ഒരു പെട്ടി..... പെട്ടിക്കുള്ളിലൊരു ലോകം... പെട്ടിതുരന്ന് പുറത്തേക്കൊരോട്ടം ..

Thursday, December 10, 2009

മലയാള ഗ്രന്ഥവിവരം പ്രകാശനം ഇന്ന് തലശ്ശേരിയില്‍

പ്രിയ സുഹൃത്തുക്കളേ,

മലയാളഭാഷയുടെ ഡിജിറ്റല്‍ നിലനില്‍പ്പിനു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ഈ ചുരുങ്ങിയ കാലത്തിനുള്ളില്‍ നല്കിയ സംഭാവനകള്‍ നിങ്ങള്‍ക്കേവര്‍ക്കും അറിവുള്ളതാണല്ലോ. മലയാളം കമ്പ്യൂട്ടിങ്ങ് പൂര്‍ണ്ണമാകുന്നതു് അതു് സാഹിത്യവും സംസ്കാരവും ചരിത്രവുമായി ബന്ധിക്കപ്പെടുമ്പോഴാണു്. ഭാഷാ കമ്പ്യുട്ടിങ്ങിന്റെ സോഫ്ടു്വെയര്‍ അടിസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതും അവയെ ഭാവിയിലെ വിവരാധിഷ്ഠിത ശൃംഖലകളുടെ അടിസ്ഥാനമാക്കുന്നതും സമഗ്രമായ ഒരു വിവരശേഖരത്തിലൂടെ വിദഗ്ദ്ധരുടെ സഹായത്തോടെ മാത്രം തയ്യാറാക്കാവുന്ന ഗ്രന്ഥസൂചി പോലുള്ള സ്വതന്ത്ര ഡാറ്റാബേസുകളാണു്. ഈ ലക്ഷ്യത്തോടു കൂടിയുള്ള പ്രവര്‍ത്തനങ്ങളില്‍ ഒരു സുപ്രധാന നേട്ടമാണു് മലയാളഗ്രന്ഥവിവരത്തിന്റെ പ്രകാശനം. ഭാഷയുടെ പൈതൃകം സംരക്ഷിക്കുന്ന പ്രവര്‍ത്തനം നിശ്ശബ്ദമായി, ഒരു തപസ്യയായി നിര്‍വ്വഹിക്കുന്ന കെ. എം. ഗോവിയുടെ മലയാളഗ്രന്ഥസൂചിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണു് 'മലയാളഗ്രന്ഥവിവരം' എന്ന ഡിജിറ്റല്‍ വിവരവ്യവസ്ഥ സംവിധാനം ചെയ്തിരിക്കുന്നതു്. കേരളത്തിനകത്തും പുറത്തും നിന്നു് പ്രസിദ്ധീകരിക്കപ്പെട്ട മുഴുവന്‍ മലയാളപുസ്തകങ്ങളെക്കുറിച്ചുമുള്ള വിവരശേഖരമാണിതു്. ഭാഷാകമ്പ്യൂട്ടിങു് രംഗത്തു് പ്രവര്‍ത്തിയ്ക്കുന്ന ഒട്ടനവധി വ്യക്തികളുടെയും സംരംഭങ്ങളുടെയുംകൂട്ടായ പ്രവര്‍ത്തവനഫലമായാണു് ഇതു് തയ്യാറാക്കപ്പെട്ടതു്.

ഇന്ത്യന്‍ഭാഷകളില്‍ സമാനതകളില്ലാത്ത പ്രവര്‍ത്തനമാണു് കെ. എം. ഗോവിയുടെ നേതൃത്വത്തില്‍ പ്രകാശിതമായ മലയാളഗ്രന്ഥസൂചി. പത്തു് വാല്യങ്ങളില്‍ പതിനായിരത്തോളം പേജുകളിലായി മലയാളത്തിലെ ആദിമുദ്രണംമുതല്‍ 1995 വരെ പ്രകാശിതമായ മുഴുവന്‍ പുസ്തകങ്ങളുടെയും വിവരം ശാസ്ത്രീയമായി ചിട്ടപ്പെടുത്തി മലയാളഗ്രന്ഥസൂചിയില്‍ സമാഹരിച്ചിരിക്കുന്നു. നാലുപതിറ്റാണ്ടു നീണ്ട തപസ്യയുടെ ഫലമാണു് ഈ കൃതി. കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തെ സംബന്ധിച്ച ആധികാരികവും പ്രാമാണികവുമായ ആ സംഹിതയ്ക്കു് മലയാളം ഉള്ളിടത്തോളം കാലം അദ്ദേഹത്തോടു്
കടപ്പെട്ടിരിക്കും.

ഡാറ്റാബേസു് ചിട്ടപ്പെടുത്തുകയും വര്‍ഗ്ഗീകരിയ്ക്കുകയും ചെയ്ത കെ.എച്ചു്. ഹുസൈന്‍ മാഷിനും, പ്രൊജക്ടു് കോര്‍ഡിനേറ്റു് ചെയ്ത ഡോ. രാമന്‍ നായര്‍ക്കും പ്രോഗ്രാമിങ്ങും സിസ്റ്റമൈസേഷനും നിര്‍വ്വഹിച്ച ഉണ്ണി, മഹേഷു് തുടങ്ങിയ വ്യക്തികളും, സ്വതന്ത്ര മലയാളം കമ്പ്യ്യൂട്ടിങ്ങിനു് പുറമെ, സെന്റര്‍ ഫോര്‍ സൌത്ത് ഇന്ത്യന്‍ സ്റ്റഡീസ്, ബീഹൈവ് ഡിജിറ്റല്‍ കണ്‍സെപ്റ്റ്സ് തുടങ്ങിയ സംഘടനകളുടെ കൂടി കൂട്ടായ പ്രവര്‍ത്തനഫലമായാണു് ഇതിനെ യാഥാര്‍ത്ഥ്യമാക്കിയതു്.

യൂണിക്കോ‍ഡു് 5.0 സ്റ്റാന്‍ഡേര്‍ഡു് അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയ ഈ ഡാറ്റാബേസു് ഗ്നു GPL v3 അനുമതിയിലും സോഫ്ടു്വെയര്‍ സിസ്റ്റം ഗ്നു അഫെറോ GPL v3 അനുമതിയിലും ആണു് പ്രകാശനം ചെയ്യുന്നതു്.

2009 ഡിസംബര്‍ 10 നു് വൈകുന്നേരം 4.45 നു് തലശ്ശേരിയിലെ ന്യൂകോസ്മോപൊളിറ്റന്‍ ക്ലബ്ബ് ഹാളില്‍ വച്ചു് ഈ സംരംഭത്തിന്റെ പ്രകാശനം
നടക്കും.

-സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങു് പ്രവര്‍ത്തകര്‍.