ഒരു പെട്ടി..... പെട്ടിക്കുള്ളിലൊരു ലോകം... പെട്ടിതുരന്ന് പുറത്തേക്കൊരോട്ടം ..

Friday, February 15, 2008

വിബ്‌ജിയോര്‍ ചലച്ചിത്ര മേള 2008


പണ്ടേ പോസ്റ്റണമെന്നു കരുതിയതാണ് . വൈകിപ്പോയെങ്കിലും വിബ്‌ജിയോര്‍ തുടങ്ങിയെങ്കിലും ഇതിവിടെ ഇടുകയാണ്


ചുറ്റുമുള്ള ‘വലിയ ലോക’ത്തിനെതിരെ അനേകം ‘ചെറു സമൂഹ’ങ്ങള്‍ നടത്തുന്ന ധീരമായ പ്രതിരോധങ്ങളുടെയും ചെറുത്തുനില്‍പ്പുകളുടെയും ആഘോഷമാണ് ‘വിബ്‌ജിയോര്‍’ ചലച്ചിത്രോല്‍സവം. ചലച്ചിത്ര പ്രവര്‍ത്തകരും സാമൂഹ്യ പ്രവര്‍ത്തകരും മാദ്ധ്യമ വിദ്യാര്‍ത്ഥികളും ഇവിടെ ഒരുമിക്കുന്നു; സാമൂഹിക- പാരിസ്ഥിതിക ഗൌരവമുള്ള സിനിമകള്‍ക്കു വേദിയൊരുക്കുന്നു. ഒപ്പം സമകാലിക ജനകീയ പ്രക്ഷോഭങ്ങളുടെയും മുന്നേറ്റങ്ങളുടേയും മിടിപ്പുകളും.....

വൈവിധ്യത്തിന്റെ സൌന്ദര്യത്തിനു തര്‍ക്കങ്ങളില്ല. വിവിധ ജനവിഭാഗങ്ങളുടെ സമ്പന്നമായ സാംസ്ക്കാരിക വൈവിധ്യങ്ങളെക്കുറിച്ചും സ്വത്വാന്വേഷങ്ങളുടെ പ്രസക്തിയെക്കുറിച്ചും ഞങ്ങള്‍ക്ക് തികഞ്ഞ ബോധ്യമുണ്ട്. ഇത്തരം അന്വേഷണ ആവിഷ്കാരങ്ങളുടെ സ്വാതന്ത്ര്യത്തിനും നീതിയ്ക്കുമായി വിബ്‌ജിയോര്‍നിലനില്‍ക്കുന്നു. 'വിബ്‌ജിയോറി'ന്റെ മഴവില്‍ നിറങ്ങള്‍ അനിവാര്യമായ ഈ കൂട്ടായ്മയെ തന്നെയാണ് സൂചിപ്പിക്കുന്നത്. 'വിബ്‌ജിയോറി'ല്‍ വിവിധങ്ങളായ ചലച്ചിത്ര ആവിഷ്ക്കാരങ്ങളുടെ രൂപത്തില്‍ ഈ വൈവിധ്യങ്ങളുടേയും കൂട്ടായ്മയുടെയും രാഷ്ട്രീയം ശബ്ദങ്ങളും ബിംബങ്ങളുമായി രേഖപ്പെടുത്തും.

നോണ്‍-ഫീച്ചര്‍ സിനിമകളുടേതായ ഈ അന്താരാഷ്ട്ര ചലച്ചിത്രോല്‍സവം സംഘടിപ്പിക്കുന്നത് വിവിധസാമൂഹ്യ-സാംസ്ക്കാരിക സംഘടനകള്‍, ഫിലിം സൊസൈറ്റികള്‍ എന്നിവയുടെ കൂട്ടായ്മയായ ‘വിബ്‌ജിയോര്‍ ഫിലിം കളക്ടീവ്’ ആണ്. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടേയും സര്‍ക്കാരിതര ഏജന്‍സികളുടേയും ഹാര്‍ദ്ദവമായ പിന്തുണയും ‘വിബ്‌ജിയോറി’നുണ്ട്.

സാമൂഹ്യ-സാംസ്ക്കാരിക-പാരിസ്ഥിതിക വിഷയങ്ങളെക്കുറിച്ചുള്ള ഡോക്യുമെന്ററികള്‍ / ഹ്രസ്വകഥാചിത്രങ്ങള്‍ എന്നിവയുടെ പ്രദര്‍ശനം മാത്രമല്ല ‘വിബ്‌ജിയോര്‍’. പ്രതിബദ്ധരായ ചലച്ചിത്ര പ്രവര്‍ത്തകര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, ജനകീയമുന്നേറ്റ പ്രസ്ഥാനങ്ങളുടെ പ്രതിനിധികള്‍, യുവജനങ്ങള്‍, സ്ത്രീസംഘടനാ പ്രവര്‍ത്തകര്‍, മാധ്യമ വിദ്യാര്‍ത്ഥികള്‍ ഇവരേവരുടേയും ഒത്തുചേരലുകളും ഇടപെടലുകളും പരസ്പര പ്രവര്‍ത്തനങ്ങളും കൂടിയാണ് ‘വിബ്‌ജിയോര്‍’.
വിബ്‌ജിയോര്‍ തീം പാക്കേജ്


മഴവില്ലിന്റെ ഏഴു നിറങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഗൌരവതരങ്ങളായ ഏഴു പ്രമേയങ്ങളെയാണ് വിബ്‌ജിയോര്‍ പ്രധാനമായും ഉള്‍ക്കൊള്ളുന്നത്.

1) ഗോത്ര ജനത:-

ആധുനിക 'കണ്‍സ്യൂമര്‍' സമൂഹം നാടുകടത്തിയ ആദിമ ഗോത്രസമൂഹങ്ങളില്‍ നിന്നു യുക്തിബോധവും വിവേകവും നഷ്ടപ്പെട്ട ഇന്നത്തെ മനുഷ്യന്‍ പലതും പഠിക്കേണ്ടിയിരിക്കുന്നു. സംസ്കാരത്തിന്റെ പ്രാഗ് രൂപങ്ങളുടെ ഉറവിടങ്ങളായ ആദിവാസി ജനതയുടെ ലോകവും ആദിവാസി മുന്നേറ്റങ്ങളുടെ ആഖ്യാനങ്ങളുമാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍.

2) ദലിത് യാഥാര്‍ത്ഥ്യങ്ങള്‍:-
നൂറ്റാണ്ടുകളായി നികൃഷ്ടമായ ജാതി - വ്യവസ്ഥയുടെ അധികാര ഘടനകള്‍ക്ക് കീഴില്‍ ചൂഷണങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും ഇരകളായി ജീവിച്ച ദലിതര്‍ ഇന്ന് കൂട്ടായ സ്വരവും പ്രതിരോധവും കണ്ടെത്താനുള്ള ശ്രമത്തിലാണ്. ചരിത്രത്തില്‍ ഇനിയും രേഖപ്പെടുത്തിയിട്ടില്ലാത്ത അവരുടെ ജീവിതത്തിന്റെയും പോരാട്ടത്തിന്റെയും കഥകളാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.

3) മൌലിക വാദവും വൈവിധ്യവും:-

അര്‍ബുദ ബാധിതമായ ഒരു മനുഷ്യ ശരീരം പോലെയാണ് ഇന്നു ഇന്ത്യ. അസഹിഷ്ണുതയും അന്യമത ദ്വേഷവും ആക്രമണോത്സുകതയും വംശഹത്യയും ഭീതിതമായ അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ആക്രമണോല്‍സുകങ്ങളായ ഭൂരിപക്ഷ മൌലികവാദങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണികള്‍ നിസ്സാരങ്ങളല്ല. ഈയൊരു പശ്ചാത്തലത്തില്‍ സഹവര്‍ത്തിത്വത്തിന്റെയും സഹിഷ്ണുതയുടെയും ലോകമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതിനായി 'വിബ്‌ജിയോര്‍' മൌലികവാദത്തിനെതിരെ വൈവിധ്യങ്ങളും ബഹുസ്വരതയും മാനവികതയും ആഘോഷിക്കുന്നു; ഇത്തരം വിഷയങ്ങള്‍ കേന്ദ്രീകരിച്ചുള്ള സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നു.

4) ലിംഗപദവിയും ലൈംഗികതയും:-

ആധുനിക ഫെമിനിസ്റ്റ് ചിന്തയുടെ ഉത്ഭവത്തിനുശേഷം അര നൂറ്റാണ്ട് പിന്നിട്ടിട്ടും ലോകത്തെല്ലായിടത്തും സ്ത്രീകള്‍ പുരുഷ കേന്ദ്രീകൃതരായ സമൂഹത്തിന്റെയും അധികാര സ്ഥാപനങ്ങളുടെയും അടിച്ചമര്‍ത്തലുകള്‍ക്കും വിധേയരായിത്തന്നെ കഴിയുന്നു. അടുത്ത കാലത്തായി സ്ത്രീകളും വിഭിന്ന ലൈംഗികാഭിപ്രായമുള്ളവരും തിരിച്ചറിവിന്റെയും പ്രതിരോധത്തിന്റെയും പ്രബലമായ കൂട്ടായ്മകള്‍ പുരുഷ കേന്ദ്രീകൃത വ്യവസ്ഥകള്‍ക്കെതിരെ പടുത്തുടയര്‍ത്തുന്നുണ്ട്. ലൈംഗീകതയും ലിംഗപദവിയും ആധാരമാക്കി നടക്കുന്ന സ്വത്വാന്വേഷണങ്ങളും പരിപ്രേക്ഷ്യങ്ങളും 'വിബ്‌ജിയോര്‍' ജാഗ്രതയോടെ നോക്കിക്കാണുന്നു.

5) രാഷ്ട്രം - ഭരണകൂടം:-

ഭരണകൂടത്തിന്റെ ഔദ്യോഗിക അധികാര ഘടനകള്‍ ദുരുപയോഗിച്ച് മതേതരത്വത്തിന്റെയും സാമൂഹിക - ലിംഗ നീതിയുടെയും വക്താക്കളെ അടിച്ചമര്‍ത്തി ഭരണകൂടം അഴിച്ചുവിടുന്ന ഭീകരത.... വ്യാജ ഏറ്റുമുട്ടലുകളിലൂടെ നിരപരാധികളെ കൊന്നൊടുക്കുകയും ഭരമണകൂടത്തിന്റെ സംരക്ഷണയില്‍ ഭൂരിപക്ഷ മൌലികവാദം വളര്‍ച്ച പ്രാപിയ്ക്കുകയും രാഷ്ട്രത്തിന്റെ പരമാധികാരം ബഹുരാഷ്ട്ര കുത്തകകള്‍ക്കും ആഗോള കമ്പോളത്തിനും മുമ്പില്‍ അടിയറ വെയ്ക്കുകയും, മനുഷ്യ- പ്രകൃതി സമ്പത്ത് നശിപ്പിക്കുന്ന അശാസ്ത്രീയമായ വികസന മാതൃകകള്‍ നടപ്പിലാക്കുകയും ചെയ്യുമ്പോള്‍ തന്നെ, രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ വ്യത്യസ്തങ്ങളായ ചെറുത്തുനില്പുകളും പ്രബലമായ ജനകീയ പ്രതിരോധ നിരകളും ഉയര്‍ന്നുവരുന്നുണ്ട്. ഇത്തരം സമകാലിക സമരമുഖങ്ങളെ പകര്‍ത്തിയെടുത്ത് ചലച്ചിത്ര മാധ്യമത്തില്‍ രേഖപ്പെടുത്തുന്ന മാതൃകകള്‍ ഈ വിഭാഗത്തിലുള്‍ക്കൊള്ളിച്ചിരിക്കുന്നു.

6) ആഗോളവത്കരണം:-

എണ്ണമറ്റ ജനവിഭാഗങ്ങളെ അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ നിഷേധിച്ച്, പുരോഗതിയുടേയും ആധുനീകരണത്തിന്റെയും പുറം പോക്കുകളില്‍ ഉപേക്ഷിച്ച് ആഗോളവത്കരത്തിന്റെ രാഷ്ട്രീയത്തിനകത്ത് പുതുതായി രൂപം കൊള്ളുന്ന അധികാര ഘടനകള്‍ കീഴ്പ്പെടുത്തലിന്റെയും വിവേചനത്തിന്റെയും പുതുമാതൃകകള്‍ ആസൂത്രണം ചെയ്യുന്നു. 'വിബ്‌ജിയോര്‍' അതിന്റെ നിറങ്ങള്‍ വ്യാപിപ്പിച്ച് പാര്‍ശ്വവത്കരിക്കപ്പെട്ട ഈ ജനവിഭാഗങ്ങളുടെ പ്രതിരോധങ്ങളും പ്രതീക്ഷകളുമായി കൈകോര്‍ക്കുന്നു. ഇവരെക്കുറിച്ചുള്ള വിവിധങ്ങളായ, ചലച്ചിത്ര ആവിഷ്കാരങ്ങള്‍ക്കായുള്ള തുറന്ന വേദിയാണ് 'വിബ്‌ജിയോര്‍'.

7) റീജിയണ്‍ ഫോക്കസ്:-

ദേശങ്ങള്‍ക്കു ഒരുതരം നിയോഗം പോലെയോ നിര്‍ബന്ധിതമായോ ഏറ്റെടുക്കേണ്ടി വരുന്ന ഒറ്റപ്പെടലിന്റെ ഭീഷണതകളെ, അത്തരം അവസ്ഥകളെ തരണം ചെയ്യേണ്ടതിന്റെ ആവശ്യതകളെ ഓര്‍മ്മപ്പെടുന്ന ആവിഷ്ക്കാരങ്ങള്‍ ഈ വിഭാഗത്തിലുള്‍പ്പെടുന്നു.

വിബ്‌ജിയോര്‍ 2008


ഹ്രസ്വചിത്രങ്ങള്‍ക്കും ഡോക്യുമെന്ററികള്‍ക്കുമായുള്ള മൂന്നാമത് വിബ്‌ജിയോര്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍ 2008 ഫെബ്രുവരി 13ന് സാംസ്ക്കാരിക തലസ്ഥാനമായ തൃശ്ശൂരിലെ പാണഞ്ചേരി പഞ്ചായത്തില്‍ ഔപചാരികമായ ഉദ്ഘാടനത്തോടെ ആരംഭിക്കുകയാണ്. മഴവില്‍മേളയുടെ പ്രധാന ആശയം തനിമകളേയും വൈവിധ്യങ്ങളേയും ആദരിക്കുക - ആഘോഷിക്കുക - എന്നതാണ്. ഈയാണ്ടില്‍ മഴവില്‍മേള ‘ഊര്‍ജ്ജം’ മുഖ്യ പാരിസ്ഥിതിക പ്രമേയമായി അവതരിപ്പിക്കുന്നു. കൂടാതെ ‘പൂര്‍വ്വഭാരതം’ എന്ന ഭൂമിശാസ്ത്രപരമായ ഒരു വിഷയവും പ്രധാന ശ്രദ്ധാകേന്ദ്രങ്ങളില്‍ ഒന്നായി തിരഞ്ഞെടുത്തിരിക്കുന്നു.

ഡോക്യുമെന്ററികള്‍, ഹ്രസ്വചിത്രങ്ങള്‍, മ്യൂസിക് വീഡിയോകള്‍, ആനിമേഷന്‍, സ്പോട്ട്സ്, മൈക്രോ ഫിലിംസ്, മൊബൈല്‍ ഫോണ്‍ ഫിലിംസ് എന്നീ വിഭാഗത്തിലുള്ള സിനിമകളായിരിക്കും മഴവില്‍മേളയില്‍ പ്രദര്‍ശിപ്പിക്കുക. തൃശ്ശൂര്‍ നഗരത്തിലെ വ്യത്യസ്ത വേദികളിലും മഴവില്‍ ഗ്രാമമായി തെരഞ്ഞെടുത്ത പാണഞ്ചേരി പഞ്ചായത്തിലും മഴവില്‍ കലാലയങ്ങളായി പ്രഖ്യാപിച്ച കലാലയങ്ങളിലുമായി 180-ഓളം ചിത്രങ്ങള്‍ ഈ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നു.

2008 മഴവില്‍ മേളയ്ക്കും പതിവുപോലെ 7 പ്രധാന പാക്കേജുകളുണ്ട്.

എല്ലാ വര്‍ഷവും മേളയുടെ ശ്രദ്ധാകേന്ദ്രമായി, പരിസ്ഥിതിയേയും വികസനത്തേയും പറ്റിയുള്ള നമ്മുടെ ഉല്‍ക്കണ്ഠകളെ പ്രതിഫലിപ്പിക്കുന്ന ഒരു വിഷയം അവതരിപ്പിക്കാറുണ്ട്. 2006ലെ ‘ജല’ത്തിനും 2007ലെ ‘ഭൂമി’യ്ക്കും ശേഷം 2008-ല്‍ ‘ഊര്‍ജ്ജം’ പ്രത്യേക വിഷയമായി തെരഞ്ഞെടുത്തിരിക്കുന്നു. ഈ വിഭാഗത്തില്‍ മുപ്പതോളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു.

രാജ്യാന്തര പ്രശ്നങ്ങളെ വിഷയമാക്കിയുള്ള സിനിമകളുടെ ഈ പാക്കേജില്‍ മനുഷ്യാവകാശം, കുടിയേറ്റം, ആരോഗ്യവും എച്ച്. ഐ. വി/എയ്ഡ്സ് എന്നിങ്ങനെയുള്ള മൂന്നു വിഷയങ്ങളാണ് പ്രധാനമായും ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

‘എക്സ്പിരിമെന്റല്‍സ്’ – ഈ വിഭാഗത്തില്‍ ഹ്രസ്വചിത്രങ്ങള്‍, മ്യൂസിക് വീഡിയോസ്, സ്പോട്ട്സ്, മൈക്രോ ഫിലിംസ്, മൊബൈല്‍ ഫോണ്‍ ഫിലിംസ് എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു.

കേരള സമൂഹം, സംസ്ക്കാരം, ഇന്നു നാം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ - ഇവയുടെ ആഴത്തിലുള്ള വിചിന്തനത്തിനായി ‘കേരള സ്പെക്ട്രം’ എന്ന പേരില്‍ ഒരു പ്രത്യേക മല്‍സര വിഭാഗം തന്നെ ഇത്തവണ ഉണ്ട്. കേരളത്തില്‍ താമസിക്കുന്ന ചലച്ചിത്രകാരന്‍മാര്‍ക്ക് മാത്രമേ ഈ വിഭാഗത്തില്‍ മല്‍സരിക്കാന്‍ സാധിക്കൂ. കാണികള്‍ക്ക് ഈ മല്‍സരവിഭാഗത്തിലെ മികച്ച ചിത്രങ്ങള്‍ നിര്‍ണ്ണയിക്കുന്നതില്‍ ഒരു പ്രധാന പങ്കുണ്ടായിരിക്കും.

ദേശീയ റെട്രോസ്പെക്ടീവ്

അന്തര്‍ദ്ദേശീയ റെട്രോസ്പെക്ടീവ്

ഹ്രസ്വ - ഡോക്യുമെന്ററി ചലച്ചിത്ര വിഭാഗങ്ങളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയിട്ടുള്ള മൂന്ന് പ്രഗല്‍ഭരായ ചലച്ചിത്രകാരന്മാരുടെ പതിനഞ്ചോളം സിനിമകള്‍ ഈ രണ്ടു വിഭാഗങ്ങളിലായി പ്രദര്‍ശിപ്പിക്കുന്നു.

പ്രശസ്ത ചലച്ചിത്രകാരനും സംഗീതജ്ഞനുമായ ശ്രീ. ആന്ദ്രേ ഒലിവെറോ, ബ്രസീലിയന്‍ ഹ്രസ്വചിത്രങ്ങളുടേയും ഡോക്യുമെന്ററികളുടേയും ഒരു പ്രത്യേക പാക്കേജുമായി മഴവില്‍മേളയില്‍ എത്തുന്നു. മുഖ്യ പരിസ്ഥിതിപ്രമേയം ‘ഊര്‍ജ്ജ’ത്തെക്കുറിച്ച് രണ്ടു വാക്കുകൂടി.....
ഇക്കുറി മഴവില്‍മേളയുടെ ശ്രദ്ധാകേന്ദ്രം ഊര്‍ജ്ജമാണ്. സമസ്തജീവന്റേയും ആധാരമായ ഭൂമണ്ഡലം കനത്ത മതാതിക്രമങ്ങളാണ് നേരിടുന്നത്. അശാസ്ത്രീയമായ വികസനത്തിന്റെ ഇരയായി മാറുന്ന ഭൂമിയുടെ തകര്‍ച്ച, ജീവന്റെ നിലനില്‍പിനു വെല്ലുവിളിയായിരിക്കുന്നു. മനുഷ്യ നിര്‍മ്മിതമായ ഊര്‍ജ്ജത്തിന്റെ ഊറ്റത്തില്‍ നടത്തുന്ന വികലമായ വികസനങ്ങള്‍ - ഭീമന്‍ അണക്കെട്ടുകളും, ആണവ റിയാക്ടറുകളും - ഇവയ്ക്കായി നശിപ്പിക്കപ്പെടുന്ന വനങ്ങള്‍, നദികള്‍, ജന്തുസസ്യവര്‍ഗ്ഗങ്ങള്‍, മണ്ണ്, ജലസ്രോതസ്സുകള്‍. ഇത്തരം നശീകരണ പ്രവര്‍ത്തനങ്ങളുടെ പ്രത്യാഘാതങ്ങള്‍ ആഗോളതാപനത്തിന്റെയും മറ്റ് പ്രകൃതി ദുരന്തങ്ങളുടേയും രൂപത്തില്‍ ഇന്നു മനുഷ്യനു തിരിച്ചടികളായിക്കൊണ്ടിരിക്കുകയാണ്. പ്രകൃതിയുമായുള്ള അടിസ്ഥാനപരമായ പാരമ്പര്യം ഉപേക്ഷിക്കാതെ വികസനത്തിന്റേയും ഊര്‍ജ്ജത്തിന്റേയും ബദല്‍സാധ്യതകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് അത്യന്താപേക്ഷിതമായി തീര്‍ന്നിരിക്കുന്നു. ഈ സന്ദേശം ജനങ്ങളിലേയ്ക്കെത്തിക്കുന്നതിനായി വിബ്‌ജിയോര്‍2008 ഊര്‍ജ്ജം മുഖ്യ പാരിസ്ഥിതിക പ്രമേയമായി എടുത്തിരിക്കുന്നു. പ്രസ്തുത വിഷയം കേന്ദ്രീകരിച്ചുള്ള ശ്രദ്ധേയമായ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതിനോടൊപ്പം തന്നെ ശാസ്ത്രജ്ഞര്‍, സാമൂഹ്യപരിസ്ഥിതി പ്രവര്‍ത്തകര്‍, എഴുത്തുകാര്‍, ജനമുന്നേറ്റ പ്രസ്ഥാനപ്രവര്‍ത്തകര്‍ തുടങ്ങിയവരുമായുള്ള സംവാദങ്ങളും ഉണ്ടായിരിക്കുന്നതാണ്.

ഇനി മഴവില്ലിന്റെ - നിറങ്ങള്‍ - വിഭവങ്ങളെക്കുറിച്ച്...

ബാംഗ്ളൂരിലെ നാഷണല്‍ കര്‍ട്ടന്‍ റെയ്സര്‍:

മഴവില്‍മേള എല്ലാ വര്‍ഷവും തൃശ്ശൂരിലാണ് സംഘടിപ്പിക്കുന്നതെങ്കിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ചെറിയ ചെറിയ ഫിലിം ഫെസ്റ്റിവലുകള്‍ മേളയ്ക്ക് മുന്നോടിയായി നാം സംഘടിപ്പിക്കുന്നു. ജനുവരി 18, 19 തീയതികളില്‍ ബാംഗ്ളൂരില്‍ നാഷണല്‍ കര്‍ട്ടന്‍ റെയ്സര്‍ കേരളത്തിലെ മറ്റു ചെറിയ കര്‍ട്ടന്‍ റെയ്സറുകള്‍ക്ക് പ്രാരംഭമായി സംഘടിപ്പിച്ചിരിക്കുന്നു. ബാംഗ്ളൂര്‍ മേളയ്ക്ക് രണ്ടു വേദികളാണുള്ളത്. മില്ലര്‍ റോഡിലെ യുണൈറ്റഡ് തിയോളജിക്കല്‍ കോളേജും, മിഷന്‍ റോഡിലെ സ്റ്റുഡന്റ്സ് ക്രസ്ത്യന്‍ മൂവ്മെന്റ് സെന്ററും. ബാംഗ്ളൂര്‍ മേളയുടെ സംഘാടനം വിബ്‌ജിയോര്‍സംഘാംഗങ്ങളായ ദി അദര്‍മീഡിയ, SICHRM, ESG, സംഗമ, വിഷ്വല്‍ സെര്‍ച്ച് , മൂവിങ്ങ് റിപ്പബ്ലിക് വിസ്താര്‍ എന്നിവരുടെ ആഭിമുഖ്യത്തിലാണ്. ദി അദര്‍മീഡിയ കാശ്മീരിനെ ആസ്പദമാക്കി നിര്‍മ്മിച്ച ‘അസ് അവ് പദ്ഷാറ് ബായ്’ (ഒരിക്കല്‍ ഒരിടത്തൊരു രാജ്ഞി ഉണ്ടായിരുന്നു) ആണ് അവിടെ പ്രദര്‍ശിപ്പിക്കുന്ന ആദ്യ ചിത്രം. 2008 വിബ്‌ജിയോര്‍മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പ്രധാന ഹ്രസ്വചിത്രങ്ങളുടേയും ഡോക്യുമെന്ററികളുടേയും ഒരു പാക്കേജും 2007 മേളയിലെ തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളും തുടര്‍ന്ന് പ്രദര്‍ശിപ്പിക്കുന്നതായിരിക്കും.

ദേശീയ ഊര്‍ജ്ജ സമ്മേളനം: 2008 വിബ്‌ജിയോറിന്റെ പാരിസ്ഥിതിക ശ്രദ്ധാകേന്ദ്രം ‘ഊര്‍ജ്ജം’ ആണ്. രാഷ്ട്രീയവും അന്താരാഷ്ട്രീയവുമായ വിവിധ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് ഊര്‍ജ്ജ പ്രതിസന്ധിയുടെ വിവിധ വശങ്ങളെക്കുറിച്ചുള്ള ചര്‍ച്ച ഇത്തവണത്തെ മേളയുടെ ഒരു പ്രത്യേകതയാണ്. പക്ഷേ 4-5 ദിവസം മാത്രം നീണ്ടു നില്‍ക്കുന്ന ഒരു മേളയിലൂടെ ഊര്‍ജ്ജ പ്രതിസന്ധിയുടെ എല്ലാ വശങ്ങളും തുറന്നു കാട്ടാം എന്നൊരു വ്യാമോഹം ഞങ്ങള്‍ക്കില്ല. അതിനാല്‍ത്തന്നെ ജനങ്ങളുടേയും ഭരണാധികാരികളുടേയും ഇടയില്‍ പടിപടിയായി ഒരു ബോധവല്‍ക്കരണ പരിപാടിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. തിരുവനന്തപുരത്ത് 24-ാം തീയതി സംഘടിപ്പിച്ചിരിക്കുന്ന ദേശീയ ഊര്‍ജ്ജ സെമിനാര്‍ ഇത്തരത്തിലുള്ള ആദ്യചുവടുവയ്പാണ്. ഈ സമ്മേളനം രാജ്യമെമ്പാടുനിന്നുള്ള വിദഗ്ധരുടേയും ഊര്‍ജ്ജപ്രതിസന്ധി അനുഭവിക്കുന്ന ജനങ്ങളെ പ്രതിനിധീകരിക്കുന്നവരുടേയും ഒരു ഒത്തുചേരലായിരിക്കും. ഇന്ന് പ്രസക്തമായിരിക്കുന്ന ആണവ ഊര്‍ജ്ജ വിഷയത്തില്‍ പ്രത്യേകശ്രദ്ധയൂന്നിക്കൊണ്ട് ഊര്‍ജ്ജനയങ്ങളുടെ ഒരു തുറന്നുകാട്ടല്‍ കൂടിയാകും ഈ വേദിയില്‍ നടക്കുക. തമിഴ്‌നാട്ടിലെ കൂടംകുളം സമരം, കേരളത്തിലെ അതിരപ്പിള്ളി സമരം, പെരിങ്ങോം സമരം തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള ജനപ്രതിനിധി സംഘങ്ങള്‍ തിരുവനന്തപുരത്തെ സെമിനാറില്‍ സംബന്ധിക്കുന്നതാണ്.

ചലച്ചിത്ര ശില്പശാല:

ചലച്ചിത്ര നിര്‍മ്മാണ സംബന്ധിയായ വിഷയങ്ങളെക്കുറിച്ച് ചലച്ചിത്ര - അക്കാദമിക് പ്രവര്‍ത്തകര്‍ നയിക്കുന്ന ചര്‍ച്ചകളും സംവാദങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു ദ്വിദിന ശില്പശാലയും ഇതിനോടനുബന്ധിച്ച് നടക്കുന്നു. ചലച്ചിത്ര നിര്‍മ്മാണ വിതരണ രംഗങ്ങളിലെ വിവിധ രീതികളെക്കുറിച്ച് അതതു രംഗങ്ങളിലെ പ്രഗല്‍ഭര്‍ നയിക്കുന്ന ചര്‍ച്ചകള്‍ ഉണ്ടായിരിക്കും. ചലച്ചിത്രരംഗത്തെ നവാഗതരെ പ്രധാനമായും ഉദ്ദേശിക്കുന്ന ഈ ശില്പശാലയുടെ ഡയറക്ടര്‍ ശ്രീ. ശ്യാമപ്രസാദാണ്.

ഫെസ്റ്റിവല്‍ ഫ്രം ദ പീപ്പിള്‍:

നഗര ബുദ്ധിജീവികളുടേതു മാത്രമായി ചുരുങ്ങിപ്പോകുന്ന ഹ്രസ്വ - ഡോക്യുമെന്ററി ചലച്ചിത്രങ്ങളെ ഗ്രാമീണ ജനതയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി 2007 ല്‍ 'വിബ്‌ജിയോര്‍' നഗരത്തിലെ മേളയ്ക്കൊപ്പം പാണഞ്ചേരി പഞ്ചായത്തില്‍ 'മഴവില്‍മേള' സംഘടിപ്പിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായി ഇക്കൊല്ലം വിബ്‌ജിയോറിന്റെ തുടക്കം - ഉദ്ഘാടനം - പാണഞ്ചേരി പഞ്ചായത്തിലാണ്. ഗ്രാമത്തില്‍ ആരംഭിച്ച് നഗരത്തില്‍ അവസാനിക്കുന്നു- ഫെസ്റ്റിവല്‍ ഫ്രം ദ പീപ്പിള്‍. പ്രാദേശിക പഞ്ചായത്തിന്റെയും മറ്റു സംഘടനകളുടെയും സഹകരണത്തോടെ നടത്തുന്ന ഈ മേളയിലൂടെ സാധാരണ ഗ്രാമീണര്‍ക്കും ഡോക്യുമെന്ററി സിനിമയുടെ സൌന്ദര്യവും സാങ്കേതികതയും രാഷ്ട്രീയവും പരിചയപ്പെടാന്‍ സാധിക്കുന്നു. അതിലുപരി ചിത്രങ്ങളുമായി ഗ്രാമത്തിലെത്തുന്ന ചലച്ചിത്ര പ്രവര്‍ത്തകരെ കാത്തിരിക്കുന്നത് അവര്‍ ആവിഷ്കരിച്ചതും ആവിഷ്ക്കരിക്കേണ്ടതുമായ ജീവിതത്തിന്റെ നേരനുഭവങ്ങളാണ്.

ക്യാമ്പസ് വിബ്‌ജിയോര്‍:

സ്ക്കൂള്‍ ക്യാമ്പസ് വിദ്യാര്‍ത്ഥികളെ സമൂഹത്തിന്റെ കലുഷയാഥാര്‍ത്ഥ്യങ്ങളേയും പാരിസ്ഥിതിക പ്രശ്നങ്ങളേയുംക്കുറിച്ച് ഡോക്യുമെന്ററികളിലൂടെ ബോധവാന്മാരാക്കുക എന്ന ഉദ്ദേശ്യത്തോടെ ഈ വര്‍ഷം വിബ്‌ജിയോര്‍ക്യാമ്പസ് സീരീസും ഉള്‍പ്പെടുത്തിയിരിക്കുന്നു. തൃശ്ശൂര്‍ നഗരാതിര്‍ത്തിയിലുള്ള 5 കോളേജ് / സ്ക്കൂള്‍ ക്യാമ്പസ്സുകളില്‍ ഇത്തരം സിനിമകളുടെ പ്രദര്‍ശനം ഉദ്ദേശിക്കുന്നു. ഓരോ ക്യാമ്പസ്സിലും പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളുടെ പ്രവര്‍ത്തകരില്‍ ഒരാളെങ്കിലും പ്രദര്‍ശനത്തില്‍ സംബന്ധിച്ച് വിദ്യാര്‍ത്ഥികളുമായി ചര്‍ച്ചകളില്‍ ഇടപെടുന്നതിനും അവസരമൊരുക്കുന്നു.

മീഡിയ എക്സിബിഷന്‍:

ഗൌരവപൂര്‍ണ്ണവും സംവേദനാത്മകവുമായ ചിത്രങ്ങളുടെ പ്രദര്‍ശനം ഉദ്ദേശിക്കുന്ന വിബ്‌ജിയോര്‍ഇത്തരം ചിത്രനിര്‍മ്മാതാക്കളുടെ പ്രോല്‍സാഹനത്തിലും ശ്രദ്ധിക്കുന്നു. ചലച്ചിത്രങ്ങള്‍ക്കു പുറമെ എന്‍. ജി. ഒ. സംഘടനകള്‍ക്കു ഈ വേദിയില്‍ പുസ്തകങ്ങള്‍, ലഘുലേഖകള്‍ എന്നിവയിലൂടെ തങ്ങളുടെ ആശയങ്ങളെ പങ്കുവയ്ക്കാം.

ഓപ്പണ്‍ ഫോറം / മിനി കോണ്‍ഫറന്‍സുകള്‍:

ഫെസ്റ്റിവല്‍ ദിവസങ്ങളില്‍, അതതു ദിവസങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ ഇതര ആനുകാലിക വിഷയങ്ങള്‍ എന്നിവയെ ആധാരമാക്കിയുള്ള തുറന്ന ചര്‍ച്ചകള്‍ ഓപ്പണ്‍ ഫോറത്തില്‍ നടക്കുന്നതായിരിക്കും.

മേളയ്ക്കു സമാന്തരമായി ആ ദിവസങ്ങളില്‍ മൂന്നോ നാലോ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള മിനി കോണ്‍ഫറന്‍സുകള്‍ സംഘടിപ്പിക്കുന്നുണ്ട്. മേളയുടെ പ്രധാന വിഷയങ്ങളായ പരിസ്ഥിതി പ്രശ്നങ്ങളും ലിംഗപദവിയും അനുബന്ധ വിഷയങ്ങളും ഈ സമ്മേളനങ്ങളില്‍ ചര്‍ച്ച ചെയ്യും.

സംഗീത നിശകള്‍:

മഴവില്‍മേള തീര്‍ച്ചയായും ഒരാഘോഷം തന്നെയാണ്. സംഗീതം, ലഘുനാടകങ്ങള്‍ എന്നിവയിലൂടെ തുറന്ന സദസ്സുകളിലേയ്ക്കും ഈ ആഘോഷം എത്തുന്നു. ഈ വര്‍ഷത്തെ വിബ്‌ജിയോര്‍മേളയില്‍ ഫെബ്രുവരി 14, 16 തീയതികളിലായി രണ്ട് സംഗീത നിശകളുണ്ടായിരിക്കും. ചെറുത്തു നില്‍പിന്റേയും തീക്ഷണാനുഭവങ്ങളുടേയും കുഞ്ഞു വിജയങ്ങളുടേയും ഗാഥകളായി മാറിയ മ്യൂസിക് വീഡിയോകളായിരിക്കും ഈ സംഗീത നിശകളുടെ ജീവന്‍.


ഇങ്ങനെ ഒട്ടേറെ പുതുമകളോടെ, പ്രതീക്ഷകളോടെ വാഗ്ദാനങ്ങളോടെ മഴവില്‍മേള നിങ്ങളിലേയ്ക്ക്...........

കൂടുതല്‍ വിവരങ്ങള്‍ ഫെസ്റ്റിവല്‍ വെബ്‌സൈറ്റില്‍

1 comment:

jinsbond007 said...

i think there is a mistake in the link. Just check it out. you misspelled vibgyor to vingyor i think.