ഇതൊരു പഴയ ലേഖനമാണ്. സിംഗൂരും നന്ദിഗ്രാമും സംഭവിച്ചുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ കേരളീയം എന്ന ആക്റ്റിവിസ്റ്റ് മാഗസിനില്‍ ഒരു ലേഖന പരമ്പര എഴുതിയിരുന്നു (മനോരയ്ക്കും മുമ്പേ). നന്ദിഗ്രാമിലെ ആദ്യത്തെ കൂട്ടക്കുരുതി സംഭവിക്കുന്നത് അതിനിടയിലാണ്. ആ സമയത്ത് കൊല്‍ക്കത്തയിലുണ്ടായിരുന്ന എന്റെ സുഹൃത്തായ മധുമിത മുഖര്‍ജി തന്റെ സുഹൃത്തുക്കള്‍ക്കയച്ച ചില കത്തുകളാണിവ. ഇത് കേരളീയത്തില്‍ ഞാന്‍ തര്‍ജ്ജമ ചെയ്ത് പ്രസിദ്ധീകരിച്ചിരുന്നു.
ബ്ലോഗുലകത്തില്‍ കെ.എം റോയിയുടെ കാര്യമറിയാത്ത ആധികാരികത ജനശക്തിക്കുവരെ വേദവാക്യമാകുമ്പോള്‍ ഒരു രാജീവ് ചേലനാട്ടോ കൌണ്ടര്‍കറന്റ്സോ മാത്രം കാര്യങ്ങള്‍ മനസ്സിലാക്കാന്‍ മതിയാതെവരുമ്പോള്‍ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതെ വരുമ്പോള്‍ മലയാളത്തിലുള്ള ഈ ലേഖനം വീണ്ടുമിടണമെന്നു തോന്നി.
-----------------------------------
കൊല്‍ക്കത്തയില്‍ നിന്നുള്ള കത്തുകള്‍
മധുശ്രീ മുഖര്‍ജി
സമ്പാദനവും മൊഴിമാറ്റവും : അനിവര്‍ അരവിന്ദ്
ബംഗാളില്‍ സംഭവിക്കുന്നത്-2
സിംഗൂരിലെ ഗ്രാമീണ ജനതയുടെ ചെറുത്തുനില്‍പ്പുകള്‍ അവസാനിച്ചുതുടങ്ങിയിരിക്കുന്നു. പോലീസിന്റേയും സി.പി.ഐ.(എം) പ്രവര്‍ത്തകരുടേയും നിരന്തരമായ അതിക്രമങ്ങളും ബംഗാളിന്റെ മറ്റു ഭാഗങ്ങളിലെ ഏറ്റെടുക്കല്‍ നടപടികളും കൊലപാതകങ്ങളും അവരുടെ പ്രതീക്ഷ നശിപ്പിച്ചു തുടങ്ങിയിരിക്കണം. ഇത്തവണ ഹരിപ്പൂരില്‍ ആണവനിലയം സ്ഥാപിക്കാനുള്ള ബംഗാള്‍ ഗവണ്‍മെന്റിന്റെ ശ്രമങ്ങളെക്കുറിച്ചും (പെരിങ്ങോമിലെ സമരം ഓര്‍മ്മയിലുണ്ടാവുമല്ലോ) അതിനെതിരെയുള്ള മത്സ്യത്തൊഴിലാളികളും കര്‍ഷകരുമായ ഗ്രാമീണരുടെ ചെറുത്തുനില്‍പ്പിനെക്കുറിച്ചും എഴുതണമെന്നു കരുതിയതാണ്. പക്ഷേ, അതിനിടയിലാണ് നന്ദിഗ്രാം. ഇക്കഴിഞ്ഞ ജനുവരി 7 ന് ഇന്തോനേഷ്യയിലെ സലിം ഗ്രൂപ്പിന്റെ കെമിക്കല്‍ പ്ലാന്റിനുവേണ്ടിയുള്ള സ്ഥലമേറ്റെടുപ്പിനിടയില്‍ കൊല്ലപ്പെട്ടത് 11 ഗ്രാമീണരാണ്.
"ബുദ്ധ എന്നത് സിദ്ധാര്‍ത്ഥയുടെ മറ്റൊരു പേരാണെന്ന്'' കൊല്‍ക്കൊത്തയില്‍നിന്നുള്ള ഒരു എസ്.എം.എസ്. സന്ദേശം പറയുന്നു. സിദ്ധാര്‍ത്ഥശങ്കര്‍ ബസുവിന്റെ കോണ്‍ഗ്രസ് ഭരണകാലത്തെ ക്രൂരതകളും അദ്ദേഹത്തിന്റെ ഗുണ്ടാപ്പടയുടെ വിളയാട്ടവും ബംഗാളികള്‍ മറന്നു തുടങ്ങിയിട്ടില്ല. ബുദ്ധദേവ് ഇന്ന് സിദ്ധാര്‍ത്ഥശങ്കര്‍ ബസുവിനെ ഓര്‍മ്മിപ്പിക്കുന്നു. ബംഗാളിലെ പാര്‍ട്ടി ഗുണ്ടാസംഘങ്ങളായിമാറുന്നുവെന്ന് കൊല്‍ക്കത്തക്കാര്‍ പലരും ആശങ്കപ്പെടുന്നു.
ബംഗാളിയും 'ദി ലാന്റ് ഓഫ് നേക്കഡ് പീപ്പിള്‍' എന്നു സുപ്രസിദ്ധ ഗ്രന്ഥത്തിന്റെ രചയിതാവുമായ മധുശ്രീ മുഖര്‍ജി ജനുവരി 1 നും 9 നും ഇടയില്‍ കൊല്‍ക്കത്തയില്‍ നിന്ന് തന്റെ സുഹൃത്തുക്കള്‍ക്കയച്ച 6 ഇ-മെയില്‍ സന്ദേശങ്ങളാണിവ. - അനിവര്‍ അരവിന്ദ്
ഒന്നാമത്തെ കത്ത്
ജനുവരി 1, 2007
ഞാനിത്തവണ കൊല്‍ക്കത്തയില്‍ വന്നിട്ട് വെറും രണ്ടാഴ്ചയേ ആയുള്ളൂ. പക്ഷേ വല്ലാത്ത വിങ്ങല്‍ മനസ്സിനുണ്ടാക്കുന്ന കാഴ്ചകളാണ് ചുറ്റും. ദൃശ്യമായ അതിക്രമങ്ങള്‍ നിറഞ്ഞ ഒരു കാലഘട്ടത്തിലേക്കുള്ള പൊട്ടിത്തെറിയുടെ വക്കിലാണ് പശ്ചിമബംഗാള്‍ എന്നെനിക്കു തോന്നുന്നു.
ഭൂമി ഏറ്റെടുക്കലിന്റെ ഞെട്ടിപ്പിക്കുന്ന വേഗതയും തോതും ലക്ഷ്യവുമാണ് ഇതിനുകാരണം. നിങ്ങള്‍ സിംഗൂരിനെക്കുറിച്ച് കേട്ടുകാണും. പക്ഷേ അത് ഏകദേശം 1000 ഏക്കര്‍ മാത്രമാണ്. രേഖകളെ വിശ്വസിക്കാമെങ്കില്‍ സംസ്ഥാന ഗവണ്‍മെന്റ് വ്യവസായത്തിനും വികസനത്തിനും വേണ്ടിമാത്രം ഏറ്റെടുക്കാന്‍ പോകുന്നത് 125,000 ഏക്കറാണ്. (സിംഗൂരിനെക്കുറിച്ചുള്ള വിവരാവകാശ അന്വേഷണങ്ങള്‍ക്ക് ഒരു മറുപടിയും ഉണ്ടായിട്ടില്ല. അതുകൊണ്ട് ടാറ്റക്ക് 99 കൊല്ലത്തെ പാട്ടത്തിനുള്ള ഭൂമി കൈമാറ്റത്തിന്റെ വ്യവസ്ഥകളെക്കുറിച്ചോ പ്ലാന്റിന്റെ വിവരങ്ങളെക്കുറിച്ചോ ആര്‍ക്കും യാതൊരു ധാരണയുമില്ല). നിയമപരമായ ചോദ്യം ചെയ്യല്‍ അനുവദിക്കാത്ത കൊളോണിയല്‍ കാലഘട്ടത്തിലെ ഒരു നിയമമാണിവിടെ ഭൂമി ഏറ്റെടുക്കലിന് ഉപയോഗിക്കുന്നത്. ഏറ്റെടുത്ത ഭൂമിയില്‍ 5 പേരില്‍ കൂടുതല്‍ ഒന്നിച്ചു കൂടാതിരിക്കാന്‍ 144-ാം വകുപ്പും ഇതിനോടൊപ്പം ഉപയോഗിക്കുന്നുണ്ട്. എത്ര പേര്‍ കുടിയൊഴിക്കപ്പെട്ടുവെന്നു എനിക്കറിയില്ല.
പ്രധാനപ്പെട്ട ഒരു വസ്തുത രാഷ്ട്രീയ എതിര്‍പ്പ് നിര്‍ജ്ജീവമായിരുന്നുവെന്നതാണ്. സംഘടിതമായ ഒരു സമരരൂപത്തെക്കുറിച്ച് അവര്‍ക്ക് ഒരു ധാരണയും ഉണ്ടായിരുന്നില്ല. ജനാധിപത്യക്രമം തകര്‍ന്നിരുന്നു. ഇംഗ്ലീഷ് പത്രങ്ങള്‍ ഗവണ്‍മെന്റിന്റെ വികസനപക്ഷത്തായിരുന്നു. ബംഗാളി പത്രങ്ങള്‍ ഭൂമി ഏറ്റെടുക്കലിനെതിരെ കര്‍ഷകപക്ഷത്തും. ജനങ്ങളുടേയും മാധ്യമങ്ങളുടേയും അഭിപ്രായങ്ങള്‍ ഇത്രമാത്രം വിഘടിക്കപ്പെട്ട് കാണുന്നത് ഇതാദ്യമായാണ്. പശ്ചിമബംഗാള്‍ ജനതയുടെ ഒരു വലിയ ഭാഗം കര്‍ഷകര്‍ക്കനുകൂലവും പണത്തിന്റേയും അതിന്റെ സംസ്കാരത്തിന്റെയും സ്വാധീനത്തിലുള്ള കുടിയറക്കുകള്‍ക്ക് എതിരുമാണെന്നതാണ് എനിക്ക് ആശ്ചര്യജനകമായത്.
ഈ 80-ാം വയസ്സിലും മഹാശ്വേതാദേവി പേനകൊണ്ട് ഒറ്റക്ക് യുദ്ധം ചെയ്തുകൊണ്ടിരിക്കുന്നു. അവരുടെ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ദൈനിക് സ്റ്റേറ്റ്മാന്‍ പത്രത്തിന് അതുകൊണ്ടുതന്നെ യാതൊരു സര്‍ക്കാര്‍ പരസ്യവും ലഭിക്കുന്നുമില്ല.
ഈ രാഷ്ട്രീയ പ്രക്രിയയുടെ പതനം ജനങ്ങള്‍ നിയമം കയ്യിലെടുക്കുന്ന അവസ്ഥയുണ്ടാക്കുകയാണ്. സിംഗൂരിലിപ്പോള്‍ നക്സലുകള്‍ നുഴഞ്ഞുകയറുകയാണ്. ഗവണ്‍മെന്റിനു ഭൂമി വിറ്റ ചിലരുടെ കൊലപാതകത്തിനു പിന്നില്‍ അവരായിരിക്കാമെന്നു തോന്നുന്നു. (കുറച്ചു ദിവസങ്ങള്‍ക്കുമുമ്പ് ഭൂമി വില്‍പ്പനക്കെതിരെ പ്രതിഷേധിച്ച ഒരു യുവതി ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെടുകയുണ്ടായി. സിംഗൂരിലെ സര്‍ക്കാര്‍ ഏറ്റെടുത്ത് കമ്പി വേലികെട്ടിയ ഭൂമിക്കു കാവല്‍ നില്‍ക്കുന്ന സായുധ പോലീസോ (പകല്‍) കമ്യൂണിസ്റ്റ് പാര്‍ട്ടി കേഡറോ (രാത്രി കാവല്‍) ആയിരിക്കാം ഇതു ചെയ്തതെന്ന് കരുതുന്നു.
ആണവ നിലയത്തിനായി സ്ഥലമേറ്റെടുക്കുന്ന കൊണ്ടെയില്‍ ഗ്രാമീണ സ്ത്രീകള്‍ കട്ടിയുള്ള ഒരു മുള്ളുവേലികെട്ടി പുറമേ നിന്നുള്ളവരുടെ പ്രവേശത്തെ തടയുന്നു. ഏതുനിമിഷവും എത്തിയേക്കാവുന്ന പോലീസിനെ അഭിമുഖീകരിക്കാന്‍ അവര്‍ തയ്യാറായിരിക്കുകയാണ്. ക്വിറ്റ്ഇന്ത്യാ സമര കാലഘട്ടത്തിലേതുപോലെ ഭക്ഷണം കരുതിവെച്ച് പെട്ടെന്നുള്ള എതിര്‍പ്പുകളെ ജോലി ഉപേക്ഷിച്ചുനേരിടാന്‍ ഇവര്‍ തയ്യാറായിരിക്കുന്നു. എവിടെയും പെട്ടെന്നുള്ള പ്രതിരോധമോ സമരങ്ങളോ കാണാനില്ല. എങ്കിലും ഇതെനിക്കൊരു പുതിയ സ്വാതന്ത്യ്ര സമരത്തിന്റെ തുടക്കമായി തോന്നുന്നില്ല.
ചില അര്‍ത്ഥത്തില്‍ ഇത് പഴയതിനെ അനുസ്മരിപ്പിക്കുന്ന ഒരു സ്വാതന്ത്ര്യസമരമാണ്. ഭൂമിയും പ്രകൃതി വിഭവങ്ങളും ബലം പ്രയോഗിച്ച് കയ്യടക്കുകയും അടിച്ചമര്‍ത്തുകയും ചെയ്യുന്ന കൊളോണിയല്‍ സ്വഭാവമുള്ള ഗവണ്‍മെന്റിനെതിരെയുള്ള സമരം. ഇലക്ഷന്‍ വിജയത്തിനായി ഇടതുപക്ഷം സൃഷ്ടിക്കുന്ന അതിക്രമങ്ങളെക്കുറിച്ച് ബംഗാളിനു പുറത്തുള്ളവര്‍ക്ക് വലിയ ധാരണണയൊന്നുമില്ല. ഗ്രാമങ്ങളില്‍ ജനങ്ങളെ വോട്ടെടുപ്പില്‍ നിന്നുമാറ്റി നിര്‍ത്താനായുള്ള അതിക്രമങ്ങള്‍ പതിവാണ്. ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരെ ഇടതുപക്ഷ ഗവണ്‍മെന്റ് സര്‍ക്കാര്‍ മാസപ്പടിയില്‍ നിലനിര്‍ത്തുന്നുണ്ട്. വ്യവസായ ഭീമന്മാരുമായുള്ള ഈ പുതിയ ചങ്ങാത്തത്തിന്റെ യഥാര്‍ത്ഥ കാരണം ഇതാണെന്നാണ് നിരവധി കൊല്‍ക്കത്തക്കാര്‍ കരുതുന്നത്. ഗ്രാമീണരാകട്ടെ സംസ്ഥാനം അവരെ പരിപാലിക്കുമെന്ന എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട നിലയിലാണ്.
എവിടെയാണിത് അവസാനിക്കുക....? ഇതൊരു തുടക്കം മാത്രമാണെന്നെനിക്കു തോന്നുന്നു....
മധുശ്രീ
രണ്ടാമത്തെ കത്ത്
ജനുവരി 5, 2007
എന്തുകൊണ്ടോ ഇന്നത്തെ പത്രത്തിലെ എല്ലാ സംഭവങ്ങളും എന്റെ തലക്കു ചുറ്റും കറങ്ങിക്കറങ്ങി ഒരു ശ്രേണി രൂപത്തിലാവുന്നപോലെ. നോയ്ഡയിലെ കുട്ടികളുടെ കൊലപാതകങ്ങള്‍, ഐ.ഐ.ടി. ബിരുദധാരികളുടെ ഇന്ത്യയിലേക്കുള്ള തിരിച്ചുവരവ്, പ്രത്യേക സാമ്പത്തികമേഖലകള്‍ക്കായുള്ള ഭൂമി ഏറ്റെടുക്കലിനെതിരെ മിഡ്നാപ്പൂരിലെ ജനങ്ങളുടെ പോലീസുമായുള്ള ഏറ്റുമുട്ടലുകള്‍, വിദ്യാഭ്യാസത്തില്‍ പശ്ചിമബംഗാളിനു കിട്ടിയ കുറഞ്ഞ റാങ്കിങ്ങ് (35 പേരില്‍ 32-ാമത്)..... ഇവയെല്ലാം ഏതോ തരത്തില്‍ ചുറ്റിപ്പിണഞ്ഞിരിക്കുന്നതായി എനിക്കു തോന്നുന്നു.
പശ്ചിമബംഗാളിലെ ഗ്രാമീണ ജനതയുടെ പരിതാപകരമായ വിദ്യാഭ്യാസ നിലവാരത്തില്‍ നിന്നു നമുക്കു തുടങ്ങാം. ഇന്നത്തെ സാഹചര്യത്തില്‍ എന്താണ് അത് അര്‍ത്ഥമാകുന്നത്? വമ്പന്‍ വ്യവസായങ്ങള്‍ സംസ്ഥാനത്തു വരുമ്പോള്‍ അടിച്ചുതളിയും, നിര്‍മ്മാണത്തൊഴിലാളികളുടെ ജോലിയും മാത്രമേ തദ്ദേശീയര്‍ക്കു ലഭിക്കൂ എന്നല്ലേ.... നിര്‍മ്മാണ പ്രവര്‍ത്തനങ്ങല്‍ കഴിയുന്നതോടെ ഭൂമിയുടെ യഥാര്‍ത്ഥ ഉടമകള്‍ തൊഴിലന്വേഷിച്ച് പലായനം ചെയ്യേണ്ടിവരും. എല്ലാ ഉയര്‍ന്ന ജോലികളും കൂടുതല്‍ വിദ്യാഭ്യാസമുള്ള, കണ്ണുകളില്‍ സ്വിമ്മിങ്ങ് പൂളുകളുടെ നീലനിറം തിളങ്ങുന്ന ഐ.ഐ.ടി. ബിരുദധാരികള്‍ക്കോ വിദ്യാഭ്യാസമുള്ള മിഡില്‍ക്ളാസുകാര്‍ക്കോ ആയിരിക്കും.
ഭൂമി ഉപേക്ഷിക്കേണ്ടിവന്നവര്‍ക്ക് തിളങ്ങുന്ന പുതിയ നഗരങ്ങളുടെ കാണപ്പെടാത്ത അഴുക്കുകൂനകളില്‍ അടിയും വരെ അവയെ തുടച്ചുമിനുക്കിക്കൊണ്ടിരിക്കാം. ഇവിടെയാണ് നോയ്ഡയിലെ കുട്ടികള്‍ വരുന്നത്. നൂറുകണക്കിനു കുട്ടികളെ കാണാതായപ്പോളും പോലീസ് ഒരു കേസ് പോലും രജിസ്റ്റര്‍ ചെയ്തിരുന്നില്ല. നഗരങ്ങളില്‍ ഇവര്‍ പ്രതിരോധമില്ലാത്തവരും അടുത്തു താമസിക്കുന്ന കാളക്കൂറ്റന്റെ കരുണയ്ക്കു യാചിക്കുന്നവരും ആയിമാറുന്നു. കുട്ടികളുടെ അവയവങ്ങള്‍ നഷ്ടപ്പെട്ടുവോ? ആര്‍ക്കറിയാം? അതാരെയും അത്ഭുതപ്പെടുത്തുന്നില്ല.
മിഡ്നാപ്പൂരിലെ ജനങ്ങള്‍ അവരുടെ ഭൂമിക്കായി സമരം ചെയ്യുന്നതിലത്ഭുതമില്ല. എല്ലാ ആസൂത്രണ വിദഗ്ധരേക്കാള്‍ കൂടുതല്‍ ഈ ആസൂത്രണങ്ങളുടെ പിന്നിലുള്ള സത്യം അവര്‍ക്കറിയാം.
ഈ പ്രത്യേക സാമ്പത്തിക മേഖലകള്‍ക്ക് കടലാസുകളിലെങ്കിലും എന്തെങ്കിലും സാമ്പത്തിക ന്യായമുണ്ടോ? ജഗദീഷ് ഭഗവതിയും വ്യവസായ സൌഹൃദമാഗസിനായ ഇക്കണോമിസ്റ്റ് മാഗസിനും അവക്കെതിരെ രംഗത്തുവരികയുണ്ടായി. രണ്ടുകൂട്ടരും പറഞ്ഞ് അത് ഗവണ്‍മെന്റിന്റെ ഒരുപാട് വരുമാനം നഷ്ടപ്പെടുത്തുമെന്നാണ്. പ്രത്യേക സാമ്പത്തിക മേഖലകള്‍ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്താനല്ല, പകരം ബന്ധപ്പെട്ട സ്റ്റേറ്റ് ഗവണ്‍മെന്റിന്റെ പണത്തേയും ഭാവിയേയും ശക്തിപ്പെടുത്താനുള്ളതായിട്ടാണ് ഉദ്ദേശിച്ചിട്ടുള്ളത്.
കൊല്‍ക്കത്തയില്‍ ലൈംഗികത്തൊഴില്‍ വളരുന്ന ഒരു വ്യവസായമാണെന്ന് അവര്‍ പറയുന്നു. അത് സാമൂഹ്യ സദാചാരത്തിലുണ്ടാകുന്ന മാറ്റംകൊണ്ടല്ല. കഠിനമായ ദാരിദ്യ്രവും അമിതമായ സമ്പത്തും കൂട്ടിമുട്ടുമ്പോഴെല്ലാം ലൈംഗികത്തൊഴില്‍ വളരാറുണ്ട്. 1943 ലെ ക്ഷാമകാലത്തും ഇത് സംഭവിച്ചിരുന്നു.
ഏകാധിപത്യവും ജനാധിപത്യവും തമ്മിലുള്ള വ്യത്യാസം പറയാന്‍ ഇക്കാലത്ത് വിഷമമായിക്കൊണ്ടിരിക്കുന്നു.
മധുശ്രീ
മൂന്നാമത്തെ കത്ത്
ജനുവരി 7, 2006
മിഡ്നാപ്പൂരിലെ ഉള്‍നാടുകളിലൊന്നായ നന്ദിഗ്രാമില്‍ ആയിരക്കണക്കിന് സാമൂഹ്യ പ്രവര്‍ത്തകര്‍ കമ്യൂണിസ്റ്റ് കേഡറുകളുമായി പൊരുതുകയാണ്. റിപ്പോര്‍ട്ടര്‍മാരെ കടത്തിവിടാത്ത അവിടുന്ന് വളരെക്കുറച്ച് വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്.
ക്വിറ്റ് ഇന്ത്യാ സമരകാലത്തെപ്പോലെ നന്ദിഗ്രാമിലേക്കുള്ള എല്ലാ അപ്രോച്ച് റോഡുകളും കുഴിക്കപ്പെട്ടിരിക്കുന്നു. പ്രശ്നം ഭൂമി ഏറ്റെടുക്കല്‍ തന്നെ. ഇവിടത്തെ നിരവധി ഗ്രാമങ്ങളെ ഇന്തോനേഷ്യയിലെ സലിം ഗ്രൂപ്പിന്റെ ഒരു കെമിക്കല്‍ പ്ലാന്റിനും മറ്റു പ്രോജക്ടുകള്‍ക്കും വേണ്ടി ഏറ്റെടുക്കാന്‍ രേഖപ്പെടുത്തിയിരിക്കുകയാണ്. ഏകദേശം ഒരുലക്ഷത്തോളം പേര്‍ കുടിയൊഴിക്കപ്പെടാം. പക്ഷേ അവര്‍ പോകാന്‍ തീരുമാനിച്ചിട്ടില്ല.
സംസ്ഥാന സര്‍ക്കാരിനോട് അവരിതില്‍ വിജയിക്കാന്‍ പോകുന്നില്ലെന്ന് ആരെങ്കിലും പറയണം. മിഡ്നാപ്പൂരിലെ ജനങ്ങള്‍ പണ്ടേ പോരാട്ട സ്വഭാവമുള്ളവരാണ്. ബ്രിട്ടീഷുകാര്‍ക്കെതിരായി ഇവിടെ ഒട്ടനവധി പോരാട്ടങ്ങള്‍ നടന്നിട്ടുണ്ട്. സന്യാസി-ഫക്കീര്‍ നേതൃത്വത്തിലുള്ള സമരങ്ങള്‍ (1770 മുതല്‍ 1800 വരെ) ചുവാര്‍ പോരാട്ടങ്ങള്‍ (1800 മുതല്‍ 1830 വരെയെന്നു തോന്നുന്നു) ശിപ്പായിലഹള (1857 ക്വിറ്റ് ഇന്ത്യാസമരം (1942-44) തുടങ്ങിയവ. ഇതിനിടയില്‍ എപ്പോഴോ ഒരു സന്താള്‍ പോരാട്ടങ്ങള്‍കൂടി ഉണ്ടായിരുന്നതായി തോന്നുന്നു. ഇത് ബംഗാളിനും ബീഹാറിനും ഒറീസ്സയ്ക്കും ഇടയിലുള്ള കുന്നുകളും സമതലങ്ങളും നിറഞ്ഞ ഒരു അതിര്‍ത്തി പ്രദേശമാണ്.
ക്വിറ്റ് ഇന്ത്യാ സമരകാലത്ത് (അത് ബംഗാളിലെ ക്ഷാമകാലത്തായിരുന്നു) ഇവിടുത്തെ നേതാക്കള്‍ ബ്രിട്ടീഷ് സര്‍ക്കാരിനെതിരെ ഒരു സമാന്തര ഗവണ്‍മെന്റ് ഉണ്ടാക്കിയവരാണ്. അവരുടെ കോടതികള്‍ വളരെ ജനപ്രിയമായിരുന്നു. ഗാന്ധിയുടെ ജയില്‍ മോചനത്തിനുശേഷം അദ്ദേഹത്തിന്റെ ആജ്ഞപ്രകാരമാണ് ഈ സമാന്തര ഗവണ്‍മെന്റ് പിരിച്ചുവിട്ടത്. അന്ന് ഒരുപാടുപേര്‍ കരഞ്ഞതായി കേട്ടിട്ടുണ്ട്.
ക്വിറ്റ് ഇന്ത്യാസമരകാലത്തെ നിരവധി നേതാക്കളിലൊരാളായ സുശീല്‍ ധര (95 വയസ്സ്) ഇപ്പോള്‍ രോഗശയ്യയിലാണ്. ഇന്നത്തെ പത്രത്തില്‍ അദ്ദേഹം മിഡ്നാപ്പൂരില്‍ പോയി പുതിയ സ്വാതന്ത്ര്യസമരം കാണാന്‍ താല്‍പ്പര്യപ്പെടുന്നതായി വാര്‍ത്തയുണ്ട്. മിഡ്നാപ്പൂരില്‍ ജനങ്ങള്‍ ഇപ്പോള്‍ പോലീസിനെപ്പോലും പ്രവേശിപ്പിക്കാതെ നാടിന് മുക്താഞ്ചല്‍ (സ്വതന്ത്ര പ്രദേശം) എന്നു പേരിട്ടിരിക്കുകയാണ്.
"വ്യവസായവല്‍ക്കരണത്തിന്'' എതിരെയുള്ള എല്ലാ സമരങ്ങളും രാഷ്ട്രീയ പ്രേരിതമാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. മിഡ്നാപ്പൂരില്‍ എത്രപേര്‍ അറസ്റ്റ് ചെയ്യപ്പെട്ടുവെന്നറിയില്ല. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഒരാള്‍ കൊല്‍ക്കത്തയിലെ ജാദവ്പൂര്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥിയാണ്. മറ്റൊരാള്‍ ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്നു. നക്സലുകളോ മാവോയിസ്റ്റുകളോ ആണെന്നാരോപിച്ച് ഇരുവര്‍ക്കും ജാമ്യം നല്‍കുന്നില്ല. എന്തുചെയ്തതിനാണ് അവര്‍ അറസ്റ്റിലായതെന്നേ എന്തില്‍ വിശ്വസിക്കുന്നതിനാണ് അറസ്റ്റിലായാതെന്നോ മനസ്സിലായിട്ടില്ല. ഒന്നും വ്യക്തമല്ല.
ഇനി സിംഗൂരിനെക്കുറിച്ച് ഒന്നും കേള്‍ക്കാനിടയില്ല. ഇതൊരു വിധിയാണോ? നമുക്കു കാത്തിരുന്നു കാണാം.
മധുശ്രീ
നാലാമത്തെ കത്ത്
ജനുവരി 7, 2007
നന്ദിഗ്രാമിലുണ്ടായ കലാപത്തില്‍ 7 പേര്‍ മരിച്ചു. ടി.വി. വാര്‍ത്ത
ഈ വിഷയങ്ങള്‍ എന്നോടു വളരെ അടുത്തവയാണെന്ന് ഇന്നു ഞാന്‍ മനസ്സിലാക്കി. എന്റെ ബംഗാള്‍ ക്ഷാമത്തെക്കുറിച്ചുള്ള പുസ്തകത്തിനായി ക്ഷാമത്തെപ്പറ്റിയുള്ള ഓര്‍മ്മകള്‍ സൂക്ഷിക്കുന്ന അതിന്റെ ഇരകളെ ഞാന്‍ ഒരുപാട് തിരഞ്ഞിരുന്നു. മിഡ്നാപ്പൂരിലെ മൊഹിസാദര്‍ സബ്ഡിവിഷനില്‍പ്പെട്ട കലിക്കക്കുണ്ട് ഗ്രാമത്തില്‍ ഒടുവില്‍ ഞാന്‍ അവരെ കണ്ടെത്തിയിരുന്നു. ചിറ്റോ സാമന്ത എന്ന ഒരു വയസ്സന്‍ കര്‍ഷകനെ ഞാനിന്നും ഓര്‍ക്കുന്നു. ഒരു പാടത്തിനുനടുവിലുള്ള മണ്‍കുടിലില്‍ ഭാര്യയും മക്കളും പുത്രഭാര്യമാരും പേരക്കുട്ടികളുമായി എന്നെപ്പോലെ നഗരജീവിതത്തിന്റെ തിരക്കുകളില്ലാതെ സമാധാനപൂര്‍വ്വം ജീവിക്കുകയായിരുന്നു അദ്ദേഹം. സലീം ഗ്രൂപ്പിന്റെ ഏറ്റെടുക്കല്‍ പദ്ധതിയില്‍ കലിക്കാക്കുണ്ടുമുണ്ട്. എനിക്ക് ചിറ്റോബാബുവിനെ വിളിച്ചു കിട്ടിയില്ല. സ്വാതന്ത്ര്യസമര സേനാനിയെന്ന നിലയില്‍ അദ്ദേഹത്തിന് ഒരു ചെറിയ പെന്‍ഷനും ഫോണ്‍ലൈനും കിട്ടിയിട്ടുണ്ട്. ലൈന്‍ കട്ടായിരിക്കുന്നു.
80 വയസ്സായെങ്കിലും അദ്ദേഹം ഏതു പുതിയ സമരത്തിന്റേയും മുന്നണിയിലുണ്ടായിരിക്കുമെന്ന് എനിക്കറിയാം. ഞാന്‍ വാര്‍ത്തകള്‍ക്കായി അക്ഷമയോടെ കാത്തിരിക്കുന്നു.
മധുശ്രീ.
അഞ്ചാമത്തെ കത്ത്
ജനുവരി 8, 2007
കൊല്‍ക്കത്ത ടി.വി.യിലെ (ഒരു ബംഗാളി ചാനല്‍) ഒരു സമര്‍ത്ഥനായ റിപ്പോര്‍ട്ടര്‍ നന്ദിഗ്രാമില്‍ ചെന്ന് കലാപത്തിന്റെ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. സംഭവിച്ചത് ഇതാണ്.
മിഡ്നാപ്പൂരിന്റേയും ബംഗാളിന്റേയും മറ്റു ഭാഗങ്ങളുമായി ഒരു കനാല്‍ കൊണ്ട് വേര്‍തിരിക്കപ്പെട്ട പ്രദേശമാണ് നന്ദിഗ്രാം. കനാലിനൊരൊറ്റ പാലം മാത്രമേയുള്ളൂ. പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം വീടുകള്‍ വിട്ടുകൊടുത്ത സി.പി.ഐ.(എം) പ്രവര്‍ത്തകര്‍ കനാലിന്റെ മറുഭാഗത്തുള്ള ക്യാമ്പുകളില്‍ താമസിക്കുകയായിരുന്നു. ഇവര്‍ക്ക് അവിടുത്തെ സി.പി.ഐ.(എം) നേതാവും കുപ്രസിദ്ധ ഗുണ്ടയുമായ ലക്ഷ്മണ്‍ സേത്തുവഴി നിരവധി സഹായങ്ങല്‍ ലഭിച്ചിരുന്നു. പാര്‍ട്ടിയുടെ ഭൂമി ഏറ്റെടുക്കല്‍ ശ്രമങ്ങളുമായി സഹകരിക്കണമെന്നും അല്ലാത്തവരുടെ ജീവിതത്തെ തങ്ങള്‍ നരകമാക്കുമെന്നും ഒരു സീനിയര്‍ സി.പി.ഐ.(എം) നേതാവ് കര്‍ഷകരെ ഓര്‍മ്മിപ്പിച്ചിരുന്നു. ജനുവരി 6 ന് രാത്രി കനാലിന്റെ കിഴക്കേ ഭാഗത്തുള്ള സോനാപുര, തെഹാലി എന്നീ രണ്ടു ഗ്രാമങ്ങള്‍ പടിഞ്ഞാറുഭാഗത്തുള്ള സി.പി.ഐ.(എം) പിന്തുണക്കാര്‍ തോക്കുകളും ബോംബുകളുമായി ആക്രമിച്ചു. ആക്രമണത്തെ ഗ്രാമീണര്‍ ചെറുത്തുനിന്നു. പക്ഷേ തോക്കോ ബോംബോ അവര്‍ക്കുണ്ടായിരുന്നില്ല. കൊല്‍ക്കത്ത ടി.വി. റിപ്പോര്‍ട്ടര്‍ പറയുന്നത് പണിയായുധങ്ങളും കറിക്കത്തികളും (സ്ത്രീകളും ചെറുത്തുനിന്നിരുന്നു) മാത്രമേ അവര്‍ക്കുണ്ടായിരുന്നുള്ളൂ എന്നാണ്. 14 വയസ്സുള്ള ആണ്‍കുട്ടിയടക്കം മരിച്ചവരെല്ലാം സോനാപുര ഗ്രാമത്തിലെ കര്‍ഷകരാണ്.
ഇന്നത്തെ ദൈനിക് സ്റ്റേറ്റ്മാനില്‍ മഹാശ്വേതാദേവി ആക്രമണകാരികള്‍ 2 തലകള്‍ മുറിച്ചെടുത്ത് ട്രോഫിയായി കൊണ്ടുപോയിയെന്ന് പറയുന്നുണ്ട്.
സര്‍ക്കാരിനെ പിന്തുണക്കുന്ന 'ടെലഗ്രാഫ്' പത്രം വായിക്കുന്നത് കൌതുകം തന്നെയാണ്. ഒന്നാംപേജില്‍ രണ്ടുപക്ഷത്തിനും ബോംബുകളും തോക്കുകളുമുണ്ടായിരുന്നെന്ന കഥ അത് അവതരിപ്പിക്കുന്നു. ഒരു ദിവസത്തിനുശേഷം ഗ്രാമീണര്‍ കത്തിച്ച ഒരു സി.പി.ഐ.(എം) പ്രവര്‍ത്തകന്റെ വീടുകത്തിച്ച ഫോട്ടോ പ്രസിദ്ധീകരിച്ചപ്പോള്‍പ്പോലും അതിനു മുന്‍പു കൊല്ലപ്പെട്ട ആരുടേയും ചിത്രം പ്രസിദ്ധീകരിക്കാന്‍ പത്രം തയ്യാറായില്ല. സി.പി.ഐ.(എം) ക്യാമ്പിന്റെ സംരക്ഷണത്തിനും കലാപം ഒതുക്കാനും പോലീസിനെ അയച്ചില്ലെന്ന് പത്രം പരാതിപ്പെടുന്നു. മറ്റാരും പോലീസ് പക്ഷപാതികളല്ലെന്ന് വിശ്വസിക്കുന്നില്ല.
ക്വിറ്റ് ഇന്ത്യാസമരകാലത്ത് ബ്രിട്ടീഷ് ജയിലിലടക്കപ്പെട്ട കുമുദിനി ഭാകുവയുമായി ഞാന്‍ സംസാരിച്ചിരുന്നു. മൊഹിസദാലിനടുത്ത് താമസിക്കുന്ന അവര്‍ക്ക് ആ പ്രദേശം മുഴുവന്‍ നന്നായറിയാം. അവര്‍ പറയുന്നത് നന്ദിഗ്രാമില്‍ 11 പേര്‍ കൊല്ലപ്പെട്ടുവെന്നാണ്. ഇപ്പോള്‍ ആ പ്രദേശത്ത് പോലീസ് വെടിവെപ്പ് നടക്കുകയാണ്. റിപ്പോര്‍ട്ടര്‍മാര്‍ക്ക് പ്രവേശനമില്ല.
മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ ആരോപണം ഇസ്ളാമിക ഗ്രൂപ്പുകളാണ് ആക്രമണത്തിനു പിന്നിലെന്നാണ്. ഭൂമി കയ്യേറ്റത്തെ എതിര്‍ക്കുന്ന ഒരു സംഘടനയ്ക്ക് ഒരു ഇസ്ലാമിക പേരാണ്. പക്ഷേ നന്ദിഗ്രാമിലെ ഹിന്ദുക്കളും മുസ്ളീങ്ങളും ഭൂമി ഏറ്റെടുക്കലിനെതിരെ ഒറ്റക്കെട്ടാണ്. വര്‍ഗ്ഗീയമല്ലാത്ത ഒരു സമരത്തെ വര്‍ഗ്ഗീയമാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.
മധുശ്രീ.
ആറാമത്തെ കത്ത്
ജനുവരി 9, 2007
അപ്പോള്‍ അവര്‍ നക്സലുകളോ? അതോ ഇസ്ലാമിക മൌലികവാദികളോ?
"ഗ്രാമീണര്‍ക്ക് തനിച്ച് റോഡുകള്‍ കുഴിക്കാനോ പാലങ്ങള്‍ കത്തിക്കാനോ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകര്‍ക്കാനോ കഴിയില്ലെന്ന്'', നക്സല്‍ സഹായമില്ലാതെ ഇതൊന്നും സാധ്യമല്ലെന്ന് ഒരു സി.പി.ഐ.(എം) മെമ്പര്‍ ലോകസഭയില്‍ പറയുകയുണ്ടായി. എനിക്ക് ഓര്‍മ്മവരുന്നത് ക്വിറ്റ് ഇന്ത്യ സമരത്തിനുശേഷം ചര്‍ച്ചില്‍ പറഞ്ഞതാണ്. ഇന്ത്യന്‍ ജനതയ്ക്ക് ഒന്നിച്ചുചേര്‍ന്ന് ഒരു ശക്തിയാവാന്‍ കഴിയുമെന്നു വിശ്വസിക്കാന്‍ കഴിയാത്ത ചര്‍ച്ചില്‍ ജപ്പാനുമായിച്ചേര്‍ന്നുള്ള കോണ്‍ഗ്രസ്സ് ഗൂഢാലോചനയാണ് അതെന്ന് കുറ്റപ്പെടുത്തുകയുണ്ടായി. സ്വാതന്ത്യ്ര സമരസേനാനികളെ ഫാസിസ്റ്റുകളെന്നും അദ്ദേഹം വിശേഷിപ്പിക്കുകയുണ്ടായി.
നന്ദിഗ്രാമിലെ ഗ്രാമീണരെ ഇസ്ലാമിക മൌലികവാദികളെന്നു വിളിച്ചു മുഖ്യമന്ത്രിയുടെ നടപടിയില്‍ പാര്‍ട്ടിയില്‍ ചര്‍ച്ച നടക്കുകയാണ്. അദ്ദേഹം പരാമര്‍ശിച്ചത് കര്‍ഷകരെ സംഘടിപ്പിച്ചിരുന്ന ജമാ അത്ത്-ഉലമ-ഇ-ഹിന്ദ് എന്ന ഒരു പ്രാദേശിക സംഘടനയെയാണ്. 1919 ല്‍ സ്ഥാപിക്കപ്പെട്ട ഈ സംഘടന സ്വാതന്ത്യ്രസമരത്തില്‍ ഒരു സുപ്രധാന പങ്ക് വഹിച്ചിരുന്നു. മൌലാനാ അബ്ദുള്‍കലാം ആസാദ് ഇതിന്റെ സെക്രട്ടറിയായിരുന്നു. ഈ സംഘടന മുഖ്യമന്ത്രിക്കെതിരെ കോടതിയില്‍ പോകുമെന്നു കേള്‍ക്കുന്നു. അങ്ങനെയെങ്കില്‍ അത് വളരെ രസകരമായിരിക്കും.
മാവോയിസ്റ്റുകളോ ഇസ്ലാമികവാദികളോ...? നന്ദിഗ്രാമിലെ ജനങ്ങള്‍ ഇതിലേതെങ്കിലും ആയേ പറ്റൂ എന്നുണ്ടോ? എങ്കില്‍ പോലീസ് യൂണിഫോമിലുള്ളവരാല്‍ ആ ഭീകരരാത്രിയില്‍ ആക്രമിക്കപ്പെടുമ്പോള്‍ ഇവര്‍ക്ക് ആരുടേയും സഹായം ലഭിക്കാഞ്ഞതെന്താണ്? എങ്ങനെയാണ് പോലീസ് ഉപയോഗിക്കുന്നതരം 303-ാം നമ്പര്‍ ബുള്ളറ്റ് കൊല്ലപ്പെട്ട കര്‍ഷകന്റെ ദേഹത്തുനിന്നും കണ്ടെടുത്തത്?
ഈ കത്തുകള്‍ അയച്ചുതുടങ്ങിയതോടെ കാര്യക്ഷമമായി വിലയിരുത്താതെ ഞാന്‍ കറുപ്പും വെളുപ്പുമായി മാത്രം കാണുകയാണെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. എനിക്കു വിഷമം തോന്നുന്നു. സമതലങ്ങളില്‍നിന്ന് മുകളിലോട്ടുനോക്കാനും മണ്ണിരയുടെ കണ്ണിലൂടെ കഴുകനെ നോക്കാനുമാണ് ഞാന്‍ ശ്രമിക്കുന്നത്.
എനിക്ക് പക്ഷിയുടെ കാഴ്ചയല്ല, രത്തന്‍ ടാറ്റയും മുഖ്യമന്ത്രിയുമല്ലാതെ മറ്റാരാണ് അത് ചെയ്യേണ്ടത്? വ്യവസായ സംരംഭത്തെക്കുറിച്ച് വളരെക്കുറച്ചു വിവരങ്ങള്‍ മാത്രമേ പുറത്തറിയാവൂ. അതിന്റെ രഹസ്യാത്മകതയാവട്ടെ അമ്പരപ്പിക്കുന്നതും.
വളരെ സങ്കീര്‍ണമാണെങ്കില്‍പ്പോലും സിംഗൂരിനെക്കുറിച്ച് അല്‍പ്പം സ്ഥിതിവിവര കണക്കുകള്‍ ഇപ്പോള്‍ ലഭ്യമാകുന്നുണ്ട്. ഒരു ഏക്കറിന് 30 ലക്ഷം രൂപ ഏറ്റെടുക്കലിന് ചെലവാകുമ്പോള്‍ ടാറ്റ നല്‍കുന്നത് 8 ലക്ഷം മാത്രമാണ്. പോലീസിനുള്ള ചെലവും ഗ്രാമീണരെ ഓടിക്കാനുള്ള ആയുധച്ചെലവും കൂടുമ്പോള്‍ നികുതിദാതാവ് ടാറ്റക്കു നല്‍കുന്ന സബ്സിഡി എത്രയധികമാണ്? (അതുതന്നെ സര്‍ക്കാരില്‍നിന്നുള്ള മുന്‍കൂറായുള്ള പലിശയില്ലാത്ത കടവും. 0.01 ശതമാനമാണ് പലിശനിരക്കെന്നും അറിയുന്നു) പക്ഷികള്‍ കാണുന്നുണ്ടായിരിക്കാം. നമ്മുടെ കയ്യില്‍ സിംഗൂരിന്റേയും നന്ദിഗ്രാമിന്റേയും കോണ്ടേയുടേയും മറ്റേതെങ്കിലുമുണ്ടെങ്കില്‍ അതിന്റേയും പ്ലാനുകളുണ്ടെങ്കില്‍ നമുക്കും അതു കാണാമായിരിക്കാം. ചെറുതാണെങ്കില്‍ ഞാനെന്റെ ഈ കാഴ്ചപ്പാടുകൂടി കുറിക്കട്ടെ.
ആകാശത്തു പറക്കുന്ന പരുന്തുകള്‍ മിക്കപ്പോഴും ഒരുപാട് ചെറിയ കാഴ്ചകളെ വിട്ടുകളയാറുണ്ട്. മണ്ണില്‍ക്കിടന്നാല്‍ മാത്രം കാണാവുന്ന കാഴ്ചകള്‍. ഒരു മണ്ണിരയുടെ കഷ്ടപ്പാടുകള്‍ ഒരിക്കലും ഒരു പരുന്തിനുകാണാനേയാവില്ല.
എത്ര ധാരാളിത്തത്തോടെയാണെങ്കില്‍ പോലും പാരമ്പര്യം നഷ്ടപ്പെടുത്തുന്ന സമൂഹങ്ങളെ പിരിക്കുന്ന, സ്വത്വം നഷ്ടപ്പെടുത്തുന്ന, ജോലികളെ മാറ്റുന്ന സുരക്ഷിതത്വം നഷ്ടപ്പെടുന്ന, നിര്‍ബന്ധിത കുടിയൊഴിക്കലിനിടയാക്കുന്ന, ഒരു നഷ്ടപരിഹാര പാക്കേജ് എങ്ങനെയാണ് നീതികരിക്കാനാകുക.
ബംഗാളിന് വ്യവസായവല്‍ക്കരണം വേണം. പക്ഷേ ഇത് അധിനിവേശമാണ്.
മധുശ്രീ.
---------------------------------------------------------------------------------------
ഇതിനു ശേഷമാണ് മെയിലും ഇപ്പോഴും ഉണ്ടായ അക്രമങ്ങള്‍ . നന്ദിഗ്രാമില്‍ നിന്നുള്ള വാര്‍ത്തകള്‍ക്ക് സന്‍ഹതി എന്ന (ഐക്യദാര്‍ഢ്യം എന്നര്‍ത്ഥം) എന്ന ബ്ലോഗ് സന്ദര്‍ശിക്കുക. പശ്ചിമബംഗാളിലെ വിവിധ സര്‍വകലാശാലകളിലെ ചെറുപ്പക്കാരും ഐടി ജോലിക്കാരും ഒക്കെച്ചേര്‍ന്നു നടത്തുന്ന ഒരു ബ്ലോഗാണിത്. കൂടാതെ കഫിലയും വായിക്കുക.
ഓഫ്: ഇന്തോനേഷ്യയിലെ കമ്മ്യൂണിസ്റ്റ് കൂട്ടക്കൊലക്ക് (1965 ലെ ആന്റി കമ്മ്യൂണിസ്റ്റ് ഹോളോകാസ്റ്റ്) നേതൃത്വം നല്‍കിയ സുഹാര്‍ത്തോവിന്റെ കുടുംബത്തിന് നിര്‍ണ്ണായക സ്വാധീനമുള്ള കമ്പനിയാണ് നന്ദിഗ്രാമില്‍ കെമിക്കല്‍ ഫാക്ടറി സ്ഥാപിക്കാന്‍ വന്ന സലീം ഗ്രൂപ്പ് . സുഹാര്‍ത്തോവിന്റെ മകള്‍ കമ്പനി ഡയറക്ടര്‍ ബോര്‍ഡിലുമുണ്ട്. സുഹാര്‍ത്തോവിന്റെ സാമ്പത്തിക സാമ്രാജ്യത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇവിടെ . ബംഗാളിലേക്ക് ബുദ്ധദേവ് ക്ഷണിച്ചിട്ടുള്ള മറ്റൊരു കമ്പനി ഡോ കെമിക്കല്‍സാണ്. അതെ ഭോപ്പാല്‍ ദുരന്തത്തിനു കാരണക്കാരനായ കരിമ്പട്ടികയില്‍പ്പെട്ട യൂണിയന്‍ കാര്‍ബൈഡിന്റെ പുതിയ രൂപം തന്നെ.
3 comments:
ഇതൊരു പഴയ ലേഖനമാണ്. സിംഗൂരും നന്ദിഗ്രാമും സംഭവിച്ചുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ കേരളീയം എന്ന ആക്റ്റിവിസ്റ്റ് മാഗസിനില്‍ ഒരു ലേഖന പരമ്പര എഴുതിയിരുന്നു . നന്ദിഗ്രാമിലെ ആദ്യത്തെ കൂട്ടക്കുരുതി സംഭവിക്കുന്നത് അതിനിടയിലാണ്. ആ സമയത്ത് കൊല്‍ക്കത്തയിലുണ്ടായിരുന്ന എന്റെ സുഹൃത്തായ മധുമിത മുഖര്‍ജി തന്റെ സുഹൃത്തുക്കള്‍ക്കയച്ച ചില കത്തുകളാണിവ. ഇത് കേരളീയത്തില്‍ ഞാന്‍ തര്‍ജ്ജമ ചെയ്ത് പ്രസിദ്ധീകരിച്ചിരുന്നു.
ബ്ലോഗുലകത്തില്‍ കെ.എം റോയിയുടെ കാര്യമറിയാത്ത ആധികാരികത ജനശക്തിക്കുവരെ വേദവാക്യമാകുമ്പോള്‍ ഒരു രാജീവ് ചേലനാട്ടോ കൌണ്ടര്‍കറന്റ്സോ മാത്രം കാര്യങ്ങള്‍ മനസ്സിലാക്കാന്‍ മതിയാതെവരുമ്പോള്‍ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതെ വരുമ്പോള്‍ മലയാളത്തിലുള്ള ഈ ലേഖനം വീണ്ടുമിടണമെന്നു തോന്നി.
Thanks Anivar for letting us know about Singoor & Nandigram through these letters.
It really depicts the social realities and the fight of poor people against their rights.
പ്രിയ അനിവര്‍,
ഇന്ത്യന്‍ ജന്മിത്വവും,സവര്‍ണതയും തട്ടിയെടുത്ത കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ ഇന്ന് ജനങ്ങളുടെ ശാപമായി മാറിയിരിക്കുന്നു എന്ന സത്യം കാണിച്ചു തന്നതിന് നന്ദി. ജനങ്ങളുടെ ആശയും സ്വാതന്ത്ര്യവും തൊഴിലാളി വര്‍ഗ്ഗത്തിന്റെ ലേബലണിഞ്ഞു നടക്കുന്ന കമ്മ്യൂണിസ്റ്റു മുതലാളി വര്‍ഗ്ഗത്തിന്റെ തടവിലായിരിക്കുന്നു...!!!
Post a Comment