ഒരു പെട്ടി..... പെട്ടിക്കുള്ളിലൊരു ലോകം... പെട്ടിതുരന്ന് പുറത്തേക്കൊരോട്ടം ..

Thursday, January 24, 2008

കടല്‍കൊള്ളക്കാരാര്?

സന്തോഷിന്റെ ബ്ലോഗില്‍ നടന്ന ഈ ചര്‍ച്ചയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ഒരു പോസ്റ്റ്.

ജോജുവിന്റെ മറുപടിയെ straw man position എന്നു വിളിക്കാം. മൈക്രോസോഫ്റ്റിനെപ്പറ്റിയുള്ള ലേഖനത്തിനല്ല ഇവിടെ ആരും പറഞ്ഞിട്ടില്ലാത്ത "ഞങ്ങള്‍ പൈറേറ്റഡ് വിന്‍ഡോസേ ഉപയോഗിയ്കൂ " എന്ന അഭിപ്രായത്തിനാണ് ജോജു മറുപടി പറയുന്നത്. കിരണും പിന്തുടരുന്നത് അതേ വഴിതന്നെ.

സന്തോഷിന്റെ ബ്ലോഗിലെ ലേഖനം ഉന്നയിക്കുന്ന പ്രശ്നം സോഫ്റ്റ്‌വെയറിന്റെ അടിസ്ഥാന സ്വാതന്ത്ര്യങ്ങളുടെ ലംഘനവും അറിവിന്റെ കുത്തകവല്‍ക്കരണവും നടത്തുന്ന മൈക്രോസോഫ്റ്റ് അടക്കമുള്ള കമ്പനികളുടെ വ്യാപാരതന്ത്രങ്ങളും ലൈസന്‍സുകളുമൊക്കെയാണ്. ഇത് രണ്ടു പ്രശ്നങ്ങളുയര്‍ത്തുന്നുണ്ട് ഒന്ന് അടിസ്ഥാന സ്വാതന്ത്ര ലംഘനവും രണ്ട് സോഫ്റ്റ്‌വെയറുകളുടെ താങ്ങാനാവാത്ത വിലയും. പങ്കു വെക്കല്‍ തടയുന്ന ലൈസന്‍സുകളാണ് താങ്ങാനാവാത്ത വില ഒരു പ്രശ്നമാക്കുന്നതെന്നതെന്നതിനാല്‍ ഇവ രണ്ടും ഒരേ വിഷയത്തിന്റെ രണ്ട് മുഖങ്ങളാണ്.

കുത്തക സോഫ്റ്റ്‌വെയറുകളുയര്‍ത്തുന്ന ( സോഫ്റ്റ്‌വെയര്‍ മാത്രമല്ല, പുസ്തകങ്ങളും, പാട്ടുകളും, സിനിമകളും ബ്രാന്റുകളുമെല്ലാം ഈ പ്രശ്നങ്ങള്‍ ഈ ഡിജിറ്റല്‍ യുഗത്തിലുയര്‍ത്തുന്നുണ്ട്. ) ഈ പ്രശ്നം മറികടക്കാന്‍ ജനം സ്വീകരിച്ച രണ്ട് വഴികളാണ് സ്വതന്ത്രസോഫ്റ്റ്‌വെയറുകളുടെ വഴിയും പൈറസിയുടെ വഴിയും( ഈ വാക്കിനോട് വിയോജിപ്പുണ്ട്) . സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റേത് നിയമത്തിന്റെ വഴിയാണ്. ഒരു പുതിയ വ്യവസ്ഥയെ സൃഷ്ടിച്ച സോഷ്യല്‍ ഹാക്കിങ്ങിന്റെ രീതി.

അതേ സമയം ഒരു സാധാരണക്കാരന്‍ ഡിജിറ്റല്‍ ലോകത്തിന്റെ ഈ നിയന്ത്രണങ്ങളെ നേരിട്ടത് നമ്മുടെ സാമൂഹ്യബോധമുപയോഗിച്ചാണ്. . സ്വായത്തമാക്കുന്ന ടെക്നോളജി പങ്കുവെക്കുന്ന , അതുപയോഗിച്ചു ജീവിക്കുന്ന കുന്നംകുളം കാരന്റെ രീതി. ബീമാപ്പള്ളിയിലും ഫോര്‍ട്ട്കൊച്ചിയിലും ഒക്കെകാണുന്ന അവനായിരുന്നു(കേരളമായതുകൊണ്ട് അവളാവാന്‍ തരമില്ലല്ലോ) നമ്മുടെ ടെക്നോളജി ഇടനിലക്കാരന്‍. ക്ലാസിക് സിനിമകളും വീഡിയോ സിഡിയും ഡിവിഡിയും എംപി.ത്രീ എന്ന ഫോര്‍മാറ്റും നിരവധിയനവധി പുസ്തകങ്ങളും, കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയറുകളും നമുക്ക് പരിചയപ്പെടുത്തിയതും ലഭ്യമാക്കിയതും അവനായിരുന്നു.

ഈ ചിത്രം കാണുക.

വിന്‍ഡോസ് എക്സ്പിയുടെ വില ഉണ്ടാക്കാനായി ഓരോ രാജ്യത്തും ഒരാള്‍ എത്ര മണിക്കൂര്‍ (പ്രതിശീര്‍ഷവരുമാനമനുസരിച്ച് ) ജോലിചെയ്യണമെന്ന് ഇത് കാണിക്കുന്നത്. ചൈനയില്‍ ഒരു സാധാരണ തൊഴിലാളി 2 മാസം ജോലിയെടുത്താലേ അവിടുത്തെ വിന്‍ഡോസ് എക്സ്.പിയുടെ വിലയാവൂ . ജപ്പാനില്‍ ഇത് 9 മണിക്കൂറും അമേരിക്കയില്‍ 13 മണിക്കൂറുമാകുമ്പോള്‍ ബംഗ്ലാദേശില്‍ ആറു മാസത്തോളം ജോലിചെയ്താലേ വിന്‍ഡോസ് എക്സ്പി വാങ്ങാനാവൂ. ഒരു എലീറ്റ് ക്ലാസിനു മാത്രം പ്രാപ്യമായിരുന്ന കമ്പ്യൂട്ടിങ്ങിനെ സാധാരണക്കാരിലേക്ക് ഇറക്കി കൊണ്ടുവന്നതും ഇന്ത്യയിലെ ഐടി വിദഗ്ധരില്‍ ഏറിയപങ്കും കമ്പ്യൂട്ടറുകളുപയോഗിച്ചു തുടങ്ങുന്നതും ഈ മനുഷ്യരുടെ സഹായത്തോടെയായിരുന്നു. അവരെയാണ് നമ്മള്‍ ഇന്ന് കടല്‍കൊള്ളക്കാരെന്നു വിളിക്കുന്നത്. പുസ്തകങ്ങളാവട്ടെ, സിനിമകളാകട്ടെ, സംഗീതമാകട്ടെ, എല്ലാ ഐടി പൊളിസികളും ഗവണ്‍മെന്റുകളും UN ഉം WSIS (World Summit on Information Socitey)ഉം ഒക്കെ കൊട്ടിപ്പാടുന്ന ലക്ഷ്യമായ Access to Knowledge ഉം Access to Information ഉം ഒരു മില്ലനിയം ഡെവലപ്മെന്റ് ഗോളിന്റേയും സഹായമില്ലാതെ നടപ്പില്‍ വരുത്തിയിരുന്നതും അവരായിരുന്നു. 1998 ല്‍ എനിക്ക് റെഡ്ഫോക്സ് ലിനക്സും സ്ലാക്ക്‌വെയറും ആദ്യമായിക്കിട്ടുന്നത് കുന്നംകുളത്തെ ഗ്രേ മാര്‍ക്കറ്റില്‍ നിന്നാണ്. (കഴിഞ്ഞ വര്‍ഷം അതേ കടയില്‍ ഫോര്‍മാറ്റ് സപ്പോര്‍ട്ടില്‍ ഐപോഡിനെ അതിശയിപ്പിക്കുന്ന കുന്നംകുളത്തു നിര്‍മ്മിക്കുന്ന ഒരു ലോക്കല്‍ പോഡും 1200 രൂപയ്ക്ക് കണ്ടു).നിയമങ്ങളാണ് അവരെ കുറ്റവാളിയാക്കിയത്. മൂന്നാം ലോകരാജ്യങ്ങള്‍ അവരുടെ ആധുനികതയെ എന്നും കണ്ടെത്തിയിരുന്നത് ഒന്നാം ലോകത്തിന്റെ ടെക്നോളജികളെ പകര്‍ത്തിക്കൊണ്ടും അവ പരിഷ്കരിച്ചും പുനര്‍നിര്‍വ്വചിച്ചുമാണെന്ന് രവി വാസുദേവന്റെ "റീസൈക്കിള്‍ഡ് മോഡേണിറ്റി" എന്ന ഈ പേപ്പറില്‍ പറയുന്നതു കൂടി ഇവിടെ കൂട്ടിവായിക്കുക.


മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഹാക്കര്‍ എന്ന സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഡെവലപ്പറുടെ ഒരു ലോജിക്കല്‍ അതറാണ് നമ്മുടെ ഇന്നത്തെ പൈറേറ്റ് എന്നു വിളിക്കപ്പെടുന്ന സുഹൃത്ത്. കോപ്പിറൈറ്റ് വ്യവസായത്തിന്റേയും അസംഘടിത വ്യവസായത്തിനും ഇടയിലുള്ള സമ്പത്‌വ്യവസ്ഥയിലാണ് അവരുടെ നില്‍പ്പ്. ഡൂപ്ലിക്കേറ്റുകള്‍ എന്നറിയപ്പെടുന്ന non-digital ഉല്‍പ്പന്നങ്ങളും പൈറേറ്റ് ഗുഡ്സ് എന്നുവിളിക്കുന്ന ഡിജിറ്റല്‍ ഉല്‍പ്പന്നങ്ങളും വിറ്റ് അന്നന്നത്തെ ജീവിതം കരുപ്പിടിപ്പിക്കുന്ന വലിയൊരു കൂട്ടമാണിവര്‍. പൈറസി ഇനീഷ്യല്‍ മാര്‍ക്കറ്റ് പുള്ളിനുള്ള വഴിയാനെന്നു മനസ്സിലാക്കിയ കോപ്പിറൈറ്റ് ഇന്‍ഡസ്ട്രി തന്നെ അവരെ ചിലസമയത്ത് ഉപയോഗിച്ചു. മ്യൂസിക്ക് കമ്പനികള്‍ ആദ്യകാലത്ത് റെക്കോര്‍ഡുകള്‍ ലീക്ക് ചെയ്ത് ഗാനങ്ങളെ ഹിറ്റാക്കുന്നത് പതിവായിരുന്നു. ഇന്ത്യയെപ്പോലുള്ള ഒരു വികസിച്ചുകൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥയില്‍ ഓരോ വ്യക്തിയും വിന്‍ഡോസ് ഉപയോഗിക്കുമ്പോള്‍ (വിറ്റതോ വില്‍ക്കാത്തതോ ആവട്ടെ ) വില്‍ക്കപ്പെടുന്ന കോപ്പിയുടെ ബ്രാന്റ് മൂല്യം വര്‍ദ്ധിക്കുമെന്നു മനസ്സിലാക്കിയ മൈക്രോസോഫ്റ്റ് പൈറസിയെ ഒരു വിപണിവികസന തന്ത്രമായി പ്രോത്സാഹിപ്പിച്ചു തുടങ്ങി. (പണ്ട് ബിടെക്ക് കാലത്ത് അല്പസ്വല്പം ഹാര്‍ഡ് വെയര്‍ അസബ്ലിങ്ങ് ഒക്കെ നടത്തിയ കാലത്ത് ബിസിനസ് പ്രമോഷന്‍ പാര്‍ട്ടികളിലെ വാഗ്ദാനങ്ങള്‍ക്ക് ഞാനും സാക്ഷിയാണ്. പിന്നീട് കൊല്ലത്ത് അക്ഷയ സംരംഭകരുടെ ഒരു മീറ്റിങ്ങില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറുകാരും സര്‍ക്കാര്‍ പ്രതിനിധികളുമുള്ളതിനാല്‍ നിങ്ങള്‍ പൈറേറ്റ് ചെയ്തോളൂ എന്നു പബ്ലിക്കായി പറയാന്‍ പറ്റാതെ ബുദ്ധിമുട്ടി ചോദ്യം ചോദിച്ചയാളെ മാറ്റിനിര്‍ത്തി അതു പറഞ്ഞ മൈക്രോസോഫ്റ്റ് പ്രതിനിധിയേയും നല്ല ഓര്‍മ്മയുണ്ട് )

പാട്ടുകളും, സിനിമകളും പുസ്തകങ്ങളും ടിവി ഷോകളും എല്ലാം ഞാനിഷ്ടംപൊലെ ഡൌണ്‍ലോഡ് ചെയ്യാറുണ്ട്. സുഹൃത്തുക്കള്‍ക്ക് കൊടുക്കാറുമുണ്ട്. അക്കാരണങ്ങള്‍കൊണ്ടു തന്നെ ഞാനൊരു പൈറേറ്റാണെന്നു പറയാന്‍ എനിക്കൊരു മടിയുമില്ല.
ഈയിടെ കോപ്പിറൈറ്റ് ഇന്‍ഡസ്ട്രിയുടെ ഒരു പബ്ലിക് റിലേഷന്‍സ് വെബ്സൈറ്റില്‍ പൈറേറ്റ് കാല്‍ക്കുലേറ്റര്‍ എന്നൊരു സാധനം കാണാനിടയായി. അതെന്നോട് ഞാന്‍ ഡൌണ്‍ലോഡ് ചെയ്ത പുസ്തകങ്ങളുടെ എണ്ണവും പാട്ടുകളുടെയും സിനിമകളുടെയും ടിവി ഷോകളുടെയും ദൈര്‍ഘ്യവും ഒക്കെ ചോദിച്ചു. എല്ലാം കൊടുത്തുകഴിഞ്ഞപ്പോള്‍ അവര്‍ എന്നോട് നിങ്ങള്‍ ഇന്‍ഡസ്ട്രിക്കുണ്ടാക്കിയ നഷ്ടം ഇത്ര ബില്ല്യണ്‍ ഡോളറാണ് (നിസ്സാരക്കാരനല്ല എന്നു മനസ്സിലായില്ലേ)എന്നു പറഞ്ഞു. ഞാന്‍ ഒരു നിമിഷം അത്രേം വല്യേ തൊക കയ്യില്‍ കിട്ടിയാല്‍ എന്തൊക്കെ ചെയ്യുമെന്ന് ആലോചിച്ചു പോയി... എന്നിട്ട് കമന്റ് ബോക്സില്‍ പോയി നേരെ ഇങ്ങനെ ടൈപ്പ് ചെയ്തു.

എന്റേല് ഇത്രേം പണം ജീവിതത്തിലൊരുകാലത്തും ഉണ്ടായിരുന്നിട്ടില്ല. ഉണ്ടാവുമെന്നു കരുതുന്നുമില്ല. ഉണ്ടായാല്‍ത്തന്നെ ഞാന്‍ ആ പണം ഈ ആവശ്യത്തിന് ചെലവാക്കുകയുമില്ല. അപ്പോ അതെങ്ങനെ നിങ്ങടെ നഷ്ടമാവും. അപ്പോ എനിക്കിതൊക്കെ കാണാനും വായിക്കാനും പറ്റീത് പൈറസിയുള്ളോണ്ടാ.. അപ്പോ പൈറസീ കീ ജയ്.

പൈറസിയുടെ സാമൂഹ്യപ്രസക്തിയെ കുറ്റകൃത്യമായിക്കാണാന്‍ ഞാന്‍ തയ്യാറല്ല. പക്ഷേ സ്വതന്ത്രസോഫ്റ്റ്‌വെയറുള്ളതിനാല്‍ സോഫ്റ്റ്‌വെയറില്‍ എനിക്ക് പൈറസിയുടെ ആവശ്യമില്ല, പൈറസിയുടെ സാമൂഹ്യ, രാഷ്ട്രീയ ലോകത്തെപ്പറ്റി ഉടന്‍ തുടങ്ങുന്ന ടെക്നോപൊളിട്രിക്സ് എന്ന ബ്ലോഗില്‍ കൂടുതല്‍ എഴുതാന്‍ ഉദ്ദേശിക്കുന്നുണ്ട്.

ഇനി ആന്റി പൈറസി റെയ്ഡുകളേയും കേരളാസ്കാനിനേയും പറ്റി

കേരളസ്കാന്‍ പരിപാടി ഞാന്‍ കണ്ടില്ല. പക്ഷേ അവര്‍ക്കു ഞാനൊരു ഇന്റര്‍വ്യൂ കൊടുത്തിരുന്നു. ഒപ്പം ചിലരെ പരിചയപ്പെടുത്തികൊടുക്കുകയും ചെയ്തിരുന്നു. പരിപാടിക്ക് കാഴ്ചപ്പാടുണ്ടായിരുന്നില്ലെന്നും വെറും പറഞ്ഞുപോവലുകള്‍ മാത്രമായിരുന്നുവെന്നും കണ്ടവര്‍ പറഞ്ഞുകേട്ടു.

2007ലെ ടെക്നിക്കല്‍ ഫ്ലോപ്പുകളില്‍ വിന്‍ഡോസ് വിസ്റ്റയെ രണ്ടാം സ്ഥാനത്തെത്തിച്ച (ഇന്‍ഫോഷോപ്പ് റിപ്പോര്‍ട്ട് )കാരണങ്ങള്‍ തന്നെ അവരുടെ മാര്‍ക്കറ്റ് ഇടിച്ചപ്പോള്‍ പേടിപ്പിച്ച് മാര്‍ക്കറ്റ് ഉണ്ടാക്കുന്ന തന്ത്രമാണ് ആന്റിപൈറസി റൈഡിലും എന്നു തോന്നുന്നു. പൈറേറ്റ് മാര്‍ക്കറ്റില്‍ പോലും വിസ്റ്റ ഔട്ടാണ്.

മൈക്രോസോഫ്റ്റിന്റെ മയക്കുമരുന്നു വില്‍പ്പന (പൈറസി പ്രോത്സാഹിപ്പിച്ച് ഉപഭോക്താക്കളെ സ്വാതന്ത്ര്യമില്ലാത്ത സോഫ്റ്റ്‌വെയറുകളുടെ അടിമയാക്കിയ ശേഷം ലീഗാലിറ്റിയുടെ ഉമ്മാക്കി കാട്ടി മാര്‍ക്കറ്റ് ഉറപ്പുവരുത്തുന്ന തന്ത്രം)യോടല്ലാതെ എന്റെ എതിര്‍പ്പ് പ്രധാനമായും മൈക്രോസോഫ്റ്റും കേരളപോലീസും തമ്മിലുണ്ടായ അവിശുദ്ധ ബന്ധത്തോടാണ്. ലൈസന്‍സില്ലാത്ത സിഡി വിറ്റുവെന്നാണ് ( കോപ്പിറൈറ്റ് ലംഘനം) പൈറേറ്റഡ് വിന്‍ഡോസ് ഇന്‍സ്റ്റാള്‍ ചെയ്തുവെന്നതോ ഉപയോഗിച്ചുവെന്നതോ അല്ല (കോണ്ട്രാക്റ്റ് ലംഘനം) കേസ് . മൈക്രോസോഫ്റ്റിന്റെ രണ്ടു ഉദ്യോഗസ്ഥരോടൊപ്പം പൊലീസെത്തി പരിശോധന നടത്തിയാണ് അറസ്റ്റ്. മൈക്രോസോഫ്റ്റിന്റെ അഭിപ്രായം പോലീസിന്റെയും അഭിപ്രായം. (മൈക്രോസോഫ്റ്റ് എന്നാണാവോ കേരളാ പോലീസിന്റെ വിദഗ്ധനായത്?). മൈക്രോസോഫ്റ്റ് പറയുന്നു പോലീസ് കേസെടുക്കുന്നു. മൈക്രോസോഫ്റ്റ് പറയുന്നു പോലീസ് കേസ് തള്ളുന്നു. പരിശോധന നടത്തുന്നത് മൈക്രോസോഫ്റ്റ് , വിദഗ്ധാഭിപ്രായവും അവര്‍തന്നെ. വാഴ്‌വേ മായം


ചിത്രം ഒന്നുകൂടി നോക്കൂ..
കടല്‍കൊള്ളക്കാരാര് എന്ന ചോദ്യം ഇനിയും ബാക്കിനില്‍ക്കുന്നുണ്ടോ? . എങ്കിലത് മുത്തശ്ശിക്കഥകള്‍ക്ക് വിടുന്നു....

14 comments:

Anonymous said...

"എന്റെ എതിര്‍പ്പ് പ്രധാനമായും മൈക്രോസോഫ്റ്റും കേരളപോലീസും തമ്മിലുണ്ടായ അവിശുദ്ധ ബന്ധത്തോടാണ്."
എനിക്കീ അവിശുദ്ധ ബന്ധത്തോട് യോജിപ്പാണ്. റയിഡും അറസ്റ്റും കുറഞ്ഞുപോയി എന്ന അഭിപിരായക്കാരനാണ് ഞാന്‍. എന്റെ വിയോജിപ്പ് റയിഡും അറസ്റ്റുമൊക്കെ ചെയ്തശേഷം കേസില്ല നടപടിയില്ല ചില പരസ്പര ധാരണകളോടെ വെറുതേ വിട്ടിരിക്കുന്നു എന്നതിനോടാണ്.
അടുത്ത റയിഡ് പട്ടാളത്തെക്കൂടെ ഉള്‍പ്പെടുത്തിക്കൊണ്ടാവട്ടെ. എന്നാല്‍ ഇന്ത്യ മുഴുവന്‍ റയിഡ് നടത്താമല്ലോ. റയിഡ് നടത്തി ഉമ്മാക്കി കാട്ടാതെ ധൈര്യമായി നടപടി എടുക്കണം.

Anivar said...

ചന്ദ്രേട്ടാ ഇവിടെ വിഷയം ആന്റി പൈറസി റൈഡല്ല. പൈറസിയുടെ സാമൂഹ്യതലമാണ്. ഭയപ്പെടുത്തിയോ റെയ്ഡ് നടത്തിയോ അല്ല സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രചരിക്കേണ്ടത്. ആ വഴിയില്‍ സോഫ്റ്റ്‌വെയര്‍ ചെലവാക്കേണ്ടവരുടെ പിണിയാളായി കേരളാപോലീസ് മാറുന്നത് സൂചിപ്പിച്ചതിലാണ് ചന്ദ്രേട്ടന്‍ ചാടിവീണത്. അല്ലാതെ പോലീസോ പട്ടാളമോ ഇക്കാര്യത്തിലൊന്നും ചെയ്യേണ്ടതില്ല.

Anoop Technologist (അനൂപ് തിരുവല്ല) said...

പണം കൊടുത്ത് വാങ്ങാന്‍ കഴിവുള്ളവന്‍ വിന്‍ഡോസ് വാങ്ങട്ടെ. അല്ലാത്തവര്‍ ലിനിക്സ് ഉപയോഗിക്കട്ടെ.

രണ്ടും അതാതിന്റെ വഴിക്ക് പോകട്ടെ.

N.J Joju said...

പൈറേറ്റഡ് ഉപയോഗിക്കുന്നതുപോലും എന്റെസ്വാതന്ത്യമാണ്. പക്ഷേ പിടിയ്ക്കപ്പെടുമ്പോള്‍ കുറ്റപ്പെടുത്തരുത്. കാരണം അതാണ് നിയമം. കട്ടൂ‍കൊള്ളുക, നിക്കാനും പടിച്ചിറിയ്ക്കണം.

അതേ സമയം പുസ്തകങ്ങളുടെ കാര്യത്തില്‍ രാജ്യങ്ങള്‍ക്കനുസരിച്ച് വിലകുറച്ചുള്ള കോപ്പികള്‍ ഉണ്ടാവുന്നതുപോലെ സോഫ്റ്റ്വെയറിന്റെ കാര്യത്തിലും സംഭവിയ്ക്കണം എന്ന അഭിപ്രായമുണ്ട്.

N.J Joju said...

അനിവര്‍,

കോടികള്‍ മുതല്‍മുടക്കി ഒരു സിനിമയെടുക്കുന്നു. റിലീസു ചെയ്തുകഴിഞ്ഞാല്‍ അധികം വൈകാതെ തിയേറ്റര്‍ പ്രിറ്റ് വ്യാജ സീഡികള്‍ ലഭ്യമാകുന്നു.
ഇതിനെക്കുറിച്ച് എന്താണ് അഭിപ്രായം?

Anivar said...

അനൂപേ, പണം കൊടുത്തു വാങ്ങാന്‍ കഴിവുള്ളവന്‍ പണം കൊടുത്ത് ഗ്നു/ലിനക്സ് വാങ്ങട്ടെ. വിഷയം സ്വാതന്ത്ര്യത്തിന്റേതാണെന്ന് മറക്കല്ലേ

ജോജൂ പുതിയ പോസ്റ്റ് കാണുക . എന്റെ മറുപടികള്‍ അതിലുണ്ട്.

Roby said...

ഞാനൊരു പൈറേറ്റ് ആണ്...പൈറസി സിന്ദാബാദ്..:)
അനിവര്‍, പൈറസി നടത്തുന്ന എന്നെ പോലുള്ള പാവങ്ങള്‍ പിടിക്കപ്പെടാതിരിക്കാ‍ാനുള്ള ചില സൂത്രങ്ങള്‍ കൂടി പറഞ്ഞു തന്നാല്‍ ഉപകാരമായിരുന്നു...ഇവിടെ അമേരിക്കയില്‍ ഇതൊക്കെ റിസ്ക്ക് ആന്നേ...

Anonymous said...

അനിവറനിയാ,

സായിപ്പന്മാര്‍ക്ക് ബുദ്ധിയില്ല. അവര്‍ ലോകവിവരമില്ലാത്തവരായതിനാല്‍ പല കള്ളക്കണക്കുകളും പലേടത്തും എഴുതി വയ്ക്കും. അതുപോലെയുള്ള ഈ കണക്കൊക്കെ വെള്ളം തൊടാതെ മലയാളത്തിലേയ്ക്ക് പകര്‍ത്തുമ്പോള്‍ ലോജിക് ഉപയോഗിക്കേണ്ടത് അനിയനുള്‍പ്പടെയുള്ള പുതിയ തലമുറയല്യോ?

ഒരു ഉദയനെ തരാം. അതാവത്, ഉദാഹരണം.

അനിയന്‍റെ സുഹൃത്ത് മറ്റൊരു ‘സ്വമക’ക്കാരന്‍ പ്രവീണിന്‍റെ കാര്യം തന്നെ നോക്കുക. ആ ചെക്കന് കഞ്ഞിക്ക് വക കൊടുക്കുന്നത് HP ആണെന്ന് കേട്ടു. തെറ്റാണെങ്കില്‍ ക്ഷമീര്. ശരിയാണെങ്കില്‍ അവനേം കൂട്ടി ബാക്കി വായീര്.

ആ അനിയന്‍റെ കമ്പനി ഒണ്ടാക്കി വിടണ dv9700 നോട്ട്ബുക്കിന്‍റെ ഇന്ത്യയിലെ വില: 63,000 രൂപ. ആ നോട്ബുക്കിനോട് സമാനമായ നോട്ട്ബുക്കിന്‍റെ US-ലെ വില: $800.

ഇനി അനിവര്‍ അനിയന്‍ പറഞ്ഞ കണക്ക് നമുക്ക് അപ്ലൈ ചെയ്യാം, വോക്കേ?

HP നോട്ട്ബുക്കിന്‍റെ വില ഉണ്ടാക്കാനായി ഇന്ത്യയിലും അമേരിക്കയിലും ഒരാള്‍ എത്ര മണിക്കൂര്‍ ജോലിചെയ്യേണ്ടി വരും? ഇന്ത്യയിലെ നിയമപ്രകാരമുള്ള മിനിമം ശമ്പളം 66 രൂപ ആണ്. US-ലേത് $5.15-ഉം.

അങ്ങനെ നോക്കുമ്പോള്‍ ഒരു അമേരിക്കക്കാരന്‍ 155 (ഏകദേശം രണ്ടാഴ്ച) മണിക്കൂര്‍ ജോലി ചെയ്താലാണ് ഈ നോട്ട്ബുക്ക് വാങ്ങാന്‍ പറ്റുക. ഇതേ നോട്ട്ബുക്കുവാങ്ങുവാന്‍ ഇന്ത്യക്കാരന്‍ 955 മണിക്കൂര്‍ (ഏകദേശം മൂന്നു മാസം) ജോലി ചെയ്യണം. ഈ കണക്ക് എല്ലാത്തിനും ബാധകമാണ് ദാസാ. തേയില, റബര്‍, ഹോണ്ട സിവിക് തുടങ്ങി മൊട്ടുസൂചിയുടെ വിലയിലും ഈ അസന്തുലനം കാണാം. സായിപ്പ് പടച്ചുവിടുന്ന പേപ്പറുകളെ കണ്ണും പൂട്ടി തര്‍ജ്ജമപ്പെടുത്താതെ കുറെയൊക്കെ ആലോചി നോക്ക്.

ബൈ ദ ബൈ, അനിയന് കഞ്ഞികുടിക്കാനുള്ള കാശ് ഏത് കടല്‍കൊള്ളക്കാരനാണ് തരുന്നത്?

-കോവാലകൃഷ്ണന്‍
അംഗം, കേരള യുക്തിവാദി സംഘം.

Anivar said...

അനോണിപ്രഭേ, കോവാല കൃഷ്ണാ

കോവാലാ , ആദ്യം ഒരു കാര്യം പറയട്ടെ കേട്ടോ,
ഈ ബ്ലോഗ് എനിക്കുപരയാനുള്ളതെഴുതാനാന്. ഇതിന് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങുമായോ, എന്റെ സുഹൃത്തുക്കളുമായോ യാതോരുബന്ധവുമില്ലെന്നു ആദ്യം മനസ്സിലാക്കി വരൂ കോവാലാ..

താങ്കളുടെ കണക്കു കൊള്ളാം പക്ഷേ അത് തെറ്റാന്‍ കാരണം എന്റെ കണക്കിന്റെ അടിസ്ഥാനം പ്രതിശീര്‍ഷവരുമാനവും താങ്കളുടെ കണക്കിന്റെ അടിസ്ഥാനം മിനിമം കൂലിയുമാനെന്ന വ്യത്യാസമാണ്. വായിച്ചു മനസ്സിലാക്കാനുള്ള ബുദ്ധിയെങ്കിലുമില്ലാതെ ഇപ്പണിക്കെറങ്ങരുതു കോവാലാ

താങ്കളുടെ മണ്ടന്‍ കണക്കു കണ്ട് തലതല്ലി ചിരിക്കണോ അതോ കരയണോ എന്ന അവസ്ഥയിലായിപ്പോയീ ഞാന്‍." 955 മണിക്കൂര്‍ (ഏകദേശം മൂന്നു മാസം കൊണ്ട് ) 63000 രൂപ 66 രൂപ ദിവസക്കൂലിയുള്ളയാള്‍ സമ്പാദിക്കുമെന്ന" താങ്കളുടെ കണക്കുകേട്ടതിന്റെ മന്ദിപ്പ് ഇപ്പോളും മാറിയിട്ടില്ല. ഒരു അമേരിക്കക്കാരന്‍ 155 (ഏകദേശം രണ്ടാഴ്ച) മണിക്കൂര്‍ കൊണ്ട് മിനിമം കൂലി $5.15 വച്ച് ഇത്രേം സമ്പാദിക്കുമെന്നതും പുതിയ വിവരം തന്നെ. സായിപ്പന്‍മാര്‍ക്ക് ബുദ്ധിയില്ലാത്തതുകൊണ്ടും ഇത്തരം പുതിയ ലോകവിവരങ്ങളുമായി കോവാലന്മാരിറങ്ങുന്നതുമായിരിക്കാം ഡിജിറ്റല്‍ വിപ്ലവം എന്നു പറയുന്നത് അല്ലേ ഗെഡീ. സായിപ്പ് പടച്ചുവിടുന്ന പേപ്പറുകളെ കണ്ണും പൂട്ടി തര്‍ജ്ജമപ്പെടുത്താതെ കുറെയൊക്കെ ആലോചിച്ചിറക്കിയ ഈ വിവരം അപാരം തന്നെ ദാസാ.

അനോണിയായിപ്പോയല്ലോ അല്ലേല്‍ "ഈ കണക്ക് എല്ലാത്തിനും ബാധകമാണ് ദാസാ." എന്നു പറയുന്ന അങ്ങ് നാട്ടില്‍ വരുമ്പോള്‍ ഒരു എഞ്ചുവടിപ്പുസ്തകം കാല്‍ക്കല്‍ വച്ച് തൊഴുതേനേ ഞാന്‍

എന്തായാലും വിലയിലെ അസന്തുലനം പലപ്പോഴും നിലനില്‍ക്കുന്നു എന്ന താങ്കളുടെ പോയന്റിനോട് ഞാന്‍ യോജിക്കുന്നു.

അതുകൊണ്ടാണ് ബ്രാന്‍ഡുകള്‍ ഇവിടെ പൈറേറ്റ് ചെയ്യപ്പെടുന്നത്. കമ്പ്യൂട്ടറുകള്‍ അസംബിള്‍ ചെയ്യപ്പെടുന്നത്. ഫേക്ക്/വ്യാജന്‍ എന്നുപറയുന്ന ഉല്‍പ്പന്നങ്ങള്‍ ബ്രാന്‍ഡുകളെ മിമിക്ക് ചെയ്യുന്നത്. നൈക്കിയും റിബോക്കും റെയ്ബാന്‍ ഗ്ലാസും അതിന്റെ ഡൂപ്ലിക്കേറ്റ് രൂപത്തില്‍ ഏത് പെട്ടിക്കടയിലും ലഭ്യമാകുന്നത്. ഞാനീ ലേഖനത്തില്‍ രവിവാസുദേവന്റെ (സായിപ്പല്ല)റീസൈക്കിള്‍ഡ് മോഡേണിറ്റിയെ ഉദ്ധരിച്ചു "മൂന്നാം ലോകരാജ്യങ്ങള്‍ അവരുടെ ആധുനികതയെ എന്നും കണ്ടെത്തിയിരുന്നത് ഒന്നാം ലോകത്തിന്റെ ടെക്നോളജികളെ പകര്‍ത്തിക്കൊണ്ടും അവ പരിഷ്കരിച്ചും പുനര്‍നിര്‍വ്വചിച്ചുമാണെന്ന്" പറഞ്ഞതും ഇതിനേക്കുറിച്ചാണ്. എന്തായായും അനോണിവിലാസം കോവാലകൃഷ്ണാ ഇനി വരുമ്പോ ഒരു ഓപ്പണ്‍ഐഡിയുമെങ്കിലുമെടുത്ത് വാ.

ഓഫ്: സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉള്ളതിനാല്‍ എന്റെ കഞ്ഞിക്ക് ഏതായാലും ഒരു കൊള്ളക്കാരന്റേയും ഓശാരത്തിന്റെ ആവശ്യം ഇതുവരെ വന്നിട്ടില്ല. വരുമ്പോ അറിയിക്കാം. മാമന്‍ ചെല്ല്.

Anonymous said...

പരിഹാസം കളഞ്ഞ് പിടി മരുമോനേ.

കണക്ക് ഏതു വിധത്തിലും വളച്ചൊടിക്കാമല്ലോ. അനിയന്‍ ചിരിച്ചും കരഞ്ഞും പ്രാന്തെടുക്കുമ്പോള്‍ അറിയിക്കണേ. എഞ്ഛുവടിയുമായി വരാനാ, തലയ്ക്കുഴിയാന്‍.

വിലയിലെ അസന്തുലനം പലപ്പോഴും നിലനില്‍ക്കുന്നു എന്ന താങ്കളുടെ പോയന്റിനോട് ഞാന്‍ യോജിക്കുന്നു. -ഭാഗ്യം. മൂള അല്പം ബാക്കിയുണ്ടല്ലോ.

ഓപ്പണ്‍ സോഫ്റ്റ്വെയര്‍ വിറ്റകാശില്‍ ജീവിക്കുന്നവന് അത് പരസ്യപ്പെടുത്തിയല്ലേ പറ്റൂ. നടക്കട്ടെ. (ഇനി ഇതു കാരണം കൂട്ടുക്കാരനെ തള്ളിപ്പറയണ്ട.)

ഈ നാട്ടില്‍ നിന്നും അസംബിള്‍ ചെയ്യാതെ ഒരിജിനലായി വാങ്ങി ഉപഭോഗിക്കുന്ന വസ്തുക്കളൊക്കെ നന്നായി വര്‍ക്കുചെയ്യുന്നുണ്ടല്ലോ, അല്ലേ ദാസാ, അനിയാ, മരുമോനേ.... മാമന്‍ പോട്ട്, വണ്ടി വിടാന്‍ പോണു.

Anonymous said...

ആ 66 ദിവസക്കൂലി ആയിരുന്നു എന്നത് ശ്രദ്ധിച്ചില്ല. $5.15 മണിക്കൂര്‍ കൂലി ആണ്. അത് ആദ്യം നോക്കിയതിലെ പിശകാണ്. അങ്ങനെ നോക്കുമ്പോള്‍ ഈ കണക്ക് ഞാന്‍ വിചാരിച്ചതിലും കഷ്ടമാണല്ലോ ദാസാ.

പിന്നെ ടാക്സും കൂട്ടിയില്ല. ടാക്സ് താരതമ്യപ്പെടുത്താവുന്നതായതിനാല്‍ അത് വിസ്മരിക്കാം. ദിവസം 8 മണിക്കൂര്‍ ജോലീ എന്നതും തുടര്‍ച്ചയായി ജോലി ഉണ്ടാവും എന്നതും സിക്ക് ലീവ് എടുക്കില്ല എന്നതും മറ്റും മറ്റും അസമ്പ്ഷന്‍സ്.

റിവൈസ്ഡ് കണക്ക്:
അങ്ങനെ നോക്കുമ്പോള്‍ ഒരു അമേരിക്കക്കാരന്‍ 155 (ഏകദേശം രണ്ടാഴ്ച) ദിവസം ജോലി ചെയ്താലാണ് ഈ നോട്ട്ബുക്ക് വാങ്ങാന്‍ പറ്റുക. (അനിയനു മനസ്സിലാക്കാന്‍: $5.15 x 155 = $798.25) ഇതേ നോട്ട്ബുക്കുവാങ്ങുവാന്‍ ഇന്ത്യക്കാരന്‍ 8000 ((Rs. 7.875 x 8000 = Rs. 63000) മണിക്കൂര്‍ (ഒരു കൊല്ലത്തില്‍ കൂടുതല്‍) ജോലി ചെയ്യണം.

(അതേ, കോവാലകൃഷ്ണന്‍ തന്നെ... ഓപ്പണ്‍ ഐഡി എടുക്കാന്‍ ഉദ്ദേശമില്ല.)

jinsbond007 said...

കോവാലന്‍ ചേട്ടാ, അനിവര്‍ മറുപടി തന്നോളും എന്നാലും എനിക്ക് ചിലത് ഓര്‍മ്മിപ്പിക്കണമെന്നൊരു തോന്നല്‍. ഇവിടെ പണം കൊടുത്തു വാങ്ങുന്ന സാധനം പ്രവര്‍ത്തനക്ഷമമാണോ എന്നുള്ളതല്ല പ്രശ്നം. ഉപഭോക്താവിന്റെ സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റവും, അമിതവിലയും ചേര്‍ന്നാണ് പൈറേറ്റുകളെ സൃഷ്ടിക്കുന്നത് എന്നാണ് പറഞ്ഞത്.

Anonymous said...

വക്കാലത്തനിയാ, അധികം കടന്നു കയറി സ്വാതന്ത്ര്യം കാണിക്കാന്‍ പറ്റാത്ത സാധനമാ അനിവറനിയന്‍ വിദേശത്തൂന്ന് വാങ്ങിയത്...

അനിയന്‍ ഒരു റ്റിവി വാങ്ങി. അനിയന് അതില്‍ കേറി സ്വാതന്ത്ര്യം കാണിക്കാം. അത് തല്ലിപ്പൊളിക്കാം, പിക്ച്ചര്‍ ട്യൂബ് ഊരാം, ആരും ചോദിക്കൂല്ല. അതിലൂടെ വിടുന്ന പ്രോഗ്രാമിംഗില്‍ അനിയന്‍റെ സ്വാതന്ത്ര്യം നടക്കുമോ? ഇല്ല. പറഞ്ഞു വരുന്നത് മനസ്സിലായോ? ഏഷ്യാനറ്റിന്‍റെ ഫ്രീക്വന്‍സിയില്‍ അവരുടെ സിഗ്നല്‍ മാറ്റി അനിയന്‍റെ സിഗ്നല്‍ വിടാമോ?

അമിതവില എന്തിനാ പൈറേറ്റുകളെ സൃഷ്ടിക്കുന്നത്? ഇവിടെ ബെന്‍സിന്‍റെ രൂപത്തിലിരിക്കുന്ന കാറ് എന്താ 3 ലക്ഷത്തിന് ആരും ഒണ്ടാക്കാത്തത്?

Anivar said...

അനോണി മാമാ,

കോവാലന്മാമന്‍ പുലി തന്നെ കേട്ടാ, സമ്മതിപ്പിച്ചേ അടങ്ങൂന്നു വെച്ചിട്ടാ.. സായിപ്പന്‍മാര്‍ക്ക് മാത്രമല്ല മാമനും മൂള കൂടിയാ പിന്നേ പിടിച്ചാല്‍ കിട്ടൂലാ
അല്ലേപിന്നേ ഇമ്മാതിരി കണ്ടുപിടുത്തങ്ങളൊക്കെ ഇങ്ങനെ മുന്നും പിന്നും നോക്കാതെ വിളിച്ചു പറയുമോ

ദാ എന്താ മാമന്‍ പറഞ്ഞക്കണേന്ന് കണ്ടില്ലേ

155 ദിവസം എന്നാല്‍ ഏകദേശം രണ്ടാഴ്ച എന്നാണ് ഒന്നാമത്തെ കണ്ടുപിടുത്തം . മിനിമം ദിവസക്കൂലി 66 രൂപയെ മണിക്കൂറിലെത്ര കൂലിയെന്നു കണക്കാക്കിയാല്‍ (അതായത് 8 കൊണ്ട് ഹരിച്ചാല്‍ മാമന്റെ ഉത്തരം 7.875 രൂപ. എന്തൊരു കൃത്യം .പ്രതിശീര്‍ഷവരുമാനക്കാര്യം പറഞ്ഞതൊന്നും പുള്ളി കേട്ടിട്ടേയില്ല.

ഇതിന് എഞ്ചുവടിമതിയാവില്ല. നെല്ലിക്കാത്തളം തന്നെ കോവാലമ്മാമന് വെക്കേണ്ടിവരും.

പൈറസിയുടെ രാഷ്ട്രീയവും സാമൂഹ്യമാനവും പരിശോധിക്കുന്ന ഈ ലേഖനത്തെ അതുയര്‍ത്തുന്ന രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ വിമര്‍ശിക്കാനുള്ള കഴിവുകേടുകൊണ്ടാണ് ഈ ആനോണിക്കോവാലന്‍ ഈ രൂപത്തില്‍ വന്നതെന്നെനിക്കറിയാം. ഈ അനോണി ആരാന്നു നന്നായിഅറിയുന്നതുകൊണ്ടാണ് ഞാന്‍ ഇത്രയെങ്കിലും ബഹുമാനം കാണിച്ചതും പൊട്ടന്‍ കണക്കുകളിട്ട് വിഷയം നശിപ്പിക്കാനാണ് ശ്രമമെന്നും നന്നായറിയാം കോവാലാ...

കോപ്പിറൈറ്റ് ഇന്റസ്ട്രിയും അസംഘടിത സമ്പദ്‌വ്യവസ്ഥയും തമ്മിലുള്ള വിടവിലെ പൈറസിയുടെ നിലനില്‍പ്പിനെക്കുറിച്ചാണ് ഞാന്‍ സംസാരിച്ചത്. പൈറസിയെകുറ്റകൃത്യമായിക്കാണുന്നതിന് മുമ്പ് കണക്കാക്കേണ്ട സാമൂഹ്യമാനത്തെക്കുറിച്ചും.

കോവാലമ്മാമാ.. വിട്ട വണ്ടീല് നേരെ പൊക്കോ.. ഇനി ഈ ഭാഗത്ത് ഒരു ഓഫടിക്കുന്ന അനോണിയേയും ഞാന്‍ വെച്ചുപൊറുപ്പിക്കില്ലs