ഇഞ്ചിയുടെ ആണവകരാര്‍ പോസ്റ്റിനൊരു മറുപടി
ഇഞ്ചീ, താങ്കളുടേത് ഞാന്‍ സാധാരണയായി അവഗണിക്കുന്ന നിലവാരത്തിലുള്ള ഒരു പോസ്റ്റാണ്. റോബിയുടെയും ലതീഷിന്റെയും കമന്റുകളിലാണു് എനിക്ക് ഒരു ചര്ച്ചയ്ക്കള്ള വകതോന്നിയതു്. ഇതു് അതിനോടു് കൂട്ടിവായിക്കുക.
ഇടതുപക്ഷം ഓരോനിമിഷവും കെട്ടിപ്പിടിച്ചുദ്ധരിക്കുന്ന കോമണ്മിനിമംപ്രോഗ്രാം യുപിഎയുടെ ഡോര്മാറ്റായിട്ടും പിന്തുണപിന്വലിക്കാത്ത ഇടതുകക്ഷികള്‍ ഇക്കാര്യത്തില്‍ പിന്തുണ പിന്‍വലിക്കുമെന്നു കരുതാന്‍ വയ്യ എന്നും അതല്ല ആണവകരാര്‍ പ്രശ്നത്തിന്റെ കാതല്‍ എന്നും പറഞ്ഞുകൊണ്ടുതന്നെ തുടങ്ങട്ടെ.
ഇന്ത്യയില്‍ ആണവ നിലയങ്ങള്‍ക്കും ആണവായുധങ്ങള്ക്കുമെതിരെയുള്ള സിവില്‍ സമൂഹരാഷ്ട്രീയം രൂപപ്പെടുന്നതു് ഇന്ദിരാഗാന്ധിയുടെ കാലത്ത് പൊഖ്റാനില്‍ നടത്തിയ ആണവപരീക്ഷനത്തിനു ശേഷമാണെങ്കിലും സജീവമാകുന്നതു് എണ്‍പതുകള്‍ക്കു് ശേഷമാണു്. ഈ സമയത്താണു് താരാപ്പൂരിലെ ആണവോര്‍ജ്ജനിലയം മുതല്‍ നമ്മുടെ നാട്ടിലെ ഇന്ത്യന്‍ റെയര്‍ എര്‍ത്ത് ലിമിറ്റഡ് വരെ നടത്തുന്ന ആണവമലിനീകരണത്തെ തിരിച്ചറിയുന്നതും ഈ ആണവ വിപത്തിനെതിരെയുള്ള കാമ്പൈനുകള്‍ ശക്തമാകുന്നതും. ഇവിടെ തോറിയം തോറിയം എന്നു വായിട്ടലക്കുന്നവര്‍ അന്നു നിര്‍മ്മിച്ച ലിവിങ്ങ് ഇന്‍ ഫിയര്‍ എന്ന ചിത്രം കണ്ടു നോക്കുക.. പിന്നീടു നിരവധി ഡോക്യുമെന്ററികള്‍ ആണവ മലിനീകരണങ്ങളെക്കുറിച്ചും ആണവരാഷ്ട്രീയത്തെപ്പറ്റിയും ഇന്ത്യയിലുണ്ടായി. ഇക്കൂട്ടത്തില്‍ ആനന്ദിന്റെ വാര് ആന്‍ഡ് പീസ് മറക്കാന്‍ പാടില്ലാത്തതാണു്. കൂടംകുളം ആണവവിരുദ്ധ സമരത്തെപ്പറ്റിയുള്ള ഒരു ഡൊക്യുമെന്ററി തയ്യാറായി വരുന്നു (സംവിധാനം അമുദന്). താരാപ്പൂരിലെ ആണവ മലിനീകരണം കണ്ടും ആണവോര്ജ്ജനിലയമെന്നതു് രഹസ്യ ആണവആയുധത്തിന്റെ പരുവപ്പെടുത്തലിനുവേണ്ടിയുള്ള പ്രൊജക്റ്റുകളാണെന്നും മനസ്സിലാക്കി സിവില്‍ സമൂഹപ്രസ്ഥാനങ്ങള്ക്കൊപ്പം പ്രവര്‍ത്തിച്ചുതുടങ്ങിയ ശാസ്ത്രജ്ഞരും നമുക്കുണ്ടായി. റോബി പറഞ്ഞ ആണവോര്‍ജ്ജത്തിനുള്ള ബജറ്റ് അലോക്കേഷന്റെ കാര്യവും പ്രൊഡക്ഷന്റെ കണക്കും അന്നുമുതലിന്നുവരെ തുടര്‍ച്ചയായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന ചോദ്യമാണു്.
കേരളത്തില്‍ ഇടതുകക്ഷികള്‍ ഭരിക്കുമ്പോള്‍ പണ്ട് കൊണ്ടുവരാനൊരുങ്ങിയ പെരിങ്ങോം ആണവനിലത്തെ ചെറുത്തുതോല്‍പ്പിച്ചതും സിവില്‍ സമൂഹത്തിന്റെ ഈ ജാഗ്രതയാണ്. ശാസ്ത്ര സാഹിത്യ പരിഷത്തടക്കമുള്ള കക്ഷികള്‍ പാര്‍ട്ടി നിറം നോക്കി കൂറുമാറിയിട്ടും ഒരു വ്യവസ്ഥാപിത രാഷ്ട്രീയകക്ഷിയുടെ പിന്തുണയില്ലാതെയും വിജയിച്ച സമരം വേണ്ടത്ര ഡോക്യുമെന്റു് ചെയ്യപ്പെടാത്തതിനാല്‍ സൈലന്റ്വാലി സമരത്തെപ്പോലെ ആഗോളപ്രശസ്തിയൊന്നും ആര്ജ്ജിച്ചില്ല. (റഫറന്‍സ് ചോദിച്ചു വരുന്നവര്‍ക്കായി കൂടുതല്‍ വായിക്കാന്‍ .. ആണവവിരുദ്ധസമരവും വികസനരാഷ്ട്രീയവും. ഡി.സി ബുക്സ്. എഡിറ്റര്‍: ഡോ. ടി,ടി.ശ്രീകുമാര്‍). പിന്നീടു ഭൂതത്താന്കെട്ടിനരികെ മറ്റൊന്നുകൊണ്ടുവരാനുള്ള ശ്രമത്തേയും കേരളീയ സിവില്‍ സമൂഹം ചെറുത്തുതോല്‍പ്പിക്കുകയുണ്ടായി . കല്‍പ്പാക്കം ആണവനിലയത്തിനെതിരായിനടന്ന മത്സ്യത്തൊഴിലാളി സമരങ്ങളില്‍ വെടിവെപ്പും മരണവും വരെയുണ്ടായെങ്കിലും അന്നത്തെ മത്സ്യത്തൊഴിലാളി നേതൃത്വത്തിന്റെ പിടിപ്പുകേടുകൊണ്ട് (പഴേ ആ കോച്ചേരി അച്ചന് തന്നെ )ആ സമരം അന്ന് തീര്‍ന്നുപോവുകയായിരുന്നു. കേരളത്തിന്റെ അതിര്‍ത്തിയില്‍ തന്നെയുള്ള കൂടംകുളം നിലയം കമ്മീഷന് ചെയ്യാനൊരുങ്ങുമ്പോള്‍ കൂടംകുളം നിവാസികള്‍ തുടര്‍ച്ചയായി സമരം ചെയ്തുകൊണ്ടിരിക്കുമ്പോഴും സംസ്ഥാനഅതിര്‍ത്തി ആണവഭീഷണിയെ ഒഴിവാക്കുമെന്ന മിഥ്യാ ധാരണയിലിരിക്കുന്ന മലയാളിയ്ക്ക് ഈ ജാഗ്രതയും കൈമോശം വന്നിരിക്കുന്നു.
ലോകത്തെ ഏറ്റവും കാര്യക്ഷമതകുറഞ്ഞതും മലിനീകരണം കൂടിയതുമായ ആണവനിലയങ്ങള്‍ ഇന്ത്യയിലാനെന്ന ഒരു പഠന റിപ്പോര്‍ട്ട് രണ്ടു വര്‍ഷം മുന്‍പ് വായിച്ചതോര്‍ക്കുന്നു. ഇന്ത്യയുടെ തീരദേശം മുഴുവന്‍ ആണവ നിലയങ്ങളും SEZ കളും കൊണ്ട് നിറയുകയാണു്. ബംഗാളില്‍ തന്നെ പുതിയ ആണവ നിലയം തദ്ദേശീയരായ മത്സ്യത്തൊഴിലാളികളെ കുടിയൊഴിപ്പിച്ചുകൊണ്ട് തുടങ്ങാനിരിക്കുകയാണു്. സി.എന്‍.ഡി.പി പോലുള്ള കൂട്ടായ്മകളുടെ പൊസിഷനും തീര്‍ച്ചയായും അന്വേഷിക്കേണ്ടതുണ്ട്. സൌത്ത് ഏഷ്യന്‍സ് എഗൈന്‍സ്റ്റ് നൂക്സ് എന്ന ഈ കൂട്ടായ്മയുടെ വെബ്സൈറ്റും വായിക്കൂ.. ഇടതുകക്ഷികളുടെ പ്രശ്നത്തിന്റെ അങ്ങേയറ്റം എന്നുപറയുന്നത് ഇന്ത്യയ്ക്ക് അണുബോംബുണ്ടാക്കുനുള്ള പരമാധികാരം നഷ്ടപ്പെടുമെന്നതാണ്. ( കഴിഞ്ഞ്വര്ഷം യെച്ചൂരി ബാംഗ്ലൂരില്‍ നടന്ന പബ്ലിക് കണ്‍വെന്‍ഷനില്‍ പ്രസംഗിച്ചതു്) എന്നാല്‍ ആഗോളതലത്തിനുള്ള ആണവ നിര്‍വ്യാപന ഉടമ്പടിയെത്തന്നെ അപ്രസക്തമാക്കുന്നതും ആണവ ഇന്ധനക്കച്ചവടക്കരുടെ സൌകര്യത്തിനുവേണ്ടിയുള്ള ഈ കരാര്‍ അമേരിക്കപോലും പാര്‍ലമെന്റില്‍ ചെയ്യുമ്പോള്‍ പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്യുകയെന്ന ഇടതുപക്ഷത്തിന്റെ ഏറ്റവും ചെറിയ വൈക്കോല്ത്തുരുമ്പിനെപ്പോലും കണക്കാക്കാതെ മുന്നോട്ടുപോകുമ്പോള്‍ കൈകൊട്ടിച്ചിരിക്കുന്നവര്‍ മനസ്സിലാക്കുക.. തകരുന്നതു് ജനാധിപത്യമാണെന്നു്.
--- വാല്‍ക്കഷണം : കോഴിക്കൊട്ടെ ദേവഗിരി കോളേജില്‍ നിന്നുള്ള ചില MSW വിദ്യാര്‍ത്ഥികള്‍ സ്റ്റുഡന്‍സ് എഗൈന്‍സ്റ്റ് നൂക്ലിയര്‍ പവര്‍ എന്ന പേരില്‍ ഡല്‍ഹിയില്‍ 8 ദിവസത്തോളം നിരാഹാര സമരം നടത്തിയിരുന്നു. അവരുടെ പ്രസ്താവനയിവിടെ . അതിരപ്പിള്ളി പദ്ധതിക്കുവേണ്ടിയുള്ള എകെ ബാലന്റെ വാദങ്ങളോടുപമിക്കാവുന്ന (ഡാം കെട്ടിയാല്‍ വെള്ളച്ചാട്ടത്തിലും പുഴയിലും വെള്ളം കൂടും, കൂടുതല്‍ കാടു വളരും മൃഗങ്ങള്‍ വരും സര്‍ക്കാര്‍ ആദിവാസികള്‍ക്ക് വീടുകെട്ടിക്കൊടുക്കും) ഊര്‍ജ്ജ ആവശ്യങ്ങളെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെയും മറ്റ് ആസ്ഥാന ആണവശാസ്ത്രജ്ഞന്മാരുടെയും വാദങ്ങള്‍ക്ക് കണക്കുകള്‍ നിരത്തി ഈ പ്രസ്താവന മറുപടി പറയുന്നുണ്ട്. സാങ്കേതിക കാരണങ്ങളും കണക്കും കണ്ടേ വിശ്വസിക്കൂ എന്നവര്‍ക്ക് നോക്കാം. ഈ സമരത്തില്‍ പങ്കെടുത്ത ടോമിയെന്ന ദേവഗിരി കോളേജ് അധ്യാപകനെ കോളേജ് മാനേജ്മെന്റ് പുറത്താക്കിയെന്നതാണ് ഇതിലെ അടിക്കുറിപ്പ്. സ്വാശ്രയകോളേജ് നടത്തുന്നത് സാമൂഹ്യപ്രവര്‍ത്തനത്തിനു MSW വിദ്യാര്‍ത്ഥികളെ സജ്ജരാക്കാനല്ലാ കാശുണ്ടാക്കാന്‍ വേണ്ടിമാത്രമാണെന്ന് പിരിച്ചുവിടല്‍ക്കുറിപ്പിലും പറയുന്നു.
(കോളേജിന്റെ പേരില്‍ ഒരു തെറ്റു കടന്നുകൂടിയിരുന്നതു് തിരുത്തുന്നു. ചൂണ്ടിക്കാണിച്ച സുഹൃത്തുക്കള്‍ക്കു നന്ദി.)
ഒരു പെട്ടി..... പെട്ടിക്കുള്ളിലൊരു ലോകം... പെട്ടിതുരന്ന് പുറത്തേക്കൊരോട്ടം ..
Friday, July 4, 2008
ഇഞ്ചിയുടെ ആണവകരാര്‍ പോസ്റ്റിനൊരു മറുപടി
Posted by Anivar at 5:22 PM
Labels: ആണവക്കരാര്‍, സിവില്‍ സമൂഹം
Subscribe to:
Post Comments (Atom)
14 comments:
അനിവര്‍, നല്ല പോസ്റ്റ്.
തോറിയം നിലയങ്ങള്‍, യുറേനിയം നിലയങ്ങളുടെ പതിനായിരത്തിലൊന്ന് അപകടമേ വരുത്തിവെക്കുകയുള്ളൂ എന്ന് വായിച്ചു. (ഒരു ലീക്ക് ഉണ്ടായാല്‍). സത്യമാണോ എന്നറിയില്ല,
മറ്റൊന്ന്, ഇന്തോ-യു.എസ്. ആണവകരാര്‍ അനുസര്രിച്ച് റേഡിയോ ആക്റ്റീവ് വേസ്റ്റ് യു.എസ്.ഇനു അവകാശപ്പെട്ടതാണ് എന്നതാണ്. അതായത് ഊര്‍ജ്ജം ഉണ്ടാക്കിക്കഴിഞ്ഞാല്‍ ബാക്കി വരുന്ന പ്ലൂട്ടോണിയം 239, അവര്‍ തിരിച്ചെടുക്കുമത്രേ. അതുപയോഗിച്ച്, ഇന്ത്യ ആണവായുധമുണ്ടാക്കാനുള്ള സാദ്ധ്യത ഒഴിവാക്കാനായി.
അനിവര്‍ നല്ല പോസ്റ്റ്. ‘നാലുകെട്ടി’ലെപോലെ ചര്‍ച്ചയൊന്നും കാതലായ വിഷയങ്ങള്‍ പറയുന്നിടത്ത് ഉണ്ടാവുമെനു പ്രതീക്ഷയില്ല. എങ്കിലും കമന്റ് ട്രാക്കു ചെയ്യുന്നു. അല്പം തിരക്കിലാണ്.
വളരെ പ്രസക്തമായ വാദങ്ങള്‍ . അരുന്ധതി റോയിയുടെ ‘എന്റ് ഒഫ് ഇമാജിനേഷ’നോട് ചേര്‍ത്തുവായിക്കപ്പെടേണ്ടത്.
ഇങ്ങനെയും ഇതൊക്കെ ചര്‍ച്ചചെയ്യാന്‍ ആളുണ്ടല്ലോ ബൂലോകത്ത് :)
മനസ്സിരുത്തി തയ്യാരിച്ച പൊസ്റ്റ് തന്നെ. നന്നായിരിക്കുന്നു.
ഊര്‍ജ്ജ മെഖലയില്‍ വിശദമായ ചര്‍ച്ച ആവശ്യമാണു.
സഹിഷ്ണുത പക്ഷെ ആര്‍ക്കുമില്ല.
പരിസ്ഥിതിക്കും മാനവികതക്കും എതിരെ തീര്‍ത്തും അസ്വീകാര്യമായ അപകടസാധ്യതകള്‍ ഉയര്‍ത്തുന്ന ആണവ പദ്ധതികളെക്കുറിച്ച് ഗ്രീന്‍പീസ് ഇന്റര്‍നാഷണല്‍ പറയുന്നത് ഇവിടെ.
നല്ല ലേഖനം! ആണവമലിനീകരണം എന്ന വിഷയം മിക്ക രാഷ്ട്രീയ പാര്‍ട്ടികളുടെയും അജണ്ടയില്‍ ഇല്ല എന്നതും ശ്രദ്ധേയമാണ്.
"സ്വാശ്രയകോളേജ് നടത്തുന്നത് സാമൂഹ്യപ്രവര്‍ത്തനത്തിനു MSW വിദ്യാര്‍ത്ഥികളെ സജ്ജരാക്കാനല്ലാ കാശുണ്ടാക്കാന്‍ വേണ്ടിമാത്രമാണെന്ന് പിരിച്ചുവിടല്‍ക്കുറിപ്പിലും പറയുന്നു."
ആരുടെ സ്വാശ്രയം എന്നതാണ് വിഷയം! :-)
" സെല്‍ഫ് റിലയന്‍സ്" എന്ന നല്ലൊരു ആശയത്തെ എല്ലാ കൂട്ടിക്കൊടുപ്പുകാര്‍ക്കും ഉപയോഗിക്കാന്‍ പാകത്തിലാക്കി!
പശുവിനെ മരത്തില്‍ കെട്ടിയിട്ട് മരത്തെ കുറിച്ച് പറയുന്നത് പോലെയുണ്ടല്ലോ. :)
ഈ പോസ്റ്റിന് കാരണഭൂതമായതെന്ന പറയുന്ന റോബിയുടെ കമന്റില്‍ പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്.
ഇന്ത്യയിലെ വ്യവസ്ഥാപിത ഇടതുപക്ഷം പോലും ആണവക്കരാറിനെ എതിര്‍ക്കാന്‍ പറയുന്ന ന്യായം അത് അണുബോംബുണ്ടാക്കാനുള്ള ഇന്ത്യയുടെ അവകാശത്തെ നിഷേധിക്കും എന്നാണ്.
അതെ, ഇടത് പക്ഷം പരിസ്ഥിതി മലിനികരണത്തിന്റെ പേരിലാണ് ആണവകരാറിനെ എതിര്‍ക്കുന്നതെന്ന് ഇതുവരെ എങ്ങും കണ്ടില്ല. മലിനികരണത്തില്‍ എനിക്കും ആശങ്കയുണ്ട്. എല്ലാ പദ്ധതികള്‍ക്കും ഇത് പോലെ (ഇതേ അളവിലെന്ന് പറയുന്നില്ല) പരിസ്ഥിതി പ്രശ്നങ്ങളുണ്ട്. അത്തരം പ്രശ്നങ്ങള്‍ ലഘൂകരിച്ചേ മുന്നോട്ട് പോകാന്‍ പാടുള്ളു. ഓര്‍ക്കുക, കാറ്റാടി യന്ത്രങ്ങളായാലും, സൌരോര്‍ജ്ജ പാനലുകളായാലും മലിനീകരണ വിമുക്തമല്ല.
Namaskar, ഈ പോസ്റ്റ് സത്യമായും വായിച്ചാണോ കമന്റിയത്? എങ്കില്‍ രാമായണം മുഴുവന്‍ വായിച്ചിട്ട് രാമന്റെ ആരാ സീത എന്നു ചോദിച്ചപോലെയായെന്നു പറയേണ്ടിവരും
ഞാന്‍ ഇടതുപക്ഷകക്ഷികളെക്കുറിച്ചല്ല , സിവില്‍ സമൂഹത്തിന്റെ ആണവ വിരുദ്ധ രാസ്ട്രീയത്തെക്കുറിച്ചാണ് പറഞ്ഞതെന്നെങ്കിലും മനസ്സിലായോ?
പോസ്റ്റിനു നന്ദി..ലിങ്കുകള്‍ക്കും. പോസ്റ്റിന്റെ സ്പിരിറ്റിനോട് മൊത്തത്തില്‍ യോജിപ്പുണ്ട്.
എങ്കിലും ഒരു ചെറിയ സംശയം ഉന്നയിക്കട്ടെ.
"ഇടതുകക്ഷികളുടെ പ്രശ്നത്തിന്റെ അങ്ങേയറ്റം എന്നുപറയുന്നത് ഇന്ത്യയ്ക്ക് അണുബോംബുണ്ടാക്കുനുള്ള പരമാധികാരം നഷ്ടപ്പെടുമെന്നതാണ്. ( കഴിഞ്ഞ വര്‍ഷം യെച്ചൂരി ബാംഗ്ലൂരില്‍ നടന്ന പബ്ലിക് കണ്‍വെന്‍ഷനില്‍ പ്രസംഗിച്ചതു്)" എന്ന് അനിവര്‍ എഴുതി.
ഇടത് പക്ഷ നിലപാടിനെ ഇങ്ങനെ ചുരുക്കുന്നത് (ദുര്‍വ്യാഖ്യാനം ചെയ്യുന്നത്) തെറ്റിദ്ധരിക്കപ്പെട്ടേക്കാവുന്ന നിരീക്ഷണം അല്ലേ? ഇടത് പക്ഷം ഈ കരാറിനെ എതിര്‍ക്കുന്നതിന്റെ കാരണങ്ങള്‍ നന്നായി വിശദീകരിക്കപ്പെട്ടിട്ടുള്ള വസ്തുതയാണ്. അവരുടെ എതിര്‍പ്പ് അറിവില്‍പ്പെട്ടിടത്തോളം അണുബോംബുണ്ടാക്കാനുള്ള പരമാധികാരം നഷ്ടപ്പെടും എന്നത് കൊണ്ടല്ല മറിച്ച് ആണവ കാര്യങ്ങളില്‍ തീരുമാനങ്ങളെടുക്കാനുള്ള നമ്മുടെ പരമാധികാരം അടിയറ വെക്കലാവും ഈ കരാര്‍ നടപ്പിലാക്കല്‍ എന്നത് കൊണ്ടാണെന്നാണ്. ആണവ ഊര്‍ജ്ജത്തെ സംബന്ധിച്ചുള്ള മിത്തുകളെക്കുറിച്ചുള്ള വിയോജനക്കുറിപ്പുകളൊക്കെ സൈറ്റില്‍ ലഭ്യമാണുതാനും.
അനിവര്‍ പറയുന്നതുപോലെ ആണവ ഊര്‍ജ്ജമേ വേണ്ട എന്ന നിലപാട് സിപി എമ്മിന് (ഇപ്പോള്‍) ഇല്ല എന്നത് വസ്തുതയാണ്. അതില്‍ ചര്‍ച്ചകളും വാദങ്ങളും അന്യമല്ല. തിരുത്തലുകള്‍ വേണമെങ്കില്‍ തീര്‍ച്ചയായും അങ്ങനെ ആവാം. പക്ഷെ അത് ഇപ്പോള്‍ നടത്തുന്നത് ചര്‍ച്ചയുടെ ഫോക്കസ് മാറ്റും. അതുപോലെ ഇടതുപക്ഷത്തിന്റെ എതിര്‍പ്പിനെ ആണവ ബോംബിലേക്ക് (ഊര്‍ജ്ജ സുരക്ഷ പോലുമല്ല) ചുരുക്കുന്നത് ആണവകരാര്‍ വിഷയത്തില്‍ വളരെയധികം ലേഖനങ്ങളിലൂടെ(എല്ലാവര്ക്കും ലഭ്യമായ തരത്തില്‍) അവര്‍ വിശദീകരിച്ചിട്ടുള്ള നിലപാടിനെ നിസ്സാരവല്‍ക്കരിക്കലാവും.
പൊതുസമൂഹത്തിന്റെ ഇടപെടല്‍ തീര്‍ത്തും ആരോഗ്യകരം തന്നെയാണ്. ആ ഇടപെടലിനെ മാനിക്കാതിരിക്കുവാന്‍ ഒരു രാഷ്ട്രീയകക്ഷിക്കും, സര്‍ക്കാരിനും ആവുകയുമില്ല. എങ്കിലും ഇപ്പോഴത്തെ പ്രശ്നം ആണവ ഊര്‍ജ്ജം വേണമോ വേണ്ടയോ എന്നതല്ല എന്നു തന്നെ തോന്നുന്നു. ആര് , എപ്പോള്‍ എന്തു ചര്‍ച്ച ചെയ്യണം എന്നു നിര്‍ദ്ദേശിക്കുന്നില്ല. ഓരോരുത്തരും അവരവരുടെ മുന്‍ഗണനകള്‍ അനുസരിച്ച് ചര്‍ച്ചകള്‍ നടത്തട്ടെ. എങ്കിലും ഇഞ്ചിയുടെ ആണവ പോസ്റ്റിനൊരു മറുപടി എന്ന തലക്കെട്ട് കണ്ടാണിവിടെ എത്തിപ്പെട്ടതും അഭിപ്രായം എഴുതിയതും. എല്ലാം കഴിഞ്ഞിട്ടാണ്, സീത രാമന്റെ ആരാ എന്ന ചോദ്യം കണ്ടത്..എന്തായാലും മിനക്കെട്ട് കുത്തിക്കുറിച്ചതല്ലേ ..ഇവിടെ കിടക്കട്ടെ.
ഇത് സി.പി.എം സൈറ്റില്‍ നിന്നെടുത്തത്.
The CPI(M) has consistently advocated that India should have a nuclear policy. Regarding the nuclear cooperation deal, the Party had demanded that the separation of civilian and nuclear facilities be phased, voluntary and decided by the Indian side. The placement of future nuclear facilities in either category should also be determined by India alone. India’s future energy programme should not become dependent on imported nuclear reactors and imported fuel and must take into account the techno economics of nuclear energy to determine its quantum in India’s energy basket. The implementation of the nuclear cooperation agreement should not hamper the pursuit of an independent nuclear technology policy for peaceful purposes based on the three-phase nuclear energy programme.
ആണവ നിരായുധീകരണത്തിനായി നിരന്തരം ശബ്ദമുയര്‍ത്തുകയും ഹിരോഷിമയിലും നാഗസാക്കിയിലും മറ്റും ആണവായുധങ്ങള്‍ പ്രയോഗിച്ചതിനെതിരെയും ലോകസമാധാനത്തിനു വേണ്ടിയും വ്യാപകമായ ക്യാമ്പയിനുകളാണ് ഇടത് പക്ഷങ്ങള്‍ നടത്തിയിട്ടുള്ളതും ഇപ്പോഴും നടത്തിക്കൊണ്ടിരിന്നുന്നതും. അങ്ങിനെയിരിക്കെ യെച്ചൂരിയില്‍ നിന്നും താങ്കള്‍ പറഞ്ഞപോലെ (ഇന്ത്യയ്ക്ക് അണുബോംബുണ്ടാക്കുനുള്ള പരമാധികാരം) ഒരു കമന്റ് ഉണ്ടാകുമെന്നു പ്രതീക്ഷിക്കുക വയ്യ. ഹിന്ദു ആ പ്രസംഗം റിപ്പോര്‍ട്ട് ചെയ്തത് ഇവിടെ( http://www.thehindu.com/2007/09/23/stories/2007092359570400.htm) കാണാം. മറ്റേതെങ്കിലും ലിങ്കുകള്‍ അല്ലെങ്കില്‍ ഡോക്യുമെന്റുകള്‍ ലഭ്യമാണോ?
ബിജെപി യുടെ നേതൃത്വത്തില്‍ ഇന്ത്യ പൊഖറാനില് ആണവ സ്ഫോടനം നടത്തിയതില്‍ ഭാരതം മുഴുവന്‍ മിഠായി വിതരണം നടക്കുമ്പോള്‍ പോലും ഇടതു കക്ഷികളുടെ പ്രതികരണം ഇങ്ങനെയായിരുന്നു (http://www.fas.org/news/india/1998/05/980513-dlnews.htm )
The CPI and CPI(M) have questioned the tests at this juncture in a joint statement in New Delhi. While appreciating the contribution of Indian scientists in the development of nuclear research, both the parties asked the Government to stick to the policy on nuclear disarmament followed so far.
പിന്നെ, ആണവകരാറിനു വഴിയൊരുക്കുന്നതിനായി മുലായം സിങ്ങിനെപ്പോലുള്ളവര്‍ കാലുമാറിയത് മാധ്യമങ്ങളില്‍ വലിയ തോതില്‍ വിമര്ശനവിധേയമാകുന്നില്ലെന്ന് മാത്രമല്ല, അബ്ദുല്‍ കലാമിന്റെ പ്രസംഗം എന്തോ പുതിയ കണ്ടു പിടുത്തം എന്ന മട്ടില്‍ വളരെ ടൈമിംഗോടെ ആദ്യപേജില്‍ തന്നെ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. അമര്‍സിംഗ് കഴിഞ്ഞ ഒരാഴ്ചയായി അമേരിക്കയില്‍ എന്തു ചെയ്യുകയായിരുന്നു എന്നറിയാന്‍ നമ്മുടെ അന്വേഷണാത്മക പത്രപ്രവര്‍ത്തക സിംഹങ്ങള്‍ക്ക് ഒരു താല്‍പ്പര്യവുമില്ല. ഇവിടേയും എന്ത് കൊണ്ട് നേരത്തെ പിന്തുണ പിന്‍വലിച്ചില്ല എന്ന പഴി ഇടതിനു നേരെതന്നെ.
ഇന്ത്യയിലെ രാഷ്ട്രീയകക്ഷികളില്‍ ഏറ്റവും സുതാര്യമായി ആണവ കരാറില്‍ തങ്ങളുടെ നിലപാട് അവതരിപ്പിക്കുവാന്‍ സി.പി.എം ഉള്‍പ്പെടുന്ന ഇടത് കക്ഷികളല്ലേ എപ്പോഴും മുന്നില്‍ നിന്നിട്ടുള്ളത്? ഈ രാഷ്ട്രീയ യാഥാര്‍ഥ്യത്തെ കാണാതിരിക്കുന്നത് സത്യസന്ധമാവില്ല എന്നു മാത്രം ചൂണ്ടിക്കാണിക്കട്ടെ.
രാമചന്ദ്രന്, ഇഞ്ചിയുടെ ഇടതുകക്ഷികളുടെ മൊറാലിറ്റി ക്രിട്ടിക്കെന്നരീതിയിലുള്ള പോസ്റ്റിനോടുള്ള ഒരു പെട്ടെന്നുള്ള പ്രതികരണമായിട്ടാണു് ഞാനിതു് കുത്തിക്കുറിച്ചതു്. അതുകൊണ്ടുതന്നെ ഞാനൂന്നിയതു് ഇടതുകക്ഷികള്‍ക്കു പുറത്തുള്ള ആണവവിരുദ്ധതയുടെ രാഷ്ട്രീയത്തിലാണു്. ആണവക്കരാര്‍ ചര്‍ച്ചകളില്‍ പോസിറ്റീവായി ഒന്നുമില്ലെന്നെല്ല ഞാന്‍ പറഞ്ഞതു്. ഇതോടൊപ്പം ബംഗാളിലെ ഹരിപ്പൂര്‍ ആണവനിലയക്കാര്യത്തില് സിപിഎം കാണിക്കുന്ന സിവില്‍ സമൂഹവിരുദ്ധതയുടെ രാഷ്ട്രീയവും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണു് [1][2] അതു് സ്വാഭാവികമായും അസ്വസ്ഥതയുണ്ടാക്കുന്നുണ്ടു്
പിന്നെ യെച്ചൂരിയുടെ പ്രസംഗം.അതു ഞാന്‍ നേരിട്ടുകേട്ടതായതിനാല് ലിങ്കന്വേഷിക്കാന് പോയിരുന്നില്ല. ലിങ്ക് തരാനുമില്ല.
പിന്നെ ആണവകരാര്‍ സംബന്ധിച്ച ചര്‍ച്ചകളില്‍ പൊതു അഭിപ്രായ നിര്‍മ്മിതിയ്ക്ക് പ്രഫുല്‍ ബിദ്വായ് ചെയ്തതില്‍ കൂടുതലൊന്നും സിപിഎം ചെയ്തതായി തോന്നുന്നില്ല എന്നു തന്നെ പറഞ്ഞുകൊള്ളട്ടെ.
അനിവര്‍
ഇന്‍ഡ്യയുടെ വര്‍ദ്ധിച്ച ഊര്ജ്ജോപയോഗത്തിനു ആണവ ഇന്ധനം ഒരു പരിഹാരമാണെന്നു കരുതുന്ന ഒരാള്‍ക്കു പ്രത്യക്ഷത്തില്‍ത്തന്നെ ഈ പോസ്റ്റ് ഇന്‍ഡ്യ-യു. എസ്സ് ആണവകരാറിനെ അനുകൂലിക്കുന്ന ഒന്നാണെന്നു കരുതേണ്ടി വരും.
“റോബി പറഞ്ഞ ആണവോര്‍ജ്ജത്തിനുള്ള ബജറ്റ് അലോക്കേഷന്റെ കാര്യവും പ്രൊഡക്ഷന്റെ കണക്കും അന്നുമുതലിന്നുവരെ തുടര്‍ച്ചയായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന ചോദ്യമാണു്.“
“ലോകത്തെ ഏറ്റവും കാര്യക്ഷമതകുറഞ്ഞതും മലിനീകരണം കൂടിയതുമായ ആണവനിലയങ്ങള്‍ ഇന്ത്യയിലാനെന്ന ഒരു പഠന റിപ്പോര്‍ട്ട് രണ്ടു വര്‍ഷം മുന്‍പ് വായിച്ചതോര്‍ക്കുന്നു. ഇന്ത്യയുടെ തീരദേശം മുഴുവന്‍ ആണവ നിലയങ്ങളും SEZ കളും കൊണ്ട് നിറയുകയാണു്. “
ഇത്രയും കാലം ഇത്രയും ബഡ്ജറ്റ് തുകയൊക്കെ അലോക്കേറ്റ് ചെയ്തു ഇത്രമാത്രം റിസര്‍ച്ചൊക്കെ നടത്തിയിട്ടും നമ്മുടെ ആണവ നിലയങ്ങള്‍ ലോകത്തിലെ ഏറ്റവും കാര്യക്ഷമത കുറഞ്ഞവയാണെങ്കില്‍ അവയുടെ കാര്യക്ഷമത കൂട്ടാണ് ഇക്കാര്യങ്ങളില്‍ മുന്നില്‍ നില്ക്കുന്ന രാജ്യങ്ങളുമായി സഹകരണം ആവശ്യമാണു. കൂടാതെ ഇത്രയും നാളായിട്ടും നൂക്ലിയാര്‍ വേസ്റ്റ് ഡിസ്പോസലിന്റെ കാര്യത്തിലും നാം പിന്നിലാണെന്നും ഈ പോസ്റ്റ് പറയുന്നു. അതായതു സാങ്കേതിക സഹകരണം വളരെ വളരെ അത്യാവശ്യമാണെന്നു ചിന്തിക്കേണ്ടി വരും.
ആണവോര്‍ജ്ജ വിഷയത്തില്‍ സ്വതന്ത്രമായ തീരുമാനമെടുക്കാനുള്ള അവകാശം/ പരമാധികാരം കരാര്‍ നടപ്പായാല്‍ നഷ്ടപ്പെടും എന്നതാണു ഇടതുപക്ഷ നിലപാട്- സി.പി.ഐ.എമ്മിന്റേതും. പരിസ്ഥിതി പ്രവര്‍ത്തകരും ഒരു റെഡ്- ഗ്രീന്‍ മൂവ്മെന്റ് ആഗ്രഹിക്കുന്നവരും ഈ സുതാര്യമായ നിലപാടില്‍ സംശയിക്കുമോ അനിവര്‍?
sv ,
നീരീക്ഷണത്തിനു നന്ദി . പക്ഷേ കാണുമ്പോള്‍ ഹൈപ്പര്‍ ലിങ്ക് ചെയ്തിട്ടില്ലെങ്കിലും ഉദ്ധരിച്ച വാചകങ്ങളിലെ ഹൈപ്പര്‍ ലിങ്ക് ചെയ്ത അര്‍ത്ഥത്തെ താങ്കള്‍ മനസ്സിലാക്കിയില്ലെന്നു തോന്നുന്നു.
“റോബി പറഞ്ഞ ആണവോര്‍ജ്ജത്തിനുള്ള ബജറ്റ് അലോക്കേഷന്റെ കാര്യവും പ്രൊഡക്ഷന്റെ കണക്കും അന്നുമുതലിന്നുവരെ തുടര്‍ച്ചയായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന ചോദ്യമാണു്.“
റോബി പറയുന്നതിതാണു്.
"ആണവോര്ജ്ജത്തിനായി ഇന്ത്യ ഇതുവരെ ചെലവഴിച്ച തുക മറ്റെല്ലാ ഊര്‍ജ്ജപദ്ധതികള്‍ക്കുമായി ചെലവഴിച്ചതിനെക്കാള്‍ അധികമാണ്. എന്നിട്ടും മൊത്തം ഊര്‍ജ്ജ ഉത്പാദനത്തില്‍ ആണവോര്‍ജ്ജത്തിന്റെ വിഹിതം 5%-ല്‍ താഴെ.
ഈ തുകയെല്ലാം എവിടെ എന്നന്വേഷിച്ചാല്‍ ഈപറയുന്ന ശാസ്ത്രജ്ഞന്മാരൊക്കെ ആണവപദ്ധതികളെ അനുകൂലിക്കുന്നതെന്തിനെന്നു മനസ്സിലാകും. പക്ഷെ ഒരു ഭരണകൂടവും ഇതൊന്നുമന്വേഷിക്കില്ല. ആണവപദ്ധതി പരമരഹസ്യമായിരിക്കേണ്ട വിശുദ്ധപശുവാണല്ലോ."
ഇന്നേവരെ വെളിപ്പെടുത്താത്ത ഈ കണക്കുകള്‍ പാര്‍ലമെന്റിനെപ്പോലും വിശ്വാസത്തിലെടുക്കാത്ത ആണവകരാര്‍ വഴി വെളിപ്പെടുമെന്നാണോ താങ്കള്‍ കരുതുന്നത്?
ആണവ കരാറോടെ എല്ലാ കാര്യങ്ങളും സുതാര്യമാവുമെന്നും , ആണവപദ്ധതികള്‍ ചെലവുകുറഞ്ഞതാകുമെന്നും , ആണവ നിലയങ്ങള്‍ കാര്യക്ഷമമാകുമെന്നും ആണവദുരന്തഭീഷണി ഒഴിവാവുമെന്നും നാടു സമത്വസുന്ദരസുരഭിലമാകുമെന്നും വിശ്വസിക്കാന്‍ ഇന്നത്തെ നിലയില്‍ ഒരു കാരണവും നമുക്കുമുമ്പിലില്ല.
മൂന്നു മാസം മുമ്പ് ഡോ. എസ്.പി ഉദയകുമാറിനെക്കണ്ടപ്പോളും (കൂടംകുളത്തെ ആണവവിരുദ്ധസമരനേതാവു്) അദ്ദേഹം പറഞ്ഞത് കൂടംകുളത്ത് അടിക്കടി ഏര്‍പ്പെടുത്തുന്ന ആണവ ഹര്‍ത്താലുകളെക്കുറിച്ചാണ്. ആണവച്ചോര്ച്ചയുണ്ടാകും ആരും പുറത്തിറങ്ങരുതെന്നുപറയുകയും കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും വീടുകളില്‍ ഭക്ഷണപ്പൊതികളെറിഞ്ഞു കൊടുക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ ഹര്‍ത്താലുകളെപ്പറ്റി.
വഴി, കമന്റിനു നന്ദി. എനിയ്ക്ക് സിപിഎമ്മിന്റെ വിമര്‍ശനം വളരെ കുറവാണു് എന്നേ അഭിപ്രയമുള്ളൂ.. വല്ലതുമുള്ളതു് ഒന്നുമില്ലാത്തതിനേക്കാള്‍ നല്ലതാണല്ലോ. റെഡ് ഗ്രീന്‍ മൂവ്മെന്റ് വലിയൊരു വിഷയമാണു് (പഴയതും). സംവാദാത്മകമായ ഒരു അന്തരീക്ഷമാണ് അതിന് ആദ്യം വേണ്ടത്. ബംഗാളിലെ ഹരിപ്പൂര്‍ ആണവനിലയ വിഷയത്തില്‍ ഒരു സിവില്‍സമൂഹ ചര്‍ച്ചകള്‍ക്കും തയ്യാറാവാതിരിക്കുകയും മത്സ്യത്തൊഴിലാളെകളെ കുടിയിറക്കിയും മനുഷ്യാവകാശപ്രവര്‍ത്തകരെ അക്രമിച്ചും സിവില്‍ സമൂഹചര്ച്ചകളെത്തന്നെ മുടക്കിയും (കൊല്‍ക്കൊത്തയില്‍ ഒരു പീപ്പിള്‍സ് ട്രിബ്യൂണലിനെ പോലീസ് തടസ്സപ്പെടുത്തിയതു് കഴിഞ്ഞയാഴ്ചയാണു്) സി.പി.എം ഒരു ഭാഗത്തു് മുന്നോട്ടുപോകുമ്പോള്‍ ഈ വിഷയത്തില്‍ ആ പാര്‍ട്ടിയുമായി എന്ത് ചര്‍ച്ചയാണ് സാധ്യമാകുക?
അല്പം വിശദമായി ഉള്ള ഒരു ഫോളോഅപ് പോസ്റ്റ് http://replyspot.blogspot.com/2008/07/indo-us-nuclear-deal-some-disturbing.html ല്‍ ഇട്ടിട്ടുണ്ട്. പക്ഷേ ഇംഗ്ലീഷിലാണ്.
Post a Comment