പ്രിയ സുഹൃത്തുക്കളേ,
മലയാളഭാഷയുടെ ഡിജിറ്റല്‍ നിലനില്‍പ്പിനു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ഈ ചുരുങ്ങിയ കാലത്തിനുള്ളില്‍ നല്കിയ സംഭാവനകള്‍ നിങ്ങള്‍ക്കേവര്‍ക്കും അറിവുള്ളതാണല്ലോ. മലയാളം കമ്പ്യൂട്ടിങ്ങ് പൂര്‍ണ്ണമാകുന്നതു് അതു് സാഹിത്യവും സംസ്കാരവും ചരിത്രവുമായി ബന്ധിക്കപ്പെടുമ്പോഴാണു്. ഭാഷാ കമ്പ്യുട്ടിങ്ങിന്റെ സോഫ്ടു്വെയര്‍ അടിസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതും അവയെ ഭാവിയിലെ വിവരാധിഷ്ഠിത ശൃംഖലകളുടെ അടിസ്ഥാനമാക്കുന്നതും സമഗ്രമായ ഒരു വിവരശേഖരത്തിലൂടെ വിദഗ്ദ്ധരുടെ സഹായത്തോടെ മാത്രം തയ്യാറാക്കാവുന്ന ഗ്രന്ഥസൂചി പോലുള്ള സ്വതന്ത്ര ഡാറ്റാബേസുകളാണു്. ഈ ലക്ഷ്യത്തോടു കൂടിയുള്ള പ്രവര്‍ത്തനങ്ങളില്‍ ഒരു സുപ്രധാന നേട്ടമാണു് മലയാളഗ്രന്ഥവിവരത്തിന്റെ പ്രകാശനം. ഭാഷയുടെ പൈതൃകം സംരക്ഷിക്കുന്ന പ്രവര്‍ത്തനം നിശ്ശബ്ദമായി, ഒരു തപസ്യയായി നിര്‍വ്വഹിക്കുന്ന കെ. എം. ഗോവിയുടെ മലയാളഗ്രന്ഥസൂചിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണു് 'മലയാളഗ്രന്ഥവിവരം' എന്ന ഡിജിറ്റല്‍ വിവരവ്യവസ്ഥ സംവിധാനം ചെയ്തിരിക്കുന്നതു്. കേരളത്തിനകത്തും പുറത്തും നിന്നു് പ്രസിദ്ധീകരിക്കപ്പെട്ട മുഴുവന്‍ മലയാളപുസ്തകങ്ങളെക്കുറിച്ചുമുള്ള വിവരശേഖരമാണിതു്. ഭാഷാകമ്പ്യൂട്ടിങു് രംഗത്തു് പ്രവര്‍ത്തിയ്ക്കുന്ന ഒട്ടനവധി വ്യക്തികളുടെയും സംരംഭങ്ങളുടെയുംകൂട്ടായ പ്രവര്‍ത്തവനഫലമായാണു് ഇതു് തയ്യാറാക്കപ്പെട്ടതു്.
ഇന്ത്യന്‍ഭാഷകളില്‍ സമാനതകളില്ലാത്ത പ്രവര്‍ത്തനമാണു് കെ. എം. ഗോവിയുടെ നേതൃത്വത്തില്‍ പ്രകാശിതമായ മലയാളഗ്രന്ഥസൂചി. പത്തു് വാല്യങ്ങളില്‍ പതിനായിരത്തോളം പേജുകളിലായി മലയാളത്തിലെ ആദിമുദ്രണംമുതല്‍ 1995 വരെ പ്രകാശിതമായ മുഴുവന്‍ പുസ്തകങ്ങളുടെയും വിവരം ശാസ്ത്രീയമായി ചിട്ടപ്പെടുത്തി മലയാളഗ്രന്ഥസൂചിയില്‍ സമാഹരിച്ചിരിക്കുന്നു. നാലുപതിറ്റാണ്ടു നീണ്ട തപസ്യയുടെ ഫലമാണു് ഈ കൃതി. കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തെ സംബന്ധിച്ച ആധികാരികവും പ്രാമാണികവുമായ ആ സംഹിതയ്ക്കു് മലയാളം ഉള്ളിടത്തോളം കാലം അദ്ദേഹത്തോടു്
കടപ്പെട്ടിരിക്കും.
ഡാറ്റാബേസു് ചിട്ടപ്പെടുത്തുകയും വര്‍ഗ്ഗീകരിയ്ക്കുകയും ചെയ്ത കെ.എച്ചു്. ഹുസൈന്‍ മാഷിനും, പ്രൊജക്ടു് കോര്‍ഡിനേറ്റു് ചെയ്ത ഡോ. രാമന്‍ നായര്‍ക്കും പ്രോഗ്രാമിങ്ങും സിസ്റ്റമൈസേഷനും നിര്‍വ്വഹിച്ച ഉണ്ണി, മഹേഷു് തുടങ്ങിയ വ്യക്തികളും, സ്വതന്ത്ര മലയാളം കമ്പ്യ്യൂട്ടിങ്ങിനു് പുറമെ, സെന്റര്‍ ഫോര്‍ സൌത്ത് ഇന്ത്യന്‍ സ്റ്റഡീസ്, ബീഹൈവ് ഡിജിറ്റല്‍ കണ്‍സെപ്റ്റ്സ് തുടങ്ങിയ സംഘടനകളുടെ കൂടി കൂട്ടായ പ്രവര്‍ത്തനഫലമായാണു് ഇതിനെ യാഥാര്‍ത്ഥ്യമാക്കിയതു്.
യൂണിക്കോഡു് 5.0 സ്റ്റാന്‍ഡേര്‍ഡു് അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയ ഈ ഡാറ്റാബേസു് ഗ്നു GPL v3 അനുമതിയിലും സോഫ്ടു്വെയര്‍ സിസ്റ്റം ഗ്നു അഫെറോ GPL v3 അനുമതിയിലും ആണു് പ്രകാശനം ചെയ്യുന്നതു്.
2009 ഡിസംബര്‍ 10 നു് വൈകുന്നേരം 4.45 നു് തലശ്ശേരിയിലെ ന്യൂകോസ്മോപൊളിറ്റന്‍ ക്ലബ്ബ് ഹാളില്‍ വച്ചു് ഈ സംരംഭത്തിന്റെ പ്രകാശനം
നടക്കും.
-സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങു് പ്രവര്‍ത്തകര്‍.
--------------------------------
കാര്യപരിപാടി:-
10 ഡിസംബര്‍ 2009
ന്യൂകോസ്മോപൊളിറ്റന്‍ ക്ലബ്ബ് ഹാള്‍, തലശ്ശേരി
വൈകുന്നേരം 4.45
പരിപാടി
സ്വാഗതം: ഡോ. മഹേഷ് മംഗലാട്ട്
അദ്ധ്യക്ഷന്‍: ശ്രീ. എം. പി. ബാലകൃഷ്ണന്‍
ദക്ഷിണേന്ത്യാ പഠന പുരസ്കാരജേതാവു് ശ്രീ. കെ. എം. ഗോവിയെ
പരിചയപ്പെടുത്തല്‍: ഡോ. ആര്‍ രാമന്‍നായര്‍
പുസ്തകപ്രകാശനം: ഡോ. എം. ജി. എസ്. നാരായണന്‍
ശ്രീ. കെ. എം. ഗോവിയ്ക്കു് പുരസ്കാരസമര്‍പ്പണം: ശ്രീ. എം. മുകുന്ദന്‍
മലയാളഗ്രന്ഥ ഡിജിറ്റല്‍ വിവരവ്യവസ്ഥ അവതരണം: ശ്രീ. കെ. എച്ച്. ഹൂസൈന്‍
മലയാളഗ്രന്ഥവിവരം വെബ് സൈറ്റ് ഉദ്ഘാടനം: ശ്രീ. ടി. പി. രാജീവന്‍
മലയാളഗ്രന്ഥവിവരം സി.ഡി. പ്രകാശനം: ശ്രീ. പി. പി. രാമചന്ദ്രന്‍
ആശംസകള്‍:
പി. എം. അബ്ദുല്‍ കാദര്‍, ബീഹൈവ് ഡിജിറ്റല്‍ കണ്‍സെപ്റ്റ്സ്
അനിവര്‍ അരവിന്ദ്, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്
മറുപടി പ്രസംഗം: ശ്രീ. കെ. എം. ഗോവി
നന്ദി: ശ്രീ. എ. വല്‍സലന്‍, കോസ്മോപൊളിറ്റന്‍ ക്ലബ്ബ്
ഇന്ത്യന്‍ഭാഷകളില്‍ സമാനതകളില്ലാത്ത പ്രവര്‍ത്തനമാണു് കെ. എം. ഗോവിയുടെ നേതൃത്വത്തില്‍ പ്രകാശിതമായ മലയാളഗ്രന്ഥസൂചി. പത്തു് വാല്യങ്ങളില്‍ പതിനായിരത്തോളം പേജുകളിലായി മലയാളത്തിലെ ആദിമുദ്രണംമുതല്‍ 1995 വരെ പ്രകാശിതമായ മുഴുവന്‍ പുസ്തകങ്ങളുടെയും വിവരം ശാസ്ത്രീയമായി ചിട്ടപ്പെടുത്തി മലയാളഗ്രന്ഥസൂചിയില്‍ സമാഹരിച്ചിരിക്കുന്നു. നാലുപതിറ്റാണ്ടു നീണ്ട തപസ്യയുടെ ഫലമാണു് ഈ കൃതി.
കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തെ സംബന്ധിച്ച ആധികാരികവും പ്രാമാണികവുമായ ആ സംഹിതയ്ക്കു് മലയാളം ഉള്ളിടത്തോളം അദ്ദേഹത്തോടു്
കടപ്പെട്ടിരിക്കും. ഭാഷയുടെ പൈതൃകം സംരക്ഷിക്കുന്ന പ്രവര്‍ത്തനം നിശബ്ദമായി, ഒരു തപസ്യയായി നിര്‍വ്വഹിക്കുന്ന കെ. എം. ഗോവിയുടെ മലയാളഗ്രന്ഥസൂചിയില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടാണു് 'മലയാളഗ്രന്ഥവിവരം' എന്ന ഡിജിറ്റല്‍ വിവര വ്യവസ്ഥ സംവിധാനംചെയ്തിരിക്കുന്നതു്. കേരളത്തിനകത്തും പുറത്തും നിന്നു് ഇന്നുവരെ പ്രസിദ്ധീകരിക്കപ്പെട്ട മുഴുവന്‍ മലയാളപുസ്തകങ്ങളെക്കുറിച്ചുള്ള വിവരശേഖരമാണിതു്. മലയാളത്തിന്റെ
തനതുലിപിയുപയോഗിച്ചു് 'തിരച്ചില്‍' സാദ്ധ്യമാവുന്ന ഈ വിവരവ്യവസ്ഥ വെബ് സൈറ്റിലും സി.ഡിയിലും ലഭ്യമായിലിക്കും. ഈ വിവരശേഖരം ഏതു് ഉപയോക്താവിനും സ്വതന്ത്രമായി ഉപയോഗിക്കാവുന്നതരത്തില്‍ ഗ്നു-ജനറല്‍ പബ്ലിക് ലൈസന്‍സില്‍ (GNU-GPL) പ്രകാശിപ്പിക്കുപ്പെടുക എന്നതു് ശ്രീ. കെ. എം. ഗോവിയുടെ സ്വപ്നമായിരുന്നു. മലയാളത്തിലെ പ്രസാധന ചരിത്രത്തിലെ സുപ്രധാനനാഴികക്കല്ലായ ഈ വിവരവ്യവസ്ഥയുടെ പ്രകാശനവേളയില്‍ ദക്ഷിണേന്ത്യാ പഠനകേന്ദ്രം ശ്രീ. കെ. എം. ഗോവിയെ ആദരിക്കുന്നു.
2009 ഡിസംബര്‍ 10-നു് വൈകുന്നേരം തലശ്ശേരി കോസ്മോപൊളിറ്റന്‍ ക്ലബ്ബില്‍ നടക്കുന്ന ചടങ്ങില്‍ സെന്റര്‍ ഫോര്‍ സൌത്ത് ഇന്ത്യന്‍ സ്റ്റഡീസ് നല്കുന്ന ദക്ഷിണേന്ത്യാ പഠനപുരസ്കാരം കെ. എം. ഗോവിയ്ക്കു് സമര്‍പ്പിക്കും. അദ്ദേഹം രചിച്ച 'പബ്ലിക് ലൈബ്രറി' എന്ന പുസ്തകത്തോടൊപ്പം 'മലയാളഗ്രന്ഥവിവരം' സി.ഡി. യിലും വെബ് സൈറ്റിലുമായി ഈ അവസരത്തില്‍ പ്രകാശിപ്പിക്കുകയാണു്.
മലബാര്‍ ഹെറിറ്റേജ് സൊസൈറ്റിയുടേയും കോസ്മോപൊളിറ്റന്‍ ക്ലബ്ബിന്റെയും പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍
താങ്കളേയും സുഹൃത്തുക്കളേയും സാദരം ക്ഷണിക്കുന്നു.
മലയാള ഗ്രന്ഥവിവരം
Licensed under GNU-GPLv3
Compilation and General Editor K. M. Govi
Structuring and Classifying K. H. Hussain, Rachana
Programming K. P. N. Unni, Kriyate
Systamization M. Mahesh, Kriyate
Project Co-ordination Dr. R. Raman Nair, MG Univerisity
Centre for South Indian Studies, Thiruvananthapuram
Beehive Digital Concepts, Cochin
Swathanthra Malayalam Computing (SMC)
2004-ല്‍ സി.ഡി.യായി പുറത്തിറങ്ങിയ ബ്രണ്ണന്‍ കോളേജിലെ ഇരുപത്തിരണ്ടായിരത്തോളം വരുന്ന മലയാളഗ്രന്ഥങ്ങളുടെ മലയാള ലിപിയിലുള്ള
ഡിജിറ്റല്‍ വ്യവസ്ഥ മാതൃഭാഷയിലെ ആദ്യത്തെ ഡിജിറ്റല്‍ ബിബ്ലിയോഗ്രാഫി പ്രസാധനമായിരുന്നു.
മലയാളത്തില്‍ ഇന്നോളം പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ സമഗ്രമായ ഒരു ഡിജിറ്റല്‍ ഗ്രന്ഥവിവരവ്യവസ്ഥയായിരുന്നു അടുത്ത ലക്ഷ്യം.
'മലയാള ഗ്രന്ഥവിവരം' വെബ് സൈറ്റിലും സി.ഡി.യിലുമായി പ്രകാശനം നടക്കുമ്പോള്‍ ഈയൊരു സ്വപ്നമാണു് യാഥാര്‍ത്ഥ്യമാകുന്നതു്. ശ്രീ. കെ. എം.ഗോവിയുടെ എഡിറ്റോറിയല്‍ നേതൃത്വവും അനന്യമായ പ്രൊഫഷണല്‍ അനുഭവങ്ങളുമില്ലാതെ ഇതു് സാക്ഷാല്‍ക്കരിക്കപ്പെടുമായിരുന്നില്ല.
ഭാരതീയഭാഷകളില്‍ അദ്ദേഹത്തിന്റെ നാല്പതുവര്‍ഷം നീണ്ടുനിന്ന അത്യപൂര്‍വ്വ സമാഹരണമായ ഗ്രന്ഥസൂചിക്കുതുല്യമായ മറ്റൊരു സംരംഭവും
ചൂണ്ടിക്കാണിക്കാനില്ല.
www.malayalagrandham.com എന്ന വെബ് സൈറ്റിലൂടെയാണു് 'മലയാള ഗ്രന്ഥവിവരം' ലോകത്തിനായി തുറന്നുകൊടുക്കുന്നതു്. ആര്‍ക്കും ഏതു് സംരഭങ്ങള്‍ക്കും എത്രയും സ്വതന്ത്രമായി എടുക്കാനും തിരുത്താനും കൂട്ടിച്ചേര്‍ക്കാനും പ്രാപ്തമാകുംവിധം ഗ്നു-ജി.പി.എല്ലി (GNU-General Public License) ലാണു് ഇതിന്റെ ഉള്ളടക്കം പ്രകാശനം ചെയ്യുന്നതു്. Copy Right എന്നതിനുപകരം Copy Left എന്നതാണു് റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ വിഭാവനംചെയ്യുന്ന ഗ്നു-ജി.പി.എല്ലിന്റെ അടിസ്ഥാനം. കാലദേശാതിവര്‍ത്തിയായി നിലനില്‍ക്കേണ്ടുന്ന മനുഷ്യന്റെ അവകാശമാണു് അറിവു് എന്നതാണു് അതിന്റെ പ്രഖ്യാപനം. ഇതു് സ്വന്തം ജീവിതത്തിലൂടെ സഫലമാക്കിയ ഗവേഷകനാണു് ശ്രീ. കെ.എം. ഗോവി. മലയാളത്തില്‍ പ്രസിദ്ധീകരിച്ച എല്ലാ വിജ്ഞാനങ്ങളുടേയും വിവരങ്ങള്‍ ക്രോഡീകരിച്ച 'മലയാള ഗ്രന്ഥവിവരം' അദ്ദേഹത്തിന്റെ ജീവിതവീക്ഷണങ്ങളുടെ പ്രകടനപത്രിക കൂടിയാണു്.
------
PS ഞാനിപ്പോള്‍ തലശ്ശേരിയില്‍ ഉണ്ട് . എന്നെ ബന്ധപ്പെടാനുള്ള നമ്പര്‍ 09663379908
No comments:
Post a Comment