പാഠഭേദം ജൂലൈ എഡിറ്റോറിയല്‍
എ.പി. കുഞ്ഞാമു, ടോമി മാത്യു ,വടക്കേടത്ത് പത്മനാഭന്‍, സിവിക് ചന്ദ്രന്‍
സംബന്ധ വീട്ടില്‍ അന്തിയുറങ്ങാന്‍ പോയ പോലീസുകാരനെ പതിയിരുന്നു് വെട്ടിവീഴ്ത്തി വിപ്ലവം നീണാള്‍ വാഴട്ടെ എന്നു് വിജയഘോഷം മുഴക്കിയ നക്സലൈറ്റുകളെക്കുറിച്ചൊരു കഥയുണ്ടു് മലയാളത്തില്‍. ഈ കഥ ഓര്‍ത്തു പോയതു് മൂവാറ്റുപുഴയില്‍ ടി.ജെ.ജോസഫ് എന്ന അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റി ചിലര്‍ "പ്രവാചക' സ്നേഹം പ്രകടിപ്പിച്ചപ്പോഴാണു്. ഈ അധ്യാപകന്‍ ന്യായമായും മുസ്ലീംകളുടെ അതൃപ്തിക്കു് ഇരയാണു്. ഞരമ്പുരോഗികളില്‍ നിന്നുപോലും പ്രതീക്ഷിച്ചു കൂടാത്തത്ര അപക്വതയോടെ പ്രവാചകനെ വിശേഷിപ്പിച്ച ആ മനുഷ്യന്‍ അതൃപ്തിയല്ലാതെ മറ്റെന്താണര്‍ഹിക്കുന്നത്? എന്നാല്‍ അയാള്‍ തന്റെ തെറ്റിനു് ഉചിതമായ ശിക്ഷ വാങ്ങിക്കഴിഞ്ഞു. ഒരു സസ്പെന്‍ഷന്‍, അറസ്റ്റ്, റിമാന്‍ഡ് ജീവിതം, പോലീസ് കേസ്, സര്‍വ്വോപരി അപമാനവും നിന്ദയും, അതിനു ശേഷവും അയാളുടെ മേല്‍ വെട്ടുകത്തിയുമായി ചാടി വീഴുമ്പോള്‍ അത് പക പോക്കല്‍ പോലുമല്ല, തികഞ്ഞ കാപാലികതയാണു്.
ബോധപൂര്‍വമായാലും അല്ലെങ്കിലും കേരളത്തില്‍ ഒരു 'ക്രിസ്ത്യന്‍˛ മുസ്ലീം ഡിവൈഡ്' രൂപപ്പെട്ടുവരുന്നുണ്ടു്. ലൌ ജിഹാദിനെക്കുറിച്ചുള്ള കൊട്ടിഘോഷങ്ങളും വിദ്യാര്‍ത്ഥിനികളുടെ ശിരോവസ്ത്രം അഴിപ്പിക്കലുമൊക്കെയായി അതു കൊഴുക്കുക മാത്രമല്ല ഉണ്ടായതു്. ഇറാക്കിലെ അമേരിക്കന്‍ അധിനിവേശത്തിലേക്കും കുരിശു യുദ്ധത്തിലേക്കുമെല്ലാം നീണ്ടു ചെന്നു്, ഈ അകല്‍ച്ചക്കു്, ചില സൈദ്ധാന്തികാടിത്തറകള്‍ പണിതുണ്ടാക്കപ്പെടുകയും ചെയ്തു. അച്ചന്മാര്‍ സാമ്രാജ്യത്വ, ക്രിസ്തീയ അജണ്ടകളുടെ ബ്രാന്‍ഡ് അമ്പാസഡര്‍മാരാണോ എന്ന സംശയവും ക്രിസ്തീയമായ എന്തിനേയും അവിശ്വാസത്തോടെ നോക്കി കാണുന്ന സാമ്രാജ്യത്വ വിരുദ്ധ ˛ പാശ്ചാത്യ വിരുദ്ധ നിലപാടും മുസ്ലീംകളില്‍ ജനിച്ചിട്ടുണ്ടാവണം. തൊടുപുഴ ന്യൂമാന്‍ കോളേജിലെ ചോദ്യക്കടലാസ് വിവാദത്തെ കുരിശുയുദ്ധ കാലത്തേക്കു് കൊണ്ടുപോവാനും മദ്ധ്യ കാലത്തെ പ്രാകൃത നീതിയുടെ രൂപങ്ങളിലൂടെ അതിന്റെ പ്രതിക്രിയകള്‍ ആവിഷ്കരിക്കാനും ഏതാനും മുസ്ലീം ചെറുപ്പക്കാര്‍ തുനിഞ്ഞിറങ്ങിയത് അതുകൊണ്ടു് തന്നെ ഇസ്ലാമിക തീവ്രവാദമല്ല, വിവരക്കേടാണു്. ചുരുങ്ങിയ പക്ഷം തീവ്രവാദത്തിനു് അവകാശപ്പെടാവുന്ന ലക്ഷ്യ വിശുദ്ധി പോലും ഈ ചെയ്തിക്കു് ഇല്ല. ഇത്തരം വിവരക്കേടുകള്‍ക്കു് ഉത്തരം പറയേണ്ടിവരുന്നതു് പൊതു സമൂഹത്തിന്റെ നീതിന്യായവ്യവസ്ഥ യുടെ മുമ്പാകെ പ്രൊഫ.ജോസഫിനെ വിചാരണക്ക് നിര്‍ത്തുന്നതില്‍ കാര്യങ്ങളവസാനിപ്പിക്കുകയും, അവയെ അപകടകരമായ അവസ്ഥകളിലേക്കു് എത്തിക്കാതിരിക്കാന്‍ മുന്‍കൈ എടുക്കുകയും ചെയ്ത മുസ്ലീം മനസ്സാണു്. ഈ മനസ്സ് കണ്ടില്ല എന്നതാണ് മൂവാറ്റുപുഴയിലെ കൈവെട്ടലുകാരുടെ ഏറ്റവും വലിയ കുറ്റം; പ്രതിരോധിക്കുക എന്നതുപോലെ തന്നെ മാപ്പു കൊടുക്കുക എന്ന ഇസ്ലാമിക പാഠവുമുണ്ടു് ചരിത്രത്തില്‍. ആ ചരിത്രപാഠം അപ്പാടെ മറന്നു കളയാന്‍ മാത്രം ഉന്മത്തമാവുന്നു മുസ്ലീം മനസ്സെങ്കില്‍, ഈ മറവി സമൂഹത്തെ സംബന്ധിച്ചേടത്തോളം കയ്പായിത്തന്നെ അവശേഷിക്കും.
ഇങ്ങനെയൊരു കയ്പ് രൂപപ്പെടുന്നത് പൊറുപ്പിക്കാവുന്നതിനും അപ്പുറത്താണു് കേരളത്തിലെ മുസ്ലീം സമുദായം നിലകൊള്ളുന്നതു്.കേരളീയ സമൂഹത്തെ യഥാര്‍ത്ഥത്തില്‍ തന്നെ പ്രബുദ്ധമാക്കേണ്ട യത്നത്തില്‍ സര്‍ഗാത്മക ന്യൂനപക്ഷമെന്ന നിലയില്‍ ശരിയായ പങ്കു വഹിക്കേണ്ടവരാണവര്‍; മൂവാറ്റുപുഴയില്‍ കാണിച്ചു കൂട്ടിയതുപോലെയുള്ള 'സ്വത്വാ'വിഷ്കാരങ്ങള്‍ അവരെ ഗെറ്റോകളില്‍ തന്നെ തളച്ചിടുകയേയുള്ളു. മുസ്ലീംകള്‍ കണക്കു ചോദിക്കേണ്ടതും പറയേണ്ടതും അവര്‍ ജീവിക്കുന്ന ബഹുസ്വരസമൂഹത്തോടാണു്. ആ സമൂഹത്തിന്റെ ന്യായങ്ങളോടും മൂല്യങ്ങളോടുമാണു് അവര്‍ സംവദിക്കുകയും കലഹിക്കുകയും ചെയ്യേണ്ടതു്. അല്ലാതെ ഏതെങ്കിലും ഞരമ്പുരോഗികളോടല്ല. മൂവാറ്റുപുഴയിലെ വെട്ടുകത്തി പ്രയോഗം ഈ അര്‍ത്ഥത്തില്‍ ഒരു സംവാദമോ കലഹം പോലുമോ അല്ല. ഇത്തരം ചെയ്തികളിലൂടെ സ്വന്തം സ്വത്വത്തെ തന്നെയാണു് തങ്ങള്‍ നിരാകരിക്കുന്നതു് എന്നു് അതു ചെയ്തവര്‍ ഓര്‍ക്കണം.
പ്രൊഫ: ജോസഫിന്റെ തുന്നിചേര്‍ത്ത കൈപ്പത്തിയിലൂടെ ചോരയോട്ടമുണ്ടാവുമോ എന്നു് ഇപ്പോള്‍ നമുക്കുറപ്പില്ല. എന്നാല്‍ സമൂഹഗാത്രത്തില്‍ സൗമനസ്യത്തിന്റെ ചോരയോട്ടങ്ങള്‍ പ്രതീക്ഷിക്കുകതന്നെ വേണം. അങ്ങനെ സംഭവിക്കുമ്പോള്‍ മാത്രമേ മൂവാറ്റുപുഴയിലെ വെട്ടുകത്തി പ്രയോഗം മൂലം മുസ്ലീം സമൂഹത്തിനു് നേരെ ഉയര്‍ന്നുവന്നേക്കാവുന്ന കാലുഷ്യത്തിന്റെ കനം കുറയുകയുള്ളു. ചോരയൊത്തിരി ഒഴുകിയതിനു ശേഷവും, നാം ആ ചാലുകളില്‍ പുതിയ ജീവിതം കരുപ്പിടിപ്പിച്ചിട്ടുണ്ടല്ലോ, എല്ലാ കാലത്തും...
ഒരു പെട്ടി..... പെട്ടിക്കുള്ളിലൊരു ലോകം... പെട്ടിതുരന്ന് പുറത്തേക്കൊരോട്ടം ..
Sunday, July 11, 2010
അതിനുശേഷവും അയാളുടെ മേല്‍ വെട്ടുകത്തിയുമായി...
Posted by Anivar at 11:26 AM
Labels: കൈവെട്ടല്‍, മുസ്ലീം സമൂഹം, മൂവാറ്റുപുഴ, സിവില്‍ സമൂഹം
Subscribe to:
Post Comments (Atom)
No comments:
Post a Comment