ഒരു പെട്ടി..... പെട്ടിക്കുള്ളിലൊരു ലോകം... പെട്ടിതുരന്ന് പുറത്തേക്കൊരോട്ടം ..

Friday, January 25, 2008

പുസ്തക പൈറസിയും മലയാള സിനിമയും :പൈറസി ചര്‍ച്ച തുടരുന്നു.

എന്റെ കഴിഞ്ഞ പോസ്റ്റിലെ പുസ്തകവിലയേയും ലീഗാലിറ്റിയേയും കുറിച്ചുള്ള ജോജുവിന്റെ കമന്റാണ് ഇതെഴുതാന്‍ പ്രേരിപ്പിച്ചത്. ഈ പോസ്റ്റിലേക്ക് പുതുതായി വരുന്നവര്‍ കഴിഞ്ഞ പോസ്റ്റ് കൂടി വായിക്കാന്‍ താല്‍പ്പര്യപ്പെടുന്നു.

പൊതു ഉടമസ്ഥതയിലുള്ള വിവരങ്ങളുടെ സംരക്ഷണത്തിനും ലഭ്യതയ്ക്കുമായിട്ടാണ് കോപ്പിറൈറ്റ് നിയമം നിലകൊള്ളുന്നത്. പക്ഷേ ഈ വിജ്ഞാനോത്പാദകരായ പാവപ്പെട്ട സൃഷ്ടികര്‍ത്താവിനെ പിന്തുണയ്ക്കുന്നതിനായിട്ടാണ് പൊതു ഉടമസ്ഥതയിലെത്തും മുമ്പ് നിശ്ചിതകാലത്തേക്ക് അതിന്റെ മേല്‍ അവകാശങ്ങള്‍ അനുവദിച്ചു കൊടുത്തിരിക്കുന്നത്. കാലങ്ങളായി കോപ്പിറൈറ്റ് വ്യവസായം തങ്ങളുടെ ലോബിയിങ്ങ് പവറുപയോഗിച്ച് ഈ നിയമങ്ങളുടെ ഉള്ളടക്കമാണ് മാറ്റി മറിച്ചുകൊണ്ടിരിക്കുന്നത്. ദാ ഇപ്പോ തന്നെ ഇന്ത്യന്‍ കോപ്പിറൈറ്റ് നിയമത്തില്‍ ഡിജിറ്റല്‍ റിസ്ട്രിക്ഷന്‍സ് മാനേജ്മെന്റിനു വേണ്ട (DRM) മാറ്റങ്ങള്‍ നടത്താനുള്ള ശ്രമം ഞങ്ങളില്‍ പലരുടേയും കൂട്ടായ പരിശ്രമം മൂലമാണ് ഒഴിവാക്കിയത്. കോപ്പിറൈറ്റ് വ്യവസായത്തിന്റെ DRM നു വേണ്ടിയുള്ള മുറവിളി ഇപ്പോഴും സജീവമാണ്.

ഇതൊക്കെ പറഞ്ഞുവന്നത് നിയമം നിയമം എന്നു പറഞ്ഞുവരുന്നത് അങ്ങനെ നിഷ്പക്ഷമായ ഒന്നല്ല എന്നു പറയാനാണ്. ആരു ലോബി ചെയ്യുന്നോ അവനുവേണ്ട നിയമമിറങ്ങും (ഇപ്പോ ആണവ ചില്ല് യൂണിക്കോഡിലിറങ്ങുന്ന പോലെത്തന്നെ) അപ്പോ പുതിയനിയമമനുസരിച്ച് കുറേപേര്‍ കൂടി ക്രിമിനലുകളാകും . പൈറസിയുടെ സാമൂഹ്യലോകമൊന്നും ഒരു നിയമത്തിലും ഉണ്ടാവില്ല. നിയമം സമൂഹത്തെ കാണാതിടിക്കുന്നതിന്റെ പ്രശ്നമാണത്.

പുസ്തകവിലകള്‍ താരതമ്യം ചെയ്തുകൊണ്ടുതന്നെ എന്തുകൊണ്ട് ബൂക്ക് പൈറസി നിലനില്‍ക്കുന്നു എന്നു വ്യക്തമാക്കുന്ന ലോറന്‍സ് ലയാങ്ങിന്റെ ഈ ലേഖനം കാണുക.

ടേബിള്‍ കാണുക. അത് താഴെപ്പറയുന്ന കാര്യങ്ങള്‍ വ്യക്തമാക്കിത്തരുന്നു.
1.ഗ്ലോബല്‍ സൌത്തില്‍ (ഇന്ത്യയും ദക്ഷിണാഫ്രിക്കയുമൊക്കെ ഇതില്‍ പെടുന്നു)പുസ്തകങ്ങളുടെ യഥാര്‍ത്ഥവില കൂടുതലാണ്.
2. മറ്റുള്ളവരെ അപേക്ഷിച്ച് ഗ്ലോബല്‍ സൌത്തിലെ ഉപഭോക്താക്കള്‍ക്ക് അവരുടെ വരുമാനത്തിന്റെ കൂടുതല്‍ പങ്ക് അതേ പുസ്തകത്തിനായി ചെലവാക്കേണ്ടിവരുന്നു.
3. അമേരിക്കന്‍ ഉപഭോക്താക്കള്‍ ഒരേ പുസ്തകം വാങ്ങാന്‍ ഇന്ത്യയിലേയും ദക്ഷിണാഫ്രിക്കയിലേയും ആളുകള്‍ ചെലവാക്കുന്നത്ര വരുമാനത്തിന്റെ പങ്ക് ചെലവാക്കുകയാണെങ്കില്‍ അതൊരു വലിയ തമാശയായിരിക്കും

ഇതില്‍ നിന്നും നമുക്കു മനസ്സിലാക്കാവുന്ന സംഗതി പൈറേറ്റുകള്‍ ഒരു വിപണി ആവശ്യത്തോടാണ് പ്രതികരിക്കുന്നത് എന്നതാണ്. എല്ലാ പുസ്തകങ്ങളും പൈറേറ്റ് ചെയ്യപ്പെടുന്നില്ല. ഒരു പുസ്തകം/സിനിമ പൈറേറ്റ് സര്‍ക്യൂട്ടിലെത്തുന്നതിനു മുമ്പേ അതിനൊരു മിനിമം പോപ്പുലാരിറ്റി ഉണ്ടായിരിക്കേണ്ടതാണ്. അപ്പോ തന്നെ നമുക്കു മനസ്സിലാക്കാം അതിന്റെ സൃഷ്ടികര്‍ത്താവ് "പാവപ്പെട്ട സൃഷ്ടികര്‍ത്താവ്" എന്ന പദവി പിന്നിട്ടു കഴിഞ്ഞിരിക്കുമെന്ന്. ഒരു ഹോളിവുഡ് സിനിമ നമ്മുടെ പൈറേറ്റ് മാര്‍ക്കറ്റിലെത്തുന്നതും അതിന്റെ ഒരു മിനിമം വിപണി ലഭിച്ച ശേഷമാണ്.

പിന്നെ മലയാള സിനിമയെന്ന ഇട്ടാവട്ടത്തിനുള്ളിലെ കാര്യമാണ് ജോജു ഉദ്ദേശിച്ചതെങ്കില്‍ അതിന്റെ പരാജയത്തിന് നിരവധി കാരണങ്ങളുണ്ട്. എല്ലാം പൈറസിയുടെ തലയില്‍ കെട്ടിവെക്കുന്നുവെന്നു മാത്രം

1. ഈ ആഗോളീകൃത വിനോദവ്യവസായത്തിന്റെ കാലത്തും അത് കേരളത്തിനു പുറത്തുള്ള വിപണിയെ അഭിമുഖീകരിക്കാന്‍ മടിച്ച് സ്വന്തം പൊത്തുകളില്‍ ഒതുങ്ങുന്നു.
2. കേരളമെന്ന ഇട്ടാവട്ടത്തിലെ മാര്‍ക്കറ്റിനു താങ്ങാവുന്നതിനേക്കാള്‍ കൂടുതല്‍ തുക മുതല്‍മുടക്കുന്നു.
3. ലോകത്തെല്ലാവരും അവരുടെ തിരക്കുകളും കമ്പ്യൂട്ടറുകളും വിസിഡി പ്ലേയറുകളുമൊക്കെ പൂട്ടിവച്ച് മൂട്ടകടിക്കുന്ന തീയറ്ററുകളില്‍ വന്ന് സിനിമ കാണുമെന്ന് ഇന്നും മലയാള സിനിമാവ്യവസായം വിശ്വസിക്കുന്നു. അല്ലേല്‍ അവര്‍ ഒരു കൊല്ലം (സിഡിയോ ഡിവിഡിയോ ഇറങ്ങും വരെ കാത്തിരിക്കുമെന്നു വിശ്വസിക്കുന്നു.

ഇതില്‍ മൂന്നാമത്തെ പോയന്റ് തുറക്കുന്ന വിപണിയെ സിനിമാവ്യവസായം പരിഗണിക്കാത്തിടത്താണ് വ്യാജ സിഡിയുടെ നിലനില്‍പ്പ്.

ദെറീദയുടെ ഒരു കുറിപ്പോടെ പൈറസിയുടെ സാമൂഹ്യലോകത്തെപ്പറ്റിയുള്ള ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ

“The admiring fascination of the rebel can be understood not merely as the fascination for someone who commits a particular crime but that someone, in defying the law, bares the violence of the legal system or the juridical order.” - ജാക്വസ് ദെരീദ , ദ മിസ്റ്റിക്കല്‍ ഫൌണ്ടേഷന്‍ ഓഫ് അതോറിറ്റി.

2 comments:

jinsbond007 said...

സിനിമയുടെ കാര്യം എഴുതണമെന്ന് കരുതിയതാണ്, അനിവറിന്റെ എഴുത്തു ധാരാളം എന്ന് തോന്നുന്നു. കോപ്പിറൈറ്റുകളും പേറ്റന്റുകളും സൃഷ്ടാക്കള്‍ക്കു(പ്രധാനമായും എഴുത്തുകാര്‍) ന്യായമായ ലാഭവിഹിതം നല്‍കാനുദ്ദേശിച്ചുണ്ടാക്കിയതാണെങ്കിലും വന്‍കിട നിര്‍മ്മാണശാലകള്‍ നിയമത്തിന്റെ മറവില്‍ കൊള്ളലാഭം ഉണ്ടാക്കുകയും യഥാര്‍ത്ഥ സൃഷ്ടാക്കളെ പരിഗണിക്കാതിരിക്കുകയും ചെയ്തതിന്റെ പരിണിത ഫലമാണ് ഇന്ന് USഇലെ വിനോദ വ്യവസായം നേരിടുന്ന എഴുത്തുകാരുടെ പണിമുടക്ക്. ലോകമെങ്ങും കാഴ്ചക്കാരുള്ള ഡസന്‍ കണക്കിന് ഷോകളെയാണ് ഇത് ബാധിക്കുന്നത്.

ഇതുപോലെ നിയമങ്ങളെ വളച്ചൊടിച്ച് മിനിമം കൂലി എന്നത് മാക്സിമം കൂലി എന്നു വരെയാക്കുന്ന തരത്തില്‍ വ്യാഖ്യാനിച്ച് ലാഭമുണ്ടാക്കുമ്പോളാണ് കടല്‍ക്കോള്ളക്കാര്‍ സൃഷ്ടിക്കപ്പെടുന്നത്.

ചര്‍ച്ച ലേഖനത്തെപ്പറ്റിയാകട്ടെ, ഇതൊരു കമന്റായി മാത്രം കാണുക.

N.J ജോജൂ said...

"പക്ഷേ ഈ വിജ്ഞാനോത്പാദകരായ പാവപ്പെട്ട സൃഷ്ടികര്‍ത്താവിനെ പിന്തുണയ്ക്കുന്നതിനായിട്ടാണ് പൊതു ഉടമസ്ഥതയിലെത്തും മുമ്പ് നിശ്ചിതകാലത്തേക്ക് അതിന്റെ മേല്‍ അവകാശങ്ങള്‍ അനുവദിച്ചു കൊടുത്തിരിക്കുന്നത്."

വിജ്നാന ഉത്പാദകര്‍ക്കൊപ്പം ഞാന്‍ വിനോദോത്പാദകരെ കൂടെ പരിഗണിയ്ക്കുന്നു. ‘പാവപ്പെട്ട’ എന്നതിനോട് യോജിപ്പില്ല. പാ‍വപ്പെട്ടവനോ പണക്കാരനോ ആകട്ടെ സൃഷ്ടികര്‍ത്താവ് വ്യയം ചെയ്യുന്ന പണത്തിനും, സമയത്തിനും, അധ്വാനത്തിനും തക്കതായ പ്രതിഫലം (ലാഭം)കിട്ടിയേതീരൂ. അവകാശം നിശ്ചിതകാലയളവിലേയ്ക്കായിരിയ്ക്കണം എന്നതിലും തര്‍ക്കമില്ല.

“പൈറേറ്റുകള്‍ ഒരു വിപണി ആവശ്യത്തോടാണ് പ്രതികരിക്കുന്നത്”. വിപണിയുടെ ആവശ്യത്തോട് പ്രതികരിയ്ക്കുന്നൂ എന്നുള്ളതുകൊണ്ട് അത് മഹത്വവത്കരിയ്ക്കപ്പെടേണ്ടതുണ്ടോ എന്നതാണ് പ്രശ്നം. വിപണിയുടെ ആവശ്യത്തോട് അനുകൂലമായി പ്രതികരിയ്ക്കുന്നതുകൊണ്ടു തന്നെയാണ് പെണ്‍വാണിഭങ്ങള്‍ അരങ്ങേറുന്നത്.

പണവുള്ളവനും പണകൊടുത്തു വാങ്ങാന്‍ തയ്യാറുള്ളവനും പണം ഇന്‍‌വെസ്റ്റ് ചെയ്ത് ലാഭമുണ്ടാക്കാന്‍ തയ്യറുള്ളവനും കിട്ടുന്ന അതേ സൌകര്യങ്ങള്‍ പണമില്ലാത്തവനും പണം‌മുടക്കാന്‍ തയ്യാറല്ലാത്തവനും ലഭിയ്ക്കുന്നു എന്നു പറയുന്നത് എത്രകണ്ട് ശരിയാണ്? ഇതില്‍ പണമില്ലാത്തവനോടുള്ള സഹതാപമോ സാമൂഹികപ്രതിബദ്ധതയോ മനസിലാക്കാം. പക്ഷേ പണം മുടക്കാന്‍ തയ്യാറല്ലാത്തവന്റെ കാര്യമോ?

“ഒരു ഹോളിവുഡ് സിനിമ നമ്മുടെ പൈറേറ്റ് മാര്‍ക്കറ്റിലെത്തുന്നതും അതിന്റെ ഒരു മിനിമം വിപണി ലഭിച്ച ശേഷമാണ്”. എന്നതിനോട് പൂര്‍ണ്ണമായി യോജിപ്പില്ല. പലതിന്റെയും അവാര്‍ഡ് കമ്മറ്റികള്‍ക്കുവേണ്ടിയുള്ള പ്രിന്റുകള്‍ പൈറേറ്റു ചെയ്യപ്പെടാറൂണ്ട്. ഇതു ചിലപ്പോഴെങ്കിലും ഇപ്പറഞ്ഞതുപോലെയുല്ല മിനിമം വിപണിലഭിയ്ക്കുന്നതിനു മുന്‍പായിരിയ്ക്കും.പലപ്പോഴും ഇതേ സിനിമകള്‍ ഇന്ത്യയില്‍ റിലീസു ചെയ്യുന്നതിനുമുന്‍പായിരിയ്ക്കും നമ്മുടെ പൈറേറ്റ് മാര്‍ക്കറ്റിലെത്തുന്നത്. അത് ഇന്ത്യയില്‍ വിതരണം നടത്തുന്നവരെയും പ്രദര്‍ശിപ്പിയ്ക്കുന്ന തിയേറ്റര്‍ ഉടമകളെയും ബാധിയ്ക്കുകയും ചെയ്യും.

മലയാള സിനിമയെന്ന ഇട്ടാവട്ടത്തെക്കുറിച്ച് പറഞ്ഞാല്‍ താങ്കള്‍ പറയുന്ന മാര്‍ക്കറ്റിംഗ് മാത്രം കൊണ്ടുണ്ടാവുന്നതല്ല വിജയം. നല്ല ചിത്രങ്ങളെ മനസിലാക്കി കാഴ്ചക്കാരനു മുന്‍പിലെത്തിയ്ക്കുന്നതില്‍ മിടുക്കനെന്ന് പൊതുവെപറയാറുള്ള ലാലിന്റെ ചിത്രങ്ങള്‍ പൊട്ടിയിട്ടൂണ്ട്. ജനപ്രിയ ചലചിത്രകാരന്മാരുടെ എത്രയോ നല്ല സിനിമകള്‍ നഷ്ടം വരുത്തിയിട്ടൂണ്ട്. ഒരു നിര്‍മ്മാതാവിന് കഴിഞ്ഞ സിനിമ വരുത്തിവച്ച നഷ്ടം കൂടി നികത്താനുള്ള അവസരമാണ് ഹിറ്റാകുന്ന ഒരു സിനിമ. അതിനു ശേഷം ചാനലുകാര്‍ ചിത്രത്തെ ഏറ്റെടുക്കുന്നുണ്ട്. ഇതിനൊക്കെ മുന്‍പേ ഒരു മിനിമം വിപണി ലഭിച്ചു എന്നതിന്റെ പേരില്‍ പൈറസിയെ അനുകൂലിയ്ക്കാന്‍ എനിയ്ക്കാവില്ല. അതിനു ശേഷം ഏതാണ്ട് നാലോ അഞ്ചോ വര്‍ഷത്തിനു ശേഷം ചിത്രം കോപ്പീറൈറ്റിന്റെ പിടിയില്‍ നിന്നു മോചിതമാകട്ടെ എന്നാണെങ്കില്‍ എനിയ്ക്ക് യോജിപ്പാണുള്ളത്.