ചെറുവകയിലെ സിബുവിന്റെ ഈ കമന്റിനുള്ള മറുപടി
സിബു:പിന്മൊഴി നിറുത്തി കോടിപതിയായപോലെ തന്നെയേ ഉള്ളൂ ഇവിടെയെമ്പാടും ചിതറിക്കിടക്കുന്ന എനിക്കെതിരെയുള്ള (ഉമേഷിനെതിരേയും) കോണ്‍സ്പിരസി ആരോപണങ്ങള്‍. അവയ്ക്ക് മറുപടി പറഞ്ഞ് സമയം കൊല്ലാനില്ല. എന്റെ ചോദ്യങ്ങളെല്ലാം എനിക്ക് വ്യക്തിപരമായി ഉണ്ടായിരുന്ന ടെക്നിക്കല്‍ സംശയങ്ങള്‍ തീര്‍ക്കുക ലക്ഷ്യം വച്ചുള്ളവയാണ്. അത് രചനയെ ബോധ്യപ്പെടുത്തുക എങ്ങനെയാണെന്നറിയില്ല. അതില്‍ ഞാന്‍ അമ്പേ പരാജയപ്പെട്ടെങ്കിലും കാര്യങ്ങളെ പോസ്റ്റിറ്റീവായി കാണാനേ ഇനിയും ഉദ്ദേശിച്ചിട്ടുള്ളൂ...
എതിനാ വെറുതെ ഉമേഷിനെ കൂട്ടിനു വിളിക്കുന്നത്. ഒറ്റക്കങ്ങേറ്റിയാല്‍ പോരെ. ഉമേഷ് ലൈസന്‍സിങ്ങ് സംശയം മാത്രമേ ചോദിച്ചിട്ടുള്ളൂ. സിബൂ ഇതിലൊരു കോണ്‍സ്പിരസിയുമുണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നില്ല. ഉമേഷാണെങ്കില്‍ സ്വന്തം നിലപാട് വ്യക്തമാക്കുകയും ചെയ്തു. സിബുവിന്റെ ഈഗോ പ്രശ്നങ്ങള്‍ മാത്രമേ എനിക്കു കാണാനുള്ളൂ. സിബുവിന്റെ കാളമൂത്രം പോലെയുള്ള (ചാഞ്ചാടിക്കളിച്ചാലും ഒഴിക്കുന്നത് മൂത്രമായിരിക്കണം എന്ന നിര്‍ബന്ധം) നിലപാടുകളാണ് ഇത്രയും പറയിപ്പിച്ചത്. പക്ഷേ ഒരു തരത്തില്‍ ഞാന്‍ സിബുവിനോട് കടപ്പെട്ടിരിക്കുന്നു. മലയാളം ബ്ലോഗുലകത്തില്‍ ആദ്യമായി സ്വതന്ത്ര സോഫ്റ്റ്വെയര് ലൈസന്‍സുകളെക്കുറിച്ച് , അതിന്റെ സ്വാതന്ത്ര്യങ്ങളെക്കുറിച്ച് സംസാരിക്കാന്‍ അവസരം ഒരുക്കിയതിന് . അത് സിബുവിന് മനസ്സിലായില്ലെങ്കിലും ( മനസ്സിലായി എന്നു സമ്മതിച്ചില്ലെങ്കിലും എന്നു തിരുത്തിവായിക്കാനപേക്ഷ) മറ്റ് ഒരുപാടുപേര് ഇതു വായിച്ചിട്ടുണ്ട്. മനസ്സിലാക്കിയിട്ടുണ്ടുമുണ്ട്. പിന്നെ രചന അക്ഷരവേദിക്കാരൊന്നും ഈ ചര്‍ച്ചയില്‍ വന്നുകണ്ടില്ല. അതുകൊണ്ട് സിബുവിനനുകൂലമായില്ലെങ്കില്‍ അവര്‍ രചനയാണ് എന്നത്, "നിങ്ങള്‍ ഞങ്ങള്‍ക്കൊപ്പമില്ലെങ്കില്‍ തീവ്രവാദികള്‍ക്കൊപ്പമാണ്" എന്നു ജോര്‍ജ് ബുഷ് പറയുംപോലെത്തന്നെ പരിഹാസ്യമാണ്. ഇവിടെ ഞാനായാലും പ്രവീണായാലും സന്തോഷായാലും സുറുമയാലും സംസാരിച്ചത് സ്വതന്ത്രസോഫ്റ്റ്വെയറിന്റെ നിര്‍മാണത്തെക്കുറിച്ചും ലൈസന്‍സിങ്ങിനെക്കുറിച്ചുമാണ്. രചനയായല്ല. ചോദ്യം ഫ്രീ ഫോണ്ടാണോ എന്നായിരുന്നല്ലോ. സ്വന്തം ബ്ലോഗില്‍ത്തന്നെ എല്ലാവാദങ്ങളും തോറ്റമ്പിയ സ്ഥിതിക്ക് ഒരു രക്ഷപ്പെടല്‍ സിബുവിനും ആവശ്യമാണ്. ഈഗോ കൂടുതലായതിനാല്‍ പ്രത്യേകിച്ചും . അപ്പോഴാണ് പിന്മൊഴി, കോടിപതി, കോണ്‍സ്പിരസി, എന്നീ വാക്കുകള്‍ വരുന്നത്.
സിബുവിന് മനസ്സിലായതിത്രമാത്രം
സിബു: * രചന ഒരു ഓപ്പണ്‍ ഫോണ്ടാണ്. ബാക്കി കുറേ ഫോണ്ടുകളും കൂടി ഓപ്പണ്‍ സോര്‍സ് ആണെന്ന് മനസ്സിലായി. അവയെ പറ്റി വരമൊഴി വിക്കിയില്‍ ഡോക്യുമെന്റ് ചെയ്തുകഴിഞ്ഞു. രചനയുടെ ഹോസ്റ്റിംഗ് സൈറ്റ് മനസ്സിലായതും നന്നായി. വിന്‍ഡോസിനുവേണ്ടി ഉണ്ടാക്കിയ ഫോണ്ടില്‍, വിന്‍ഡോസ് ഫോണ്ട് വ്യൂവറിലൂടെ നോക്കുമ്പോള്‍, ഗ്നൂ എന്ന് കാണാവുന്ന രീതിയില്‍ വയ്ക്കുന്നത് നന്നായിരിക്കും എന്നുതന്നെ വിശ്വസിക്കുന്നു - ഫോണ്ടുകളെ പറ്റി അധികമറിയാത്ത എന്നേപ്പോലെ പലര്‍ക്കും കാര്യങ്ങള്‍ വ്യക്തമാവുന്നതിന്.
ഫ്രീ ഫോണ്ടാണോ എന്ന ചര്‍ച്ച ഫ്രീ ഫോണ്ടാണ് (സ്വതന്ത്ര ഫോണ്ടാണ്)എന്നു തന്നെ അവസാനിപ്പിക്കുകയല്ലേ നല്ലത്. പ്രത്യേകിച്ചും അത് ബ്ലോഗ് വായിക്കുന്നവര്‍ക്കെല്ലാം മനസ്സിലായ സാഹചര്യത്തില്‍. എന്തിനാ വെറുതെ ഓപ്പണ്‍ ഫോണ്ട് എന്ന പുതിയ ടെര്മിനോളജി. രചനയുടെ ഹോസ്റ്റിങ്ങ് സൈറ്റ് സാവന്നയാണ്. പിന്നെ രാമായണം മുഴുവന്‍ പറഞ്ഞ് കഴിഞ്ഞ് പണ്ടാരോ ചോദിച്ച ചോദ്യമാണ് "വിന്‍ഡോസിനുവേണ്ടി ഉണ്ടാക്കിയ ഫോണ്ടില്‍, വിന്‍ഡോസ് ഫോണ്ട് വ്യൂവറിലൂടെ നോക്കുമ്പോള്‍, ഗ്നൂ എന്ന് കാണാവുന്ന രീതിയില്‍ വയ്ക്കുന്നത് നന്നായിരിക്കും എന്നുതന്നെ വിശ്വസിക്കുന്നു" എന്ന വാക്യം കാണുമ്പോള്‍ ഓര്‍മ്മ വരുന്നത്
സിബു: * രചന മൈക്രോസോഫ്റ്റിലേയ്ക്കാവശ്യമുള്ള ഫോണ്ട് ടേബിളുകളുണ്ടാക്കുന്നത് ഞാന്‍ മുമ്പ് കരുതിയിരുന്നതില്‍ നിന്നും വ്യത്യസ്തമായി ഫോണ്ട്ഫോര്‍ജിലാണ്. അതുകൊണ്ട് സോഴ്സ് ചോദിക്കുന്നതില്‍ അര്‍ഥമില്ല എന്നത് ശരിയാണ്. വോള്‍ട്ടിലായിരുന്നെങ്കില്‍, വോള്‍ട്ട് സോഴ്സ് ഉണ്ടായിരുന്നെങ്കില്‍, കാര്യങ്ങള്‍ മോഡിഫൈ ചെയ്യാന്‍ എളുപ്പമുണ്ടായിരുന്നു എന്നു് ഇപ്പോഴും തോന്നുന്നു.
നാടുമുഴുവന്‍ ഉബണ്ടു സിഡികള്‍ പറന്നുകളിക്കുമ്പോള്‍ ഫോണ്ട് ഫോര്‍ജില്‍ ഒന്നെഡിറ്റ് ചെയ്യല്‍ ഇത്രവലിയ പണിയാണെന്ന് ഇപ്പോളാണറിഞ്ഞത്. ജീവിതകാലത്ത് ഒരു ഫോണ്ടെങ്കിലും തുറന്നുനോക്കാതെയല്ലേ ഈ വാചകമടി. വിന്‍ഡോസില്‍ വോള്‍ട്ട് സോഴ്സ് (ഏതു ഫോണ്ടിനും) ഉണ്ടാക്കുന്നതെങ്ങനെയെന്ന് റാല്‍മിനോവ് ഇവിടെ എഴുതിയിട്ടുണ്ട് .
13 comments:
*നിരീക്ഷണം :
ഏതു രംഗത്തെയും മിടുക്കര്‍ തമ്മില്‍ സംവദിക്കുമ്പോള്‍ ഉപയോഗിക്കുന്ന ടെര്മിനോളജി (പലപ്പോഴും വിഷയം തന്നെ) മറ്റുള്ളവര്‍ക്ക് മനസിലായെന്നു തന്നെ വരില്ല. (മറിച്ച് മിടുക്കര്‍ കരുതും ഇതൊക്കെ എല്ലാരും നിശ്ചയമായും മനസിലാക്കുന്നുണ്ടെന്ന്.)
ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങളില്‍ വിവരമൊന്നുമില്ലെങ്കിലും താല്പര്യപൂര്വം വായിക്കുന്ന ഒരാളാണു ഞാന്‍.
വിഷയത്തില്‍ ഊന്നിയുള്ള ചര്‍ച്ചകള്‍ വായിച്ചാല്‍ ആര്‍ക്കും മനസിലായേക്കും. എന്നാല്‍ ഇയിടെയായി ഞാന്‍ കാണുന്ന ഒരു പ്രത്യേകത, ഏതാണ്ട് സീരിയലൈസ് ചെയ്തുതന്നെ (പുറമേ കാണാവുന്ന ഒരു പ്രകോപനവും കൂടാതെ തന്നെ) സിബുവിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പോസ്റ്റുകള്‍/കമന്റുകള്‍ നിരവധി കാണാനിടവന്നു. ഇത് ചര്‍ച്ചകള്‍ക്കോ വിഷയത്തിനോ ഏതെങ്കിലും തരത്തില്‍ ഉപകരിക്കുമെന്ന് എനിക്ക് തോന്നിയില്ല; അരോചകമെന്നല്ലാതെ. ആരെപ്പറ്റിയായാലും പൊതുവേദികളിലാണ് നമ്മളിതു ചെയ്യുന്നതെന്നെങ്കിലും പ്രിയപ്പെട്ട സുഹൃത്തുക്കള്‍ ഓര്‍ക്കുന്ന കാര്യം പരിഗണിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
മറിച്ച് അങ്ങനെ അധിക്ഷേപിക്കപ്പെടാന്‍ തക്കവണ്ണമുള്ള തെറ്റ് എന്താണെന്നെങ്കിലും വിശദീകരിക്കാനുള്ള സൗമനസ്യമെങ്കിലും കാണിക്കുക.
SMC-ഇപ്പോള്‍ ഏര്‍പ്പെട്ടിരിക്കുന്നതു പോലുള്ള മഹത്തായതും ഭാവിമലയാളത്തിന് പ്രതീക്ഷ നല്‍കുന്നതുമായ സംരംഭങ്ങള്‍ക്ക് ഒരു കളങ്കമാവാതിരിക്കാനെങ്കിലും അതുപകരിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു.
താങ്കള്‍ പറയുന്നു, പ്രത്യേകിച്ചും അത് ബ്ലോഗ് വായിക്കുന്നവര്‍ക്കെല്ലാം മനസ്സിലായ സാഹചര്യത്തില്‍.. മുകളില്‍ *നിരീക്ഷണത്തില്‍ പറഞ്ഞിരിക്കുന്ന ചിന്താഗതിമൂലമാവും താങ്കള്‍ ഇങ്ങനെയൊരു പ്രസ്താവം നടത്തുന്നതെന്നു തോന്നുന്നു.
രചന ഫോണ്ടിനെപ്പറ്റി ചിന്തയില്‍ നിന്നാണെന്നു തോന്നുന്നു ഞാനറിയുന്നത്. അതിനു മുമ്പും രചന അക്ഷരവേദിയെപ്പറ്റി കേട്ടിട്ടുണ്ട്. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് വഴി 90-കളില്‍ മലയാളത്തിന്റെ 'മാനകീകരണ' നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്ന (ഓ, പ്റബോധ ചന്ദ്രന്... തന്നെ) അവസരത്തിലും പിന്നെ അടുത്തകാലത്ത് മലയാളം ഓപ്പറേറ്റിങ്ങ് സിസ്റ്റം (ലിനക്സില്‍) അവതരിപ്പിച്ചെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ വന്നപ്പോഴും ചില്ല് കോഡണോ വേണ്ടയോ എന്ന ചര്‍ച്ച നടന്നപ്പോഴും മറ്റും മറ്റും. അപ്പോഴൊക്കെയും രചനയുടെ ഇന്റര്‍നെറ്റ് സാന്നിദ്ധ്യം ഒന്നു കണ്ടുപിടിക്കാന്‍ വല്ലാതെ ശ്രമിച്ചിട്ടുണ്ട്. അതെങ്കിലും കണ്ടുപിടിക്കാന്‍ ഈ പോസ്റ്റ് എന്നെ സഹായിച്ചു എന്നറിയിക്കാന്‍ സന്തോഷമുണ്ട്. നന്ദി.
രചനയുടെ ഇന്റര്‍നെറ്റ് സാന്നിദ്ധ്യമല്ല സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്. രചന അക്ഷരരൂപത്തിന്റെ ഹോസ്റ്റിങ്ങ് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ സാവന്നയിലെ സംരംഭതാളാണെന്നാണ് അനിവര്‍ പറഞ്ഞത്.
മറിച്ച് അങ്ങനെ അധിക്ഷേപിക്കപ്പെടാന്‍ തക്കവണ്ണമുള്ള തെറ്റ് എന്താണെന്നെങ്കിലും വിശദീകരിക്കാനുള്ള സൗമനസ്യമെങ്കിലും കാണിക്കുക.
അനില്‍ , ചൂണ്ടിക്കാട്ടിയതിനു നന്ദി. പലപ്പോഴും പലവട്ടം സോദാഹരണം മനസ്സിലാക്കിക്കൊടുത്താലും മനസ്സിലായില്ലെന്നു ചിലര്‍ നടിക്കുമ്പോള്‍ ദേഷ്യം വന്നു പോകുന്നതാണ്. ഇന്‍ഡിക് യൂണിക്കോഡ് ലിസ്റ്റില്‍ നിന്നു മനസ്സില്‍ കടന്നുകൂടിയ സിബുവിനെക്കുറിച്ചുള്ള വിലയിരുത്തലും കാരണമായിട്ടുണ്ടാവും. കൂടിപ്പോയെങ്കില്‍ ക്ഷമിക്കുക. റാല്‍മിനോവിന്റെ ബ്ലോഗിലെ ഈ കമന്റില്‍നിന്നു വായന തുടങ്ങിയാല്‍ ചിലപ്പോള്‍ എന്റെ ദേഷ്യത്തിന്റെ കാരണം മനസ്സിലായേക്കും . സ്വതന്ത്ര സോഫ്റ്റ്വെയര് ലൈസന്‍സുകളെയും അവയുടെ പ്രയോഗത്തെയും കുറിച്ചുള്ള ഈ ചര്‍ച്ചയെ രചനയുടെ ഓണ്‍ലൈന്‍ ലൊക്കേഷനെക്കുറിച്ചു മാത്രമുള്ളതാക്കേണ്ടത് ആരുടെ ആവശ്യമാണ്? പിന്നെ അനില്‍ , തെറ്റിദ്ധാരണ തീര്‍ക്കാന്‍ ഇപ്പോള്‍ തന്നെ പറഞ്ഞേ തീരു, രചനയുടെ എന്നാല്‍ രചന ഫോണ്ടിന്റെ മാത്രമാണ് ഇവിടെ പറഞ്ഞത്. അത് സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ് ഹോസ്റ്റ് ചെയ്തിരിക്കുന്നു. ബാക്കികാര്യങ്ങള്‍ക്ക് രചനക്കാരോട് ( ഹുസ്സൈന്‍, ചിത്രജന്‍ , ഗംഗാധരന്, രാജീവ്, മാമ്മന്‍ ചുണ്ടമേല്, വിജയകുമാരന്‍ നായര്‍) അന്വേഷിക്കുക.
എന്റെ ഈ ബ്ലോഗ് എന്റെ വ്യക്തിപരമായ അഭിപ്രായങ്ങളുടേതാണ്. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ നേട്ടങ്ങളോ അഭിമാനങ്ങളോ ഒന്നും ഞാന്‍ എന്ന വ്യക്തിയുടെ അഭിപ്രായങ്ങളെ ബാധിക്കേണ്ടതില്ല. അതുപോലെ തിരിച്ചും.
രചന ഫോണ്ടിന്റെ ഇടം മാത്രമാണ് സ്വ.മ.ക.യുടെ സാവന്ന എന്നു വ്യക്തമാക്കിത്തന്നതിന് അനിവറിനും j4v4m4n-നും നന്ദി; ഈ ബ്ലോഗില്‍ എന്തൊക്കെ പറയാമെന്നതു മനസിലാക്കിച്ചു തന്നതിനും.
ഇത്തരത്തില്‍ കടന്നാക്രമണങ്ങളിലൂടെ നിശബ്ദനാക്കപ്പെടേണ്ട ഒരാളാണ് സിബു എന്ന് ഒരിക്കലും തോന്നിയിട്ടില്ലാത്തതിനാലായിരുന്നു കമന്റെഴുതിയത്.
പ്രത്യേകിച്ചും പരാമര്‍ശത്തില്‍ പോലും (ബ്ലോഗിലായാലും, ലിസ്റ്റുകളിലായാലും) വ്യക്തികളെ ആക്രമിക്കുന്ന നിലപാട് സിബുവില്‍ നിന്ന് കണ്ടിട്ടേയില്ല.
കൂടുതലായി എന്തെങ്കിലും അറിയണമെന്ന ആഗ്രഹമേ അവശേഷിക്കുന്നില്ല.
ആശംസകള്‍.
പ്രത്യേകിച്ചും പരാമര്‍ശത്തില്‍ പോലും (ബ്ലോഗിലായാലും, ലിസ്റ്റുകളിലായാലും) വ്യക്തികളെ ആക്രമിക്കുന്ന നിലപാട് സിബുവില്‍ നിന്ന് കണ്ടിട്ടേയില്ല.
മലയാളത്തില്‍ ആണവ ചില്ലുവന്നുകൊണ്ടിരിക്കുന്നത് ആ അരാഷ്ട്രീയ മുഖത്തോടെത്തന്നെയാണ്. കൂട്ടായ്മയും നന്മനിറഞ്ഞവന് ഭാവവും ആ കരങ്ങളെ ശക്തിപ്പെടുത്തിയതിന്റെ പരിണതഫലമായി ഭാഷയ്ക് കിട്ടിയ സമ്മാനം. എഴുതിയ പോസ്റ്റ് അല്പം കടന്നു പോയെന്ന് എനിക്കും ഇപ്പോള്‍ തോന്നുന്നുണ്ട്. പക്ഷേ അത് എഴുതിയപ്പോള്‍ എനിക്ക് ശരിയായിരുന്നു. ഏതായാലും അതവിടെ കിടക്കട്ടെ. ചിലതൊക്കെ ചരിത്രമാവേണ്ടേ?
എനിക്കു പ്രധാനം വ്യക്തികളല്ല വിഷയങ്ങളിലെ നിലപാട് തന്നെയാണ്. ഞാന്‍ വ്യക്തികളെ കുറ്റപ്പെടുത്തുന്നെങ്കില്‍ അതും നിലപാടു മൂലം തന്നെയാണ്. എനിക്ക് വ്യക്തിപരമായി സിബുവിനോട് ഒരു വിരോധവുമില്ല. പക്ഷേ നിലപാടുകള്‍ക്ക് പുറത്ത് ഞാന്‍ സിബുവിനെ ചിലപ്പോള്‍ ഇനിയും ആക്രമിച്ചെന്നിരിക്കും.
പിന്നെ "കടന്നാക്രമണങ്ങളിലൂടെ നിശ്ശബ്ദനാക്കല് "എന്റെ ഉദ്ദേശ്യമേ അല്ല. ബ്ലോഗില്‍ അതൊരു സ്ഥിരം രീതിയാണെങ്കിലും.
യൂണികോഡ് കണ്‍സോര്‍ഷ്യം ആറ്റോമിക് ചില്ലുകള്‍ സാംഗത്യം മനസ്സിലാക്കിയത് സിബുവും അദ്ദേഹം നയിക്കുന്നുവെന്നു അനിവര്‍ കരുതുന്ന ബ്ലോഗ് കൂട്ടായ്മയും ആണെന്നാണോ പറഞ്ഞു വരുന്നത്? ഒരു ഈഗോയ്ക്ക് സ്വാധീനിക്കുവാന്‍ കഴിയുന്നതാണ് യൂണികോഡ് കണ്‍സോര്‍ഷ്യത്തിന്റെ തീരുമാനങ്ങളെങ്കില്‍ ആ സ്റ്റാന്ഡേര്ഡിനെയങ്ങ് നിരാകരിക്കണം സാര്‍, തമിഴന്മാര്ക്ക് കഴിഞ്ഞു, പിന്നെയെന്താ വിപ്ലവകാരികളായ മലയാളികള്‍ക്കു കഴിയില്ലേ. അല്ലാതെ തെളിവുകളും വാദങ്ങളും ഡോക്യുമെന്റേഷനുകളും ഉള്‍പ്പെടുത്തി സിബുവും മറ്റുപലരും സമര്‍പ്പിച്ച വാദങ്ങളുടെ അടിസ്ഥാനത്തില്‍ യൂണികോഡ് കണ്‍സോര്‍ഷ്യം എടുത്ത തീരുമാനത്തില്‍ എതിരഭിപ്രായം ഉണ്ടെങ്കില്‍ മറ്റൊരു വഴി ഫലപ്രദമായി ആറ്റോമിക്-എന്കോഡിങിനെ എതിര്‍ക്കുന്ന ഡോക്യുമെന്റ്സ് യൂണികോഡിനു സബ്മിറ്റ് ചെയ്യുക എന്നാണ്.
പിന്നെ ഒരു ഓഫ് ടോപിക്: രചനയിലെ ഇംഗ്ലീഷ് ഫോണ്ടും മലയാളം ഫോണ്ടും തമ്മിലുള്ള വലിപ്പവ്യത്യാസം അസഹ്യമാണ്, തര്‍ജ്ജനി പോലുള്ള സൈറ്റുകളില്‍ രചന ഹാര്‍ഡ്കോഡ് ചെയ്യുന്നതോടെ ഇത് കൂടുതല്‍ പ്രശ്നവുമാണ്. രചനയുടെ സോഴ്സ് ഈ സവന്നയില്‍ നിന്ന് ലഭിക്കുമോ, രചന ഉപയോഗിച്ചിരിക്കുന്ന ഇംഗ്ലീഷ് ഗ്ലിഫ്സ് മാറ്റി ഫ്രീസെരീഫോ മറ്റോ ഉപയോഗിച്ച് ഒരു ഫോണ്ട് റിലീസ് ചെയ്യണം എന്നുണ്ട്.
ഉവ്വ; എന്റെ ഭാവം നോക്കിയല്ലേ കണ്‍സോര്‍ഷ്യം ക്യാരക്റ്റര്‍ എന്‍കോഡ് ചെയ്യുന്നത്.
ബ്ലോഗിലെന്ത് കൂട്ടായ്മ.. ബ്ലോഗുകാരെന്ത് ഇന്‍ഡിക് ലിസ്റ്ററിയുന്നു .. ഇന്‍ഡിക് ലിസ്റ്റും യുണീക്കോഡ് സ്റ്റാന്റേഡൈസേഷന് പ്രോസസും തമ്മിലെന്തുബന്ധം. ഈ ബന്ധങ്ങളൊക്കെ ഇ-നാട്ടിലെ ഐതിഹ്യങ്ങളല്ലേ.
മലയാളം കമ്പ്യൂട്ടിംഗ് കാര്യങ്ങളില്‍ പഞ്ചപിടിക്കാന് എപ്പോ വിളിച്ചാലും ഉണ്ട് :) ചില്ലിനെ പറ്റിമാത്രം ഇനിയില്ല. മതിയായിഷ്ടോ.. അതിനു് പകരം മുകളിലെ പോലെ വളിപ്പ് പറഞ്ഞ് കളിക്കാനാണെങ്കില്‍ സോറി; ഞാനീവഴിക്ക് വന്നിട്ടേയില്ല.
രചന അക്ഷരരൂപം ഡേജാവു സാന്‍സ് എന്ന എല്ലാ ഭാഷകളും ഉള്‍ക്കോള്ളുന്ന ഫോണ്ടില്‍ ചേര്‍ക്കുന്ന പണി പുരോഗമിച്ചു വരുന്നു. മീര ഇക്കാര്യത്തില്‍ ഒരുപാടു ഭേദമാണ് പെരിങ്ങോടരേ
പിന്നെ ചില്ലു പുരാണം , "ഫലപ്രദമായി ആറ്റോമിക്-എന്കോഡിങിനെ എതിര്‍ക്കുന്ന ഡോക്യുമെന്റ്സ്" 60ഓളം ഭാഷാവിദഗ്ദര്‍ (പന്മനയൊക്കെ അടക്കം) കൂടിയിരുന്നുണ്ടാക്കി യൂണിക്കോഡിനു സബ്മിറ്റ് ചെയ്തപ്പോള്‍ അവര്‍ (ISO/IEC JTC1/SC2/WG2 കമ്മിറ്റിയിലെ ഡോ.ഉമാമഹേശ്വരന്)പറഞ്ഞത് "സോറി അതു വായിക്കാന്‍ ടൈം കിട്ടിയില്ല" എന്നാണല്ലോ. ഒരു പാടു പറയാനുണ്ട് . പക്ഷേ പിന്നീടാകട്ടെ. ഒരു വെടി നിര്‍ത്തല്‍ അനിവാര്യമാണല്ലോ.
ജിപിഎല്ലിനെ പറ്റി വിശദമായി ഒരു ലേഖനമെഴുതി പ്രസിദ്ധീകരിക്കുമോ? പറ്റുമെങ്കില്‍ മറ്റ് ലൈസന്‍സിംഗ് രീതികളെ പറ്റിയും...
ബെന്നി
എഴുതണമെന്നൊക്കെയുണ്ട്. സമയത്തിനനുസരിച്ച് എഴുതാം. ഡെവലപ്പറും ഉപയോക്താവും തമ്മില്‍ സ്വതന്ത്ര സോഫ്റ്റ്വെയര് ലോകത്ത് വലിയ വ്യത്യാസമൊന്നുമില്ലെങ്കിലും മലയാളം ബ്ലോഗുലകത്തില്‍ ഇപ്പോള്‍ അത് രണ്ടും രണ്ടാണ് എന്നതാണ് ലേഖനമെഴുതാനുള്ള വെല്ലുവിളി. ശ്രമിക്കാം സമയത്തിനനുസരിച്ച്.
അനിവറേ ഫോണ്ട് സൈസുകളും ശ്രദ്ധിക്കണം. ഇംഗ്ലീഷും ഹിന്ദിയും ബംഗാളിയും മലയാളവും ഒരുമിച്ച് ഉപയോഗിക്കുമ്പോള്‍ ഓരോന്നും ഓരോ സൈസാണ് ഏരിയലില്‍ അതു പോലെ ആകുമോ എങ്കില്‍ ഗുണമില്ല. ചുരുങ്ങിയത് മലയാളവും ഇംഗ്ലീഷും എകദേശം ഒരു ഉയരമുള്ള ഫോണ്ട് വെബ് ഡിസൈനിനും മറ്റും അതാവശ്യമാണ്. മീര ശ്രമിച്ചിട്ട് ബാക്കി പറയാം.
ഇന്നലെ നോക്കുമ്പോള്‍ മീര കണ്ടിരുന്നില്ല, ഇന്നുണ്ടല്ലോ. ഇന്നലത്തെ രചനയുടെ ടൈംസ്റ്റാമ്പും മാറിയിരിക്കുന്നു. വേര്‍ഷനില്‍ വല്ല വ്യത്യാസങ്ങളും ഉണ്ടോ?
പെരിങ്ങോടരെ സുറുമയുടെ ഇതെക്കുറിച്ചുള്ള പോസ്റ്റ് കണ്ടിരുന്നോ? പിന്നെ രചനയും മീരയും tar.gz ഉം tar.bz2 ഉം ആയാണ് ഇട്ടിരുന്നത്. വിന്‍ഡോസ് ഉപഭോക്താക്കള്‍ ഇതില്‍ ബുദ്ധിമുട്ട് പ്രകടിപ്പിച്ചതുകൊണ്ട് (ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ ഇതിനെ tar.tar എന്നു തെറ്റായാണ് കാണിക്കുക) zip രൂപത്തിലേക്കു മാറ്റിയിട്ടെന്നു മാത്രം. അതായിരിക്കും ടൈംസ്റ്റാംപ് മാറ്റമായി കണ്ടത്. ചര്‍ച്ചകള്‍ smc-discuss ഗൂഗിള്‍ ഗ്രൂപ്പില്‍ കാണാം
Post a Comment