ഒരു പെട്ടി..... പെട്ടിക്കുള്ളിലൊരു ലോകം... പെട്ടിതുരന്ന് പുറത്തേക്കൊരോട്ടം ..

Saturday, September 22, 2007

ഫോണ്ട് എംബഡിങ്ങ് ഒരു പരിഹാരമാണോ?

അടുത്തകാലത്ത് സിബുവിന്റെ ബ്ലോഗിലും റാല്‍മിനോവിന്റെ ബ്ലോഗിലുമായി ഫോണ്ട് എംബഡിങ്ങിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വളരെ കൂടുതലായി കണ്ടുവരുന്ന സാഹചര്യത്തില്‍ അവയൊന്നു വിശദീകരിക്കേണ്ടത് അത്യാവശ്യമാണെന്നു തോന്നുന്നു.

എന്താണ് ഫോണ്ട് എംബഡിങ്ങ് ?

ഒരു വെബ്സൈറ്റ് ലോഡ് ചെയ്യുന്നതോടൊപ്പം അതുകാണിക്കുന്നതിനായുള്ള അക്ഷരരൂപവും സ്വയം ലോഡ് ചെയ്യുന്നതിനുള്ള പരിപാടിയാണ് ഫോണ്ട് എംബഡിങ്ങ്. ഫോണ്ട് പ്രത്യേകം ഇന്‍സ്റ്റാള്‍ ചെയ്യാതെ കാണിക്കാന്‍ ഇത് ഉപയോഗിച്ചിരുന്നു. ആസ്കി ഫോണ്ടുകളുടെ കാലത്ത് അതായത് (ഓരോ പത്രത്തിനും സ്വന്തം ആസ്കി രൂപങ്ങളുണ്ടായിരുന്ന അന്തക്കാലത്ത് )ആണ് ഈ ടെക്നോളജി വന്നത്. നെറ്റ്സ്കേപ്പ് ആയിരുന്നു ഡൈനാമിക് ഫോണ്ട് എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത്. പിന്നെ ബിസ്ട്രീം എന്ന അക്ഷരരൂപനിര്‍മ്മാണ കമ്പനിയുടെ ബിസ്ട്രീം ഫോണ്ട് പ്ലേയര്‍ എന്ന പ്രയോഗം വന്നു. ഒരു പ്ലഗ്ഗിന്‍ രീതിയായിരുന്നു ഇതിന് .ട്രൂഡോക് എന്ന ഡെവലപ്മെന്റ് കിറ്റാണ് ഇതിനായി ഉപയോഗിച്ചിരുന്നത്. 1997ല്‍ മൈക്രോസോഫ്റ്റ് ബിസ്ട്രീമിനെ പിന്തുണക്കുന്നത് അവസാനിപ്പിക്കുകയും ഇതേ ആവശ്യത്തിനായുള്ള വെഫ്റ്റ് എന്ന (Web Embedding Font Tool (WEFT)) മൈക്രോസോഫ്റ്റ് പ്രയോഗം ഐ.ഇ 4.0 ക്കു വേണ്ടി ഇറക്കുകയും ചെയ്തു. ഇത് ഇന്റര്‍നെറ്റ് എക്സ്​പ്ലോററിനു മാത്രം വേണ്ടിയുള്ളതായിരുന്നു. ഓപ്പണ്‍ടൈപ്പായപ്പോള്‍ പേജ് ഏതുയൂണിക്കോഡ് ഫോണ്ടിലായാലും നമുക്കിഷ്ടം പോലെ രചനയിലോ അഞ്ജലിയിലോ കാര്‍ത്തികയിലോ ഒക്കെ കാണാമെന്ന നില വന്നു. പക്ഷേ പ്രസാധകന്‍ നാട്ടരെല്ലാം എന്റെ സൈറ്റ് രചനയില്‍ മാത്രം അല്ലെങ്കില്‍ തൂലികയില്‍ മാത്രം കണ്ടാല്‍മതിയെന്നു തീരുമാനിച്ചാല്‍ എന്തുചെയ്യും അപ്പോഴാണ് ഓപ്പണ്‍ടൈപ്പ് ഫോണ്ട് എംബഡിങ്ങ് എന്ന പരിപാടി വരുന്നത്. ടൂള്‍ വെഫ്റ്റ് തന്നെ. ഈ പറഞ്ഞതെല്ലാം നോണ്‍ഫ്രീ ആണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഫോണ്ട് എംബഡിങ്ങ് എന്തിനുവേണ്ടിയാണ്?

സിബു ഫോണ്ട് എംബഡിങ്ങിനുവേണ്ടിപറയുന്ന ന്യായങ്ങള്‍ ഇവയാണ്.

1. ഫോണ്ട് ക്രിയേറ്ററുടെ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷന്‍
2. വെബ് എഡിറ്റര്‍ സോഫ്റ്റ്വെയറുകളുടെ ഉപയോഗത്തിന്. കുറച്ചുനാള്‍ കഴിയുമ്പോള്‍ മലയാളത്തില്‍ തന്നെ അനേകം വ്യത്യസ്തങ്ങളായ നല്ല ഫോണ്ടുകളുണ്ടാവും എന്നോര്‍ക്കണം. ഓരോ വെബ് എഡിറ്റര്‍ ഉപയോഗിക്കുമ്പോഴും യൂസര്‍ ആ ഫോണ്ടുകള്‍ ഡൌണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാ‍ള്‍ ചെയ്യണം എന്നുവരുന്നത്‌ കഷ്ടമല്ലേ.
3. പത്രങ്ങള്‍ക്കും ബ്ലോഗുകള്‍ക്കും കൃത്യമായതും നല്ലതുമായ യൂസര്‍ എക്സ്പീരിയന്‍സ് കൊടുക്കാന്‍. ഇന്നത്തെ രീതിയില്‍ ഒരു ബ്ലോഗ് വായിക്കാന്‍ വരുന്നയാള്‍, എഴുതിയ ആളുദ്ദേശിച്ച പോലെ കാണണമെങ്കില്‍ അവിടെ ഉപയോഗിച്ചിരിക്കുന്ന ഫോണ്ടുകള്‍ ഡൌണ്‍ലോഡ് ചെയ്ത്‌ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടിവരും.


ഇതില്‍ ഒന്നാമത്തെ കാരണം ഉപഭോക്താവിന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ്. ഞാനെങ്ങനെകാണണം എന്നു തീരുമാനിക്കുന്നത് ഞാനല്ല എന്നതാണ് ഇതിലെ പ്രധാന പ്രശ്നം. (ഫോണ്ട് അഥവാ അക്ഷരരൂപം എന്നത് കോപ്പിറൈറ്റ് നിയമത്തിനടിയിലാണ് വരുന്നത്. "ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി" എന്ന വാക്ക് തെറ്റിദ്ധാരണാജനകമാണെന്ന് ആദ്യം പറഞ്ഞോട്ടെ . കാരണം ഇവിടെ)। സാധാരണയായി ഒരു പേജ് ഏതുഫോണ്ടില്‍ കാണിക്കണമെന്നു തീരുമാനിക്കുവാനുള്ള നിര്‍മ്മാതാവിന്റെ അവകാശം ആ പേജിന്റെ CSS (cascading style sheet)ല്‍ ഫോണ്ട് ഫാമിലി തീരുമാനിക്കുന്നതിലൊതുങ്ങുന്നു. അത് W3C സ്റ്റാന്‍ഡേര്‍ഡ് അനുസൃതമായതിനാല്‍ എല്ലാ ബ്രൌസറിലും വ്യക്തമായി കാണാനാകും. (ഹരീ ഇതെക്കുറിച്ചെഴുതിയിരിക്കുന്നത് ഇവിടെ വായിക്കാം) പിന്നെ എഴുതിയ ആളുദ്ദേശിച്ച പോലെ കാണണമെങ്കില്‍ അവിടെ ഉപയോഗിച്ചിരിക്കുന്ന ഫോണ്ടുകള്‍ ഡൌണ്‍ലോഡ് ചെയ്ത്‌ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടിവരും എന്നത് ഒരിക്കലും ഒരു കുറവല്ല. ഇപ്പോള്‍ എങ്ങനെയാണ് ഫോണ്ടുകള്‍ ലഭ്യമാകുന്നത്? രണ്ടാമത്തേത് ഒന്നുമല്ലാത്ത ഒരു ഇഷ്യൂ ആണ് . വെബ് എഡിറ്ററെന്താ Font Dependent ആണോ? എന്തായാലും എല്ലാം യൂണിക്കോഡല്ലേ മാഷെ.

മൂന്നാമത്തെതില്‍ അല്പം കാര്യമുണ്ട്. "കൃത്യമായതും നല്ലതുമായ യൂസര്‍ എക്സ്പീരിയന്‍സ് " എന്ന പോയന്റില്‍ .അതിനുള്ള പരിഹാരം വഴിയേ പറയാം

ഫോണ്ട് എംബഡിങ്ങ് സ്വീകരിക്കാവുന്ന ഒരു പരിഹാരമല്ലാത്തതെന്തുകൊണ്ട് ?

കഴിഞ്ഞുപോയ കാലത്തിന്റെ പ്രതിനിധിയായാണ് ഞാന്‍ ഫോണ്ട് എംബഡിങ്ങിനെ കാണുന്നത്. കാരണം അത് വിന്‍ഡോസിലെ ഇന്റര്‍നെറ്റ് എക്സ്​പ്ലോററില്‍ മാത്രമേ എന്നത് ഒന്നാമത്തെ കാരണം . ഇന്റര്‍നെറ്റ് എക്സ്​പ്ലോററിന്റെ മാര്‍ക്കറ്റ് പങ്കാളിത്തം അതിവേഗം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഫയര്‍ഫോക്സിനെ പിന്തുണക്കാത്ത ഒരു ടെക്നോളജിയാണിത്. ഉപഭോക്താവിന്റെ അനുവാദമില്ലാതെ ഫോണ്ട് ഡാറ്റ നമ്മുടെ കമ്പ്യൂട്ടറിലേക്ക് ഡൌണ്‍ലോഡ് ചെയ്യുന്നതുതന്നെ ഫയര്‍ഫോക്സിന്റെ നിര്‍മ്മാണതത്വങ്ങള്‍ക്കെതിരാണ്. (ActiveX നെ ഫയര്‍ഫോക്സ് പിന്തുണക്കാത്തതിനു കാരണവും ഇതുതന്നെയാണ്) . അതുപോലെ ഫോണ്ട് ഉപയോഗരീതി എല്ലായ്പോളും ഓപ്പറേറ്റിങ്ങ് സിസ്റ്റം ആര്‍ക്കിടെക്ചര്‍ അധിഷ്ഠിതമായതിനാല്‍ അതിനാല്‍ സിബു പറഞ്ഞ സ്പെസിഫിക്കേഷനുണ്ടാക്കുകയെന്ന "അടിപൊളി പ്രൊജക്റ്റൊന്നും" നടക്കുന്ന കാര്യമല്ല. വെഫ്റ്റ് ഒരു തുറന്ന സ്റ്റാന്‍ഡേര്‍ഡ് അല്ലാത്തത്തതിന്റെ പ്രശ്നം അടുത്തത്.

മലയാളത്തില്‍ ഒട്ടനവധി ഫോണ്ടുകള്‍ ഇനിയുമുണ്ടാകും. ചിലപ്പോള്‍ വെബ് ഉപയോഗത്തില്‍ ഒന്നിലധികം ഫോണ്ടുകള്‍ ഒരേപേജില്‍ത്തന്നെ വേണ്ടിവന്നേക്കാം. "കൃത്യമായതും നല്ലതുമായ യൂസര്‍ എക്സ്പീരിയന്‍സ് " നല്‍കാന്‍ അപ്പോള്‍ ഫോണ്ട് എംബഡിങ്ങിനെ ആശ്രയിച്ചാല്‍ എന്തുപറ്റുമെന്നു നോക്കാം. എത്ര ഫോണ്ടുകള്‍ പേജില്‍ ആവശ്യമാണോ അത്രയും ഫോണ്ടുകള്‍ എംബഡ് ചെയ്യേണ്ടിവരുന്നു. വെബ് പേജിന്റെ വലിപ്പം ഒരുപാട് വര്‍ദ്ധിക്കുന്നു (സിബു, റാല്‍മിനോവ്, കമ്പ്യൂട്ടറില്‍ ഫോണ്ടുണ്ടെങ്കിലും ഇത് ആ ഫോണ്ട് പിന്നെയും ഡൌണ്‍ലോഡ് ചെയ്യുമോ എന്നൊന്നു വ്യക്തമാക്കാമോ?).എന്നാലോ. ഇന്റര്‍നെറ്റ് എക്സ്​പ്ലോററിലൊഴിച്ച് എവിടെയും ഇതിന്റെ ഫലം കിട്ടുകയുമില്ല. ചുരുക്കിപ്പറഞ്ഞാല്‍ ഇതൊരു മുടന്തന്‍ ടെക്നോളജിയായി മാറുന്നു.

(അതിനോടൊപ്പം എംബഡബിള്‍ ഫോണ്ട്, ചെറിയഫോണ്ട് തുടങ്ങിയവ പുതിയലിപി വാദങ്ങളായി അവതരിക്കാനും സാധ്യതയുണ്ട് , സിബു മുന്‍പൊരിക്കല്‍ കമ്പ്യൂട്ടര്‍ ഡിസ്പ്​ളേയ്ക്ക് നല്ലത് പുതിയലിപിയാണെന്നു പറഞ്ഞതുകൂടി കണക്കിലെടുക്കുമ്പോ)


ഫോണ്ട് "എംബഡിങ്ങല്ലാതെ കൃത്യമായതും നല്ലതുമായ യൂസര്‍ എക്സ്പീരിയന്‍സിന് "വേറെ വഴിയില്ലേ?

നിരവധി മാര്‍ഗ്ഗങ്ങളുണ്ടാകാം. എനിക്കു പെട്ടെന്നുതോന്നുന്ന ഒരു രൂപഭംഗിവര്‍ദ്ധിപ്പിക്കല്‍ പരിപാടി സൈഫര്‍ (sIFR- Scalable Inman Flash Replacement)എന്ന സ്വതന്ത്ര ടെക്നോളജിയാണ്. ഇത് മൈക്ക് ഡേവിഡ്​സണ്‍ , മാര്‍ക്ക് വുബന്‍ എന്നിവര്‍ ചേര്‍ന്ന് വികസിപ്പിച്ചതാണ്. ഇത് XHTML ലും ഫ്ലാഷും ചേര്‍ത്ത ഒരു പരിഹാരമാണ്. ഗ്നു ലെസ്സര്‍ ജനറല്‍ പബ്ലിക് ലൈസന്‍സിലാണ്(LGPL) ഇത് ലഭ്യമായിരിക്കുന്നത്. സൈഫറിന്റെ ഒരു ഉദാഹരണ പേജ്നോക്കുക. ഇതിന്റെ പ്രവര്‍ത്തനം താഴെപ്പറയുന്നപോലെയാണ്.

1. ഒരു സാധാരണ (X)HTML പേജ് ബ്രൌസറില്‍ തുറന്നുവരുന്നു.
2. ഒരു ജാവസ്ക്രിപ്റ്റ് ഫങ്ഷന്‍ ഫ്ലാഷ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടോ എന്നും ഏതെല്ലാം ഭാഗങ്ങള്‍ക്കാണ് സൈഫര്‍ ആവശ്യമെന്നും പരിശോധിക്കുന്നു.
3. ഫ്ലാഷ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലെങ്കില്‍ (ജാവാസ്ക്രിപ്റ്റ് ഓഫാണെങ്കിലും), (X)HTML പേജ് സാധാരണ പോലെ കാണിക്കുന്നു. ഫ്ലാഷുണ്ടെങ്കില്‍ ജാവാസ്ക്രിപ്റ്റ് നിങ്ങളുടെ സോഴ്സ് ഫയല്‍ പരിശോധിച്ച് ഓരോ സൈഫര്‍ എലമെന്റിനേയും അളക്കുന്നു.
4. അളന്നുകഴിഞ്ഞ ശേഷം ജാവസ്ക്രിപ്റ്റ് യഥാര്‍ത്ഥ വസ്തുതകള്‍ക്കുമുകളില്‍ (അതായത് നമ്മുടെ ടെക്സ്റ്റിനു മുകളില്‍) ഒരു പാട പോലെ കൃത്യമായ അളവുകളില്‍ ഒരു ഫ്ലാഷ് മൂവി ഉണ്ടാക്കുന്നു
5. ഓരോ ഫ്ലാഷ് ഫയലിലും അടങ്ങിയ ആക്ഷന്‍സ്ക്രിപ്റ്റ് നമ്മള്‍ നിര്‍ദ്ദേശിച്ച ഫോണ്ട് ഉപയോഗിച്ച് ഫ്ലാഷ് മൂവിക്കനുയോജ്യമായ രീതിയില്‍ നമ്മുടെ ടെക്സ്റ്റിനെ വരക്കുന്നു.

ഈ രീതി 90 % ബ്രൌസറുകളിലും പ്രവര്‍ത്തിക്കുന്നതാണ്. പക്ഷേ ഇപ്പോള്‍ ഇതിന് യൂണിക്കോഡ് സപ്പോര്‍ട്ട് ഇല്ല. ഗ്നാഷ് എന്ന ഗ്നു പ്രൊജക്റ്റിന്റെ സ്വതന്ത്ര ഫ്ലാഷ് പ്ലേയറില്‍ യൂണിക്കോഡ് സപ്പോര്‍ട്ട് ഉള്ളതുകൊണ്ട് സൈഫറിലും ഇത് പ്രായോഗികമാക്കാവുന്നതാണ്. ഇതൊരു നല്ല പ്രൊജക്റ്റ് ഐഡിയയാണെന്നു തോന്നുന്നു.

യൂണിക്കോഡ് സപ്പോര്‍ട്ട് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലില്ലെങ്കില്‍ക്കൂടി യൂണിക്കോഡില്‍ പേജ് കാണിച്ചുകൊടുക്കാനാവും എന്ന പ്രത്യേകതയും ഇതിനുണ്ട്. സൈഫര്‍ കോഡിനെ സ്വതന്ത്ര കണ്ടന്റ് മാനേജ്മെന്റ് സിസ്റ്റങ്ങളുമായി ബന്ധിപ്പിച്ചാല്‍ , (ഉദാഹരണത്തിന്, ദ്രുപല്‍, വേര്‍ഡ്പ്രസ് , ജൂംല പ്ലഗ്ഗിനുകള്‍ )ഒരേ ഒരു തവണ ഓരോഭാഗത്തിനും വേണ്ട അക്ഷരസഞ്ചയം ഏതെന്നു തിരഞ്ഞെടുക്കാനുള്ള പ്രിഫറന്‍സ് കൊടുത്താല്‍ വെബ്സൈറ്റിന്റെ രൂപഭംഗി തീരുമാനിക്കപ്പെടുന്നതിനെപ്പറ്റി ആലോചിചു നോക്കൂ. ഡെവലപ്പര്‍മാരെ ഓടി വരൂ.

ഇത് എന്തായാലും ഫോണ്ട് എംബഡിങ്ങിനേക്കാള്‍ കൂടുതല്‍ പ്ലാറ്റ്ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന മാര്‍ഗ്ഗമാണെന്നു മനസ്സിലായല്ലോ. അതുപോലെ ഇനിയും വഴികള്‍ കണ്ടേക്കാം. ഇതൊരുദാഹരണം മാത്രം

അപ്പോള്‍ ഈ പ്രശ്നത്തിനു ശാശ്വത പരിഹാരമെന്ത്?

ഹരിയും ജിനേഷും പറഞ്ഞപോലെ ഒരു സ്വതന്ത്രവും സ്റ്റാന്‍ഡേര്‍ഡുമായ അക്ഷരരൂപസഞ്ചയം ഉണ്ടാക്കുകയാണ് ഇതിനു പരിഹാരം. അപ്പോള്‍ അവയെ ഫോണ്ട്ഫാമിലിയായി CSSല്‍ത്തന്നെ രേഖപ്പെടുത്താവുന്നതാണ്. മലയാളത്തിന് ഒരു ഫോണ്ട് സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ ഗ്രൂപ്പ് വേണ്ടതിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.

8 comments:

Ralminov റാല്‍മിനോവ് said...

1. എന്തിനാണു് ഞാന്‍ ഫോണ്ട് എംബഡ് ചെയ്തത് ?
ഉ : എന്റെ ഒരു സുഹൃത്തിനു് ഫോണ്ടോ അങ്ങനെ എന്തെങ്കിലുമോ ഡവുണ്‍ ലോഡ് ചെയ്തു് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ അനുവാദമില്ല.
ആ കമ്പ്യൂട്ടറില്‍ കാര്‍ത്തിക ഫോണ്ട് പോലുമില്ല.

2. ഒരിക്കല്‍ ഡവുണ്‍ ലോഡ് ചെയ്ത ഫോണ്ട് കാഷിലുണ്ടെങ്കില്‍ അതില്‍ നിന്നാണു് എടുക്കുന്നതു്. ഫ്ലാഷ് പോലെ.

3. ഹെഡിങ്ങുകളും മറ്റും സ്റ്റൈലില്‍ കാണിക്കാന്‍ ഇതു് ഉപയോഗിക്കാം. അപ്പോള്‍ ഫോണ്ടിന്റെ സബ്​സെറ്റ് മാത്രം ഉപയോഗിച്ചാല്‍ മതിയാകും.

ഇതു് ഒരു സൊല്യൂഷനല്ല, ഒരു വര്‍ക്ക് എറൌണ്ട് ആണു്.

Anivar said...

"ഫോണ്ട് എംബഡിങ്ങ് കൃത്യമായതും സമ്പന്നവുമായ യൂസര്‍ എക്സ്പീരിയന്‍സിന് ഒരു ശാശ്വതപരിഹാരമല്ല എന്നു മനസ്സിലായിരിക്കുമെന്നു കരുതുന്നു. ഹരിയും ജിനേഷും പറഞ്ഞപോലെ ഒരു സ്വതന്ത്രവും സ്റ്റാന്‍ഡേര്‍ഡുമായ അക്ഷരരൂപസഞ്ചയം ഉണ്ടാക്കുകയും അവയെ ഫോണ്ട്ഫാമിലിയായി CSSല്‍ത്തന്നെ രേഖപ്പെടുത്തുകയുമാണ് ഏറ്റവും നല്ല പരിഹാരം."

ഇത്രയും പറഞ്ഞ് സൈഫറിനെക്കുറിച്ചെഴുതിയപ്പോള്‍ ഒന്നു വായിട്ടലച്ചുപോയതാണ്. സംഗതി പുതീതാണല്ലോ.

Haree said...

• സാങ്കേതികത്തിലെ പോസ്റ്റിനെക്കുറിച്ച്: ഉദാഹരണമായി ഏതെങ്കിലുമൊരു ഫോണ്ട് ഉപയോഗിക്കണമല്ലോ, അങ്ങിനെ അഞ്ജലി ഉപയോഗിച്ച് പറഞ്ഞുവെന്നുമാത്രം. (ഞാന്‍ ബ്രൌസറെല്ലാം അഞ്ജലിയിലാണ് സെറ്റ് ചെയ്തിരിക്കുന്നത്.) പോസ്റ്റില്‍ ഒന്നുരണ്ടു വരികള്‍ കൂടി ഇപ്പോള്‍ ചേര്‍ത്തു, അഞ്ജലി ഉപയോഗിച്ചാല്‍ മാത്രമേ ആ പ്രശ്നം ഒഴിവാകൂ എന്ന് തെറ്റിദ്ധാരണ ആര്‍ക്കും ഉണ്ടാവേണ്ട. :)

• ഫോണ്ട് എംബഡിംഗ്: ഓരോ പേജിലും ഉപയോഗിച്ചിരിക്കുന്നത്രയും മാത്രമേ എംബഡ് ചെയ്യപ്പെടുന്നുള്ളൂ, മൊത്തമായി ഫോണ്ട് എംബഡ് ചെയ്യുന്നില്ല എന്നാണ് എനിക്കു തോന്നുന്നത്. ഓരൊ പ്രാവശ്യവും അത് ഡൌണ്‍ലോഡ് ചെയ്യപ്പെടുകയും ചെയ്യും. കാഷില്‍ ഫോണ്ട് ഉണ്ടെങ്കില്‍ തന്നെയും, അതേ ഫോണ്ട് മറ്റൊരു വെബ് സൈറ്റിലാണെങ്കില്‍, കാഷില്‍ നിന്നും എടുക്കുകയില്ല; വീണ്ടും ഡൌണ്‍ലോഡ് ചെയ്യപ്പെടും. അതായത് അഞ്ജലി(ഉദാഹരണം :) ഞാന്‍ എംബഡ് ചെയ്യുന്നു, മറ്റാരെങ്കിലും എംബഡ് ചെയ്യുന്നു. രണ്ടിലും അഞ്ജലിയാണെങ്കിലും, ഒരുപ്രാവശ്യം ഡൌണ്‍ലോഡ് ചെയ്താല്‍ പോര. (ഇത് ഞാന്‍ മനസിലാക്കിയതാണേ, തെറ്റുണ്ടെങ്കില്‍ തിരുത്തൂ...)

• സൈഫറിനെക്കുറിച്ച്: അതിലേക്ക് തന്നെ പോവേണ്ടതുണ്ടോ? സാധാരണ body-text കാണിക്കുവാന്‍ ഏതെങ്കിലുമൊരു സിസ്റ്റം ഡിഫോള്‍ട്ട് ഫോണ്ട് ഉപയോഗിക്കുക എന്ന രീതിതന്നെയല്ലേ നല്ലത്? ഹെഡിംഗുകള്‍ക്കും മറ്റും ചിത്രങ്ങളും ഉപയൊഗിക്കാം. (സൈഫര്‍ ഉപയോഗിക്കുവാന്‍ ജാവ ഉണ്ടായിരിക്കണം, ഫ്ലാഷ് ഉണ്ടായിരിക്കണം... ഇതൊക്കെ ഈ രീതിയില്‍ ചെയ്ത് വെയ്ക്കുവാന്‍ സമയം മെനക്കെടുത്തുന്നതില്‍ കാര്യമുണ്ടോ?)

• യൂണിക്കോഡ് സപ്പോര്‍ട്ട്: മലയാളം യൂണിക്കോഡ് ദൃശ്യമാക്കുവാന്‍ ഫോണ്ട്-എംബഡിംഗ് ഉപയോഗിച്ച് ഫ്ലാഷില്‍ സാധ്യമാണ്. പക്ഷെ, ഇന്‍പുട്ട്-ടെക്സ്റ്റ് സ്വീകരിക്കുവാന്‍ സാധ്യമല്ല. ഫ്ലാഷ് മൂവികള്‍(*.swf) നിര്‍മ്മിക്കുവാന്‍, ഏതെങ്കിലും സ്വതന്ത്ര്യ സോഫ്റ്റ്വെയര്‍ (വിന്‍ഡോസില്‍ പ്രവര്‍ത്തിക്കുന്നത്) ലഭ്യമാണോ?

എന്റെ ഒരു സുഹൃത്തിനു് ഫോണ്ടോ അങ്ങനെ എന്തെങ്കിലുമോ ഡവുണ്‍ ലോഡ് ചെയ്തു് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ അനുവാദമില്ല. ആ കമ്പ്യൂട്ടറില്‍ കാര്‍ത്തിക ഫോണ്ട് പോലുമില്ല. - സിസ്റ്റം ഡിഫോള്‍ട്ട് ഫോണ്ടായിക്കഴിഞ്ഞാല്‍ പിന്നെ, ഇന്‍സ്റ്റാള്‍ ചെയ്യുക എന്ന പ്രശ്നം ഒഴിവാകുകയില്ലേ? ഇപ്പോള്‍ തന്നെ Arial Unicode MS വിസ്റ്റയോടൊപ്പം ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്നുണ്ടല്ലോ!

ഓഫ്: ഹരി തെറ്റ്, ഹരീ ശരി. :)
--

Anivar said...

•സൈഫര്‍ പരിഹാരമായല്ല നിര്‍ദ്ദേശിച്ചത്. പലഫോണ്ട് , രൂപഭംഗി സമ്പന്നത എന്നിവയൊക്കെ ആലോചിചപ്പോള്‍ കൂടുതലൊരൂന്നല്‍ അതിനുവന്നുപോയത് മനപ്പൂര്‍വമല്ല. അതിപ്പോള്‍ തിരുത്തുന്നു. സൈഫറിന് ജാവ വേണ്ട ജാവസ്ക്രിപ്റ്റ് മതി. അത് മിക്ക ബ്രൌസറുകളിലും സ്വതേ വരുന്നതാണ്. ഫോണ്ട് എംബഡിങ്ങിനേക്കാള്‍ കൂടുതല്‍ പ്ലാറ്റ്ഫോം സപ്പോര്‍ട്ടുള്ള സൌകര്യങ്ങളുള്ള സ്വതന്ത്രമായ ഒരു ഉദാഹരണം കാണിച്ചെന്നു മാത്രം.

•ഗ്നാഷ് യൂണിക്കോഡ് ഇന്‍പുട്ട് സ്വീകരിക്കും. ഗ്നാഷിന്റെ വെബ്സൈറ്റില്‍ ഒരു വിന്‍32 എക്സിക്യൂട്ടബിള്‍ ഇട്ടിട്ടുണ്ട്. ഞാന്‍ ഉപയോഗിച്ചുനോക്കിയിട്ടില്ല.

•ഡേജാവു സാന്‍സ് എന്ന എല്ലാഭാഷകളുമുള്‍ക്കൊള്ളുന്ന സ്വതന്ത്ര ഫോണ്ടിനെ അടുത്ത ലക്കത്തില്‍ രചന അക്ഷരങ്ങളെ ഉള്‍ക്കൊള്ളിക്കുന്നുണ്ട്.

ഓഫ്: ഹരി തെറ്റ്, ഹരീ ശരി. :) ശരി ഹരീ

Ralminov റാല്‍മിനോവ് said...

ഹരീ,
ഞാന്‍ ജനറലൈസ് ചെയ്തതല്ല. ആ ഒരു സുഹൃത്തിനു് വേണ്ടി മാത്രം ചെയ്തതാണു്. അപ്പോഴാണു് പലരും അതെങ്ങനെയാണു് ചെയ്യുന്നതു് എന്നു് എന്നോടു് ചോദിച്ചതു് . അതുകൊണ്ടാണു് ഒരു ട്യൂട്ടോറിയല്‍ എഴുതിയതു്.
ഫ്ലാഷ് പോലെ, ഡവുണ്‍ ലോഡ് ചെയ്യപ്പെടില്ല, എന്നു് പറഞ്ഞാല്‍ ഹരീ പറഞ്ഞതു്പോലെത്തന്നെയാണു് ആ സൈറ്റില്‍ നിന്നും വീണ്ടും ഡവുണ്‍ ലോഡ് ചെയ്യപ്പെടില്ല എന്നു് മാത്രം.

Cibu C J (സിബു) said...

മൈക്രോസോഫ്റ്റിന്റെ ടെക്നോളജിയായിരിക്കണം ഭാവി എന്നുദ്ദേശിച്ചില്ല. പകരം ഒരു ഓപ്പണ്‍ ടെക്നോളജി ഉണ്ടാവണം. ഇപ്പോള്‍ അവൈലബിളായ ടെക്നോളജി മൈക്രോസോഫ്റ്റിന്റെ ആണ് എന്നുമാത്രമേ ഉള്ളൂ.

അതുണ്ടാവേണ്ട ന്യായവാദങ്ങള്‍ എന്തുകൊണ്ട് സി.എസ്.എസ് സെര്‍വറില്‍ നിന്നുസെര്‍വ്‌ ചെയ്യുന്നു എന്നതുതന്നെ. കാരണം ഫോണ്ട് ഒരു ആര്‍ട്ട്‌വര്‍ക്കാണ്, എക്സ്പ്രഷനുപയോഗിക്കുന്നതാണ്. അതില്‍ എഴുതുന്ന ആള്‍ക്ക്‌ ഫൈന്‍ കണ്ട്രോള്‍ കൊടുക്കാമെങ്കില്‍ നല്ലതാണ്.

ഫോണ്ട്‌ എംബഡ് ചെയ്യുമ്പോള്‍ പേജിനാവശ്യമായ ഔട്ട്‌ലൈനും ലേയൌട്ടും മാത്രമേ ഡൌണ്‍ലോഡ് ചെയ്യപ്പെടുന്നുള്ളൂ; അതുകൊണ്ട് കൂടുതല്‍ ഫോണ്ടുപയോഗിച്ചതുകൊണ്ട് ഡൌണ്‍ലോഡ് സൈസ് കാര്യമായി കൂടില്ല.

ഓപ്പണ്‍ ടെക്നോളജിയില്‍, ഔട്ടലൈനും ലേയൌട്ടും കൂടി കാഷ് ചെയ്യാനും, എന്‍‌ക്രിപ്റ്റ് ചെയ്യാതിരിക്കാനുമുള്ള ഓപ്ഷന്‍സ് സ്പെസിഫിക്കേഷനില്‍ ചേര്‍ക്കാവുന്നതാണ്.

വെബിലെ എഡിറ്റര്‍ ഡെസ്ക് ടോപ്പിലെ എഡിറ്ററേ പോലെ തന്നെ - ധാരാളം ഫോണ്ടുകള്‍ തിരഞ്ഞെടുക്കാനുണ്ടെങ്കില്‍ അത്രയും നല്ലത്‌.

എല്ലാം കൂടുതല്‍ കുറച്ച്‌ അടുക്കും ചിട്ടയിലും എഴുതണമെന്നുണ്ട്‌ - പലയിടത്തായി എഴുതിയതൊക്കെ കൂട്ടി. കുറച്ചു ദിവസത്തെ സാവകാശം തരണം.

Santhosh said...

ഒന്നു രണ്ടു കാര്യങ്ങള്‍ വിശദമാക്കാം.

1. എം‍ബഡ് ചെയ്ത ഫോണ്ട് മെഷീനിലുണ്ടെങ്കില്‍ വീണ്ടും ഡൌണ്‍ലോഡ് ചെയ്യില്ല.

2. ഫോണ്ട് ക്യാഷ് ചെയ്യില്ല. പേജ് മാറുമ്പോള്‍ ഫോണ്ട് ഡിലീറ്റ് ചെയ്യപ്പെടും (മെഷീനിലില്ലാത്ത ഫോണ്ട് ആണെങ്കില്‍)

3. WEFT-ന്‍റെ ഡീഫോള്‍ട്ട് തന്നെ "compress and download" ആണ്. അതിനാല്‍ സാധാരണ ഗതിയില്‍ ~400 KB-യില്‍ കൂടുതല്‍ ഫോണ്ട് വിവരം ഡൌണ്‍ലോഡ് ചെയ്യപ്പെടുന്നില്ല.

4. വിസ്തയില്‍ ഏരിയല്‍ യൂണികോഡ് MS, കാര്‍ത്തിക എന്നിവ പ്രീ ഇന്‍സ്റ്റോള്‍ഡ് ആണ്.

Ralminov റാല്‍മിനോവ് said...

സന്തോഷിന്റെ ഒന്നും രണ്ടും പോയന്റുകളില്‍ അഭിപ്രായവ്യത്യാസമുണ്ട്. അങ്ങനെയല്ല അനുഭവം ഉണ്ടായതു്.
എംബഡ് ചെയ്ത ഫോണ്ട് സിസ്റ്റത്തില്‍ ഉണ്ടാകുക എന്ന ഒരു സാദ്ധ്യതയേയില്ല.
ഇയോട്ടിയല്ലല്ലോ ടീട്ടീയെഫ് (ഓട്ടീയെഫ്).