മലയാളത്തിലെ ആദ്യത്തെ യൂണിക്കോഡ് ഫോണ്ട് തൂലികയാണെന്ന റാല്‍മിനോവിന്റെ പോസ്റ്റിനുള്ള മറുപടി
റാല്‍മിനോവേ, ഒരു വിയോജിപ്പു രേഖപ്പെടുത്തട്ടെ. ആദ്യത്തേതേത് എന്നത് എപ്പോഴും ചര്‍ച്ചയാണല്ലോ. സിബുവിന്റെ ബ്ലോഗില്‍ നടന്ന ചര്‍ച്ചകളില്‍ കോപ്പിറൈറ്റും ജിപിഎല്ലും എന്ന ഫ്രെയിമില്‍ രചന , അഞ്ജലി എന്നിവയില്‍ ആദ്യമിറങ്ങിയതേത് എന്നതായിരുന്നു പ്രധാന ചര്‍ച്ച എന്നതിനാല്‍ പലതും പിന്നെ പറയാമെന്നു കരുതി വിട്ടു.
സ്വതന്ത്ര സോഫ്റ്റ്വെയര് ലോകം പത്രപ്രസ്താവനകളിലും മറ്റും അധികം ശ്രദ്ധിച്ചിട്ടില്ലാത്തതിനാല്‍ മലയാളം കമ്പ്യൂട്ടിങ്ങില്‍ സ്വതന്ത്ര സോഫ്റ്റ്വെറുകളുടെ പങ്ക് ( അത് കുത്തക സോഫ്റ്റ്വെയറുകളേക്കാള് വളരെക്കൂടുതലാണ്.) വിന്‍ഡോസ് ഉപയോക്താക്കളുടെ ലോകം വേണ്ടത്ര എണ്ണപ്പെട്ടിട്ടില്ല. മലയാളം കമ്പ്യൂട്ടിങ്ങിന്റെ സ്വതന്ത്ര സോഫ്റ്റ്വെയര് ചരിത്രമൊന്ന് എഴുതണമെന്നുണ്ട്. സമയം അനുവദിക്കുമെങ്കില്‍ ഞാന്‍ അതിനായി മറ്റൊരു ബ്ലോഗ് അതിനായി തുടങ്ങാമെന്നു കരുതുന്നു.
ആദ്യത്തെ മലയാളം യൂണിക്കോഡ് ഫോണ്ട് തൂലികയാണെന്ന വാദത്തോട് ഞാന്‍ വിയോജിക്കുന്നു. തൂലികയുടെ വെബ്സൈറ്റില്‍ പറയുന്നത് 2002 ആഗസ്റ്റില്‍ ആണ് യൂണിക്കോഡ് ഫോണ്ട് പുറത്തിറക്കിയതെന്നാണ്. കലാകൗമുദിയില്‍ വന്ന ഈ വാര്‍ത്തയെ അടിസ്ഥാനമാക്കുകയാണെങ്കില്‍ അതിറങ്ങുന്നത് 2002 ജൂണിലാണ്. പക്ഷേ അതിനുമുമ്പേ സ്വതന്ത്ര സോഫ്റ്റ്വെയറില് ഒരു മലയാളം യൂണിക്കോഡ് ഫോണ്ട് ഉണ്ടായിക്കഴിഞ്ഞിരുന്നു. 2002 മാര്‍ച്ചില്‍ തന്നെ
കഥ ഇങ്ങനെ.
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് പ്രോജക്റ്റിന്റെ ആദ്യകാലത്ത് യൂണിക്കോഡ് ഫോണ്ടിനായുള്ള അന്വേഷണം നടക്കുകയാണ്. ആയിടയ്ക്കാണ് ടെക്കില്‍ (TeX) മലയാളം പിന്തുണ കൂട്ടിച്ചേര്‍ക്കുന്നത്.(ടൈപ്പ് സെറ്റിങ്ങിനുപയോഗിക്കുന്ന വളരെ ശക്തവും ലളിതവുമായ ഒരു അപ്ലിക്കേഷനാണ് ടെക് , ബ്ലോഗില്‍ ഇതിനെപ്പറ്റി പലപ്പോഴും ഉമേഷ് പറഞ്ഞിട്ടുണ്ടെന്നു തോന്നുന്നു.) (യൂണിക്കോഡല്ല). ജെറോണ്‍ ഹെല്ലിങ്ങ്മാന്‍ എന്ന പുള്ളിയാണ് ഇതുപിന്നില്‍ പ്രവര്‍ത്തിച്ചത്. കക്ഷി ടെക്കിനുവേണ്ടി ചെയ്ത മലയാളം.ttf എന്ന മെറ്റാഫോണ്ട് ട്രൂടൈപ്പ് ആക്കി മാറ്റി അതില്‍ ഓപ്പണ്‍ടൈപ്പ് ടേബിളുകള്‍ ചേര്‍ത്തത് എന്‍.വി.ഷാജിയാണ്. അന്നു പിഎഫ്എ എഡിറ്റ് എന്നപേരിലറിയപ്പെട്ടിരുന്ന ഫോണ്ട്ഫോര്‍ജിന്റെ മുന്‍ഗാമിയെയാണ് ഇതുനിര്‍മ്മിക്കാനായി ഉപയോഗിച്ചത്. 2002 മാര്‍ച്ചില്‍ ഇത് പുറത്തിറങ്ങി. ഉപയോഗിച്ചും തുടങ്ങി. കൂടുതല്‍ ചര്‍ച്ചകള്‍ മലയാളം ലിനക്സ് എന്ന യാഹൂഗ്രൂപ്പില്‍ കാണാം. അക്കാലത്ത് പിഎഫ്എ എഡിറ്റില്‍ പരിമിതമായ സൌകര്യങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനാല്‍ അഖണ്ട് രീതിയിലാണ് ഈ ഫോണ്ട് നിര്‍മ്മിച്ചിരുന്നത്. പിന്നീട് ബൈജു.എം. ഈ ഫോണ്ടിനെ പരിഷ്കരിച്ച് GSUB ടേബിളുകള്‍ കൂട്ടിച്ചേര്‍ത്ത് MalOtf എന്ന മറ്റൊരു ഫോണ്ട് ഉണ്ടാക്കി. ഇവ രണ്ടും ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ലഭ്യമാണ്. അടുത്ത കാലം വരെ എല്ലാ ഗ്നു/ലിനക്സ് വിതരണങ്ങളിലും മലയാളം.ttf ഉള്‍ക്കോള്ളിച്ചിരുന്നു. 2-3 മാസങ്ങള്‍ക്കുമുമ്പാണ് ഡെബിയനില്‍ നിന്നും ഉബണ്ടുവില്‍ നിന്നും ഈ ഫോണ്ട് നീക്കം ചെയ്യാന്‍ തീരുമാനിച്ചത്.
സിബുവൊക്കെ ആ സമയത്ത്. മലയാളം ലിനക്സ് ഗ്രൂപ്പിലുണ്ടായിരുന്നയാളാണ്. ഈ കത്ത് ഈ ഫോണ്ട് നിര്‍മ്മാണ ചര്‍ച്ചക്കിടയില്‍ അദ്ദേഹം അയച്ചതാണ്. എന്നിട്ടുമെന്താണാവോ ഇതു മറന്നു പോയത്.
മലയാളം കമ്പ്യൂട്ടിങ്ങിന്റെ സ്വതന്ത്ര സോഫ്റ്റ്വെയര് ചരിത്രത്തെപ്പറ്റിയുള്ള ഒരു ബ്ലോഗ് പ്രതീക്ഷിക്കുക.
ഒരു പെട്ടി..... പെട്ടിക്കുള്ളിലൊരു ലോകം... പെട്ടിതുരന്ന് പുറത്തേക്കൊരോട്ടം ..
Thursday, September 27, 2007
ആദ്യത്തെ മലയാളം യൂണിക്കോഡ് ഫോണ്ട് സ്വതന്ത്രസോഫ്റ്റ്വെയര് (തൂലികയല്ല.)
Posted by Anivar at 1:42 PM 2 comments
Labels: ചരിത്രം, ഫോണ്ട്, ഭാഷാ കമ്പ്യൂട്ടിങ്ങ്, മലയാളം, സ്വതന്ത്ര സോഫ്റ്റ്വെയര്
Saturday, September 22, 2007
ഫോണ്ട് എംബഡിങ്ങ് ഒരു പരിഹാരമാണോ?
അടുത്തകാലത്ത് സിബുവിന്റെ ബ്ലോഗിലും റാല്‍മിനോവിന്റെ ബ്ലോഗിലുമായി ഫോണ്ട് എംബഡിങ്ങിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വളരെ കൂടുതലായി കണ്ടുവരുന്ന സാഹചര്യത്തില്‍ അവയൊന്നു വിശദീകരിക്കേണ്ടത് അത്യാവശ്യമാണെന്നു തോന്നുന്നു.
എന്താണ് ഫോണ്ട് എംബഡിങ്ങ് ?
ഒരു വെബ്സൈറ്റ് ലോഡ് ചെയ്യുന്നതോടൊപ്പം അതുകാണിക്കുന്നതിനായുള്ള അക്ഷരരൂപവും സ്വയം ലോഡ് ചെയ്യുന്നതിനുള്ള പരിപാടിയാണ് ഫോണ്ട് എംബഡിങ്ങ്. ഫോണ്ട് പ്രത്യേകം ഇന്‍സ്റ്റാള്‍ ചെയ്യാതെ കാണിക്കാന്‍ ഇത് ഉപയോഗിച്ചിരുന്നു. ആസ്കി ഫോണ്ടുകളുടെ കാലത്ത് അതായത് (ഓരോ പത്രത്തിനും സ്വന്തം ആസ്കി രൂപങ്ങളുണ്ടായിരുന്ന അന്തക്കാലത്ത് )ആണ് ഈ ടെക്നോളജി വന്നത്. നെറ്റ്സ്കേപ്പ് ആയിരുന്നു ഡൈനാമിക് ഫോണ്ട് എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത്. പിന്നെ ബിസ്ട്രീം എന്ന അക്ഷരരൂപനിര്‍മ്മാണ കമ്പനിയുടെ ബിസ്ട്രീം ഫോണ്ട് പ്ലേയര്‍ എന്ന പ്രയോഗം വന്നു. ഒരു പ്ലഗ്ഗിന്‍ രീതിയായിരുന്നു ഇതിന് .ട്രൂഡോക് എന്ന ഡെവലപ്മെന്റ് കിറ്റാണ് ഇതിനായി ഉപയോഗിച്ചിരുന്നത്. 1997ല്‍ മൈക്രോസോഫ്റ്റ് ബിസ്ട്രീമിനെ പിന്തുണക്കുന്നത് അവസാനിപ്പിക്കുകയും ഇതേ ആവശ്യത്തിനായുള്ള വെഫ്റ്റ് എന്ന (Web Embedding Font Tool (WEFT)) മൈക്രോസോഫ്റ്റ് പ്രയോഗം ഐ.ഇ 4.0 ക്കു വേണ്ടി ഇറക്കുകയും ചെയ്തു. ഇത് ഇന്റര്‍നെറ്റ് എക്സ്പ്ലോററിനു മാത്രം വേണ്ടിയുള്ളതായിരുന്നു. ഓപ്പണ്‍ടൈപ്പായപ്പോള്‍ പേജ് ഏതുയൂണിക്കോഡ് ഫോണ്ടിലായാലും നമുക്കിഷ്ടം പോലെ രചനയിലോ അഞ്ജലിയിലോ കാര്‍ത്തികയിലോ ഒക്കെ കാണാമെന്ന നില വന്നു. പക്ഷേ പ്രസാധകന്‍ നാട്ടരെല്ലാം എന്റെ സൈറ്റ് രചനയില്‍ മാത്രം അല്ലെങ്കില്‍ തൂലികയില്‍ മാത്രം കണ്ടാല്‍മതിയെന്നു തീരുമാനിച്ചാല്‍ എന്തുചെയ്യും അപ്പോഴാണ് ഓപ്പണ്‍ടൈപ്പ് ഫോണ്ട് എംബഡിങ്ങ് എന്ന പരിപാടി വരുന്നത്. ടൂള്‍ വെഫ്റ്റ് തന്നെ. ഈ പറഞ്ഞതെല്ലാം നോണ്‍ഫ്രീ ആണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.
ഫോണ്ട് എംബഡിങ്ങ് എന്തിനുവേണ്ടിയാണ്?
സിബു ഫോണ്ട് എംബഡിങ്ങിനുവേണ്ടിപറയുന്ന ന്യായങ്ങള്‍ ഇവയാണ്.
1. ഫോണ്ട് ക്രിയേറ്ററുടെ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷന്‍
2. വെബ് എഡിറ്റര്‍ സോഫ്റ്റ്വെയറുകളുടെ ഉപയോഗത്തിന്. കുറച്ചുനാള്‍ കഴിയുമ്പോള്‍ മലയാളത്തില്‍ തന്നെ അനേകം വ്യത്യസ്തങ്ങളായ നല്ല ഫോണ്ടുകളുണ്ടാവും എന്നോര്‍ക്കണം. ഓരോ വെബ് എഡിറ്റര്‍ ഉപയോഗിക്കുമ്പോഴും യൂസര്‍ ആ ഫോണ്ടുകള്‍ ഡൌണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യണം എന്നുവരുന്നത് കഷ്ടമല്ലേ.
3. പത്രങ്ങള്‍ക്കും ബ്ലോഗുകള്‍ക്കും കൃത്യമായതും നല്ലതുമായ യൂസര്‍ എക്സ്പീരിയന്‍സ് കൊടുക്കാന്‍. ഇന്നത്തെ രീതിയില്‍ ഒരു ബ്ലോഗ് വായിക്കാന്‍ വരുന്നയാള്‍, എഴുതിയ ആളുദ്ദേശിച്ച പോലെ കാണണമെങ്കില്‍ അവിടെ ഉപയോഗിച്ചിരിക്കുന്ന ഫോണ്ടുകള്‍ ഡൌണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടിവരും.
ഇതില്‍ ഒന്നാമത്തെ കാരണം ഉപഭോക്താവിന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ്. ഞാനെങ്ങനെകാണണം എന്നു തീരുമാനിക്കുന്നത് ഞാനല്ല എന്നതാണ് ഇതിലെ പ്രധാന പ്രശ്നം. (ഫോണ്ട് അഥവാ അക്ഷരരൂപം എന്നത് കോപ്പിറൈറ്റ് നിയമത്തിനടിയിലാണ് വരുന്നത്. "ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി" എന്ന വാക്ക് തെറ്റിദ്ധാരണാജനകമാണെന്ന് ആദ്യം പറഞ്ഞോട്ടെ . കാരണം ഇവിടെ)। സാധാരണയായി ഒരു പേജ് ഏതുഫോണ്ടില്‍ കാണിക്കണമെന്നു തീരുമാനിക്കുവാനുള്ള നിര്‍മ്മാതാവിന്റെ അവകാശം ആ പേജിന്റെ CSS (cascading style sheet)ല്‍ ഫോണ്ട് ഫാമിലി തീരുമാനിക്കുന്നതിലൊതുങ്ങുന്നു. അത് W3C സ്റ്റാന്‍ഡേര്‍ഡ് അനുസൃതമായതിനാല്‍ എല്ലാ ബ്രൌസറിലും വ്യക്തമായി കാണാനാകും. (ഹരീ ഇതെക്കുറിച്ചെഴുതിയിരിക്കുന്നത് ഇവിടെ വായിക്കാം) പിന്നെ എഴുതിയ ആളുദ്ദേശിച്ച പോലെ കാണണമെങ്കില്‍ അവിടെ ഉപയോഗിച്ചിരിക്കുന്ന ഫോണ്ടുകള്‍ ഡൌണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടിവരും എന്നത് ഒരിക്കലും ഒരു കുറവല്ല. ഇപ്പോള്‍ എങ്ങനെയാണ് ഫോണ്ടുകള്‍ ലഭ്യമാകുന്നത്? രണ്ടാമത്തേത് ഒന്നുമല്ലാത്ത ഒരു ഇഷ്യൂ ആണ് . വെബ് എഡിറ്ററെന്താ Font Dependent ആണോ? എന്തായാലും എല്ലാം യൂണിക്കോഡല്ലേ മാഷെ.
മൂന്നാമത്തെതില്‍ അല്പം കാര്യമുണ്ട്. "കൃത്യമായതും നല്ലതുമായ യൂസര്‍ എക്സ്പീരിയന്‍സ് " എന്ന പോയന്റില്‍ .അതിനുള്ള പരിഹാരം വഴിയേ പറയാം
ഫോണ്ട് എംബഡിങ്ങ് സ്വീകരിക്കാവുന്ന ഒരു പരിഹാരമല്ലാത്തതെന്തുകൊണ്ട് ?
കഴിഞ്ഞുപോയ കാലത്തിന്റെ പ്രതിനിധിയായാണ് ഞാന്‍ ഫോണ്ട് എംബഡിങ്ങിനെ കാണുന്നത്. കാരണം അത് വിന്‍ഡോസിലെ ഇന്റര്‍നെറ്റ് എക്സ്പ്ലോററില്‍ മാത്രമേ എന്നത് ഒന്നാമത്തെ കാരണം . ഇന്റര്‍നെറ്റ് എക്സ്പ്ലോററിന്റെ മാര്‍ക്കറ്റ് പങ്കാളിത്തം അതിവേഗം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഫയര്‍ഫോക്സിനെ പിന്തുണക്കാത്ത ഒരു ടെക്നോളജിയാണിത്. ഉപഭോക്താവിന്റെ അനുവാദമില്ലാതെ ഫോണ്ട് ഡാറ്റ നമ്മുടെ കമ്പ്യൂട്ടറിലേക്ക് ഡൌണ്‍ലോഡ് ചെയ്യുന്നതുതന്നെ ഫയര്‍ഫോക്സിന്റെ നിര്‍മ്മാണതത്വങ്ങള്‍ക്കെതിരാണ്. (ActiveX നെ ഫയര്‍ഫോക്സ് പിന്തുണക്കാത്തതിനു കാരണവും ഇതുതന്നെയാണ്) . അതുപോലെ ഫോണ്ട് ഉപയോഗരീതി എല്ലായ്പോളും ഓപ്പറേറ്റിങ്ങ് സിസ്റ്റം ആര്‍ക്കിടെക്ചര്‍ അധിഷ്ഠിതമായതിനാല്‍ അതിനാല്‍ സിബു പറഞ്ഞ സ്പെസിഫിക്കേഷനുണ്ടാക്കുകയെന്ന "അടിപൊളി പ്രൊജക്റ്റൊന്നും" നടക്കുന്ന കാര്യമല്ല. വെഫ്റ്റ് ഒരു തുറന്ന സ്റ്റാന്‍ഡേര്‍ഡ് അല്ലാത്തത്തതിന്റെ പ്രശ്നം അടുത്തത്.
മലയാളത്തില്‍ ഒട്ടനവധി ഫോണ്ടുകള്‍ ഇനിയുമുണ്ടാകും. ചിലപ്പോള്‍ വെബ് ഉപയോഗത്തില്‍ ഒന്നിലധികം ഫോണ്ടുകള്‍ ഒരേപേജില്‍ത്തന്നെ വേണ്ടിവന്നേക്കാം. "കൃത്യമായതും നല്ലതുമായ യൂസര്‍ എക്സ്പീരിയന്‍സ് " നല്‍കാന്‍ അപ്പോള്‍ ഫോണ്ട് എംബഡിങ്ങിനെ ആശ്രയിച്ചാല്‍ എന്തുപറ്റുമെന്നു നോക്കാം. എത്ര ഫോണ്ടുകള്‍ പേജില്‍ ആവശ്യമാണോ അത്രയും ഫോണ്ടുകള്‍ എംബഡ് ചെയ്യേണ്ടിവരുന്നു. വെബ് പേജിന്റെ വലിപ്പം ഒരുപാട് വര്‍ദ്ധിക്കുന്നു (സിബു, റാല്‍മിനോവ്, കമ്പ്യൂട്ടറില്‍ ഫോണ്ടുണ്ടെങ്കിലും ഇത് ആ ഫോണ്ട് പിന്നെയും ഡൌണ്‍ലോഡ് ചെയ്യുമോ എന്നൊന്നു വ്യക്തമാക്കാമോ?).എന്നാലോ. ഇന്റര്‍നെറ്റ് എക്സ്പ്ലോററിലൊഴിച്ച് എവിടെയും ഇതിന്റെ ഫലം കിട്ടുകയുമില്ല. ചുരുക്കിപ്പറഞ്ഞാല്‍ ഇതൊരു മുടന്തന്‍ ടെക്നോളജിയായി മാറുന്നു.
(അതിനോടൊപ്പം എംബഡബിള്‍ ഫോണ്ട്, ചെറിയഫോണ്ട് തുടങ്ങിയവ പുതിയലിപി വാദങ്ങളായി അവതരിക്കാനും സാധ്യതയുണ്ട് , സിബു മുന്‍പൊരിക്കല്‍ കമ്പ്യൂട്ടര്‍ ഡിസ്പ്ളേയ്ക്ക് നല്ലത് പുതിയലിപിയാണെന്നു പറഞ്ഞതുകൂടി കണക്കിലെടുക്കുമ്പോ)
ഫോണ്ട് "എംബഡിങ്ങല്ലാതെ കൃത്യമായതും നല്ലതുമായ യൂസര്‍ എക്സ്പീരിയന്‍സിന് "വേറെ വഴിയില്ലേ?
നിരവധി മാര്‍ഗ്ഗങ്ങളുണ്ടാകാം. എനിക്കു പെട്ടെന്നുതോന്നുന്ന ഒരു രൂപഭംഗിവര്‍ദ്ധിപ്പിക്കല്‍ പരിപാടി സൈഫര്‍ (sIFR- Scalable Inman Flash Replacement)എന്ന സ്വതന്ത്ര ടെക്നോളജിയാണ്. ഇത് മൈക്ക് ഡേവിഡ്സണ് , മാര്‍ക്ക് വുബന്‍ എന്നിവര്‍ ചേര്‍ന്ന് വികസിപ്പിച്ചതാണ്. ഇത് XHTML ലും ഫ്ലാഷും ചേര്‍ത്ത ഒരു പരിഹാരമാണ്. ഗ്നു ലെസ്സര്‍ ജനറല്‍ പബ്ലിക് ലൈസന്‍സിലാണ്(LGPL) ഇത് ലഭ്യമായിരിക്കുന്നത്. സൈഫറിന്റെ ഒരു ഉദാഹരണ പേജ്നോക്കുക. ഇതിന്റെ പ്രവര്‍ത്തനം താഴെപ്പറയുന്നപോലെയാണ്.
1. ഒരു സാധാരണ (X)HTML പേജ് ബ്രൌസറില്‍ തുറന്നുവരുന്നു.
2. ഒരു ജാവസ്ക്രിപ്റ്റ് ഫങ്ഷന്‍ ഫ്ലാഷ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടോ എന്നും ഏതെല്ലാം ഭാഗങ്ങള്‍ക്കാണ് സൈഫര്‍ ആവശ്യമെന്നും പരിശോധിക്കുന്നു.
3. ഫ്ലാഷ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലെങ്കില്‍ (ജാവാസ്ക്രിപ്റ്റ് ഓഫാണെങ്കിലും), (X)HTML പേജ് സാധാരണ പോലെ കാണിക്കുന്നു. ഫ്ലാഷുണ്ടെങ്കില്‍ ജാവാസ്ക്രിപ്റ്റ് നിങ്ങളുടെ സോഴ്സ് ഫയല്‍ പരിശോധിച്ച് ഓരോ സൈഫര്‍ എലമെന്റിനേയും അളക്കുന്നു.
4. അളന്നുകഴിഞ്ഞ ശേഷം ജാവസ്ക്രിപ്റ്റ് യഥാര്‍ത്ഥ വസ്തുതകള്‍ക്കുമുകളില്‍ (അതായത് നമ്മുടെ ടെക്സ്റ്റിനു മുകളില്‍) ഒരു പാട പോലെ കൃത്യമായ അളവുകളില്‍ ഒരു ഫ്ലാഷ് മൂവി ഉണ്ടാക്കുന്നു
5. ഓരോ ഫ്ലാഷ് ഫയലിലും അടങ്ങിയ ആക്ഷന്‍സ്ക്രിപ്റ്റ് നമ്മള്‍ നിര്‍ദ്ദേശിച്ച ഫോണ്ട് ഉപയോഗിച്ച് ഫ്ലാഷ് മൂവിക്കനുയോജ്യമായ രീതിയില്‍ നമ്മുടെ ടെക്സ്റ്റിനെ വരക്കുന്നു.
ഈ രീതി 90 % ബ്രൌസറുകളിലും പ്രവര്‍ത്തിക്കുന്നതാണ്. പക്ഷേ ഇപ്പോള്‍ ഇതിന് യൂണിക്കോഡ് സപ്പോര്‍ട്ട് ഇല്ല. ഗ്നാഷ് എന്ന ഗ്നു പ്രൊജക്റ്റിന്റെ സ്വതന്ത്ര ഫ്ലാഷ് പ്ലേയറില്‍ യൂണിക്കോഡ് സപ്പോര്‍ട്ട് ഉള്ളതുകൊണ്ട് സൈഫറിലും ഇത് പ്രായോഗികമാക്കാവുന്നതാണ്. ഇതൊരു നല്ല പ്രൊജക്റ്റ് ഐഡിയയാണെന്നു തോന്നുന്നു.
യൂണിക്കോഡ് സപ്പോര്‍ട്ട് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലില്ലെങ്കില്‍ക്കൂടി യൂണിക്കോഡില്‍ പേജ് കാണിച്ചുകൊടുക്കാനാവും എന്ന പ്രത്യേകതയും ഇതിനുണ്ട്. സൈഫര്‍ കോഡിനെ സ്വതന്ത്ര കണ്ടന്റ് മാനേജ്മെന്റ് സിസ്റ്റങ്ങളുമായി ബന്ധിപ്പിച്ചാല്‍ , (ഉദാഹരണത്തിന്, ദ്രുപല്‍, വേര്‍ഡ്പ്രസ് , ജൂംല പ്ലഗ്ഗിനുകള്‍ )ഒരേ ഒരു തവണ ഓരോഭാഗത്തിനും വേണ്ട അക്ഷരസഞ്ചയം ഏതെന്നു തിരഞ്ഞെടുക്കാനുള്ള പ്രിഫറന്‍സ് കൊടുത്താല്‍ വെബ്സൈറ്റിന്റെ രൂപഭംഗി തീരുമാനിക്കപ്പെടുന്നതിനെപ്പറ്റി ആലോചിചു നോക്കൂ. ഡെവലപ്പര്‍മാരെ ഓടി വരൂ.
ഇത് എന്തായാലും ഫോണ്ട് എംബഡിങ്ങിനേക്കാള്‍ കൂടുതല്‍ പ്ലാറ്റ്ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന മാര്‍ഗ്ഗമാണെന്നു മനസ്സിലായല്ലോ. അതുപോലെ ഇനിയും വഴികള്‍ കണ്ടേക്കാം. ഇതൊരുദാഹരണം മാത്രം
അപ്പോള്‍ ഈ പ്രശ്നത്തിനു ശാശ്വത പരിഹാരമെന്ത്?
ഹരിയും ജിനേഷും പറഞ്ഞപോലെ ഒരു സ്വതന്ത്രവും സ്റ്റാന്‍ഡേര്‍ഡുമായ അക്ഷരരൂപസഞ്ചയം ഉണ്ടാക്കുകയാണ് ഇതിനു പരിഹാരം. അപ്പോള്‍ അവയെ ഫോണ്ട്ഫാമിലിയായി CSSല്‍ത്തന്നെ രേഖപ്പെടുത്താവുന്നതാണ്. മലയാളത്തിന് ഒരു ഫോണ്ട് സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ ഗ്രൂപ്പ് വേണ്ടതിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.
Posted by Anivar at 2:40 PM 8 comments
Labels: ആശയങ്ങള്‍, ഫോണ്ട് എംബഡിങ്ങ്, ഭാഷാ കമ്പ്യൂട്ടിങ്ങ്, സൈഫര്‍
Friday, September 21, 2007
ഗ്നുവും ജിപിഎല്ലും ഫോണ്ട് എംബഡിങ്ങും
റാല്‍മിനോവ് ഇവിടെ ഉന്നയിച്ച സംശയങ്ങള്‍ക്കുള്ള മറുപടി
വോള്‍ട്ടിന്റെ കഥയൊന്നും എനിക്കറിയില്ല. കാരണം അതെന്താന്നു തന്നെ വല്യേ പിടുത്തം പോരാ.
പിന്നെ ബാക്കിക്കാര്യം
ഒരു ഗ്നു ഫോണ്ട് എംബഡ് ചെയ്താല്‍ ആ ഡോക്യുമെന്റ് ഗ്നുവില്‍ പെടുമോ ? അങ്ങനെയെങ്കില്‍ ആ ഫോണ്ടുപയോഗിച്ചു് പ്രസിദ്ധീകരിക്കുന്ന പത്രവും അതില്‍ പെടണ്ടേ, പെടുമോ ?
റാല്‍മിനോവെ , ഗ്നുവും ജിപിഎല്ലും തമ്മില്‍ വ്യത്യാസമുണ്ട്. ഗ്നു ഒരു പ്രോജക്ടിന്റെ പേരാണ്. യുണിക്സിനെപ്പോലുള്ള ഒരു സ്വതന്ത്ര ഓപ്പറേറ്റിങ്ങ് സിസ്റ്റം നിര്‍മ്മിക്കുക എന്ന ഉദ്ദേശ്യത്തോടെ 1983ല്‍ സ്റ്റാള്‍മാന്‍ തുടങ്ങിയ പ്രോജക്ടാണിത്. ജിപിഎല്‍ എന്നാല്‍ ഒരു ലൈസന്‍സാണ്. അത് ഗ്നു പ്രൊജക്ടിന്റെ ഭാഗമായി നിര്‍മ്മിച്ചതായതിനാല്‍ ഗ്നു ജിപിഎല്‍ എന്നു പറയുന്നു. ലോകത്ത് 70% ത്തോളം സ്വതന്ത്ര സോഫ്റ്റ്വെയറുകളും ഈ ലൈസന്‍സാണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് ഗ്നു എന്നു മാത്രം പറഞ്ഞാല്‍ അര്‍ത്ഥം മാറിപ്പോകും . ജിപിഎല്‍ എന്നോ ഗ്നു ജിപിഎല്‍ എന്നോ പറയുക.
ഈ എംബഡ് എന്ന വാക്കാണു പ്രശ്നം. അതായത് നമ്മള്‍ മലയാളത്തില്‍ യൂണിക്കോഡ് ഫോണ്ട് ഉപയോഗിച്ച് ഒരു പിഡിഎഫ് ഉണ്ടാക്കിയെന്നിരിക്കട്ടെ. നമ്മള്‍ക്കാ പിഡിഎഫ് കാണാനാകുന്നത് അതിനുള്ളില്‍ ഈ ഫോണ്ട് എംബഡ് ചെയ്തതുകൊണ്ടാണ്. ഇനി ആ ഫോണ്ട് ജിപിഎല്‍ ആണെന്നിരിക്കട്ടെ നമ്മളുണ്ടാക്കുന്ന പിഡിഎഫ് ആ ഫോണ്ടുള്ക്കൊള്ളിച്ച പുതിയൊരു സാധനമാണ്. ജിപിഎല്‍ ഫോണ്ട് ഉള്‍ച്ചേര്‍ന്നതിനാല്‍ അതിന്റെ വിതരണം ജിപിഎല്‍ അനുശാസിക്കുന്ന രീതിയിലേ പറ്റൂ. ഇത് യഥാര്‍ത്ഥത്തില്‍ കോപ്പിറൈറ്റ് നിയമത്തിന്റെ ഒരു പ്രശ്നമാണ്. കൂടുതല്‍ ഇവിടെ. സാധാരണ വെബ് ഉപയോഗത്തിന് ബാധകമാണിതെന്ന് എനിക്കു തോന്നുന്നില്ല. സൈറ്റില്‍ എംബഡ് ചെയ്യുന്ന കാര്യത്തില്‍ എനിക്കത്ര വിവരം പോരാ. ഇത് ഒട്ടനവധി പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടാക്കുന്നു. അതിനാലാണ് ഫോണ്ട് എക്സപ്ഷന്‍ എന്ന പരിപാടി തുടങ്ങിയത്.
ഇത് ഫോണ്ട് നിര്‍മ്മാതാക്കള്‍ തന്നെ അതുണ്ടാക്കുമ്പോള്‍ ജിപിഎല്‍ ലൈസന്‍സിനു താഴെ ചെറിയൊരു കുറിപ്പുകൂടി കൂട്ടിച്ചേര്‍ക്കുന്ന പരിപാടിയാണ്.
ഇതാണ് കുറിപ്പ്
As a special exception, if you create a document which uses this font, and embed this font or unaltered portions of this font into the document, this font does not by itself cause the resulting document to be covered by the GNU General Public License. This exception does not however invalidate any other reasons why the document might be covered by the GNU General Public License. If you modify this font, you may extend this exception to your version of the font, but you are not obligated to do so. If you do not wish to do so, delete this exception statement from your version.
രചന(Rachana_w01) ഫോണ്ടില്‍ ഇതില്ല. അതുകൊണ്ട് രചന എംബഡ് ചെയ്തതൊക്കെ ജിപിഎല്‍ ആയി മാറും. രചനയില്‍ വേണമെങ്കില്‍ ഹുസ്സൈന്‍ മാഷോട് പറയുക. പുതിയതായിറക്കിയ മീരയില്‍ ഇതുണ്ട്. അതുകൊണ്ട് എവിടെയും ധൈര്യമായി എംബഡ് ചെയ്യാം.
പിന്നെ ജിപിഎല്‍ ലൈസന്‍സ്. അത് തന്നെപ്പോയി വായിച്ചു പഠിച്ചേ ഒക്കൂ. കൂടുതല്‍ സംശയങ്ങള്‍ക്ക് ലൈസന്‍സിങ്ങ് അറ്റ് ഗ്നു.ഓര്‍ഗില്‍ ഒരു മെയിലിടുക.
Posted by Anivar at 1:36 AM 3 comments
Labels: ഗ്നു, ജിപിഎല്‍, ഫോണ്ട് എക്സപ്ഷന്‍
Thursday, September 20, 2007
പിന്മൊഴി, കോടിപതി, കോണ്‍സ്പിരസി (അതായത് സിബു, ചെറുവക, രചന)
ചെറുവകയിലെ സിബുവിന്റെ ഈ കമന്റിനുള്ള മറുപടി
സിബു:പിന്മൊഴി നിറുത്തി കോടിപതിയായപോലെ തന്നെയേ ഉള്ളൂ ഇവിടെയെമ്പാടും ചിതറിക്കിടക്കുന്ന എനിക്കെതിരെയുള്ള (ഉമേഷിനെതിരേയും) കോണ്‍സ്പിരസി ആരോപണങ്ങള്‍. അവയ്ക്ക് മറുപടി പറഞ്ഞ് സമയം കൊല്ലാനില്ല. എന്റെ ചോദ്യങ്ങളെല്ലാം എനിക്ക് വ്യക്തിപരമായി ഉണ്ടായിരുന്ന ടെക്നിക്കല്‍ സംശയങ്ങള്‍ തീര്‍ക്കുക ലക്ഷ്യം വച്ചുള്ളവയാണ്. അത് രചനയെ ബോധ്യപ്പെടുത്തുക എങ്ങനെയാണെന്നറിയില്ല. അതില്‍ ഞാന്‍ അമ്പേ പരാജയപ്പെട്ടെങ്കിലും കാര്യങ്ങളെ പോസ്റ്റിറ്റീവായി കാണാനേ ഇനിയും ഉദ്ദേശിച്ചിട്ടുള്ളൂ...
എതിനാ വെറുതെ ഉമേഷിനെ കൂട്ടിനു വിളിക്കുന്നത്. ഒറ്റക്കങ്ങേറ്റിയാല്‍ പോരെ. ഉമേഷ് ലൈസന്‍സിങ്ങ് സംശയം മാത്രമേ ചോദിച്ചിട്ടുള്ളൂ. സിബൂ ഇതിലൊരു കോണ്‍സ്പിരസിയുമുണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നില്ല. ഉമേഷാണെങ്കില്‍ സ്വന്തം നിലപാട് വ്യക്തമാക്കുകയും ചെയ്തു. സിബുവിന്റെ ഈഗോ പ്രശ്നങ്ങള്‍ മാത്രമേ എനിക്കു കാണാനുള്ളൂ. സിബുവിന്റെ കാളമൂത്രം പോലെയുള്ള (ചാഞ്ചാടിക്കളിച്ചാലും ഒഴിക്കുന്നത് മൂത്രമായിരിക്കണം എന്ന നിര്‍ബന്ധം) നിലപാടുകളാണ് ഇത്രയും പറയിപ്പിച്ചത്. പക്ഷേ ഒരു തരത്തില്‍ ഞാന്‍ സിബുവിനോട് കടപ്പെട്ടിരിക്കുന്നു. മലയാളം ബ്ലോഗുലകത്തില്‍ ആദ്യമായി സ്വതന്ത്ര സോഫ്റ്റ്വെയര് ലൈസന്‍സുകളെക്കുറിച്ച് , അതിന്റെ സ്വാതന്ത്ര്യങ്ങളെക്കുറിച്ച് സംസാരിക്കാന്‍ അവസരം ഒരുക്കിയതിന് . അത് സിബുവിന് മനസ്സിലായില്ലെങ്കിലും ( മനസ്സിലായി എന്നു സമ്മതിച്ചില്ലെങ്കിലും എന്നു തിരുത്തിവായിക്കാനപേക്ഷ) മറ്റ് ഒരുപാടുപേര്‍ ഇതു വായിച്ചിട്ടുണ്ട്. മനസ്സിലാക്കിയിട്ടുണ്ടുമുണ്ട്. പിന്നെ രചന അക്ഷരവേദിക്കാരൊന്നും ഈ ചര്‍ച്ചയില്‍ വന്നുകണ്ടില്ല. അതുകൊണ്ട് സിബുവിനനുകൂലമായില്ലെങ്കില്‍ അവര്‍ രചനയാണ് എന്നത്, "നിങ്ങള്‍ ഞങ്ങള്‍ക്കൊപ്പമില്ലെങ്കില്‍ തീവ്രവാദികള്‍ക്കൊപ്പമാണ്" എന്നു ജോര്‍ജ് ബുഷ് പറയുംപോലെത്തന്നെ പരിഹാസ്യമാണ്. ഇവിടെ ഞാനായാലും പ്രവീണായാലും സന്തോഷായാലും സുറുമയാലും സംസാരിച്ചത് സ്വതന്ത്രസോഫ്റ്റ്വെയറിന്റെ നിര്‍മാണത്തെക്കുറിച്ചും ലൈസന്‍സിങ്ങിനെക്കുറിച്ചുമാണ്. രചനയായല്ല. ചോദ്യം ഫ്രീ ഫോണ്ടാണോ എന്നായിരുന്നല്ലോ. സ്വന്തം ബ്ലോഗില്‍ത്തന്നെ എല്ലാവാദങ്ങളും തോറ്റമ്പിയ സ്ഥിതിക്ക് ഒരു രക്ഷപ്പെടല്‍ സിബുവിനും ആവശ്യമാണ്. ഈഗോ കൂടുതലായതിനാല്‍ പ്രത്യേകിച്ചും . അപ്പോഴാണ് പിന്‍മൊഴി, കോടിപതി, കോണ്‍സ്പിരസി, എന്നീ വാക്കുകള്‍ വരുന്നത്.
സിബുവിന് മനസ്സിലായതിത്രമാത്രം
സിബു: * രചന ഒരു ഓപ്പണ്‍ ഫോണ്ടാണ്. ബാക്കി കുറേ ഫോണ്ടുകളും കൂടി ഓപ്പണ്‍ സോര്‍സ് ആണെന്ന് മനസ്സിലായി. അവയെ പറ്റി വരമൊഴി വിക്കിയില്‍ ഡോക്യുമെന്റ് ചെയ്തുകഴിഞ്ഞു. രചനയുടെ ഹോസ്റ്റിംഗ് സൈറ്റ് മനസ്സിലായതും നന്നായി. വിന്‍ഡോസിനുവേണ്ടി ഉണ്ടാക്കിയ ഫോണ്ടില്‍, വിന്‍ഡോസ് ഫോണ്ട് വ്യൂവറിലൂടെ നോക്കുമ്പോള്‍, ഗ്നൂ എന്ന് കാണാവുന്ന രീതിയില്‍ വയ്ക്കുന്നത് നന്നായിരിക്കും എന്നുതന്നെ വിശ്വസിക്കുന്നു - ഫോണ്ടുകളെ പറ്റി അധികമറിയാത്ത എന്നേപ്പോലെ പലര്‍ക്കും കാര്യങ്ങള്‍ വ്യക്തമാവുന്നതിന്.
ഫ്രീ ഫോണ്ടാണോ എന്ന ചര്‍ച്ച ഫ്രീ ഫോണ്ടാണ് (സ്വതന്ത്ര ഫോണ്ടാണ്)എന്നു തന്നെ അവസാനിപ്പിക്കുകയല്ലേ നല്ലത്. പ്രത്യേകിച്ചും അത് ബ്ലോഗ് വായിക്കുന്നവര്‍ക്കെല്ലാം മനസ്സിലായ സാഹചര്യത്തില്‍. എന്തിനാ വെറുതെ ഓപ്പണ്‍ ഫോണ്ട് എന്ന പുതിയ ടെര്‍മിനോളജി. രചനയുടെ ഹോസ്റ്റിങ്ങ് സൈറ്റ് സാവന്നയാണ്. പിന്നെ രാമായണം മുഴുവന്‍ പറഞ്ഞ് കഴിഞ്ഞ് പണ്ടാരോ ചോദിച്ച ചോദ്യമാണ് "വിന്‍ഡോസിനുവേണ്ടി ഉണ്ടാക്കിയ ഫോണ്ടില്‍, വിന്‍ഡോസ് ഫോണ്ട് വ്യൂവറിലൂടെ നോക്കുമ്പോള്‍, ഗ്നൂ എന്ന് കാണാവുന്ന രീതിയില്‍ വയ്ക്കുന്നത് നന്നായിരിക്കും എന്നുതന്നെ വിശ്വസിക്കുന്നു" എന്ന വാക്യം കാണുമ്പോള്‍ ഓര്‍മ്മ വരുന്നത്
സിബു: * രചന മൈക്രോസോഫ്റ്റിലേയ്ക്കാവശ്യമുള്ള ഫോണ്ട് ടേബിളുകളുണ്ടാക്കുന്നത് ഞാന്‍ മുമ്പ് കരുതിയിരുന്നതില്‍ നിന്നും വ്യത്യസ്തമായി ഫോണ്ട്ഫോര്‍ജിലാണ്. അതുകൊണ്ട് സോഴ്സ് ചോദിക്കുന്നതില്‍ അര്‍ഥമില്ല എന്നത് ശരിയാണ്. വോള്‍ട്ടിലായിരുന്നെങ്കില്‍, വോള്‍ട്ട് സോഴ്സ് ഉണ്ടായിരുന്നെങ്കില്‍, കാര്യങ്ങള്‍ മോഡിഫൈ ചെയ്യാന്‍ എളുപ്പമുണ്ടായിരുന്നു എന്നു് ഇപ്പോഴും തോന്നുന്നു.
നാടുമുഴുവന്‍ ഉബണ്ടു സിഡികള്‍ പറന്നുകളിക്കുമ്പോള്‍ ഫോണ്ട് ഫോര്‍ജില്‍ ഒന്നെഡിറ്റ് ചെയ്യല്‍ ഇത്രവലിയ പണിയാണെന്ന് ഇപ്പോളാണറിഞ്ഞത്. ജീവിതകാലത്ത് ഒരു ഫോണ്ടെങ്കിലും തുറന്നുനോക്കാതെയല്ലേ ഈ വാചകമടി. വിന്‍ഡോസില്‍ വോള്‍ട്ട് സോഴ്സ് (ഏതു ഫോണ്ടിനും) ഉണ്ടാക്കുന്നതെങ്ങനെയെന്ന് റാല്‍മിനോവ് ഇവിടെ എഴുതിയിട്ടുണ്ട് .
Posted by Anivar at 10:58 AM 13 comments
Labels: ചെറുവക, രചന, സിബു, സ്വതന്ത്ര അക്ഷരരൂപം
Monday, September 17, 2007
സിബു ചെറുവകയില്‍ ഉന്നയിച്ച സംശയങ്ങള്‍ക്കുള്ള മറുപടി
സിബു ചെറുവകയില്‍
തന്നലിങ്കനുസരിച്ച് ആ സമയത്തെ ഫോണ്ടു് ഡൌണ്‍ലോഡ് ചെയ്യുകയുണ്ടായി. അത് വിന്‍ഡോസില്‍ വര്‍ക്ക് ചെയ്യുന്നില്ല; ലിനക്സില്‍ വര്‍ക്ക് ചെയ്യുന്നോ എന്ന് നോക്കിയില്ല. ആത്യന്തികമായി തറക്കല്ലിട്ടസമയമല്ല, പൊതുജനങ്ങള്‍ക്ക് ഉപയുക്തമായരീതിയില്‍ തുറന്നുകൊടുത്ത തീയതിയാണ് നോക്കേണ്ടത്. അതനുസരിച്ച് അഞ്ജലി തന്നെ മലയാളത്തിലെ ഒന്നാമാത്തെ പഴയലിപിയുണീക്കോഡ് ഫോണ്ട്. എന്റെ കയ്യില്‍ ആ അഞ്ജലിയുടെ കോപ്പി കാണാനില്ല. കെവിന്റെ കയ്യിലുണ്ടാവേണ്ടതാണ്.
ആ പേജ് ഞാന്‍ ഇന്റര്‍നെറ്റ് ആര്‍ക്കേവില്‍ നിന്നെടുത്തതാണെന്നു ശ്രദ്ധിച്ചിരിക്കുമല്ലോ. രാമകൃഷ്ണന്റെ ആ വെബ്സൈറ്റിലെ http://hackgnu.org/rachana എന്ന വെബ് പേജായിരുന്നു അന്നത്തെ പ്രോജക്റ്റ് പേജ്. അത് നഷ്ടപ്പെട്ടതുകൊണ്ടാണ് ഇന്റര്‍നെറ്റ് ആര്‍ക്കേവ് ചൂണ്ടിക്കാട്ടിയത്. ഇപ്പോ സിബു ഒന്നുമില്ലായ്മയില്‍ നിന്നും തറക്കല്ലുവരെ മനസ്സിലാക്കിയല്ലോ . അല്പം കൂടി മനസ്സിരുത്തിയാല്‍ മുഴുവനും മനസ്സിലാക്കാവുന്നതാണ്. സിബു ഇപ്പോ ചോദിക്കുന്നത് രചന ഉപയോഗിച്ചവരുടെ അക്കാലത്തെ അനുഭവസാക്ഷ്യങ്ങള്‍ക്കാണ്. അല്പം കൂടി പരതിയാല്‍ ആ URL പോയിന്റ് ചെയ്യുന്ന നിരവധി ഫോണ്ട് വിലയിരുത്തലുകളും അനുഭവസാക്ഷ്യങ്ങളും സിബുവിന് കാണാവുന്നതാണ്. ഇനി ഗൂഗിള്‍ സെര്‍ച്ച് ചെയ്യാനും സിബുവിനെ പഠിപ്പിക്കേണ്ടി വരില്ലെന്നു കരുതുന്നു. പിന്നെ ബീറ്റ പൂര്‍ണ്ണമായും ശരിയായിരിക്കണമെന്ന് എന്തിനാണിത്ര നിര്‍ബന്ധം ? ബീറ്റയും , ആല്‍ഫയും റിലീസ് കാന്‍ഡിഡേറ്റുകളും എല്ലാം തകരാറുകള്‍ പരിഹരിക്കാനുള്ള സമയമാണ്. പിന്നെ സിബു ഇപ്പോള്‍ നേരത്തെപ്പറഞ്ഞതെല്ലാം വിഴുങ്ങിക്കഴിഞ്ഞല്ലോ .
സിബു തുടരുന്നു.
അന്നത്തെ പ്രാഗ്‌രചനയുണീക്കോഡില്‍ ശ്രദ്ധിച്ച ഒരു കാര്യമുണ്ട്. ലൈസന്‍സ് ഗ്നു-ജിപീല്‍ ആണെന്ന് കോപ്പിറൈറ്റ് കോളത്തില്‍ എഴുതിയിരിക്കുന്നു. അതുപോലുള്ള ഒരു കോപ്പിറൈറ്റ് സ്റ്റേറ്റ്മെന്റാണ് ഞാന്‍ ഇന്നത്തെ രചനയ്ക്കും (ഏതുഫോണ്ടിനും) വേണം എന്നപേക്ഷിക്കുന്നത്. സണ്ണിന്റേതില്‍ നിന്നും വ്യത്യസ്ഥമായി ഡെവലപ്പേഴ്സല്ല; കമ്പ്യൂട്ടറിന്റെ അടിസ്ഥാനവിവരമുള്ള സാധാരണക്കാര്‍ക്ക് വേണ്ടിയാണത്.
സ്വതന്ത്ര സോഫ്റ്റ്വെയറില് ഡെവലപ്പര്‍ക്കോരുരീതി, സാധാരണക്കാര്‍ക്കൊരുരീതി എന്നൊന്നുമില്ല. അത് വിവരങ്ങള്‍ മറച്ചുവെക്കുന്ന കുത്തകകളുടെ രീതിയാണ്. നിങ്ങളിത്ര അറിഞ്ഞാല്‍ മതി എന്ന് ഒരു സ്വതന്ത്ര സോഫ്റ്റ്വെയറും പറയില്ല. സിബുവിനിപ്പോള്‍ വിന്‍ഡോസ് ഫോണ്ട് വ്യൂവറിനപ്പുറം ചിന്തിക്കാനാവാത്തത് അതുകൊണ്ടാണ്. കാരണം ഫോണ്ട് തുറന്നുനോക്കുക എന്ന ആവശ്യത്തിനു പ്രതിബന്ധമാകുന്നത് അതിന്റെ പ്രോപ്രൈറ്ററി സ്വഭാവവും വിലയുമായാണ്. ഈ പ്രശ്നങ്ങളൊന്നും സോഫ്റ്റ്വെയര് സ്വാതന്ത്ര്യത്തിന്റെ ലോകത്തില്ല.
പിന്നെ രചനയുടെ കോപ്പിറൈറ്റ് നോട്ടീസില്‍ ജിപിഎല്‍ എന്നു കണ്ടതിനെപ്പറ്റി. അതിനുകാരണം അന്നു ഉപയോഗിച്ചിരുന്ന Pfaedit എന്ന ഉപകരണത്തില്‍ ലൈസന്‍സ് എന്ന ഫീല്‍ഡ് ഉണ്ടായിരുന്നില്ല എന്നതു മാത്രമാണ്. ഒക്ടോബറിലിറങ്ങിയ രചന മീഡിയം. OTF എന്ന അക്ഷരരൂപത്തിലും ഈ രീതി കാണാം. പക്ഷെ അത് ഡെവലപ്പറെ സംബന്ധിച്ച് കുറെ അധികജോലികളുണ്ടാക്കുന്നു. ജിപിഎല്‍ ലൈസന്‍സ് പ്രത്യേകമായി ഫോണ്ടിനൊപ്പം നല്‍കിയിരിക്കേണ്ടതാണ്. അപ്പൊ അത് എംബഡ് ചെയ്യുന്നതല്ലേ നല്ലത്.?
സിബു തുടരുന്നു.
രചനമറച്ചുവയ്ക്കുന്ന മറ്റൊരു കാര്യം കൂടിയുണ്ട് - വോള്‍ട്ട് സോഴ്സ്. അഞ്ജലി അത് പബ്ലിഷ് ചെയ്തിരിക്കുന്നത് ശ്രദ്ധിക്കുമല്ലോ. അതുണ്ടെങ്കില്‍ രചനയില്‍ മാറ്റം വരുത്തുവാന്‍ വളരെ എളുപ്പമായേനെ. രചനയുടെ ഗ്ലിഫുകളുപയോഗിച്ച് ഒരു പുതിയലിപി ഫോണ്ടുണ്ടാക്കാന്‍ എനിക്ക് താല്പര്യമുണ്ട്. ഫോണ്ടിന്റെ വലുപ്പം കഴിയാവുന്നത്ര കുറഞ്ഞ ഒന്ന്. പറ്റുമെങ്കില്‍ ഫോണ്ടുണ്ടാക്കാന്റുള്ള വിവിധ സ്റ്റെപ്പുകളെ നന്നായി വിവരിക്കുന്ന ഒരു വിക്കിലേഖനം കൂടി ഈ ഓപ്പണ്‍ ഫോണ്ടുകളോടൊപ്പം ഉണ്ടായിരുന്നെങ്കില്‍ എന്നാശിക്കുന്നു.. കൂടുതല്‍ മലയാളം ഫോണ്ടുകള്‍ ഉണ്ടാകാന്‍ അത് സഹായിച്ചേനെ.
വോള്‍ട്ട് എന്ന ടൂള്‍ ഉപയോഗിച്ചാലല്ലേ വോള്‍ട്ട് സോഴ്സുണ്ടാകൂ. ഞാനറിയുന്ന കാലത്ത് Pfaedit (Fontforgeന്റെ ആദ്യരൂപം) ആണ് ഉപയോഗിച്ചത്. .sfd സോഴ്സ് ഫയല്‍ ഫോണ്ടിനൊപ്പം ഞാന്‍ തന്ന ബീറ്റയുടെ പേജില്‍ കാണാം. പിന്നെ ഓപ്പണ്‍ടൈപ്പ് ഫോണ്ടിന് സോഴ്സ് ഫയലുണ്ടോ എന്നതും ഒരു വിഷയമാണ്. കാരണം അത് ടെക്സ്റ്റ് ഡോക്യുമെന്റിന്റെ സോഴ്സ് അന്വേഷിക്കുന്നതു പോലെ നിരര്‍ത്ഥകമാണ്. പിന്നെ ഉള്ളത് പ്രൊജക്റ്റ് ഫയലാണ്. അതായിരിക്കും കെവിന്‍ നല്‍കിയിരിക്കുകയെന്നു ഞാന്‍ കരുതുന്നു. പിന്നെ സാങ്കേതികവശം . ഈ ചോദ്യം തന്നെ സിബു ഇതുവരെ ജിപിഎല്‍ എന്തെന്നു വായിക്കാന്‍ തയ്യാറായിട്ടില്ലെന്നതിനു തെളിവാണ്. ഉപയോക്താവ് ആവശ്യപ്പെടുമ്പോള്‍ സോഴ്സ് നല്‍കണമെന്നു മാത്രമേ ജിപിഎല്‍ അനുശാസിക്കുന്നുള്ളൂ. (പ്രൊജക്റ്റ് ഫയലിനെ സോഴ്സെന്നു പറയാറില്ലെങ്കിലും). ആ ഫോണ്ടൊന്നു ഫോണ്ട്ഫോര്‍ജില്‍ തുറന്നു .sfd ആയി സേവ് ചെയ്താല്‍ അത് സോഴ്സ് ഫയലായി. പിന്നെ എളുപ്പത്തിന്റെ കാര്യം. മേല്‍പ്പറഞ്ഞകാരണങ്ങളാല്‍ തന്നെ അതൊരു മണുക്കൂസ് ന്യായമാണ് . ശ്രമിച്ചില്ലെന്നു പറയുന്നതാവും ശരി. അഞ്ജലിയുടെ സോഴ്സ്ഫയല്‍ എന്നു പറയുന്ന സാധനം സിബു കക്ഷത്തു വച്ചു നടന്നിട്ടും ഒന്നു തുറന്നുനോക്കിയിട്ടില്ലെന്നു തോന്നുന്നു. പിന്നെ വിക്കിലേഖനം, സിബു എന്ന ക്ലയന്റിന്റെ ആവശ്യത്തിനനുസരിച്ച് നിര്‍മ്മിച്ചതല്ല രചന. അത് ഒരു ഹോബി പ്രോഗ്രാമാണ്. ഒരു കഥപോലെയൊ , ലേഖനം പോലെയോ ഒന്ന് . ഹുസ്സൈന്‍ എന്ന കലാകാരന്റെ സര്‍ഗ്ഗാത്മകത പ്രകടിപ്പിക്കാന്‍ അദ്ദേഹം തെരഞ്ഞെടുത്ത വഴി. തീര്‍ച്ചയായും മറ്റു സാമൂഹിക ഉദ്ദേശ്യങ്ങളും കണ്ടേക്കാം. ആഗ്രഹങ്ങളാകാം ... അത് മനുഷ്യ സഹജവുമാണ്. എല്ലാം രചനയുടെ പുറത്തേ ആകാവൂ എന്നത് മറ്റൊരസുഖമാണ്. പല്ലും നഖവുമുപയോഗിച്ച് കൊല്ലാനൊത്തില്ല. എന്നാലൊന്നു നക്കിക്കൊല്ലാന്‍ ശ്രമിച്ചാലൊ? .. അല്ലേ സിബൂ
പിന്നെ അഞ്ജലി .710 യുടെ ലൈസന്‍സ് ഞാന്‍ പഠിച്ചു. അത് നോണ്‍ ഫ്രീ ഫോണ്ടാണ്. അതിന്റെ ലൈസന്‍സ് എല്ലാത്തരം പുതുക്കലുകളെയുകളെയും തടയുന്നു. അതുകൊണ്ടുതന്നെ അത് സ്വതന്ത്ര ഫോണ്ടല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ഗ്നു ഫ്രീ സോഫ്റ്റ്വെയര് ഡെഫനിഷന്‍ കാണുക.
Posted by Anivar at 11:49 AM 0 comments
Labels: ഫോണ്ട്, രചന, സ്വതന്ത്ര സോഫ്റ്റ്വെയര്