെങ്കില്‍ ഞാനെന്റെ ഈ കാഴ്ചപ്പാടുകൂടി കുറിക്കട്ടെ.

ആകാശത്തു പറക്കുന്ന പരുന്തുകള്‍ മിക്കപ്പോഴും ഒരുപാട് ചെറിയ കാഴ്ചകളെ വിട്ടുകളയാറുണ്ട്. മണ്ണില്‍ക്കിടന്നാല്‍ മാത്രം കാണാവുന്ന കാഴ്ചകള്‍. ഒരു മണ്ണിരയുടെ കഷ്ടപ്പാടുകള്‍ ഒരിക്കലും ഒരു പരുന്തിനുകാണാനേയാവില്ല.
എത്ര ധാരാളിത്തത്തോടെയാണെങ്കില്‍ പോലും പാരമ്പര്യം നഷ്ടപ്പെടുത്തുന്ന സമൂഹങ്ങളെ പിരിക്കുന്ന, സ്വത്വം നഷ്ടപ്പെടുത്തുന്ന, ജോലികളെ മാറ്റുന്ന സുരക്ഷിതത്വം നഷ്ടപ്പെടുന്ന, നിര്‍ബന്ധിത കുടിയൊഴിക്കലിനിടയാക്കുന്ന, ഒരു നഷ്ടപരിഹാര പാക്കേജ് എങ്ങനെയാണ് നീതികരിക്കാനാകുക.

ബംഗാളിന് വ്യവസായവല്‍ക്കരണം വേണം. പക്ഷേ ഇത് അധിനിവേശമാണ്.
മധുശ്രീ.


---------------------------------------------------------------------------------------

ഇതിനു ശേഷമാണ് മെയിലും ഇപ്പോഴും ഉണ്ടായ അക്രമങ്ങള്‍ . നന്ദിഗ്രാമില്‍ നിന്നുള്ള വാര്‍ത്തകള്‍ക്ക് സന്‍ഹതി എന്ന (ഐക്യദാര്‍ഢ്യം എന്നര്‍ത്ഥം) എന്ന ബ്ലോഗ് സന്ദര്‍ശിക്കുക. പശ്ചിമബംഗാളിലെ വിവിധ സര്‍വകലാശാലകളിലെ ചെറുപ്പക്കാരും ഐടി ജോലിക്കാരും ഒക്കെച്ചേര്‍ന്നു നടത്തുന്ന ഒരു ബ്ലോഗാണിത്. കൂടാതെ കഫിലയും വായിക്കുക.

ഓഫ്: ഇന്തോനേഷ്യയിലെ കമ്മ്യൂണിസ്റ്റ് കൂട്ടക്കൊലക്ക് (1965 ലെ ആന്റി കമ്മ്യൂണിസ്റ്റ് ഹോളോകാസ്റ്റ്) നേതൃത്വം നല്‍കിയ സുഹാര്‍ത്തോവിന്റെ കുടുംബത്തിന് നിര്‍ണ്ണായക സ്വാധീനമുള്ള കമ്പനിയാണ് നന്ദിഗ്രാമില്‍ കെമിക്കല്‍ ഫാക്ടറി സ്ഥാപിക്കാന്‍ വന്ന സലീം ഗ്രൂപ്പ് . സുഹാര്‍ത്തോവിന്റെ മകള്‍ കമ്പനി ഡയറക്ടര്‍ ബോര്‍ഡിലുമുണ്ട്. സുഹാര്‍ത്തോവിന്റെ സാമ്പത്തിക സാമ്രാജ്യത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇവിടെ . ബംഗാളിലേക്ക് ബുദ്ധദേവ് ക്ഷണിച്ചിട്ടുള്ള മറ്റൊരു കമ്പനി ഡോ കെമിക്കല്‍സാണ്. അതെ ഭോപ്പാല്‍ ദുരന്തത്തിനു കാരണക്കാരനായ കരിമ്പട്ടികയില്‍പ്പെട്ട യൂണിയന്‍ കാര്‍ബൈഡിന്റെ പുതിയ രൂപം തന്നെ.

Monday, December 3, 2007

ആണ്‍ലൈംഗികത്തൊഴിലാളികള്‍ ഫണ്ടിങ്ങ് ടാര്‍ഗറ്റ് ആകുമ്പോള്‍

എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് ജോസഫ് മാഷുടെ ബ്ലോഗില്‍ നടക്കുന്ന ചര്‍ച്ചയിലേക്ക് അല്‍പ്പം തോന്നലുകള്‍ കൂടി . ഇഞ്ചിയും ദേവനും കാര്യമാത്ര പ്രസക്തമായി പ്പറഞ്ഞു. തലക്കെട്ട് സദാചാര പോലീസിന് സഹായകമാണ് എന്ന് കാര്യമായി ത്തോന്നുന്നു. ശ്രീവല്ലഭനും വടയോവ്സ്കിയും തമ്മില്‍ നടന്ന ചര്‍ച്ചയുടെ ഫ്രെയിമിലേക്ക് അല്പം കൂടി കൂട്ടിച്ചേര്‍ക്കുന്നു. ഒരുപാടുകാര്യങ്ങള്‍ ഒന്നിച്ചുതോന്നിയതിനാല്‍ അടുക്കും ചിട്ടയുമില്ലാതെത്തന്നെ പറയുകയാണ്.

HIV/AIDS NGO കള്‍ക്ക് അഥവാ PSH (participatory sexual health ) പ്രൊജക്റ്റ് സംഘങ്ങള്‍ വളരെയേറെ നല്ല പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുന്റെന്നതില്‍ സംശയമില്ല. പക്ഷേ വളരെ അരാഷ്ട്രീയമായ ഒരു രീതിയിലാണ് ഇവയെല്ലാം പ്രവര്‍ത്തിക്കുന്നത്. ഇന്ന് HIV ഏറ്റവും കൂടുതലുള്ളത് വീടുകള്‍ക്കുള്ളിലാണെന്നത് HIV രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ തന്നെ സമ്മതിക്കുന്ന കാര്യമാണ്. പക്ഷേ ഇരുചെവിയുമറിയാതെ വീട്ടിനുള്ളില്‍ത്തന്നെ ഈ വിവരങ്ങള്‍ സൂക്ഷിക്കുകയാണല്ലോ നാട്ടുനടപ്പ്. ഡൊമസ്റ്റിക് വയലന്‍സിനെപ്പോലെ , ഡൊമസ്റ്റിക് ചൈല്‍ഡ് സെക്ഷ്വല്‍ അബ്യൂസുകളെപ്പോലെ ഇതും അങ്ങനെ സ്റ്റഡികളുടെ പിടിയിലമരാതെ പോകുന്നു. ആദ്യ രണ്ടും അറിഞ്ഞാലും HIV പുറത്തുവരികയേയില്ല. പിന്നെ കുടുംബത്തെത്തൊട്ടാല്‍ സദാചാര പോലീസ് ഇളകുകയും ചെയ്യും. വീട് വിഷമകരമായ് ഒരു ടാര്‍ഗറ്റ് ഗ്രൂപ്പായതിനാല്‍ എന്‍ജിഓകള്‍ക്കും താല്‍പ്പര്യം കാണാറില്ല.

ഗേ -ലെസ്ബിയന്‍ ഗ്രൂപ്പുകള്‍ക്കിടയിലെ HIV/AIDS കുറവാണെന്നും അവരാണ് ഈ വിഷയത്തില്‍ ഏറ്റവും വിവരം സ്വായത്തമാക്കിയിട്ടുള്ളതുമെന്നുള്ള നിരവധി സ്റ്റഡികള്‍ വന്നിട്ടുണ്ട്. (ലിങ്ക് വേണേല്‍ തെരഞ്ഞെടുത്ത് തരാം)

പിന്നെയുള്ളത് ആണ്‍ , പെണ്‍ ലൈംഗികത്തൊഴിലാളികളാണ്. ഇതില്‍ ആണ്‍ ലൈംഗികത്തൊഴിലാളികള്‍ MSM (മെയില്‍ ഹാവിങ്ങ് സെക്സ് വിത്ത് മെന്‍) എന്ന ചെല്ലപ്പേരില്‍ അറിയപ്പെടുന്നു.

ആദ്യകാല ഫണ്ടിങ്ങുകളും ടാര്‍ഗറ്റ് ഗ്രൂപ്പുകളുമെല്ലാം സ്ത്രീ ലൈംഗികത്തൊഴിലാളികളെ കേന്ദ്രീകരിച്ചായിരുന്നു. അതിന്റെ ബോധവല്‍ക്കരണത്തിന്റെ ഒരു പരമാവധി കാലഘട്ടം പിന്നിട്ടിരിക്കുന്നു. ഇനി തുടര്‍ബോധവല്‍ക്കരണമേ വേണ്ടൂ. പോരാത്തതിന് സ്ത്രീ ലൈംഗികത്തൊഴിലാളികള്‍ സംഘടിച്ചുതുടങ്ങുകയും അവകാശങ്ങളെ വ്യക്തമായി അവതരിപ്പികാന്‍ കഴിവുള്ള നളിനി ജമീലമാരുണ്ടാവുകയും ചെയ്തിരിക്കുന്നു. അപ്പോ ഇക്കണ്ട എന്‍ജിഓകളെങ്ങനെ അഷ്ടിക്ക് വക കണ്ടെത്തും. മെലിന്റ ഗേറ്റ്സെങ്ങനെ ദാനധര്‍മ്മം നടത്തും?

അപ്പോ പിന്നെ രക്ഷ ആണ്‍ലൈംഗികത്തൊഴിലാളികളെ ടാര്‍ഗറ്റ് ചെയ്യലാണ്. പുതിയ പ്രൊജക്റ്റുകള്‍ മുഴുവന്‍ ഈ ടാര്‍ഗറ്റ് ഗ്രൂപ്പിനുവേണ്ടിയാണ്. ലജ്ജാശീലരായതിനാല്‍ രാഷ്ട്രീയമായി സ്വന്തം ആവശ്യങ്ങളുന്നയിച്ച് അവര്‍ പെട്ടെന്നൊന്നും സംഘടിച്ചേക്കില്ല. (ബാംഗ്ലൂരിലെ കോത്തികള്‍ അപവാദം) പ്രൊജക്റ്റെഴുത്ത് മുന്നോട്ട് നീങ്ങുകയാണ്. ഫണ്ടിങ്ങിനെ സാധൂകരിക്കാന്‍ സ്റ്റഡികളും . ഡൊമസ്റ്റിക് HIV/AIDS ന്റെ സ്റ്റാറ്റിസ്റ്റിക്സ് അവരുടെ സ്റ്റഡിടോപ്പിക്കല്ലല്ലോ

അതിനുമപ്പുറമായി പുതിയഫണ്ടിങ്ങ് മേഖലകളും തുറക്കുകയായി. ഇന്നാള് ഡെല്‍ഹിയില്‍ ഒരു ഫണ്ടിങ്ങ് ഏജന്‍സി മീറ്റിങ്ങില്‍ ഒരു സുഹൃത്തിനെക്കാണാന്‍ കേറിച്ചെന്നപ്പോള്‍
അവിടെ വിഷയം ബാല ലൈംഗികപീഡനത്തിന്റെ തടയാനുള്ള മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കലാണ് . ഇന്ത്യയിലോട്ട് അടുത്തവര്‍ഷം വരുന്നത് 8 ബില്ല്യണ്‍ ഡോളര്‍.
പക്ഷേ വീടിനുള്ളിലെ പീഡനം തടയല്‍ പോസ്റ്റര്‍ പ്രചരണത്തിലൊതുങ്ങുന്നു. പ്രൊജക്റ്റിന്റെ മെയിന്‍ ടാര്‍ഗറ്റ് ഗ്രൂപ്പ് MSMs ഉം തെരുവുകുട്ടികളും തന്നെ. തലക്കെട്ട് കുട്ടികളുടെ ട്രാഫിക്കിങ്ങ് തടയല്‍. പ്രവര്‍ത്തനം PSH രീതിയില്‍ ത്തന്നെ. ഈ ചൈല്‍ഡ് സെക്ഷ്വല്‍ അബ്യൂസ് ,ആണ്‍ലൈംഗികത്തൊഴിലാളി ഏച്ചുകെട്ടല്‍ സ്വവര്‍ഗ്ഗ ലൈംഗികത പാപമാണെന്ന കൃസ്ത്യന്‍ /വിക്ടോറിയന്‍ സദാചാരക്കുട്ടയിലേക്ക് തന്നെയാണ് കൃത്യമായും വീഴുന്നത് .
ഇന്ത്യമുഴുവന്‍ നിരവധിപേര്‍ കുടിയൊഴിക്കപ്പെടുമ്പോള്‍ അതാണ് അവരുടെ ജീവിത സാഹചര്യത്തെ നശിപ്പിച്ച് ചൂഷണത്തിന്റെ വായിലേക്കിട്ടുകൊടുക്കുന്നത്. അത് കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യലാകാം ബാലവേലയാകാം മറ്റ് പലതുമാകാം .
കുടിയൊഴിക്കലിനെ പരിഗണിക്കാതെ ട്രാഫിക്കിങ്ങ് എങ്ങനെത്തടയുമെന്ന് മാത്രം ചിന്തിക്കുന്ന ഒരു മാസ്റ്റര്‍പ്ലാനായിരുന്നു അവിടെ കണ്ടത്.

ഡാം പ്രൊജക്റ്റുകള്‍ കൊണ്ടുമാത്രം 1947 നു ശേഷം ഇന്ത്യയില്‍ 50 മില്ല്യണ്‍ പേര്‍ കുടിയൊഴിക്കപ്പെട്ടു എന്ന് അരുന്ധതി റോയ്, (The Greater Common Good). ചേരി നിര്‍മ്മാര്‍ജ്ജനങ്ങളും നന്ദിഗ്രാമും ഗുജറാത്തിലേതുപോലുള്ള വംശഹത്യകളും ഈ കൂട്ടത്തില്‍ എത്ര സംഭാവന ചെയ്തിട്ടുണ്ടോ എന്തോ? മനസ്സില്‍ തികട്ടിവന്ന ഈ ചോദ്യം ഒരു അബദ്ധത്തില്‍ ഞാനവിടെ ചോദിച്ചു. അവിടെപ്പറയാന്‍ പാടില്ലാത്ത എന്തോ ഞാന്‍ പറഞ്ഞുവെന്ന ഭാവമായിരുന്നു എന്റെ സുഹൃത്തിന്റേതടക്കം ഏവരുടേയും മുഖത്തും

Sunday, November 4, 2007

സ്വതന്ത്രസോഫ്റ്റ്‌വെയര്‍: തെറ്റിദ്ധാരണകള്‍ തിരുത്തുമ്പോള്‍

സിബുവിന്റെ ബ്രെയിന്‍ ഡമ്പ് സെഗ്മെന്റേഷന്‍ ഫാള്‍ട്ടായതുകൊണ്ട് ആ കോര്‍ഡമ്പിനെ ഒന്നു ഡീബഗ്ഗ് ചെയ്യുകയാണിവിടെ.

ഈ പോസ്റ്റിനെപ്പറ്റി മൊത്തത്തില്‍ പറയാനുള്ളത് ശേഷം ചിന്ത്യത്തിലെ റൂമര്‍മില്‍ പോസ്റ്റില്‍ അനിലിട്ട ഈ കമന്റ് തന്നെയാണ്.

വസ്തുതകള്‍ മനസിലാക്കി അവതരിപ്പിക്കുക, അല്ലെങ്കില്‍ ഇതുപോലെ ആരായുന്നതരം ലേഖനമാക്കുകയാവും അഭികാമ്യം. അറിയാന്‍പാടില്ലാത്ത കാര്യത്തെപ്പറ്റി ആധികാരികമായി സംസാരിക്കാന്‍ ‘ഭയങ്കര’ ധൈര്യം വേണം.സിബു പറയുന്നു
ഇന്നത്തെ അവസ്ഥയില്‍ സ്വതന്ത്ര സോഫ്റ്റ്വെയറിനെ ഒരു ചാരിറ്റിയോടുപമിക്കാം. ധര്‍മ്മാശുപത്രി നല്ലതാണ്. ഞാന്‍ ധര്‍മാശുപത്രിയില്‍ പോകേണ്ടതിനും സ്വതന്ത്രസോഫ്റ്റ്വെയര്‍ ഉപയോഗിക്കേണ്ടതിനും തീര്‍ച്ചയായും പ്രത്യക്ഷത്തില്‍ തന്നെ കാര്യമുണ്ട്. എന്നാല്‍ നാട്ടിലെ എല്ലാ ആശുപത്രിയും ധര്‍മ്മാശുപത്രിയാവുമോ. ഇല്ലല്ലോ അതുപോലെ.


സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഒരു ചാരിറ്റിയല്ല എന്നു തന്നെയാണ് ഉത്തരം. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ നിര്‍മ്മാണ രംഗത്തേക്ക് കടന്നുവരാന്‍ പലര്‍ക്കും പല താല്‍പ്പര്യങ്ങള്‍ കണ്ടേക്കാം. പക്ഷേ അതെന്തായാലും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ചാരിറ്റിയാണെന്ന ലഘുനിര്‍വചനത്തിലൊതുക്കാനൊക്കില്ല. റിച്ചാര്‍ഡ് സ്റ്റാള്‍മാന്റെ "സ്വതന്ത്ര സോഫ്റ്റ്‌വെയര്‍, സ്വതന്ത്ര സമൂഹം" എന്ന പുസ്തകത്തിനെഴുതിയ ആമുഖത്തില്‍ ലാരി ലെസ്സിഗ് (ക്രിയേറ്റീവ് കോമണ്‍സ് പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍)-അങ്ങേരൊരു വക്കീലാണ് . സ്റ്റാന്‍ഫോര്‍ഡ് ലോ സ്കൂളില്‍ പ്രൊഫസറും- ഇങ്ങനെ പറയുന്നു.

സ്വതന്ത്രമായ കോഡിന്റെ സമ്പദ്‌വ്യവസ്ഥ (ഇവിടെ ഞാന്‍ ഉദ്ദേശിക്കുന്നത് ലീഗല്‍ കോഡിനെയാണ് ) വക്കീലന്മാരെ ഒരിക്കലും പട്ടിണിയിലാക്കുന്നില്ല . തങ്ങള്‍ നിര്‍മ്മിക്കുന്ന ചുരുക്കങ്ങള്‍ ആരു പകര്‍ത്തിയെടുത്താലും അവ നിര്‍മ്മിക്കുന്നതിനുള്ള പണം അവര്‍ക്കു കിട്ടുന്നുണ്ട്. ഒരു വക്കീല്‍ ഒരു പബ്ലിക് പ്രൊഡക്റ്റ് നിര്‍മ്മിക്കുന്ന ശില്പിയെപ്പോലെയാണ്. നിര്‍മ്മിതി ഒരു ചാരിറ്റിയേയല്ല എന്നാലും വക്കീലിനു പണം കിട്ടുന്നു. ജനങ്ങള്‍ വിലയ്ക്കല്ലാതെ അത് ആവശ്യപ്പെടുകയുമില്ല. ഈ സമ്പദ്‌വ്യവസ്ഥ വളരുന്നത് അറിവിന്റെ ഈ ശേഖരത്തോടു കൂടെയാണ്

സ്വതന്ത്ര സോഫ്റ്റ്‌വെയറും ഇതുപോലെത്തന്നെയാണ് നിര്‍മ്മിക്കപ്പെടുന്നത്. അധ്യാപകരുടെ ജോലി ചാരിറ്റിയാണെന്ന് ആര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടോ?

ഇനി ഇത് പോരാന്നുണ്ടെങ്കില്‍ റെഡ്ഹാറ്റിന്റെ why Opensource എന്ന ഈ നോട്ട് വായിച്ചുനോക്കൂ

Open source is not nameless, faceless, and it's not charity. Nor is it solely a community effort. What you see today is a technology revolution driven ever forward by market demand.

സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ചാരിറ്റിയാണെന്ന് പറഞ്ഞിടത്ത് മാത്രമല്ല സിബുവിന് തെറ്റിയത്. കേരളത്തിലെ ധര്‍മ്മാശുപത്രികളും ചാരിറ്റിയാണെന്നു കരുതിയിടത്തുകൂടിയാണ്. ക്ഷേമരാഷ്ട്ര(Welfare State) സങ്കല്‍പ്പങ്ങളുടെ ഭാഗമായി പൊതുജനാരോഗ്യം , വിദ്യാഭ്യാസം തുടങ്ങിയവ ഭരണകൂടത്തിന്റെ ചുമതലകളായിരുന്ന കാലത്താണ് അവ തുടങ്ങുന്നത്. സൌജന്യമായ മരുന്നുവിതരണവും സേവനങ്ങളും ധര്‍മ്മാശുപത്രി എന്ന പേരു നല്‍കിയെന്നു മാത്രം. മനുഷ്യാവകാശങ്ങള്‍ ചാരിറ്റിയല്ല. ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്.

മറ്റൊരു തരത്തില്‍ നോക്കിയാല്‍ സിബുവിന്റെ താരതമ്യം എനിക്കിഷ്ടായി. ധര്‍മ്മാശുപത്രി സാമൂഹികാരോഗ്യത്തെ കുറിക്കുന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയറുകളും.


സിബു തുടരുന്നു.
സ്വതന്ത്രസോഫ്റ്റ്വെയര്‍ അത്യന്തം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതു് തന്നെ; എന്നാല്‍ സോഫ്റ്റ്വെയര്‍ ലോകം മുഴുവന്‍ സ്വതന്ത്രസോഫ്റ്റ്വെയറിലാവുമോ... ഇല്ല. അതിലെ വലിയൊരു പങ്കുപോലുമാവില്ല. ഇന്ന്‌ സോഫ്റ്റ്വെയറില്‍ പ്രര്‍ത്തിക്കുന്നവര്‍ അവരുടെ പ്രവര്‍ത്തനത്തിന്റെ എത്ര ശതമാനം സ്വതന്ത്രസോഫ്റ്റ്വെയറിനുവേണ്ടി ചിലവാക്കുന്നുണ്ട്? അത്രതന്നെയേ സോഫ്റ്റ്വെയറിന്റെ ലോകത്തിലെ ക്രയവിക്രയത്തില്‍ നാളെ സ്വതന്ത്രസോഫ്റ്റ്വെയറിനുണ്ടാവൂ. ഇന്നത്തെ പ്രവര്‍ത്തനമാണല്ലോ നാളത്തെ പ്രോഡക്റ്റ്.


ഈ വാദം വിട്ടുകളയുന്ന നിരവധി കാര്യങ്ങളുണ്ട് അവയില്‍ ചിലത് താഴെക്കുറിക്കുന്നു.
1. സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ ഇന്‍ഡസ്ട്രിയില്‍ മുന്നേറിയത് അവയുടെ ടെക്നിക്കല്‍ എക്സലന്‍സ് കൊണ്ട് തന്നെയാണ്. ആരും പിന്നീന്നുന്തിത്തന്നിട്ടല്ല. കമ്യൂണിറ്റിയില്‍ മുന്നേറിയത് അതിന്റെ സ്വാതന്ത്ര്യം കൊണ്ടും.
2. ഇന്ന് കുത്തകസോഫ്റ്റ്‌വെയറില്‍ പണിയെടുക്കുന്നതിന്റെ എത്ര ഇരട്ടിവരും ലോകമെമ്പാടും ചിതറിക്കിടക്കുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഡെവലപ്പര്‍മാര്‍. അവര്‍ക്ക് വമ്പന്‍ ഐടി പാര്‍ക്കുകളോ , പ്രത്യേക സാമ്പത്തികമേഖലകളോ ഒന്നും കുത്തക സോഫ്റ്റ്‌വെയര്‍ ഡെവലപ്പേഴ്സിനെപ്പോലെ നിര്‍ബന്ധിത സൌകര്യങ്ങളല്ല. ലിനക്സ് കേണല്‍ ഡെവലപ്പേഴ്സിലൊരാളായ അലന്‍ കോക്സ് പറഞ്ഞപോലെ ഒരു ഇമെയില്‍ വിലാസവും ഒരു കമ്പ്യൂട്ടറും മാത്രം മതി സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വികസനത്തില്‍ പങ്കുചേരാന്‍.
3. അറിവ് കുത്തകവല്‍ക്കരിക്കപ്പെട്ടു പോകാത്തതിനാല്‍ ഒരുപാട് കോഡുകളുടെ പുനരുപയോഗം സ്വതന്ത്ര സോഫ്റ്റ്‌വെയറില്‍ സാധ്യമാകുന്നുണ്ട്.
4. ഇന്നത്തെ പ്രവര്‍ത്തനം മാത്രമല്ല നാളത്തെ പ്രൊഡക്റ്റ്. അത് നാളെവരെ പലരും കോണ്ട്രിബ്യൂട്ട് ചെയ്യുന്നതിന്റെ ആകെത്തുകയാണ്.

കുത്തകസോഫ്റ്റ്‌വെയറുകള്‍ ഒരു സാമൂഹ്യ തിന്മയാണെന്ന റിച്ചാര്‍ഡ് സ്റ്റാള്‍മാന്റെ വാദം മറക്കാതിരിക്കുക.

സിബു തുടരുന്നു.

ഇനി ഡെസ്ക്‍ടോപ് അപ്ലിക്കേഷനുകള്‍ പലതും സ്വതന്ത്രസോഫ്റ്റ്വെയാല്‍ കുത്തകകള്‍ മുഴുവന്‍ അവരുടെ കമ്പനിപൂട്ടി വേറേ പണിക്ക് പോകുമോ? ഇല്ല. മറിച്ച്‌ ഫ്രീആയതിനുമുകളില്‍ ഫ്രീ അല്ലാത്തതെന്തുചെയ്യാം എന്നാലോചിക്കും. അതുണ്ടാക്കും, മാര്‍ക്കറ്റ് പിടിക്കും ... പഴയ പരിപാടി. ഈ ചക്രം ഇങ്ങനെ അനുസ്യൂതം തുടരും.


പക്ഷേ സിബുപറയുന്ന ഈ മാര്‍ക്കറ്റ് ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്ന് മറക്കരുത്. ഒരു സ്വതന്ത്ര റീപ്ലേസ്‌മെന്റ് വരുന്നതുവരെ നീട്ടിക്കിട്ടുന്ന ആയുസ്സാണിത്. മൈക്രോസോഫ്റ്റിന്റെ ഓപ്പണ്‍സോഴ്സ് സംരംഭം ഇതിന്റെ തുടക്കമായിക്കാണാം. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അതിനെ എതിര്‍ക്കുന്നവരെപ്പോലും സ്വതന്ത്ര സോഫ്റ്റ്‌വെയറാക്കി വിപണിയുടെ നിയമങ്ങളെത്തന്നെ മാറ്റിമറിച്ചാണ് മുന്നോട്ടുപോകുന്നത്.

സിബു തുടരുന്നു.
അടിസ്ഥാനപരമായി സ്വതന്ത്രസോഫ്റ്റ്വെയറിന്റെപ്രശ്നം സോഫ്റ്റ്വെയര്‍ ഉല്പന്നങ്ങളുടേയും സര്‍വീസുകളുടേയും വിപണനത്തിന് ധനം ഉപയോഗിച്ചുള്ള ഒരു മാര്‍ഗ്ഗം അത്‌ മുന്നോട്ട് വയ്ക്കുന്നില്ല എന്നതാണ്. ചെയ്യുന്ന ഉപകാരത്തിന് പണം കിട്ടണം എന്നത് അന്നന്നത്തെ അപ്പം കണ്ടത്തേണ്ട ഏതൊരുവന്റേയും ആവശ്യമാണ്. ഞാന്‍ വരമൊഴി എഴുതി അതിന്റെ സോര്‍സ് എല്ലാവര്‍ക്കും ഡൌണ്‍ലോഡ് ചെയ്യാന്‍ പാകത്തിലിട്ടാല്‍ ആരാണ് എനിക്ക്‌ പൈസ തരിക? ഞാന്‍ വരമൊഴി ഉപഭോക്താവിന് ചെയ്തുകൊടുത്ത നന്മയെ അളക്കുന്നതും ഞങ്ങള്‍ തമ്മില്‍ ആ അളവിന്റെ കാര്യത്തില്‍ ചേര്‍ച്ചയിലെത്തുന്നതും നടക്കുന്നതെവിടെ വച്ച്‌? (ഇതാണ് പണവിനിമയത്തില്‍ കലാശിക്കുന്നത്). അതായത്‌ സോഫ്റ്റ്വെയറെഴുതിവിറ്റ് പൈസയുണ്ടാക്കാന്‍ സ്വതന്ത്രസോഫ്റ്റ്വെയര്‍ അനുയോജ്യമല്ല.


മുകളിലെഴുതിയിരിക്കുന്നത് മുഴുവന്‍ പൊട്ടത്തെറ്റാണ്. പ്രവീണിന്റെ പോസ്റ്റ് വായിച്ചതുകൊണ്ട് കൂടുതലെഴുതുന്നില്ല. പൂര്‍ണ്ണമായും സ്വതന്ത്രസോഫ്റ്റ്‌വെയറുകളാണ് എന്റെ ജീവിതച്ചെലവ് കണ്ടെത്താന്‍ സഹായിക്കുന്നത് എന്നുകൂടി പറയട്ടെ.

സിബു തുടരുന്നു.
സ്വതന്ത്ര സോഫ്റ്റ്വെയര്‍ മുന്നോട്ട് വയ്ക്കുന്ന ഒരു പ്രശ്നം സോഫ്റ്റ്വെയര്‍ പേറ്റന്റുകളുടേതുമാണ്. പേറ്റന്റുകളുടെ കാലാവധി 17 വര്‍ഷം എന്നത്‌ വളരെ കൂടുതലാണ്. ഓരോ പ്രോഡക്റ്റിന്റേയും ലൈഫ്‌സൈക്കിളിനനുപാതികമാ‍യിരിക്കണം പേറ്റന്റ് കാലാവധി. മെഡിക്കല്‍ രംഗത്ത്‌ അത്രയും വര്‍ഷങ്ങള്‍ ടെസ്റ്റിംഗ് കഴിഞ്ഞ് പ്രോഡക്റ്റിറങ്ങാന്‍ വേണ്ടിവന്നേക്കും. എന്നാല്‍ സോഫ്റ്റ്വെയറിന്റെ കാര്യത്തില്‍ അത്രയും വര്‍ഷങ്ങള്‍ ആവശ്യമില്ല. 5-6 മതിയാവും എന്നാണ് എന്റെ തോന്നല്‍.

പേറ്റന്റ് എന്നത്‌ ഒരു സോഷ്യലിസ്റ്റ് സംഗതികൂടിയാണെന്ന് ഓര്‍ക്കണം. പേറ്റന്റ് എന്നൊരു സംഗതിയില്ലെങ്കില്‍, ആരും അവരുടെ സൂത്രങ്ങള്‍ വെളിപ്പെടുത്തില്ല. അതിനുപകരം സമൂഹം പറയുന്നു, നീ കണ്ടുപിടിച്ച കാര്യം എല്ലാവര്‍ക്കും പറഞ്ഞുകൊടുക്കൂ. പ്രത്യുപകാരമായി, ഒരു നിശ്ചിത കാലത്തേയ്ക്ക് ആ കണ്ടുപിടുത്തം ഉപയോഗിക്കാനുള്ള അവകാശം നിനക്ക്‌.


ദാ പിന്നീം അസ്സല് പൊട്ടത്തരം വിളിച്ചു പറഞ്ഞിരിക്കുണു. ഒന്നാമത്തെക്കാര്യം സോഫ്റ്റ്‌വെയര്‍ പൂര്‍ണമായും കോപ്പിറൈറ്റ് നിയമത്തിന്‍ കീഴിലാണ്. ഓരോ പ്രോഗ്രാമിന്റേയും കോപ്പിറൈറ്റ് അതെഴുതിയ ആള്‍ക്കാണ്. അതുകൊണ്ടുതന്നെ ലൈസന്‍സ് അനുസരിച്ചില്ലെങ്കില്‍ അവര്‍ക്ക് അത് തടയാനുള്ള എല്ലാ അധികാരവുമുണ്ട്.

പേറ്റന്റുകളുടെ കഥ വ്യത്യസ്തമാണ്. സോഫ്റ്റ്‌വെയര്‍ പേറ്റന്റുകള്‍ പ്രോഗ്രാമിനോ കോഡിനോ അല്ല. അവ ആശയങ്ങള്‍ക്കാണ്. (methods, techniques, features, algorithms, etc.). ഒരു വലിയ പ്രോഗ്രാമെന്നാല്‍ ആയിരക്കണക്കിന് ആശയങ്ങളുടെ ഒരു കൂട്ടമാണ്. അതില്‍ കുറേ ആശയങ്ങള്‍ പുതിയതായിരിക്കാം. അതല്ലെങ്കില്‍ പഴയ വല്ല സോഫ്റ്റ്‌വെയറിലും ഡെവലപ്പര്‍ കണ്ടതായിരിക്കാം പല ആശയങ്ങളും. ഈ ഓരോ ആശയങ്ങളും പേറ്റന്റ് ചെയ്യപെടുകയാണെങ്കില്‍ ഓരോ വലിയ പ്രോഗ്രാമുകളും നൂറുകണക്കിനു പേറ്റന്റുകളുടെ ലംഘനമായി മാറും. ഒരു പ്രോഗ്രാമെഴുതുക എന്നാല്‍ നൂറു വമ്പന്‍ കേസുകള്‍ ഓപ്പണ്‍ ചെയ്യുക എന്നായിരിക്കും അര്‍ത്ഥം. സോഫ്റ്റ്‌വെയര്‍ ഡെവലപ്പര്‍മാര്‍ക്കും ചിലപ്പോള്‍ ആ സോഫ്റ്റ്‌വെയറുകളുപയോഗിച്ച് സ്യൂ ചെയ്യപ്പെട്ടേയ്ക്കാവുന്ന ഉപഭോക്താക്കള്‍ക്കും വലിയൊരു തലവേദനയാണ് സോഫ്റ്റ്‌വെയര്‍ ആശയങ്ങള്‍ക്കുമുകലിലുള്ള പേറ്റന്റുകള്‍.

ആയിരക്കണക്കിനു പേറ്റന്റുകള്‍ സ്വന്തമായുള്ള കമ്പനികള്‍ അവ പരസ്പരം ക്രോസ് ലൈസന്‍സ് ചെയ്യുന്നത് അവര്‍ക്ക് ചെറിയ സോഫ്റ്റ്‌വെയര്‍ ഉല്‍പ്പാദകര്‍ക്കു മുകളില്‍ ആരോഗ്യകരമല്ലാത്ത ഒരു മേല്‍ക്കൈ നല്‍കാറുണ്ട്. അതുകൊണ്ടാണ് അവ കൂട്ടത്തോടെ സോഫ്റ്റ്‌വെയര്‍ പേറ്റന്റുകള്‍ക്കായി വാദിക്കുന്നത്.

ഇന്ത്യയില്‍ സോഫ്റ്റ്‌വെയര്‍ ആശയങ്ങള്‍ പേറ്റന്റബിള്‍ അല്ല എന്നു കൂടി പറയട്ടെ. ഇപ്പോ അമേരിക്കയില്‍ മാത്രമാണ് ആ പ്രശ്നമുള്ളത്. ഇന്ത്യയിലെ പേറ്റന്റ് നിയമം 2004ല്‍ സോഫ്റ്റ്‌വെയര്‍ ആശയങ്ങള്‍ പേറ്റന്റബിള്‍ ആക്കാന്‍ ശ്രമിച്ചപ്പോള്‍ ഞങ്ങളുടെയെല്ലാം വലിയ കാമ്പൈന്റെ ഭാഗമായാണ് അത് വേണ്ടെന്നു വെക്കാനായത്.

പിന്നെ പേറ്റന്റുകള്‍ വരുന്നത് മോഡേണിസത്തിന്റെ ഉപോല്‍പ്പന്നമായിട്ടാണ്. അതിന് സോഷ്യലിസവുമായി വലിയ ബന്ധമൊന്നുമില്ല. റൊമാന്റിക് ഇന്നോവേഷന്‍ , ഒറിജിനാലിറ്റി, ഇന്‍സന്റീവ് എന്നീ മൂന്നു കാര്യങ്ങളാണ് പേറ്റന്റ് നിയമത്തിന്റെ മൂന്നു തൂണുകള്‍. അതിനെപ്പറ്റി കൂടുതല്‍ പിന്നെയെഴുതാം.

(ഞാനീ ബ്ലോഗ് തുടങ്ങിയത് സിബുവിനെ കുറ്റം പറയാനാണോ എന്ന് ആരോ ഇതിനിടെ ചോദിച്ചിരുന്നു. പക്ഷേ സ്വതന്ത്ര സോഫ്റ്റുവെയറുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വരുമ്പോളേ എഴുതിയാലേ തീരൂ എന്നു തോന്നുന്നുന്നുള്ളൂ. അവ കൂടുതലും ഇട്ടുതരുന്നത് സിബുവാണുതാനും. അത്രേള്ളൂ ഈ ബ്ലോഗിന് സിബുവുമായുള്ള ബന്ധം.)

Friday, October 5, 2007

സ്ത്രീധനം :കേരള സമ്പദ്​വ്യവസ്ഥയുടെ നട്ടെല്ല്

കൊച്ചുത്രേസ്യയുടെ പോസ്റ്റില്‍ തുടങ്ങി സ്ത്രീധനം ഒരു ബൂലോകപ്രശ്നമായ നിലക്ക് മറ്റൊരു വാദം മുന്നോട്ടുവെക്കട്ടെ.

ഇത് പണ്ട് കുസാറ്റില്‍ പഠിക്കുന്ന കാലത്ത് ഒരു ഡിബേറ്റില്‍ (യൂത്ത്ഫെസ്റ്റിവല്‍ ഐറ്റം) എടുത്തുപ്രയോഗിച്ചതാണെന്ന ക്ഷമാപണത്തൊടെ. എനിക്കു സ്ത്രീധനത്തെ എതിര്‍ക്കേണ്ട റോളായിരുന്നു. അപ്പോ ഇന്‍സ്റ്റന്റായി ഉണ്ടാക്കിയ ഒരു ബ്രൂകാപ്പിത്തിയറിയാണിത്. സമ്മാനം ഫസ്റ്റടിച്ചു.

വാദം ഇതാണ്. സാമ്പത്തിക ക്രയവിക്രയങ്ങളാണ് ഒരു സമ്പദ്​വ്യയസ്ഥയെ നിര്‍ണ്ണയിക്കുന്നത് . കേരളത്തിലെ സാമ്പത്തിക ക്രയവിക്രയങ്ങളെ നിര്‍ണ്ണയിക്കുന്നതിലെ ചാലകശക്തി സ്ത്രീധനമാണ്. അതുകൊണ്ട് തന്നെ സ്ത്രീധനം കേരള സമ്പദ്​വ്യവസ്ഥയുടെ നട്ടെല്ലാണ്.


ഇപ്പൊ ദേ ഇത്രയുമേ പറയുന്നുള്ളൂ. ബാക്കി ഞാന്‍ നാളെ രാത്രിയോ ഞായറാഴ്ചയോ എഴുതിമുഴുമിക്കാം . അതിനുമുന്‍പേ ചിലപ്പോള്‍ കമന്റുകളായി അതു പൊങ്ങിവന്നാല്‍ അത്രേം പറയാതെ കഴിഞ്ഞല്ലോ

Thursday, September 27, 2007

ആദ്യത്തെ മലയാളം യൂണിക്കോഡ് ഫോണ്ട് സ്വതന്ത്രസോഫ്റ്റ്​വെയര്‍ (തൂലികയല്ല.)

മലയാളത്തിലെ ആദ്യത്തെ യൂണിക്കോഡ് ഫോണ്ട് തൂലികയാണെന്ന റാല്‍മിനോവിന്റെ പോസ്റ്റിനുള്ള മറുപടി

റാല്‍മിനോവേ, ഒരു വിയോജിപ്പു രേഖപ്പെടുത്തട്ടെ. ആദ്യത്തേതേത് എന്നത് എപ്പോഴും ചര്‍ച്ചയാണല്ലോ. സിബുവിന്റെ ബ്ലോഗില്‍ നടന്ന ചര്‍ച്ചകളില്‍ കോപ്പിറൈറ്റും ജിപിഎല്ലും എന്ന ഫ്രെയിമില്‍ രചന , അഞ്ജലി എന്നിവയില്‍ ആദ്യമിറങ്ങിയതേത് എന്നതായിരുന്നു പ്രധാന ചര്‍ച്ച എന്നതിനാല്‍ പലതും പിന്നെ പറയാമെന്നു കരുതി വിട്ടു.

സ്വതന്ത്ര സോഫ്റ്റ്​വെയര്‍ ലോകം പത്രപ്രസ്താവനകളിലും മറ്റും അധികം ശ്രദ്ധിച്ചിട്ടില്ലാത്തതിനാല്‍ മലയാളം കമ്പ്യൂട്ടിങ്ങില്‍ സ്വതന്ത്ര സോഫ്റ്റ്​വെറുകളുടെ പങ്ക് ( അത് കുത്തക സോഫ്റ്റ്​വെയറുകളേക്കാള്‍ വളരെക്കൂടുതലാണ്.) വിന്‍ഡോസ് ഉപയോക്താക്കളുടെ ലോകം വേണ്ടത്ര എണ്ണപ്പെട്ടിട്ടില്ല. മലയാളം കമ്പ്യൂട്ടിങ്ങിന്റെ സ്വതന്ത്ര സോഫ്റ്റ്​വെയര്‍ ചരിത്രമൊന്ന് എഴുതണമെന്നുണ്ട്. സമയം അനുവദിക്കുമെങ്കില്‍ ഞാന്‍ അതിനായി മറ്റൊരു ബ്ലോഗ് അതിനായി തുടങ്ങാമെന്നു കരുതുന്നു.

ആദ്യത്തെ മലയാളം യൂണിക്കോഡ് ഫോണ്ട് തൂലികയാണെന്ന വാദത്തോട് ഞാന്‍ വിയോജിക്കുന്നു. തൂലികയുടെ വെബ്സൈറ്റില്‍ പറയുന്നത് 2002 ആഗസ്റ്റില്‍ ആണ് യൂണിക്കോഡ് ഫോണ്ട് പുറത്തിറക്കിയതെന്നാണ്. കലാകൗമുദിയില്‍ വന്ന ഈ വാര്‍ത്തയെ അടിസ്ഥാനമാക്കുകയാണെങ്കില്‍ അതിറങ്ങുന്നത് 2002 ജൂണിലാണ്. പക്ഷേ അതിനുമുമ്പേ സ്വതന്ത്ര സോഫ്റ്റ്​വെയറില്‍ ഒരു മലയാളം യൂണിക്കോഡ് ഫോണ്ട് ഉണ്ടായിക്കഴിഞ്ഞിരുന്നു. 2002 മാര്‍ച്ചില്‍ തന്നെ

കഥ ഇങ്ങനെ.
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് പ്രോജക്റ്റിന്റെ ആദ്യകാലത്ത് യൂണിക്കോഡ് ഫോണ്ടിനായുള്ള അന്വേഷണം നടക്കുകയാണ്. ആയിടയ്ക്കാണ് ടെക്കില്‍ (TeX) മലയാളം പിന്തുണ കൂട്ടിച്ചേര്‍ക്കുന്നത്.(ടൈപ്പ് സെറ്റിങ്ങിനുപയോഗിക്കുന്ന വളരെ ശക്തവും ലളിതവുമായ ഒരു അപ്ലിക്കേഷനാണ് ടെക് , ബ്ലോഗില്‍ ഇതിനെപ്പറ്റി പലപ്പോഴും ഉമേഷ് പറഞ്ഞിട്ടുണ്ടെന്നു തോന്നുന്നു.) (യൂണിക്കോഡല്ല). ജെറോണ്‍ ഹെല്ലിങ്ങ്മാന്‍ എന്ന പുള്ളിയാണ് ഇതുപിന്നില്‍ പ്രവര്‍ത്തിച്ചത്. കക്ഷി ടെക്കിനുവേണ്ടി ചെയ്ത മലയാളം.ttf എന്ന മെറ്റാഫോണ്ട് ട്രൂടൈപ്പ് ആക്കി മാറ്റി അതില്‍ ഓപ്പണ്‍ടൈപ്പ് ടേബിളുകള്‍ ചേര്‍ത്തത് എന്‍.വി.ഷാജിയാണ്. അന്നു പിഎഫ്എ എഡിറ്റ് എന്നപേരിലറിയപ്പെട്ടിരുന്ന ഫോണ്ട്ഫോര്‍ജിന്റെ മുന്‍ഗാമിയെയാണ് ഇതുനിര്‍മ്മിക്കാനായി ഉപയോഗിച്ചത്. 2002 മാര്‍ച്ചില്‍ ഇത് പുറത്തിറങ്ങി. ഉപയോഗിച്ചും തുടങ്ങി. കൂടുതല്‍ ചര്‍ച്ചകള്‍ മലയാളം ലിനക്സ് എന്ന യാഹൂഗ്രൂപ്പില്‍ കാണാം. അക്കാലത്ത് പിഎഫ്എ എഡിറ്റില്‍ പരിമിതമായ സൌകര്യങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനാല്‍ അഖണ്ട് രീതിയിലാണ് ഈ ഫോണ്ട് നിര്‍മ്മിച്ചിരുന്നത്. പിന്നീട് ബൈജു.എം. ഈ ഫോണ്ടിനെ പരിഷ്കരിച്ച് GSUB ടേബിളുകള്‍ കൂട്ടിച്ചേര്‍ത്ത് MalOtf എന്ന മറ്റൊരു ഫോണ്ട് ഉണ്ടാക്കി. ഇവ രണ്ടും ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ലഭ്യമാണ്. അടുത്ത കാലം വരെ എല്ലാ ഗ്നു/ലിനക്സ് വിതരണങ്ങളിലും മലയാളം.ttf ഉള്‍ക്കോള്ളിച്ചിരുന്നു. 2-3 മാസങ്ങള്‍ക്കുമുമ്പാണ് ഡെബിയനില്‍ നിന്നും ഉബണ്ടുവില്‍ നിന്നും ഈ ഫോണ്ട് നീക്കം ചെയ്യാന്‍ തീരുമാനിച്ചത്.

സിബുവൊക്കെ ആ സമയത്ത്. മലയാളം ലിനക്സ് ഗ്രൂപ്പിലുണ്ടായിരുന്നയാളാണ്. ഈ കത്ത് ഈ ഫോണ്ട് നിര്‍മ്മാണ ചര്‍ച്ചക്കിടയില്‍ അദ്ദേഹം അയച്ചതാണ്. എന്നിട്ടുമെന്താണാവോ ഇതു മറന്നു പോയത്.

മലയാളം കമ്പ്യൂട്ടിങ്ങിന്റെ സ്വതന്ത്ര സോഫ്റ്റ്​വെയര്‍ ചരിത്രത്തെപ്പറ്റിയുള്ള ഒരു ബ്ലോഗ് പ്രതീക്ഷിക്കുക.

Saturday, September 22, 2007

ഫോണ്ട് എംബഡിങ്ങ് ഒരു പരിഹാരമാണോ?

അടുത്തകാലത്ത് സിബുവിന്റെ ബ്ലോഗിലും റാല്‍മിനോവിന്റെ ബ്ലോഗിലുമായി ഫോണ്ട് എംബഡിങ്ങിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വളരെ കൂടുതലായി കണ്ടുവരുന്ന സാഹചര്യത്തില്‍ അവയൊന്നു വിശദീകരിക്കേണ്ടത് അത്യാവശ്യമാണെന്നു തോന്നുന്നു.

എന്താണ് ഫോണ്ട് എംബഡിങ്ങ് ?

ഒരു വെബ്സൈറ്റ് ലോഡ് ചെയ്യുന്നതോടൊപ്പം അതുകാണിക്കുന്നതിനായുള്ള അക്ഷരരൂപവും സ്വയം ലോഡ് ചെയ്യുന്നതിനുള്ള പരിപാടിയാണ് ഫോണ്ട് എംബഡിങ്ങ്. ഫോണ്ട് പ്രത്യേകം ഇന്‍സ്റ്റാള്‍ ചെയ്യാതെ കാണിക്കാന്‍ ഇത് ഉപയോഗിച്ചിരുന്നു. ആസ്കി ഫോണ്ടുകളുടെ കാലത്ത് അതായത് (ഓരോ പത്രത്തിനും സ്വന്തം ആസ്കി രൂപങ്ങളുണ്ടായിരുന്ന അന്തക്കാലത്ത് )ആണ് ഈ ടെക്നോളജി വന്നത്. നെറ്റ്സ്കേപ്പ് ആയിരുന്നു ഡൈനാമിക് ഫോണ്ട് എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത്. പിന്നെ ബിസ്ട്രീം എന്ന അക്ഷരരൂപനിര്‍മ്മാണ കമ്പനിയുടെ ബിസ്ട്രീം ഫോണ്ട് പ്ലേയര്‍ എന്ന പ്രയോഗം വന്നു. ഒരു പ്ലഗ്ഗിന്‍ രീതിയായിരുന്നു ഇതിന് .ട്രൂഡോക് എന്ന ഡെവലപ്മെന്റ് കിറ്റാണ് ഇതിനായി ഉപയോഗിച്ചിരുന്നത്. 1997ല്‍ മൈക്രോസോഫ്റ്റ് ബിസ്ട്രീമിനെ പിന്തുണക്കുന്നത് അവസാനിപ്പിക്കുകയും ഇതേ ആവശ്യത്തിനായുള്ള വെഫ്റ്റ് എന്ന (Web Embedding Font Tool (WEFT)) മൈക്രോസോഫ്റ്റ് പ്രയോഗം ഐ.ഇ 4.0 ക്കു വേണ്ടി ഇറക്കുകയും ചെയ്തു. ഇത് ഇന്റര്‍നെറ്റ് എക്സ്​പ്ലോററിനു മാത്രം വേണ്ടിയുള്ളതായിരുന്നു. ഓപ്പണ്‍ടൈപ്പായപ്പോള്‍ പേജ് ഏതുയൂണിക്കോഡ് ഫോണ്ടിലായാലും നമുക്കിഷ്ടം പോലെ രചനയിലോ അഞ്ജലിയിലോ കാര്‍ത്തികയിലോ ഒക്കെ കാണാമെന്ന നില വന്നു. പക്ഷേ പ്രസാധകന്‍ നാട്ടരെല്ലാം എന്റെ സൈറ്റ് രചനയില്‍ മാത്രം അല്ലെങ്കില്‍ തൂലികയില്‍ മാത്രം കണ്ടാല്‍മതിയെന്നു തീരുമാനിച്ചാല്‍ എന്തുചെയ്യും അപ്പോഴാണ് ഓപ്പണ്‍ടൈപ്പ് ഫോണ്ട് എംബഡിങ്ങ് എന്ന പരിപാടി വരുന്നത്. ടൂള്‍ വെഫ്റ്റ് തന്നെ. ഈ പറഞ്ഞതെല്ലാം നോണ്‍ഫ്രീ ആണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഫോണ്ട് എംബഡിങ്ങ് എന്തിനുവേണ്ടിയാണ്?

സിബു ഫോണ്ട് എംബഡിങ്ങിനുവേണ്ടിപറയുന്ന ന്യായങ്ങള്‍ ഇവയാണ്.

1. ഫോണ്ട് ക്രിയേറ്ററുടെ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷന്‍
2. വെബ് എഡിറ്റര്‍ സോഫ്റ്റ്വെയറുകളുടെ ഉപയോഗത്തിന്. കുറച്ചുനാള്‍ കഴിയുമ്പോള്‍ മലയാളത്തില്‍ തന്നെ അനേകം വ്യത്യസ്തങ്ങളായ നല്ല ഫോണ്ടുകളുണ്ടാവും എന്നോര്‍ക്കണം. ഓരോ വെബ് എഡിറ്റര്‍ ഉപയോഗിക്കുമ്പോഴും യൂസര്‍ ആ ഫോണ്ടുകള്‍ ഡൌണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാ‍ള്‍ ചെയ്യണം എന്നുവരുന്നത്‌ കഷ്ടമല്ലേ.
3. പത്രങ്ങള്‍ക്കും ബ്ലോഗുകള്‍ക്കും കൃത്യമായതും നല്ലതുമായ യൂസര്‍ എക്സ്പീരിയന്‍സ് കൊടുക്കാന്‍. ഇന്നത്തെ രീതിയില്‍ ഒരു ബ്ലോഗ് വായിക്കാന്‍ വരുന്നയാള്‍, എഴുതിയ ആളുദ്ദേശിച്ച പോലെ കാണണമെങ്കില്‍ അവിടെ ഉപയോഗിച്ചിരിക്കുന്ന ഫോണ്ടുകള്‍ ഡൌണ്‍ലോഡ് ചെയ്ത്‌ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടിവരും.


ഇതില്‍ ഒന്നാമത്തെ കാരണം ഉപഭോക്താവിന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ്. ഞാനെങ്ങനെകാണണം എന്നു തീരുമാനിക്കുന്നത് ഞാനല്ല എന്നതാണ് ഇതിലെ പ്രധാന പ്രശ്നം. (ഫോണ്ട് അഥവാ അക്ഷരരൂപം എന്നത് കോപ്പിറൈറ്റ് നിയമത്തിനടിയിലാണ് വരുന്നത്. "ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി" എന്ന വാക്ക് തെറ്റിദ്ധാരണാജനകമാണെന്ന് ആദ്യം പറഞ്ഞോട്ടെ . കാരണം ഇവിടെ)। സാധാരണയായി ഒരു പേജ് ഏതുഫോണ്ടില്‍ കാണിക്കണമെന്നു തീരുമാനിക്കുവാനുള്ള നിര്‍മ്മാതാവിന്റെ അവകാശം ആ പേജിന്റെ CSS (cascading style sheet)ല്‍ ഫോണ്ട് ഫാമിലി തീരുമാനിക്കുന്നതിലൊതുങ്ങുന്നു. അത് W3C സ്റ്റാന്‍ഡേര്‍ഡ് അനുസൃതമായതിനാല്‍ എല്ലാ ബ്രൌസറിലും വ്യക്തമായി കാണാനാകും. (ഹരീ ഇതെക്കുറിച്ചെഴുതിയിരിക്കുന്നത് ഇവിടെ വായിക്കാം) പിന്നെ എഴുതിയ ആളുദ്ദേശിച്ച പോലെ കാണണമെങ്കില്‍ അവിടെ ഉപയോഗിച്ചിരിക്കുന്ന ഫോണ്ടുകള്‍ ഡൌണ്‍ലോഡ് ചെയ്ത്‌ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടിവരും എന്നത് ഒരിക്കലും ഒരു കുറവല്ല. ഇപ്പോള്‍ എങ്ങനെയാണ് ഫോണ്ടുകള്‍ ലഭ്യമാകുന്നത്? രണ്ടാമത്തേത് ഒന്നുമല്ലാത്ത ഒരു ഇഷ്യൂ ആണ് . വെബ് എഡിറ്ററെന്താ Font Dependent ആണോ? എന്തായാലും എല്ലാം യൂണിക്കോഡല്ലേ മാഷെ.

മൂന്നാമത്തെതില്‍ അല്പം കാര്യമുണ്ട്. "കൃത്യമായതും നല്ലതുമായ യൂസര്‍ എക്സ്പീരിയന്‍സ് " എന്ന പോയന്റില്‍ .അതിനുള്ള പരിഹാരം വഴിയേ പറയാം

ഫോണ്ട് എംബഡിങ്ങ് സ്വീകരിക്കാവുന്ന ഒരു പരിഹാരമല്ലാത്തതെന്തുകൊണ്ട് ?

കഴിഞ്ഞുപോയ കാലത്തിന്റെ പ്രതിനിധിയായാണ് ഞാന്‍ ഫോണ്ട് എംബഡിങ്ങിനെ കാണുന്നത്. കാരണം അത് വിന്‍ഡോസിലെ ഇന്റര്‍നെറ്റ് എക്സ്​പ്ലോററില്‍ മാത്രമേ എന്നത് ഒന്നാമത്തെ കാരണം . ഇന്റര്‍നെറ്റ് എക്സ്​പ്ലോററിന്റെ മാര്‍ക്കറ്റ് പങ്കാളിത്തം അതിവേഗം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഫയര്‍ഫോക്സിനെ പിന്തുണക്കാത്ത ഒരു ടെക്നോളജിയാണിത്. ഉപഭോക്താവിന്റെ അനുവാദമില്ലാതെ ഫോണ്ട് ഡാറ്റ നമ്മുടെ കമ്പ്യൂട്ടറിലേക്ക് ഡൌണ്‍ലോഡ് ചെയ്യുന്നതുതന്നെ ഫയര്‍ഫോക്സിന്റെ നിര്‍മ്മാണതത്വങ്ങള്‍ക്കെതിരാണ്. (ActiveX നെ ഫയര്‍ഫോക്സ് പിന്തുണക്കാത്തതിനു കാരണവും ഇതുതന്നെയാണ്) . അതുപോലെ ഫോണ്ട് ഉപയോഗരീതി എല്ലായ്പോളും ഓപ്പറേറ്റിങ്ങ് സിസ്റ്റം ആര്‍ക്കിടെക്ചര്‍ അധിഷ്ഠിതമായതിനാല്‍ അതിനാല്‍ സിബു പറഞ്ഞ സ്പെസിഫിക്കേഷനുണ്ടാക്കുകയെന്ന "അടിപൊളി പ്രൊജക്റ്റൊന്നും" നടക്കുന്ന കാര്യമല്ല. വെഫ്റ്റ് ഒരു തുറന്ന സ്റ്റാന്‍ഡേര്‍ഡ് അല്ലാത്തത്തതിന്റെ പ്രശ്നം അടുത്തത്.

മലയാളത്തില്‍ ഒട്ടനവധി ഫോണ്ടുകള്‍ ഇനിയുമുണ്ടാകും. ചിലപ്പോള്‍ വെബ് ഉപയോഗത്തില്‍ ഒന്നിലധികം ഫോണ്ടുകള്‍ ഒരേപേജില്‍ത്തന്നെ വേണ്ടിവന്നേക്കാം. "കൃത്യമായതും നല്ലതുമായ യൂസര്‍ എക്സ്പീരിയന്‍സ് " നല്‍കാന്‍ അപ്പോള്‍ ഫോണ്ട് എംബഡിങ്ങിനെ ആശ്രയിച്ചാല്‍ എന്തുപറ്റുമെന്നു നോക്കാം. എത്ര ഫോണ്ടുകള്‍ പേജില്‍ ആവശ്യമാണോ അത്രയും ഫോണ്ടുകള്‍ എംബഡ് ചെയ്യേണ്ടിവരുന്നു. വെബ് പേജിന്റെ വലിപ്പം ഒരുപാട് വര്‍ദ്ധിക്കുന്നു (സിബു, റാല്‍മിനോവ്, കമ്പ്യൂട്ടറില്‍ ഫോണ്ടുണ്ടെങ്കിലും ഇത് ആ ഫോണ്ട് പിന്നെയും ഡൌണ്‍ലോഡ് ചെയ്യുമോ എന്നൊന്നു വ്യക്തമാക്കാമോ?).എന്നാലോ. ഇന്റര്‍നെറ്റ് എക്സ്​പ്ലോററിലൊഴിച്ച് എവിടെയും ഇതിന്റെ ഫലം കിട്ടുകയുമില്ല. ചുരുക്കിപ്പറഞ്ഞാല്‍ ഇതൊരു മുടന്തന്‍ ടെക്നോളജിയായി മാറുന്നു.

(അതിനോടൊപ്പം എംബഡബിള്‍ ഫോണ്ട്, ചെറിയഫോണ്ട് തുടങ്ങിയവ പുതിയലിപി വാദങ്ങളായി അവതരിക്കാനും സാധ്യതയുണ്ട് , സിബു മുന്‍പൊരിക്കല്‍ കമ്പ്യൂട്ടര്‍ ഡിസ്പ്​ളേയ്ക്ക് നല്ലത് പുതിയലിപിയാണെന്നു പറഞ്ഞതുകൂടി കണക്കിലെടുക്കുമ്പോ)


ഫോണ്ട് "എംബഡിങ്ങല്ലാതെ കൃത്യമായതും നല്ലതുമായ യൂസര്‍ എക്സ്പീരിയന്‍സിന് "വേറെ വഴിയില്ലേ?

നിരവധി മാര്‍ഗ്ഗങ്ങളുണ്ടാകാം. എനിക്കു പെട്ടെന്നുതോന്നുന്ന ഒരു രൂപഭംഗിവര്‍ദ്ധിപ്പിക്കല്‍ പരിപാടി സൈഫര്‍ (sIFR- Scalable Inman Flash Replacement)എന്ന സ്വതന്ത്ര ടെക്നോളജിയാണ്. ഇത് മൈക്ക് ഡേവിഡ്​സണ്‍ , മാര്‍ക്ക് വുബന്‍ എന്നിവര്‍ ചേര്‍ന്ന് വികസിപ്പിച്ചതാണ്. ഇത് XHTML ലും ഫ്ലാഷും ചേര്‍ത്ത ഒരു പരിഹാരമാണ്. ഗ്നു ലെസ്സര്‍ ജനറല്‍ പബ്ലിക് ലൈസന്‍സിലാണ്(LGPL) ഇത് ലഭ്യമായിരിക്കുന്നത്. സൈഫറിന്റെ ഒരു ഉദാഹരണ പേജ്നോക്കുക. ഇതിന്റെ പ്രവര്‍ത്തനം താഴെപ്പറയുന്നപോലെയാണ്.

1. ഒരു സാധാരണ (X)HTML പേജ് ബ്രൌസറില്‍ തുറന്നുവരുന്നു.
2. ഒരു ജാവസ്ക്രിപ്റ്റ് ഫങ്ഷന്‍ ഫ്ലാഷ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടോ എന്നും ഏതെല്ലാം ഭാഗങ്ങള്‍ക്കാണ് സൈഫര്‍ ആവശ്യമെന്നും പരിശോധിക്കുന്നു.
3. ഫ്ലാഷ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലെങ്കില്‍ (ജാവാസ്ക്രിപ്റ്റ് ഓഫാണെങ്കിലും), (X)HTML പേജ് സാധാരണ പോലെ കാണിക്കുന്നു. ഫ്ലാഷുണ്ടെങ്കില്‍ ജാവാസ്ക്രിപ്റ്റ് നിങ്ങളുടെ സോഴ്സ് ഫയല്‍ പരിശോധിച്ച് ഓരോ സൈഫര്‍ എലമെന്റിനേയും അളക്കുന്നു.
4. അളന്നുകഴിഞ്ഞ ശേഷം ജാവസ്ക്രിപ്റ്റ് യഥാര്‍ത്ഥ വസ്തുതകള്‍ക്കുമുകളില്‍ (അതായത് നമ്മുടെ ടെക്സ്റ്റിനു മുകളില്‍) ഒരു പാട പോലെ കൃത്യമായ അളവുകളില്‍ ഒരു ഫ്ലാഷ് മൂവി ഉണ്ടാക്കുന്നു
5. ഓരോ ഫ്ലാഷ് ഫയലിലും അടങ്ങിയ ആക്ഷന്‍സ്ക്രിപ്റ്റ് നമ്മള്‍ നിര്‍ദ്ദേശിച്ച ഫോണ്ട് ഉപയോഗിച്ച് ഫ്ലാഷ് മൂവിക്കനുയോജ്യമായ രീതിയില്‍ നമ്മുടെ ടെക്സ്റ്റിനെ വരക്കുന്നു.

ഈ രീതി 90 % ബ്രൌസറുകളിലും പ്രവര്‍ത്തിക്കുന്നതാണ്. പക്ഷേ ഇപ്പോള്‍ ഇതിന് യൂണിക്കോഡ് സപ്പോര്‍ട്ട് ഇല്ല. ഗ്നാഷ് എന്ന ഗ്നു പ്രൊജക്റ്റിന്റെ സ്വതന്ത്ര ഫ്ലാഷ് പ്ലേയറില്‍ യൂണിക്കോഡ് സപ്പോര്‍ട്ട് ഉള്ളതുകൊണ്ട് സൈഫറിലും ഇത് പ്രായോഗികമാക്കാവുന്നതാണ്. ഇതൊരു നല്ല പ്രൊജക്റ്റ് ഐഡിയയാണെന്നു തോന്നുന്നു.

യൂണിക്കോഡ് സപ്പോര്‍ട്ട് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലില്ലെങ്കില്‍ക്കൂടി യൂണിക്കോഡില്‍ പേജ് കാണിച്ചുകൊടുക്കാനാവും എന്ന പ്രത്യേകതയും ഇതിനുണ്ട്. സൈഫര്‍ കോഡിനെ സ്വതന്ത്ര കണ്ടന്റ് മാനേജ്മെന്റ് സിസ്റ്റങ്ങളുമായി ബന്ധിപ്പിച്ചാല്‍ , (ഉദാഹരണത്തിന്, ദ്രുപല്‍, വേര്‍ഡ്പ്രസ് , ജൂംല പ്ലഗ്ഗിനുകള്‍ )ഒരേ ഒരു തവണ ഓരോഭാഗത്തിനും വേണ്ട അക്ഷരസഞ്ചയം ഏതെന്നു തിരഞ്ഞെടുക്കാനുള്ള പ്രിഫറന്‍സ് കൊടുത്താല്‍ വെബ്സൈറ്റിന്റെ രൂപഭംഗി തീരുമാനിക്കപ്പെടുന്നതിനെപ്പറ്റി ആലോചിചു നോക്കൂ. ഡെവലപ്പര്‍മാരെ ഓടി വരൂ.

ഇത് എന്തായാലും ഫോണ്ട് എംബഡിങ്ങിനേക്കാള്‍ കൂടുതല്‍ പ്ലാറ്റ്ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന മാര്‍ഗ്ഗമാണെന്നു മനസ്സിലായല്ലോ. അതുപോലെ ഇനിയും വഴികള്‍ കണ്ടേക്കാം. ഇതൊരുദാഹരണം മാത്രം

അപ്പോള്‍ ഈ പ്രശ്നത്തിനു ശാശ്വത പരിഹാരമെന്ത്?

ഹരിയും ജിനേഷും പറഞ്ഞപോലെ ഒരു സ്വതന്ത്രവും സ്റ്റാന്‍ഡേര്‍ഡുമായ അക്ഷരരൂപസഞ്ചയം ഉണ്ടാക്കുകയാണ് ഇതിനു പരിഹാരം. അപ്പോള്‍ അവയെ ഫോണ്ട്ഫാമിലിയായി CSSല്‍ത്തന്നെ രേഖപ്പെടുത്താവുന്നതാണ്. മലയാളത്തിന് ഒരു ഫോണ്ട് സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ ഗ്രൂപ്പ് വേണ്ടതിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.

Friday, September 21, 2007

ഗ്നുവും ജിപിഎല്ലും ഫോണ്ട് എംബഡിങ്ങും

റാല്‍മിനോവ് ഇവിടെ ഉന്നയിച്ച സംശയങ്ങള്‍ക്കുള്ള മറുപടി

വോള്‍ട്ടിന്റെ കഥയൊന്നും എനിക്കറിയില്ല. കാരണം അതെന്താന്നു തന്നെ വല്യേ പിടുത്തം പോരാ.
പിന്നെ ബാക്കിക്കാര്യം

ഒരു ഗ്നു ഫോണ്ട് എംബഡ് ചെയ്താല്‍ ആ ഡോക്യുമെന്റ് ഗ്നുവില്‍ പെടുമോ ? അങ്ങനെയെങ്കില്‍ ആ ഫോണ്ടുപയോഗിച്ചു് പ്രസിദ്ധീകരിക്കുന്ന പത്രവും അതില്‍ പെടണ്ടേ, പെടുമോ ?


റാല്‍മിനോവെ , ഗ്നുവും ജിപിഎല്ലും തമ്മില്‍ വ്യത്യാസമുണ്ട്. ഗ്നു ഒരു പ്രോജക്ടിന്റെ പേരാണ്. യുണിക്സിനെപ്പോലുള്ള ഒരു സ്വതന്ത്ര ഓപ്പറേറ്റിങ്ങ് സിസ്റ്റം നിര്‍മ്മിക്കുക എന്ന ഉദ്ദേശ്യത്തോടെ 1983ല്‍ സ്റ്റാള്‍മാന്‍ തുടങ്ങിയ പ്രോജക്ടാണിത്. ജിപിഎല്‍ എന്നാല്‍ ഒരു ലൈസന്‍സാണ്. അത് ഗ്നു പ്രൊജക്ടിന്റെ ഭാഗമായി നിര്‍മ്മിച്ചതായതിനാല്‍ ഗ്നു ജിപിഎല്‍ എന്നു പറയുന്നു. ലോകത്ത് 70% ത്തോളം സ്വതന്ത്ര സോഫ്റ്റ്​വെയറുകളും ഈ ലൈസന്‍സാണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് ഗ്നു എന്നു മാത്രം പറഞ്ഞാല്‍ അര്‍ത്ഥം മാറിപ്പോകും . ജിപിഎല്‍ എന്നോ ഗ്നു ജിപിഎല്‍ എന്നോ പറയുക.

ഈ എംബഡ് എന്ന വാക്കാണു പ്രശ്നം. അതായത് നമ്മള്‍ മലയാളത്തില്‍ യൂണിക്കോഡ് ഫോണ്ട് ഉപയോഗിച്ച് ഒരു പിഡിഎഫ് ഉണ്ടാക്കിയെന്നിരിക്കട്ടെ. നമ്മള്‍ക്കാ പിഡിഎഫ് കാണാനാകുന്നത് അതിനുള്ളില്‍ ഈ ഫോണ്ട് എംബഡ് ചെയ്തതുകൊണ്ടാണ്. ഇനി ആ ഫോണ്ട് ജിപിഎല്‍ ആണെന്നിരിക്കട്ടെ നമ്മളുണ്ടാക്കുന്ന പിഡിഎഫ് ആ ഫോണ്ടുള്‍​ക്കൊള്ളിച്ച പുതിയൊരു സാധനമാണ്. ജിപിഎല്‍ ഫോണ്ട് ഉള്‍ച്ചേര്‍ന്നതിനാല്‍ അതിന്റെ വിതരണം ജിപിഎല്‍ അനുശാസിക്കുന്ന രീതിയിലേ പറ്റൂ. ഇത് യഥാര്‍ത്ഥത്തില്‍ കോപ്പിറൈറ്റ് നിയമത്തിന്റെ ഒരു പ്രശ്നമാണ്. കൂടുതല്‍ ഇവിടെ. സാധാരണ വെബ് ഉപയോഗത്തിന് ബാധകമാണിതെന്ന് എനിക്കു തോന്നുന്നില്ല. സൈറ്റില്‍ എംബഡ് ചെയ്യുന്ന കാര്യത്തില്‍ എനിക്കത്ര വിവരം പോരാ. ഇത് ഒട്ടനവധി പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടാക്കുന്നു. അതിനാലാണ് ഫോണ്ട് എക്സപ്ഷന്‍ എന്ന പരിപാടി തുടങ്ങിയത്.
ഇത് ഫോണ്ട് നിര്‍മ്മാതാക്കള്‍ തന്നെ അതുണ്ടാക്കുമ്പോള്‍ ജിപിഎല്‍ ലൈസന്‍സിനു താഴെ ചെറിയൊരു കുറിപ്പുകൂടി കൂട്ടിച്ചേര്‍ക്കുന്ന പരിപാടിയാണ്.
ഇതാണ് കുറിപ്പ്
As a special exception, if you create a document which uses this font, and embed this font or unaltered portions of this font into the document, this font does not by itself cause the resulting document to be covered by the GNU General Public License. This exception does not however invalidate any other reasons why the document might be covered by the GNU General Public License. If you modify this font, you may extend this exception to your version of the font, but you are not obligated to do so. If you do not wish to do so, delete this exception statement from your version.


രചന(Rachana_w01) ഫോണ്ടില്‍ ഇതില്ല. അതുകൊണ്ട് രചന എംബഡ് ചെയ്തതൊക്കെ ജിപിഎല്‍ ആയി മാറും. രചനയില്‍ വേണമെങ്കില്‍ ഹുസ്സൈന്‍ മാഷോട് പറയുക. പുതിയതായിറക്കിയ മീരയില്‍ ഇതുണ്ട്. അതുകൊണ്ട് എവിടെയും ധൈര്യമായി എംബഡ് ചെയ്യാം.

പിന്നെ ജിപിഎല്‍ ലൈസന്‍സ്. അത് തന്നെപ്പോയി വായിച്ചു പഠിച്ചേ ഒക്കൂ. കൂടുതല്‍ സംശയങ്ങള്‍ക്ക് ലൈസന്‍സിങ്ങ് അറ്റ് ഗ്നു.ഓര്‍ഗില്‍ ഒരു മെയിലിടുക.

Thursday, September 20, 2007

പിന്‍മൊഴി, കോടിപതി, കോണ്‍സ്പിരസി (അതായത് സിബു, ചെറുവക, രചന)

ചെറുവകയിലെ സിബുവിന്റെ ഈ കമന്റിനുള്ള മറുപടി

സിബു:പിന്മൊഴി നിറുത്തി കോടിപതിയായപോലെ തന്നെയേ ഉള്ളൂ ഇവിടെയെമ്പാടും ചിതറിക്കിടക്കുന്ന എനിക്കെതിരെയുള്ള (ഉമേഷിനെതിരേയും) കോണ്‍സ്പിരസി ആരോപണങ്ങള്‍. അവയ്ക്ക്‌ മറുപടി പറഞ്ഞ്‌ സമയം കൊല്ലാനില്ല. എന്റെ ചോദ്യങ്ങളെല്ലാം എനിക്ക് വ്യക്തിപരമായി ഉണ്ടായിരുന്ന ടെക്നിക്കല്‍ സംശയങ്ങള്‍ തീര്‍ക്കുക ലക്ഷ്യം വച്ചുള്ളവയാണ്. അത്‌ രചനയെ ബോധ്യപ്പെടുത്തുക എങ്ങനെയാണെന്നറിയില്ല. അതില്‍ ഞാന്‍ അമ്പേ പരാജയപ്പെട്ടെങ്കിലും കാര്യങ്ങളെ പോസ്റ്റിറ്റീവായി കാണാനേ ഇനിയും ഉദ്ദേശിച്ചിട്ടുള്ളൂ...


എതിനാ വെറുതെ ഉമേഷിനെ കൂട്ടിനു വിളിക്കുന്നത്. ഒറ്റക്കങ്ങേറ്റിയാല്‍ പോരെ. ഉമേഷ് ലൈസന്‍സിങ്ങ് സംശയം മാത്രമേ ചോദിച്ചിട്ടുള്ളൂ. സിബൂ ഇതിലൊരു കോണ്‍സ്പിരസിയുമുണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നില്ല. ഉമേഷാണെങ്കില്‍ സ്വന്തം നിലപാട് വ്യക്തമാക്കുകയും ചെയ്തു. സിബുവിന്റെ ഈഗോ പ്രശ്നങ്ങള്‍ മാത്രമേ എനിക്കു കാണാനുള്ളൂ. സിബുവിന്റെ കാളമൂത്രം പോലെയുള്ള (ചാഞ്ചാടിക്കളിച്ചാലും ഒഴിക്കുന്നത് മൂത്രമായിരിക്കണം എന്ന നിര്‍ബന്ധം) നിലപാടുകളാണ് ഇത്രയും പറയിപ്പിച്ചത്. പക്ഷേ ഒരു തരത്തില്‍ ഞാന്‍ സിബുവിനോട് കടപ്പെട്ടിരിക്കുന്നു. മലയാളം ബ്ലോഗുലകത്തില്‍ ആദ്യമായി സ്വതന്ത്ര സോഫ്റ്റ്​വെയര്‍ ലൈസന്‍സുകളെക്കുറിച്ച് , അതിന്റെ സ്വാതന്ത്ര്യങ്ങളെക്കുറിച്ച് സംസാരിക്കാന്‍ അവസരം ഒരുക്കിയതിന് . അത് സിബുവിന് മനസ്സിലായില്ലെങ്കിലും ( മനസ്സിലായി എന്നു സമ്മതിച്ചില്ലെങ്കിലും എന്നു തിരുത്തിവായിക്കാനപേക്ഷ) മറ്റ് ഒരുപാടുപേര്‍ ഇതു വായിച്ചിട്ടുണ്ട്. മനസ്സിലാക്കിയിട്ടുണ്ടുമുണ്ട്. പിന്നെ രചന അക്ഷരവേദിക്കാരൊന്നും ഈ ചര്‍ച്ചയില്‍ വന്നുകണ്ടില്ല. അതുകൊണ്ട് സിബുവിനനുകൂലമായില്ലെങ്കില്‍ അവര്‍ രചനയാണ് എന്നത്, "നിങ്ങള്‍ ഞങ്ങള്‍ക്കൊപ്പമില്ലെങ്കില്‍ തീവ്രവാദികള്‍ക്കൊപ്പമാണ്" എന്നു ജോര്‍ജ് ബുഷ് പറയുംപോലെത്തന്നെ പരിഹാസ്യമാണ്. ഇവിടെ ഞാനായാലും പ്രവീണായാലും സന്തോഷായാലും സുറുമയാലും സംസാരിച്ചത് സ്വതന്ത്രസോഫ്റ്റ്​വെയറിന്റെ നിര്‍മാണത്തെക്കുറിച്ചും ലൈസന്‍സിങ്ങിനെക്കുറിച്ചുമാണ്. രചനയായല്ല. ചോദ്യം ഫ്രീ ഫോണ്ടാണോ എന്നായിരുന്നല്ലോ. സ്വന്തം ബ്ലോഗില്‍ത്തന്നെ എല്ലാവാദങ്ങളും തോറ്റമ്പിയ സ്ഥിതിക്ക് ഒരു രക്ഷപ്പെടല്‍ സിബുവിനും ആവശ്യമാണ്. ഈഗോ കൂടുതലായതിനാല്‍ പ്രത്യേകിച്ചും . അപ്പോഴാണ് പിന്‍മൊഴി, കോടിപതി, കോണ്‍സ്പിരസി, എന്നീ വാക്കുകള്‍ വരുന്നത്.

സിബുവിന് മനസ്സിലായതിത്രമാത്രം

സിബു: * രചന ഒരു ഓപ്പണ്‍ ഫോണ്ടാണ്. ബാക്കി കുറേ ഫോണ്ടുകളും കൂടി ഓപ്പണ്‍ സോര്‍സ് ആണെന്ന്‌ മനസ്സിലായി. അവയെ പറ്റി വരമൊഴി വിക്കിയില്‍ ഡോക്യുമെന്റ് ചെയ്തുകഴിഞ്ഞു. രചനയുടെ ഹോസ്റ്റിംഗ് സൈറ്റ് മനസ്സിലായതും നന്നായി. വിന്‍ഡോസിനുവേണ്ടി ഉണ്ടാക്കിയ ഫോണ്ടില്‍, വിന്‍ഡോസ് ഫോണ്ട് വ്യൂവറിലൂടെ നോക്കുമ്പോള്‍, ഗ്നൂ എന്ന്‌ കാണാവുന്ന രീതിയില്‍ വയ്ക്കുന്നത്‌ നന്നായിരിക്കും എന്നുതന്നെ വിശ്വസിക്കുന്നു - ഫോണ്ടുകളെ പറ്റി അധികമറിയാത്ത എന്നേപ്പോലെ പലര്‍ക്കും കാര്യങ്ങള്‍ വ്യക്തമാവുന്നതിന്.


ഫ്രീ ഫോണ്ടാണോ എന്ന ചര്‍ച്ച ഫ്രീ ഫോണ്ടാണ് (സ്വതന്ത്ര ഫോണ്ടാണ്)എന്നു തന്നെ അവസാനിപ്പിക്കുകയല്ലേ നല്ലത്. പ്രത്യേകിച്ചും അത് ബ്ലോഗ് വായിക്കുന്നവര്‍ക്കെല്ലാം മനസ്സിലായ സാഹചര്യത്തില്‍. എന്തിനാ വെറുതെ ഓപ്പണ്‍ ഫോണ്ട് എന്ന പുതിയ ടെര്‍മിനോളജി. രചനയുടെ ഹോസ്റ്റിങ്ങ് സൈറ്റ് സാവന്നയാണ്. പിന്നെ രാമായണം മുഴുവന്‍ പറഞ്ഞ് കഴിഞ്ഞ് പണ്ടാരോ ചോദിച്ച ചോദ്യമാണ് "വിന്‍ഡോസിനുവേണ്ടി ഉണ്ടാക്കിയ ഫോണ്ടില്‍, വിന്‍ഡോസ് ഫോണ്ട് വ്യൂവറിലൂടെ നോക്കുമ്പോള്‍, ഗ്നൂ എന്ന്‌ കാണാവുന്ന രീതിയില്‍ വയ്ക്കുന്നത്‌ നന്നായിരിക്കും എന്നുതന്നെ വിശ്വസിക്കുന്നു" എന്ന വാക്യം കാണുമ്പോള്‍ ഓര്‍മ്മ വരുന്നത്

സിബു: * രചന മൈക്രോസോഫ്റ്റിലേയ്ക്കാവശ്യമുള്ള ഫോണ്ട് ടേബിളുകളുണ്ടാക്കുന്നത്‌ ഞാന്‍ മുമ്പ്‌ കരുതിയിരുന്നതില്‍ നിന്നും വ്യത്യസ്തമായി ഫോണ്ട്ഫോര്‍ജിലാണ്. അതുകൊണ്ട് സോഴ്സ് ചോദിക്കുന്നതില്‍ അര്‍ഥമില്ല എന്നത്‌ ശരിയാണ്. വോള്‍ട്ടിലായിരുന്നെങ്കില്‍, വോള്‍ട്ട് സോഴ്സ് ഉണ്ടായിരുന്നെങ്കില്‍, കാര്യങ്ങള്‍ മോഡിഫൈ ചെയ്യാന്‍ എളുപ്പമുണ്ടായിരുന്നു എന്നു് ഇപ്പോഴും തോന്നുന്നു.


നാടുമുഴുവന്‍ ഉബണ്ടു സിഡികള്‍ പറന്നുകളിക്കുമ്പോള്‍ ഫോണ്ട് ഫോര്‍ജില്‍ ഒന്നെഡിറ്റ് ചെയ്യല്‍ ഇത്രവലിയ പണിയാണെന്ന് ഇപ്പോളാണറിഞ്ഞത്. ജീവിതകാലത്ത് ഒരു ഫോണ്ടെങ്കിലും തുറന്നുനോക്കാതെയല്ലേ ഈ വാചകമടി. വിന്‍ഡോസില്‍ വോള്‍ട്ട് സോഴ്സ് (ഏതു ഫോണ്ടിനും) ഉണ്ടാക്കുന്നതെങ്ങനെയെന്ന് റാല്‍മിനോവ് ഇവിടെ എഴുതിയിട്ടുണ്ട് .

Monday, September 17, 2007

സിബു ചെറുവകയില്‍ ഉന്നയിച്ച സംശയങ്ങള്‍ക്കുള്ള മറുപടി

സിബു ചെറുവകയില്‍

തന്നലിങ്കനുസരിച്ച്‌ ആ സമയത്തെ ഫോണ്ടു് ഡൌണ്‍ലോഡ് ചെയ്യുകയുണ്ടായി. അത്‌ വിന്‍ഡോസില്‍ വര്‍ക്ക്‌ ചെയ്യുന്നില്ല; ലിനക്സില്‍ വര്‍ക്ക് ചെയ്യുന്നോ എന്ന്‌ നോക്കിയില്ല. ആത്യന്തികമായി തറക്കല്ലിട്ടസമയമല്ല, പൊതുജനങ്ങള്‍ക്ക്‌ ഉപയുക്തമായരീതിയില്‍ തുറന്നുകൊടുത്ത തീയതിയാണ് നോക്കേണ്ടത്‌. അതനുസരിച്ച്‌ അഞ്ജലി തന്നെ മലയാളത്തിലെ ഒന്നാമാത്തെ പഴയലിപിയുണീക്കോഡ് ഫോണ്ട്. എന്റെ കയ്യില്‍ ആ അഞ്ജലിയുടെ കോപ്പി കാണാനില്ല. കെവിന്റെ കയ്യിലുണ്ടാവേണ്ടതാണ്.


ആ പേജ് ഞാന്‍ ഇന്റര്‍നെറ്റ് ആര്‍ക്കേവില്‍ നിന്നെടുത്തതാണെന്നു ശ്രദ്ധിച്ചിരിക്കുമല്ലോ. രാമകൃഷ്ണന്റെ ആ വെബ്സൈറ്റിലെ http://hackgnu.org/rachana എന്ന വെബ് പേജായിരുന്നു അന്നത്തെ പ്രോജക്റ്റ് പേജ്. അത് നഷ്ടപ്പെട്ടതുകൊണ്ടാണ് ഇന്റര്‍നെറ്റ് ആര്‍ക്കേവ് ചൂണ്ടിക്കാട്ടിയത്. ഇപ്പോ സിബു ഒന്നുമില്ലായ്മയില്‍ നിന്നും തറക്കല്ലുവരെ മനസ്സിലാക്കിയല്ലോ . അല്പം കൂടി മനസ്സിരുത്തിയാല്‍ മുഴുവനും മനസ്സിലാക്കാവുന്നതാണ്. സിബു ഇപ്പോ ചോദിക്കുന്നത് രചന ഉപയോഗിച്ചവരുടെ അക്കാലത്തെ അനുഭവസാക്ഷ്യങ്ങള്‍ക്കാണ്. അല്പം കൂടി പരതിയാല്‍ ആ URL പോയിന്റ് ചെയ്യുന്ന നിരവധി ഫോണ്ട് വിലയിരുത്തലുകളും അനുഭവസാക്ഷ്യങ്ങളും സിബുവിന് കാണാവുന്നതാണ്. ഇനി ഗൂഗിള്‍ സെര്‍ച്ച് ചെയ്യാനും സിബുവിനെ പഠിപ്പിക്കേണ്ടി വരില്ലെന്നു കരുതുന്നു. പിന്നെ ബീറ്റ പൂര്‍ണ്ണമായും ശരിയായിരിക്കണമെന്ന് എന്തിനാണിത്ര നിര്‍ബന്ധം ? ബീറ്റയും , ആല്‍ഫയും റിലീസ് കാന്‍ഡിഡേറ്റുകളും എല്ലാം തകരാറുകള്‍ പരിഹരിക്കാനുള്ള സമയമാണ്. പിന്നെ സിബു ഇപ്പോള്‍ നേരത്തെപ്പറഞ്ഞതെല്ലാം വിഴുങ്ങിക്കഴിഞ്ഞല്ലോ .


സിബു തുടരുന്നു.
അന്നത്തെ പ്രാഗ്‌രചനയുണീക്കോഡില്‍ ശ്രദ്ധിച്ച ഒരു കാര്യമുണ്ട്. ലൈസന്‍സ് ഗ്നു-ജിപീല്‍ ആണെന്ന്‌ കോപ്പിറൈറ്റ് കോളത്തില്‍ എഴുതിയിരിക്കുന്നു. അതുപോലുള്ള ഒരു കോപ്പിറൈറ്റ് സ്റ്റേറ്റ്മെന്റാണ് ഞാന്‍ ഇന്നത്തെ രചനയ്ക്കും (ഏതുഫോണ്ടിനും) വേണം എന്നപേക്ഷിക്കുന്നത്‌. സണ്ണിന്റേതില്‍ നിന്നും വ്യത്യസ്ഥമായി ഡെവലപ്പേഴ്സല്ല; കമ്പ്യൂട്ടറിന്റെ അടിസ്ഥാനവിവരമുള്ള സാധാരണക്കാര്‍ക്ക്‌ വേണ്ടിയാണത്‌.


സ്വതന്ത്ര സോഫ്റ്റ്​വെയറില്‍ ഡെവലപ്പര്‍ക്കോരുരീതി, സാധാരണക്കാര്‍ക്കൊരുരീതി എന്നൊന്നുമില്ല. അത് വിവരങ്ങള്‍ മറച്ചുവെക്കുന്ന കുത്തകകളുടെ രീതിയാണ്. നിങ്ങളിത്ര അറിഞ്ഞാല്‍ മതി എന്ന് ഒരു സ്വതന്ത്ര സോഫ്റ്റ്​വെയറും പറയില്ല. സിബുവിനിപ്പോള്‍ വിന്‍ഡോസ് ഫോണ്ട് വ്യൂവറിനപ്പുറം ചിന്തിക്കാനാവാത്തത് അതുകൊണ്ടാണ്. കാരണം ഫോണ്ട് തുറന്നുനോക്കുക എന്ന ആവശ്യത്തിനു പ്രതിബന്ധമാകുന്നത് അതിന്റെ പ്രോപ്രൈറ്ററി സ്വഭാവവും വിലയുമായാണ്. ഈ പ്രശ്നങ്ങളൊന്നും സോഫ്റ്റ്​വെയര്‍ സ്വാതന്ത്ര്യത്തിന്റെ ലോകത്തില്ല.

പിന്നെ രചനയുടെ കോപ്പിറൈറ്റ് നോട്ടീസില്‍ ജിപിഎല്‍ എന്നു കണ്ടതിനെപ്പറ്റി. അതിനുകാരണം അന്നു ഉപയോഗിച്ചിരുന്ന Pfaedit എന്ന ഉപകരണത്തില്‍ ലൈസന്‍സ് എന്ന ഫീല്‍ഡ് ഉണ്ടായിരുന്നില്ല എന്നതു മാത്രമാണ്. ഒക്ടോബറിലിറങ്ങിയ രചന മീഡിയം. OTF എന്ന അക്ഷരരൂപത്തിലും ഈ രീതി കാണാം. പക്ഷെ അത് ഡെവലപ്പറെ സംബന്ധിച്ച് കുറെ അധികജോലികളുണ്ടാക്കുന്നു. ജിപിഎല്‍ ലൈസന്‍സ് പ്രത്യേകമായി ഫോണ്ടിനൊപ്പം നല്‍കിയിരിക്കേണ്ടതാണ്. അപ്പൊ അത് എംബഡ് ചെയ്യുന്നതല്ലേ നല്ലത്.?

സിബു തുടരുന്നു.
രചനമറച്ചുവയ്ക്കുന്ന മറ്റൊരു കാര്യം കൂടിയുണ്ട് - വോള്‍ട്ട് സോഴ്സ്. അഞ്ജലി അത്‌ പബ്ലിഷ് ചെയ്തിരിക്കുന്നത്‌ ശ്രദ്ധിക്കുമല്ലോ. അതുണ്ടെങ്കില്‍ രചനയില്‍ മാറ്റം വരുത്തുവാന്‍ വളരെ എളുപ്പമായേനെ. രചനയുടെ ഗ്ലിഫുകളുപയോഗിച്ച്‌ ഒരു പുതിയലിപി ഫോണ്ടുണ്ടാക്കാന്‍ എനിക്ക്‌ താല്പര്യമുണ്ട്. ഫോണ്ടിന്റെ വലുപ്പം കഴിയാവുന്നത്ര കുറഞ്ഞ ഒന്ന്‌. പറ്റുമെങ്കില്‍ ഫോണ്ടുണ്ടാ‍ക്കാന്റുള്ള വിവിധ സ്റ്റെപ്പുകളെ നന്നായി വിവരിക്കുന്ന ഒരു വിക്കിലേഖനം കൂടി ഈ ഓപ്പണ്‍ ഫോണ്ടുകളോടൊപ്പം ഉണ്ടായിരുന്നെങ്കില്‍ എന്നാശിക്കുന്നു.. കൂടുതല്‍ മലയാളം ഫോണ്ടുകള്‍ ഉണ്ടാകാന്‍ അത്‌ സഹായിച്ചേനെ.


വോള്‍ട്ട് എന്ന ടൂള്‍ ഉപയോഗിച്ചാലല്ലേ വോള്‍ട്ട് സോഴ്സുണ്ടാകൂ. ഞാനറിയുന്ന കാലത്ത് Pfaedit (Fontforgeന്റെ ആദ്യരൂപം) ആണ് ഉപയോഗിച്ചത്. .sfd സോഴ്സ് ഫയല്‍ ഫോണ്ടിനൊപ്പം ഞാന്‍ തന്ന ബീറ്റയുടെ പേജില്‍ കാണാം. പിന്നെ ഓപ്പണ്‍ടൈപ്പ് ഫോണ്ടിന് സോഴ്സ് ഫയലുണ്ടോ എന്നതും ഒരു വിഷയമാണ്. കാരണം അത് ടെക്​സ്റ്റ് ഡോക്യുമെന്റിന്റെ സോഴ്സ് അന്വേഷിക്കുന്നതു പോലെ നിരര്‍ത്ഥകമാണ്. പിന്നെ ഉള്ളത് പ്രൊജക്റ്റ് ഫയലാണ്. അതായിരിക്കും കെവിന്‍ നല്‍കിയിരിക്കുകയെന്നു ഞാന്‍ കരുതുന്നു. പിന്നെ സാങ്കേതികവശം . ഈ ചോദ്യം തന്നെ സിബു ഇതുവരെ ജിപിഎല്‍ എന്തെന്നു വായിക്കാന്‍ തയ്യാറായിട്ടില്ലെന്നതിനു തെളിവാണ്. ഉപയോക്താവ് ആവശ്യപ്പെടുമ്പോള്‍ സോഴ്സ് നല്‍കണമെന്നു മാത്രമേ ജിപിഎല്‍ അനുശാസിക്കുന്നുള്ളൂ. (പ്രൊജക്റ്റ് ഫയലിനെ സോഴ്സെന്നു പറയാറില്ലെങ്കിലും). ആ ഫോണ്ടൊന്നു ഫോണ്ട്ഫോര്‍ജില്‍ തുറന്നു .sfd ആയി സേവ് ചെയ്താല്‍ അത് സോഴ്സ് ഫയലായി. പിന്നെ എളുപ്പത്തിന്റെ കാര്യം. മേല്‍പ്പറഞ്ഞകാരണങ്ങളാല്‍ തന്നെ അതൊരു മണുക്കൂസ് ന്യായമാണ് . ശ്രമിച്ചില്ലെന്നു പറയുന്നതാവും ശരി. അഞ്ജലിയുടെ സോഴ്സ്ഫയല്‍ എന്നു പറയുന്ന സാധനം സിബു കക്ഷത്തു വച്ചു നടന്നിട്ടും ഒന്നു തുറന്നുനോക്കിയിട്ടില്ലെന്നു തോന്നുന്നു. പിന്നെ വിക്കിലേഖനം, സിബു എന്ന ക്ലയന്റിന്റെ ആവശ്യത്തിനനുസരിച്ച് നിര്‍മ്മിച്ചതല്ല രചന. അത് ഒരു ഹോബി പ്രോഗ്രാമാണ്. ഒരു കഥപോലെയൊ , ലേഖനം പോലെയോ ഒന്ന് . ഹുസ്സൈന്‍ എന്ന കലാകാരന്റെ സര്‍ഗ്ഗാത്മകത പ്രകടിപ്പിക്കാന്‍ അദ്ദേഹം തെരഞ്ഞെടുത്ത വഴി. തീര്‍ച്ചയായും മറ്റു സാമൂഹിക ഉദ്ദേശ്യങ്ങളും കണ്ടേക്കാം. ആഗ്രഹങ്ങളാകാം ... അത് മനുഷ്യ സഹജവുമാണ്. എല്ലാം രചനയുടെ പുറത്തേ ആകാവൂ എന്നത് മറ്റൊരസുഖമാണ്. പല്ലും നഖവുമുപയോഗിച്ച് കൊല്ലാനൊത്തില്ല. എന്നാലൊന്നു നക്കിക്കൊല്ലാന്‍ ശ്രമിച്ചാലൊ? .. അല്ലേ സിബൂ

പിന്നെ അഞ്ജലി .710 യുടെ ലൈസന്‍സ് ഞാന്‍ പഠിച്ചു. അത് നോണ്‍ ഫ്രീ ഫോണ്ടാണ്. അതിന്റെ ലൈസന്‍സ് എല്ലാത്തരം പുതുക്കലുകളെയുകളെയും തടയുന്നു. അതുകൊണ്ടുതന്നെ അത് സ്വതന്ത്ര ഫോണ്ടല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ഗ്നു ഫ്രീ സോഫ്റ്റ്​വെയര്‍ ഡെഫനിഷന്‍ കാണുക.